പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഇത്‌ അനന്തപുരി > കൃതി

ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ. ശശിധരൻ

ഇത്‌ അനന്തപുരി

കാലം ഓരോർമ്മതെറ്റുപോലെ ബാക്കി വച്ച ആ നാലുകെട്ടിനു മുന്നിൽ ടാറ്റാ സീയെറ കാർ നിന്നു. മരച്ചില്ലകളെ തഴുകാനെത്തിയ ഇളംകാറ്റു മെല്ലെ ചൂളം വിളിച്ചു. കരിയിലകൾ വിറച്ചു.

പല്ലുകൾക്കിടയിൽ സിഗററ്റു ഞെരിച്ചുകൊണ്ടു അയാൾ ഡോർ തുറന്നു പുറത്തിറങ്ങി. പിന്നാലെ അനന്തനും. മുടിയിഴകൾ പിന്നോട്ടു മാടിയൊതുക്കി അടക്കിയ ശബ്ദത്തിൽ അയാൾ പറഞ്ഞു.

‘അനന്താ, താക്കോൽ’

താക്കോൽ കൈയിലേയ്‌ക്കിട്ടു കൊടുത്തപ്പോൾ അനന്തന്റെ മുഖം വിളറി. അതു ശ്രദ്ധിക്കാതെ അയാൾ മുന്നോട്ടു നടന്നു. പടിപ്പുര തള്ളിത്തുറന്നപ്പോൾ തുരുമ്പു പിടിച്ച വിജാഗിരികൾ ഉറക്കെക്കരഞ്ഞു.

അനന്തൻ പതർച്ചയോടെ പറഞ്ഞു.

സൂക്ഷിക്കണം മുതലാളീ. വർഷങ്ങളായി ആൾപ്പാർപ്പില്ലാതെ കിടന്ന വീടാ. വിഷപ്പാമ്പുകൾ മാത്രമല്ല ഗതികിട്ടാതെ അലഞ്ഞുതിരിയുന്ന പ്രേതാത്മാക്കളും.......“

ചിതലരിച്ച പടിപ്പുരയുടെ മരയഴികളിൽ വിരൽ തൊട്ട്‌ നാലുകെട്ടിലേക്കു നോക്കി അയാൾ നിശ്ചലനായി നിന്നു.

കാടു പിടിച്ചു കിടക്കുന്ന നടുമുറ്റം. വള്ളികൾ ചുറ്റിപ്പിണഞ്ഞ സർപ്പക്കാവ്‌. കരിയിലകൾ മൂടിയ വിശാലമായ പറമ്പ്‌, ഇടിഞ്ഞു പൊളിഞ്ഞ തുളസിത്തറ. ആനപിടിച്ചാലും ഇളകാത്ത ഉമ്മറവാതിൽ.

വാതിൽ തള്ളത്തുറക്കുമ്പോൾ തൂങ്ങിക്കിടക്കുന്ന ചെറിയ ഓട്ടുമണികൾ കൂട്ടത്തോടെ ശബ്‌ദിക്കും. പിന്നെ പാദസരങ്ങൾ കിലുങ്ങും. ഒരു കൈവിളക്കു തെളിയും. തൊട്ടുമുന്നിൽ ഏഴഴകുള്ള ഒരു മഴവിൽപൊട്ട്‌ തിളങ്ങും. നെറ്റിയിലെ ചെമന്ന വട്ടപ്പൊട്ടിൽ നിന്നും സിന്ദൂരബിന്ദുക്കളടരും. കാറ്റിന്റെ കൈകളിൽ തുള്ളിക്കളിക്കുന്ന നെയ്‌വിളക്കുപോലെ, ഏഴു നിറമുള്ള സ്വപ്നംപോലെ, വിടർന്നു നിൽക്കുന്ന താമരപോലെ, തന്റെ - തന്റെ മാത്രമായ ബാലത്തമ്പുരാട്ടി.

