പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആരോ നിലവിളിക്കുന്നുണ്ട്‌.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡി.ബി. അജിത്‌കുമാർ

കഥ

വിട്ടുപോയവാക്കുകൾ പൂരിപ്പിക്കുന്നത്‌ ആബേലിന്‌ പണ്ടേ ഇഷ്‌ടമായിരുന്നു. ഓർഫനേജിനോട്‌ ചേർന്നുളള സ്‌കൂളിലെ ക്ലാസ്സുമുറിക്കുളളിൽ ഇംഗ്ലീഷ്‌ പാഠങ്ങൾ മനഃപ്പാഠമാക്കവേ അവൻ ഏറ്റവും അധികം ഇഷ്‌ടപ്പെട്ടത്‌ പാഠത്തിനൊടുവിലെ എക്‌സർസൈസുകളാണ്‌. അതിൽ “Fill in the blanks with suitable words” ഒരു റൈം പോലെ അവൻ നീട്ടിച്ചൊല്ലും. മദർ എലീസയുടെ കണ്ണുകൾ വിടർന്നപ്പോൾ നാണം പൂണ്ട്‌ ഓടിയൊളിക്കും. ഒടുവിൽ പിടിക്കപ്പെടുമ്പോൾ മദർ എലീസയുടെ കണ്ണുകളിൽ നിന്നും കന്യകാമറിയം ഇറങ്ങിവന്ന്‌ നെറുകയിൽ ചുംബിക്കുന്നതായി തോന്നും. പിന്നീട്‌ അങ്ങനെയായി. അങ്ങനെയങ്ങനെ കെട്ടിപ്പിടിച്ചുളള ഒരുമ്മയ്‌ക്കുവേണ്ടി അവൻ നീട്ടിച്ചൊല്ലും. “Fill in the blanks with suitable words”.

മദർ എലീസ വൃദ്ധകന്യകയായി ഓർഫനേജിലെ വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കവേ ആബേൽ വലുതായി. ഇടതുകൈയ്യിൽ ചായത്തട്ടും വലതുകൈയ്യിൽ ബ്രഷുമേന്തി അവൻ നഗരത്തിന്റെ നഗ്‌നത ക്യാൻവാസിലേക്ക്‌ പകർത്തിക്കൊണ്ടിരുന്നു. ചോരയും കഫവും പൂക്കുന്ന ചിത്രങ്ങളിൽ തെരുവ്‌ നിലവിളിച്ചുകൊണ്ടിരുന്നു. ആ നിലവിളിയിൽ സ്വന്തം മുഖം തേടി അവനലഞ്ഞു. ചായങ്ങളിൽ നിന്നും ജീവിതം പരിഭാഷപ്പെടുത്തുമ്പോൾ അവനറിഞ്ഞു; ഒരു കുരുടന്റെ കാഴ്‌ചയാണ്‌ താൻ.

സന്ധ്യ തുടങ്ങുകയായി. കടൽക്കരയിൽ ചിതറിയ ജനം. ആബേൽ മണലിൽ ഒരു ചിത്രം വരയ്‌ക്കാൻ തുടങ്ങുകയായി. ഊർന്നു വീഴുന്ന വെളെളഴുത്ത്‌ കണ്ണടകൾക്കിടയിലൂടെ നക്ഷത്രക്കണ്ണുകളുളള ദാവീദച്ചന്റെ മുഖം. നീണ്ടുവളഞ്ഞ മൂക്കിനു താഴെ നരച്ച താടിയും മീശയും. ഇത്രയുമായപ്പോഴേക്ക്‌ അച്ചൻ സംസാരിച്ചു തുടങ്ങി.

“കുഞ്ഞേ, ആബേൽ, നിനക്കെന്തുപറ്റി? നീ ആരിൽനിന്നാണ്‌ ഒളിച്ചോടുന്നത്‌? നീ എങ്ങോട്ടുപോകുന്നു?”

“എനിക്കറിയില്ല. എനിക്കെങ്ങോട്ടെങ്കിലും പോണം.”

ചീലാന്തിയുടെ ഇളംകമ്പിനാൽ അവന്റെ വലത്തേ തുടമേൽ രണ്ടടിവീണു. ആബേലിന്‌ നന്നേ വേദനിച്ചു. ദാവീദച്ചൻ വീണ്ടും തല്ലാനൊരുങ്ങവേ അവൻ കരഞ്ഞുപോയി.

“എനിക്കാരുമില്ലച്ചോ.... എനിക്കാരുമില്ല.”

അത്രമേൽ ആർദ്രനായ ദാവിദച്ചന്റെ കൈയ്യിൽനിന്നും വടി ഊർന്നുപോയി. കണ്ണുകൾ നക്ഷത്രങ്ങളായി. ഗദ്‌ഗദം കടിച്ചുപിടിച്ചചുണ്ടുകളാൽ മൂടി. ആ മുഖത്തേക്കു നോക്കുവാൻ അവനു കഴിഞ്ഞില്ല. തലകുമ്പിട്ടു നിന്നു. അച്ചൻ പറഞ്ഞു.

“ഒരു മാൻകുഞ്ഞിനെപ്പോലെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു. ഇപ്പോഴും എപ്പോഴും.”

കടൽതിരകൾ അതേറ്റു പറയുമ്പോൾ അവൻ ദാവീദച്ചന്റെ മുഖം മെല്ലെ മായ്‌ച്ചുകളഞ്ഞു. കണ്ണുകൾ ദൂരെ ഊർന്നിറങ്ങുന്ന സൂര്യനിലുടക്കി. ക്ഷുഭിതനായി കണ്ണുകൾ മെല്ലെപൂട്ടി. പെട്ടെന്നു പിന്നിൽ നിന്നും വിളികേട്ടു.

സാറ.

“ആബേൽ, നിന്റെ കുപ്പിവളകളെല്ലാം പൊട്ടി. ദാ, നോക്കൂ.” അവൾ ഒഴിഞ്ഞ കൈത്തണ്ട കാണിച്ചു അവനഭിമുഖമായി വന്നിരുന്നു.

“കഴിഞ്ഞ ആഴ്‌ച നീ എവിടെയായിരുന്നു?” അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ആബേൽ അതു കേട്ടിരിക്കില്ല. മണൽത്തരികളും കാറ്റും കടലും അതു കേട്ടിരിക്കില്ല.

* * * * * *

കോഫീബാറിലെ ഇരുണ്ടമൂലയിൽ ഇരുന്നുകൊണ്ട്‌ സിഗരറ്റ്‌ വലിക്കുകയാണ്‌ ആബേൽ. അരികിൽ സാറാ. ബുക്കിൽ നിന്നും ഒരു ഇൻലന്റ്‌ എടുത്തുകൊണ്ടുപറഞ്ഞു.

“ഇന്നലേയും ഡോക്‌ടറുടെ കത്തുവന്നു. നിറയെ പ്രലോഭനങ്ങൾ.”

ആബേൽ അലസമായി മൂളിക്കേട്ടു. സിഗരറ്റ്‌ എരിഞ്ഞു തീർന്നു. അടുത്ത സിഗരറ്റിന്‌ തീപൂട്ടി അവൻ പറഞ്ഞു.

“പ്രലോഭിപ്പിക്കാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ. നീ ഇപ്പോഴും സ്വതന്ത്രയാണ്‌. ഞാൻ ആരോടും പരിഭവമില്ലാതെ ജീവിക്കാൻ പഠിച്ചുകൊളളാം. ഇനിമേൽ ചൊരിമണലിൽ ചിത്രം വരയ്‌ക്കാതിരിക്കാം.”

“എത്ര ലാഘവത്തോടെ നീ പറയുന്നു. ഒരു കുമ്പസാരംപോലെ.”

“സാറാ, നീ ഇപ്പോഴും സ്വപ്‌നങ്ങളിൽ ജീവിക്കുന്നു. ശിഷ്‌ടമായ ദിനങ്ങളെക്കുറിച്ച്‌ ഓർക്കുന്നുമില്ല. എനിക്ക്‌ പോയേ തീരൂ. തനിച്ച്‌. നിനക്കറിയില്ല ഇന്നലെയും ഞാനുറങ്ങിയില്ല. മിനിഞ്ഞാന്നും. നാളെ പളളിയിൽ മരിച്ചവരുടെ ദിനമാണ്‌. ഈ രാത്രി മുഴുവനും ആ വൃദ്ധന്റെ കല്ലറമേൽക്കിടന്ന്‌ പൊട്ടിക്കരയണം. ബാക്കിവച്ച ഒരു യാത്രാമൊഴി.....”

“അല്ലെങ്കിലും നീ സെന്റിമെന്റലാണ്‌. ഇങ്ങനെയേ പറയൂ. എന്നെ കരയിക്കാൻ.”