പിന്നിൽ അനന്തൻ ചുമച്ചു. അയാൾ നടുക്കത്തോടെ വെട്ടിത്തിരിഞ്ഞു. അനന്തൻ പറഞ്ഞു.

‘ദുർമ്മരണം നടന്ന വീടായതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ പ്രതിവിധികള്‌ ചെയ്യുന്നതു നല്ലതാണെന്നു കൈമള്‌ പറഞ്ഞു. ആത്മാക്കളെ വീട്ടിനുള്ളീന്ന്‌ ഒഴിപ്പിച്ചു തരാൻ പറ്റിയ മന്ത്രവാദി ഇവിടെത്തന്നെയുണ്ട്‌. അയാൾ പറയുന്നതിലും കാര്യമുണ്ടു മുതലാളീ.

ഒന്നും രണ്ടുമല്ല നാലു ശവം ഒന്നിച്ച്‌ ഈ തൊടീല്‌.

ആശകള്‌ നശിച്ചിട്ടുണ്ടാവില്ല.

’ആത്മാവിന്‌ മോക്ഷം കിട്ടിട്ടുണ്ടാവില്ല. ആരറിഞ്ഞു ചോര കുടിക്കാൻ കൊതിച്ച്‌ അവറ്റകള്‌ ഇവിടെയൊക്കെ ചുറ്റിത്തിരിയണില്ല്യാന്ന്‌?

അയാൾ അനന്തനെ തറച്ചുനോക്കി.

‘നിനക്കു പേടിയുണ്ടോ? ഇവിടെ എന്നോടൊപ്പം താമസിക്കാൻ?”

അനന്തൻ ഭീതിയോടെ തിരക്കി.

’മുതലാളി... ഇവിടെ... ഇവിടെ താമസിക്ക്യാൻ പോവ്‌വ്വാണോ?‘

’അല്ലെങ്കിൽ ഇത്രേം വിലകൊടുത്ത്‌ ഞാനീ വീട്‌ വാങ്ങാനൊരുങ്ങുമോ അനന്താ?‘

അനന്തന്റെ മുഖം വിളറി.

“പക്ഷേ .......പഴയ വസ്തുക്കളോടുള്ള കമ്പം കൊണ്ടാ മുതലാളി ഈ നാലുകെട്ടു വാങ്ങിയത്‌....’

അനന്തന്റെ ശബ്ദം മുറിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു.

കമ്പമല്ല. ഗതികിട്ടാതെ ഇത്രയും നാൾ അലഞ്ഞു നടന്നിരുന്ന ഒരാത്മാവിന്റെ ദാഹം. അല്ലെങ്കിൽ ഉള്ളിന്റെയുള്ളിലെരിയുന്ന ചിതയിൽ നിന്ന്‌ ഒരു തീപ്പൊട്ട്‌ അടർത്തിയെടുത്ത്‌ ഈ നാട്‌​‍്‌ അങ്ങനെതന്നെ ചുട്ടു ചാമ്പലാക്കാനുള്ള വന്യമായ മോഹം.

അതെ അനന്താ. അതിനാ ഞാൻ ഈ നാലുകെട്ടു വിലയ്‌ക്കു വാങ്ങുന്നത്‌.

‘ചോദിക്കരുത്‌ അനന്താ. ഇനി ഒരക്ഷരം പോലും എന്നോടു ചോദിക്കരുത്‌.

അയാളുടെ കണ്ണിൽ ഒരു ചിതയെരിയുന്നത്‌ അനന്തൻ പേടിയോടെ കണ്ടു.

ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.

’നീ പറഞ്ഞതു ശരിയാണ്‌. അലഞ്ഞുതിരിയുന്ന പ്രേതാത്മാക്കൾക്കു മോക്ഷം കിട്ടിയില്ല. നിറവേറാത്ത ആഗ്രഹങ്ങളുമായി അവരൊക്കെ ഇപ്പോഴും ഈ നാലുകെട്ടിനുള്ളിൽ ചുറ്റിത്തിരിയുന്നുണ്ട്‌. ആർത്തലച്ചു കരയുന്നുണ്ട്‌.

ഞാൻ വന്നത്‌ അവർക്കു മോക്ഷം കൊടുക്കാൻ. ഓർമ്മകൾ മുഴുവനും ആ കാഞ്ഞിരമരത്തിൽ ആണിയടിച്ചു തളച്ചിടാൻ. എള്ളും പൂവും ചന്ദനവുംകൊണ്ട്‌ ഒരു കർമ്മകാണ്ഡം പൂർത്തിയാക്കാൻ. നമ്മൾ യാത്ര തുടങ്ങുകയാണ്‌. ജന്മങ്ങൾക്കപ്പുറത്തേക്ക്‌. ചോരപുരണ്ട ഒരു വഴിത്താരയിലൂടെ അവിടെ കാത്തിരിക്കുന്നത്‌ അത്ഭുതങ്ങളല്ല. നടുക്കങ്ങൾ.

കാറ്റിന്റെ കൈകൾക്കു കരുത്തുകൂടി. വൃക്ഷത്തലപ്പുകൾ ആടിയുലഞ്ഞു. കരിയിലകൾ പറന്നുയർന്നു നാ​‍ാലുകെട്ടിനെ പൊതിഞ്ഞു. ഉമ്മറവാതിലിലെ ഓട്ടുമണികൾ കിലുങ്ങി. വാതിൽ തുറന്നടഞ്ഞു.

തികഞ്ഞ നിർവികാരതയോടെ അയാൾ പറഞ്ഞു.

‘എനിക്കൊരു സാക്ഷി വേണം. ചോരകൊണ്ട്‌ ഓരോ കൈയൊപ്പിടുമ്പോഴും അതു കണ്ടു നിൽക്കാൻ ഒരാൾ.

അനന്താ അതു നീയാണ്‌.

അനന്തൻ ടവ്വൽകൊണ്ട്‌ മുഖത്തെ വിയർപ്പു തുടച്ചു.

കാതുകൾക്കരികെ വീണ്ടും കത്തുന്ന ശബ്‌ദം.

’രക്ഷിക്കുന്ന ഈ കൈകൾക്കു ശിക്ഷിക്കാനുമവകാശമുണ്ട്‌. അനന്തൻ എന്ന ഒരാൾ ജീവിച്ചിരുന്നതിനു തന്നെ രേഖയുണ്ടാവില്ല. എല്ലാം ഞാൻ മായ്‌ചുകളയും.‘

അയാൾ മുന്നോട്ടു നടന്നു. ഉമ്മറവാതിലിനടുത്തെത്തി ഒരു നിമിഷം നിന്നു. താക്കോൽ താഴിൽ തിരിഞ്ഞു. അയാൾ വാതിൽ ആഞ്ഞുതള്ളി. കാറകറാശബ്ദത്തോടെ വാതിൽ മലർക്കെ തുറന്നു. ഓർക്കാപ്പുറത്ത്‌ ഇരുട്ടിൽ കണ്ണുകൾക്കു മുന്നിൽ ചിലന്തിവലകൾ തിളങ്ങി. അടഞ്ഞുകിടന്നിരുന്ന ജനലുകളിൽ കാറ്റ്‌ ഉൾക്കിടിലത്തോടെ വന്നു മുട്ടി. ജനൽപ്പാളികൾ പിടഞ്ഞു. പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നും ഒരു പെൻടോർച്ച്‌ പുറത്തെടുത്ത്‌ അയാൾ മുന്നോട്ടു നീട്ടിപ്പിടിച്ചു. ടോർച്ച്‌ തെളിഞ്ഞു. പ്രകാശവൃത്തം പൊടിപിടിച്ച വലിയൊരു നിലക്കണ്ണാടിൽ തട്ടി ഭീതിയോടെ പിന്നോട്ടു തിരിച്ചു വന്നു.