വെടിയേറ്റ പ്രാവിന്റെ ദൈന്യതയോടെ അവൻ മിണ്ടാതിരുന്നു. അല്പസമയങ്ങൾക്കുശേഷം സാറാ എഴുന്നേറ്റ്‌ കടൽത്തീരത്തേക്ക്‌ നടന്നു. അപ്പോൾ സന്ധ്യ ഇരുണ്ടുകഴിഞ്ഞിരുന്നു.

* * * * * *

കടൽപ്പുറത്തെ പുതഞ്ഞ മണ്ണിൽ ആബേൽ വീഴുകയായിരുന്നു. സാറാ അവനരികിലിരുന്നു. അവൻ ആകാശത്തേക്ക്‌ മലർന്നു നോക്കി. ദൂരെ ദൂരെ മഞ്ഞിന്റെ നരച്ച കണ്ണടകൾക്കുളളിൽ രണ്ടു നക്ഷത്രങ്ങൾ. ദാവീദച്ചൻ. അവൻ ഓർക്കുകയായി.

നരച്ച ഫ്രെയിം ഉളള കണ്ണടമേൽ മെഴുകുതിരി വീണുകൊണ്ടിരുന്നു. ദാവീദച്ചൻ മേശമേൽ മുഖമമർത്തി കിടക്കുകയാണ്‌. അവൻ ഒച്ച ഉണ്ടാക്കാതെ മേശയുടെ അരികിൽച്ചെന്നു. ആ കാഴ്‌ചയും നോക്കി നിൽക്കവേ മച്ചിലൂടെ ഒരു എലി ഓടിപ്പോയിരിക്കണം. ലിൻസിപ്പൂച്ചയുടെ പരാക്രമത്തിനിടയ്‌ക്ക്‌, മച്ചിൽനിന്നും തുരുമ്പിച്ച ഒരാണി മേശമേൽ വീണു. അച്ചൻ ഞെട്ടി ഉണർന്നു. അപ്പോൾ ആബേൽ കണ്ടു, നനഞ്ഞു കുതിർന്ന കവിൾത്തടങ്ങൾ. ദാവിദച്ചൻ കരയുന്നു! അവനെക്കണ്ട മാത്രയിൽ എന്തെല്ലാമോ ഒളിക്കുന്ന മുഖമായി ദാവീദച്ചന്റേത്‌.

“വന്നിട്ടധികനേരമായോ?”

“ഇല്ല”

അച്ചൻ എന്തൊക്കെയോ പറയാനും മറക്കാനും ശ്രമിക്കുന്നതായി ആബേലിനുതോന്നി. മെഴുകിതിരിക്കാലിന്റെ അരികിൽ നിന്നും അവൻ കണ്ണട എടുത്തു. അതിൽപ്പറ്റിപ്പിടിച്ചിരുന്ന മെഴുക്‌ നഖത്താൽ ചുരണ്ടിക്കളഞ്ഞു.

“നീ നാളെ പോകുന്നുവല്ലേ?”

“ഉം.”

പരിചിതമല്ല നിനക്കുപട്ടണം. കോളേജും. ഓർഫണേജിലെ അന്തരീക്ഷമായിരിക്കില്ല. കുഞ്ഞേ, നീ ഒരിക്കലും ഒറ്റപ്പെടരുത്‌.“

നെറ്റിയിലേക്ക്‌ വീണ നരച്ചമുടി കോതിക്കൊണ്ട്‌ അച്ചൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവനൊന്നും ശ്രദ്ധിച്ചില്ല. ഭിത്തിയിലെ ചിത്രത്തിൽ അവന്റെ കണ്ണുകൾ ചുരുണ്ടുകൂടി. വേനലിന്റെ വടുക്കൾ വീണു വരണ്ടുണങ്ങിയ പാടത്ത്‌ ഒരു വെളുത്ത കൊറ്റി തപസ്സുചെയ്യുന്നു. ഓർഫണേജിലെ ചിത്രരചനാ മൽസരത്തിൽ അവന്‌ സമ്മാനം കിട്ടിയ ചിത്രം. സത്യത്തിൽ പ്രതിരൂപാത്‌മകമല്ലേ ഈ ചിത്രം? വരണ്ട പാടവും അനാഥമാക്കപ്പെട്ട തന്റെ ജീവിതവും?