അയാൾ ഓരോ അടിയായി മുന്നോട്ടുവച്ചു. ചോരകൊണ്ടു മൂടിക്കിടക്കുന്ന ഓർമ്മകൾക്കുള്ളിലേക്ക്‌. തൊട്ടുമുന്നിൽ മെല്ലെ മെല്ലെ ആടുന്ന ഒരു ആട്ടുകട്ടിൽ. അതിനരികെ മാറാലമൂടിക്കിടക്കുന്ന ഒരു കോളാമ്പി.

ശബ്‌ദമുണ്ടാക്കാതെ അയാൾ മുന്നോട്ടു നീങ്ങി. പൊടിപിടിച്ച തറയിൽ കാലടി അടയാളം പതിഞ്ഞു. അടഞ്ഞുകിടക്കുന്ന ഏതെങ്കിലും മുറിക്കുള്ളിൽ തന്റെ പ്രിയപ്പെട്ടവളുണ്ടോ? കാറ്റിനോടൊപ്പം എവിടെനിന്നെങ്കിലും അവളുടെ വളകളുടെ കിലുക്കം ഒഴുകിവരുന്നുണ്ടോ? അയാളുടെ മനസ്സു വിങ്ങി. ഹൃദയം തേങ്ങി.

എവിടെയോ ചപ്രമഞ്ചക്കട്ടിൽ ഞെരിഞ്ഞു. ഇടനാഴിയിലൊരു കാലൊച്ച. മുരളുന്ന മെതിയടികൾ.

’ഉണ്ണീ‘

ആരോ ഉറക്കെ വിളിച്ചതുപോലെ. ആട്ടുകട്ടിലിൽ ആരോ ഇരുന്ന്‌ ആടുന്നതുപോലെ. ഓർമ്മകളിൽ കോടിമുണ്ട്‌ ഉലയുന്നതുപോലെ ’ഉണ്ണീ‘.

ഗോദവർമ്മ തമ്പുരാന്റെ കണ്ണീരുവീണു നനഞ്ഞ ശബ്ദം.

തൊട്ടടുത്തു പിന്നെയുമാരോ കരയുന്നുണ്ട്‌. സുധർമ്മത്തമ്പുരാട്ടിയല്ലേ അത്‌. വേവുന്ന മനസ്സോടെ അയാൾ തിരിഞ്ഞു. ഒരു കൈവിളക്കിന്റെ മുന്നിലേക്ക്‌ തുള്ളിക്കളിക്കുന്ന തിരിനാളത്തിനപ്പുറം ഒഴുകുന്ന കൊച്ചരുവിപോലെ ബാലത്തമ്പുരാട്ടി. മാറുനിറഞ്ഞു കിടക്കുന്ന ഇടതൂർന്ന തലമുടിയിഴകളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നു.

’ഓർക്കല്ലേ ഉണ്ണിയേട്ടാ. ഒന്നും ഓർക്കല്ലേ. ഓർമ്മകൾക്കു കരയിക്കാനേ കഴിയൂ. പൊയ്‌ക്കോളൂ. തിരിച്ചു പൊയ്‌ക്കോളൂ. ഇവിടെ മുഴുവൻ ചോരയാണ്‌. അമ്മാവന്റെ.... അമ്മായീടെ..........ഗീത ഓപ്പോളുടെ ഉണ്ണിയേട്ടൻ കാലിടറി വീഴില്ലേ.........‘

കൈവിളക്കു മാഞ്ഞു. സിന്ദൂരപ്പൊട്ടിനോടൊപ്പം.

പെട്ടെന്നുണ്ടായ ഒരാവേശത്തോടെ അയാൾ ഉറക്കെ വിളിച്ചു.

’ബാലേ‘! അതൊരു മുഴക്കമായി. നാലുകെട്ട്‌ അയാളുടെ ശബ്‌ദം ഏറ്റുവിളിച്ചു. ഭ്രാന്തു പിടിച്ചതുപോലെ അയാൾ പുറത്തേക്കോടി. ഉമ്മറവാതിലിനടുത്ത്‌ അനന്തൻ കാത്തുനിന്നിരുന്നു. ഒരു നിമിഷം അയാൾ നിശ്ചലനായിനിന്നു.

കണ്ണിൽ കത്തുന്ന തീപ്പന്തവുമായി അയാൾ കാറിനു നേർക്കു നടന്നു.

ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ ഇരുന്നിട്ട്‌ അനന്തനോടായി അയാൾ ആജ്ഞാപിച്ചു.

’കേറ്‌”

അനന്തൻ കയറി. സ്വിച്ച്‌ കീ തിരിഞ്ഞു. കാറിന്റെ ചക്രങ്ങളുരുണ്ടു കാർ മെയിൻ റോഡ്‌ കഴിഞ്ഞ്‌ ഇടത്തോട്ടു തിരിഞ്ഞു പിന്നെയും കുറേ ദൂരം കൂടി ഓടി. പച്ചച്ചായം തേച്ച കൂറ്റൻ ഇരുമ്പുഗെയ്‌റ്റിനു മുന്നിലെത്തി നിന്നു.

മണൽ പാകിയ മുറ്റം. ഇരുവശവും വിടർന്നു നിൽക്കുന്ന പനിനീർപ്പൂക്കൾ. ഗേറ്റിനകത്തു തല ഉയർത്തി നിൽക്കുന്ന സൈപ്രസ്‌ മരങ്ങൾ. പഞ്ചനക്ഷത്ര ഹോട്ടൽ പോലെയുള്ള കൂറ്റൻ ബംഗ്ലാവ്‌.

അയാൾ സ്‌റ്റിയറിംഗ്‌ വീലിൽ അമർത്തിപ്പിടിച്ചു.

രാമകൃഷ്ണകൈമൾ.

ഗോദവർമ്മത്തമ്പുരാന്റെ ഉപ്പും ചോറും തിന്നുവളർന്ന ഈ പട്ടിക്ക്‌ എവിടെ വച്ചാണു വഴിതെറ്റിയത്‌? പണം കുമിഞ്ഞു കൂടിയപ്പോഴോ? ടെലിഫോണിൽ വിരൽ തൊടുമ്പോൾ നീതിയും നിയമവും ഓച്‌​‍്‌ഛാനാച്ചു നിൽക്കാൻ തുടങ്ങിയപ്പോഴോ?

ഓർമ്മകളൊക്കെ ഇയാൾ ഇപ്പോൾ മായ്‌ചുകളഞ്ഞിട്ടുണ്ടാവും. ഓർക്കണം. എല്ലാമെല്ലാം ഓർക്കണം. വർഷങ്ങൾക്കു പിന്നിലെ ചോരയുടെ നനവ്‌ ചോരകൊണ്ടു തന്നെ തൊട്ടറിയണം. മുഖങ്ങളൊക്കെ മുന്നിലെത്തണം. കാലം ഒരുൾക്കിടിലമായി കൈമളിനെ വേട്ടയാടണം. രക്ഷപ്പെടാനുള്ളത്‌ ഒരിടത്തേക്കു മാത്രം.

അയാൾ മെല്ലെ പിന്നിലേക്കു തിരിഞ്ഞു. പിന്നെ ശബ്ദം താഴ്‌ത്തി വിളിച്ചു.

‘അനന്താ’ കാറിന്റെ പിൻസീറ്റിൽ നിന്ന്‌ അനന്തൻ മുന്നോട്ടാഞ്ഞു.

ചെവിക്കരികെ കത്തുന്ന വാക്കുകൾ പുളഞ്ഞു.

‘എനിക്കു വേണ്ട ശവങ്ങളിലൊന്ന്‌ ഇപ്പോൾ ജീവനോടെ ഈ ബംഗ്‌ളാവിനുളളിലുളളതാണ്‌.’

അനന്തൻ നടുങ്ങി.