* * * * * *

”എത്രവരെയെണ്ണി?“

”എന്ത്‌?“

”നക്ഷത്രം. നീ നക്ഷത്രമെണ്ണുകയായിരുന്നില്ലേ?“

”സാറ“. അവന്റെ ശബ്‌ദം പതറിയിരുന്നു.

”എന്നെ അരികിലിരുത്തി നക്ഷത്രങ്ങളെണ്ണാമെന്ന്‌ നീ ആരോടാ പന്തയം വെച്ചേ?“

”എനിക്കു മടുത്തു തുടങ്ങി“

”എന്നെയോ..... അതോ..... ?“

”ഓടിയൊളിക്കണം. എല്ലാ ഓർമ്മകളിൽനിന്നും.“

”ആബേൽ“ സാറയുടെ വിഹ്വലമായ സ്വരം.

ആബേൽ ഒന്നും മിണ്ടിയില്ല. അവന്റെ ലിറിക്കൽ പെയിന്റിംഗുകളിൽ സാറാ ദളങ്ങൾ വിടർന്നു തുടങ്ങിയ ലില്ലിപ്പൂവായിരുന്നു. ഇടത്തേക്കവിളിലെ നന്നേ കറുത്ത മറുക്‌ അവന്റെ പ്രിയപ്പെട്ട ലിൻസിപ്പൂച്ചയായിരുന്നു.

”ആബേൽ, നിനക്കെന്തുപറ്റി? മരിച്ചുപോയ ആ മനുഷ്യൻ നിന്റെ ആരാണ്‌? നീ ഒന്നും പറഞ്ഞിട്ടില്ല. ഒന്നും.....“ സാറയുടെ സ്വരം വിറയ്‌ക്കാൻ തുടങ്ങി.

നെഞ്ചിലേക്ക്‌ ആരോ കൂർത്ത മുളളുകൾ തറച്ചുകയറ്റുന്നതുപോലെ അവനുതോന്നി.

”ആബേൽ“

മദർ എലീസയുടെ വിളി അവൻ ദൂരെക്കേട്ടു. അവന്റെ കണ്ണുകളിൽ ഏതോ ക്രിസ്‌തുമസ്സു രാത്രി തെളിഞ്ഞുതുടങ്ങി. മഞ്ഞുപുരണ്ട കടലാസ്സു വിളക്കുകൾ വിളറിനിൽക്കുന്നു. പുൽക്കൂട്‌ തയ്യാറാവുന്നതേയുളളൂ. അടുത്ത ഹാളിൽ കരോൾ ഗാനത്തിന്റെ അവസാന റിഹേഴ്‌സൽ.

”ആബേൽ“

മദർ എലീസ പുൽക്കൂട്ടിലേക്ക്‌ അവനെ ക്ഷണിക്കുന്നു. പിതാക്കൻമാരും പരീശൻമാരും അവനെ കാൺമാൻ കാത്തുനിൽക്കുന്നു. ആയിരം കണ്‌ഠനാളങ്ങളിൽ നിന്നും ആബേൽ എന്ന വിളി ഉയർന്നുകൊണ്ടിരുന്നു. ഇതേസമയം, ചുറ്റും വെളളിക്കാലുകളിൽ കൊളുത്തിവെച്ചിരിക്കുന്ന മെഴുകുതിരികളാൽ ദീപ്‌തമായ പുൽക്കൂട്ടിൽ ഒരു തളളയാട്‌ കുഞ്ഞാടിന്റെ മുഖം മുലയോട്‌ ചേർത്തു.

* * * * * *

അപ്പോൾ സാറാ തേങ്ങിക്കരയുകയാണ്‌. അവന്‌ അവളെ സാന്ത്വനിപ്പിക്കണമെന്നുണ്ട്‌. പക്ഷെ വാക്കുകൾ പുറത്തേക്ക്‌ വരുന്നില്ല. രണ്ടു നിശ്ശബ്‌ദതകൾക്കിടയിൽ ഒരസ്വസ്ഥതപോലെ പൊട്ടിപ്പടരുന്ന കടൽത്തിരകൾ. എപ്പോഴോ അവൻ സംസാരിച്ചു തുടങ്ങി.

”മാനംകണ്ട മയിൽപ്പീലികളും നമ്മുടെ സ്വപ്‌നങ്ങളും ഇനിമേൽ ഓർമ്മകളിൽ ജീവിക്കട്ടെ“

”ആബേൽ നീയെത്ര ക്രൂരനാണ്‌.“

”നമുക്കൊരു നഗരമില്ല. വീടും. എല്ലാം നനഞ്ഞ മണ്ണിൽപ്പണിതവ. കാറ്റിനും കടലിനും കയ്യെത്താവുന്ന ദൂരം“

”നമ്മുടെ പ്രണയം മരണംപോലെ ബലമുളളതാണ്‌.“

”എനിക്കറിയില്ല.“

”ഞാൻ കരഞ്ഞോളാം. നിന്റെ കറുത്ത വാക്കുകളിൽ കുരുങ്ങി പിടഞ്ഞു പിടഞ്ഞു മരിച്ചോളാം.“

”കഷ്‌ടം നിന്റെ വിളറിയ ജഢം കാൺമാൻ എനിക്ക്‌ കരുത്തില്ല.“

”ചെല്ല്‌. കല്ലറമേൽക്കിടന്ന്‌ പൊട്ടിക്കരയ്‌. എല്ലാ പാപവും തീരട്ടെ.“

”സാറാ“ ആബേൽ അലറുകയായിരുന്നു. ആരോ ചീലാന്തിക്കമ്പിനാൽ തലങ്ങും വിലങ്ങും തല്ലുന്നതുപോലെ തോന്നി.

”വേണ്ട...... വേണ്ട.... നിനക്കറിയില്ല. ഒന്നും.“ ആബേലിന്‌ എന്തൊക്കെയോ പറയണമെന്നുണ്ട്‌. കണ്ണീരിൽ കുതിർന്ന വാക്കുകൾ അവൻ സ്വയം വിഴുങ്ങി. മണലിൽ മുഖം ചേർത്ത്‌ കമിഴ്‌ന്നുകിടന്നു. സാറാ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. വളരെപ്പതുക്കെ. അവനൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എപ്പോഴോ അവളുടെ കൈകൾ അവന്റെ തലയിൽ സ്പർശിച്ചു. മെല്ലേ മണൽ തട്ടിക്കളയുവാൻ തുടങ്ങി.

”ആബേൽ“

അവൻ കിടന്ന കിടപ്പിൽ അവളെ നോക്കാൻ ശ്രമിച്ചു.

”മരിച്ചവരുടെ ദിനം നിനക്കാഘോഷിക്കാം. എനിക്കോ ഒരു കല്ലറ വേണമെന്നുമില്ല. എന്റെ കല്ലറ കണ്ണീരുവീണ്‌ നനയാതിരിക്കട്ടെ.“

രാവിൽ, നനഞ്ഞതാളിൽ അവളുടെ കാല്പാടുകൾ പതിഞ്ഞു. അനന്തരം തിരകൾ കാല്പാടുകളെ ചുംബിച്ചു വിശുദ്ധമാക്കാൻ തുടങ്ങി. ദൂരെ ആരോ നിലവിളിക്കുന്നുണ്ട്‌. കറുത്ത കടൽ നിലവിളി മായ്‌ക്കാൻ ശ്രമിക്കവേ, ആരോ നിലവിളിക്കുന്നുണ്ട്‌.........

-----------

ഡി.ബി. അജിത്‌കുമാർ

1965 നവംബർ 15ന്‌ ജനനം. അച്‌ഛൻഃ ദൈവപ്പുരയ്‌ക്കൽ വീട്ടിൽ ബാലകൃഷ്‌ണൻ. അമ്മഃ കേശിനിയമ്മ.

സ്‌കൂൾതലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആദ്യകവിത പ്രസിദ്ധീകരിച്ചത്‌ 19-​‍ാം വയസ്സിൽ ആൾ ഇൻഡ്യാ റേഡിയോവിലും കഥ ദ്വൈവാരിക തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിച്ചു. ഒപ്പം മലയാളത്തിലെ പ്രസിദ്ധങ്ങളായ വാരികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു കാലഘട്ടത്തിൽ അമേച്വർ നാടകസംഘങ്ങളുമായി രചന, അവതരണം എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ടിരുന്നു. അടുത്തുതന്നെ ദൂരദർശൻ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന ഒരു ഡോക്യുമെന്ററിയുടെ രചന. ആലപ്പുഴ പറവൂർ ജനജാഗ്രതി പബ്ലിക്കേഷൻസ്‌ അടുത്തുതന്നെ “സ്ലേറ്റുകൾ പറയുന്നു” എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതാണ്‌.

വിലാസംഃ

ദീപ്‌തി

കുതിരപ്പന്തി

തിരുവാമ്പാടി പി.ഒ.

ആലപ്പുഴ - 688 002.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.