ക്രൂരമായ ചിരിയോടെ അയാൾ തുടർന്നു.

‘പേടിക്കണ്ട. കൊല്ലുന്നതു ഞാനാവില്ല.’

‘എനിക്കുവേണ്ടി അതു ചെയ്യാൻ ഈ അനന്തപുരിയിൽ ഒരുപാടു പേരുണ്ട്‌. ചോറു കൊടുത്ത കൈയ്‌ക്കു കടിച്ച പാരമ്പര്യമാണു കൈമൾക്കുള്ളത്‌. അതുപോലെ, കൈമളെ അവസാനിപ്പിക്കാനും ഒരു വളർത്തു പട്ടിയെ നമുക്കു മെരുക്കിയെടുക്കണം. അനന്തപുരിയിലെ ചേരികളിൽ അവൻ കാത്തിരിക്കുന്നു. കാതോർത്തിരിക്കുന്നു. കൈമളുടെ ആരാച്ചാരായി ക്രൂരമായ ഒരു കൊല നടപ്പാക്കാനുള്ള നിയോഗവുമായി.’

ഡോർ തള്ളിത്തുറന്ന്‌ അയാൾ പുറത്തു കടന്നു. അനന്തൻ പിൻസീറ്റിലെ ഡോർ തുറന്നു. അനന്തനെ നോക്കി അയാൾ പറഞ്ഞു.

‘വേണ്ട അനന്താ ഇപ്പോൾ നീ അങ്ങോട്ടു വരണ്ട. നീ എന്റെ കൂടെയുള്ളതു ജീവനുള്ള മനുഷ്യരെ കാണാനല്ല. ചോരയിൽ കുതിർന്നു പിടയ്‌ക്കുന്ന കുറേ ബാസ്‌റ്റഡുകളെ കാണാൻ. കൈമൾക്കു മരിക്കാറായിട്ടില്ല. മരിക്കുന്നതിനുമുമ്പ്‌ അയാൾക്കു ഒരുപാടു കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്‌.......

അനന്തൻ വിവശനായി കാറിന്റെ സീറ്റിലേക്കു ചാരി. അയാൾ മുന്നോട്ടു നടന്നു ഗേറ്റിൽ കൈവച്ചു. അകത്തു ഇടിവെട്ടുന്നതുപോലെ ഒരൾസേഷ്യൻ നായയുടെ കുരകേട്ടു. അതിനു പിന്നാലെ ഒരു ഗർജ്ജനവും.

’ടൈഗർ കീപ്പ്‌ ക്വയറ്റ്‌‘.

നായയുടെ കുര നിന്നു. സിറ്റൗട്ടിൽ നിന്നും ആരോ പുറത്തേയ്‌ക്കിറങ്ങി.

ശരീരത്തിലൊട്ടിക്കിടക്കുന്ന സിൽക്കു ജുബ്ബ. പളപളമിന്നുന്ന പോളിസ്‌റ്റർ മുണ്ട്‌. പിന്നോട്ടു ചീകിവച്ച നരച്ചമുടി. നെറ്റിയിൽ നീളത്തിൽ വരച്ച ചന്ദനക്കുറി. വലതു കൈയിലൊരു വാക്കിംഗ്‌സ്‌റ്റിക്ക്‌.

രാമകൃഷ്‌ണകൈമൾ.

കൈമളെ നോക്കി മെല്ലെ ചിരിച്ച്‌ അയാൾ ഗെയ്‌റ്റ്‌ തുറന്ന്‌ അകത്തു കടന്നു. കൈമളുടെ കണ്ണുകൾ പിടഞ്ഞു.

അനന്തൻ എല്ലാം പറഞ്ഞിട്ടുണ്ടാവും. ഞാൻ ആ നാലുകെട്ടു വാങ്ങാൻ വന്നയാളാ. പേര്‌ ശത്രുഘ്‌നൻ’.

കൈമൾ അനങ്ങിയില്ല. ശത്രുഘ്‌നന്റെ മുഖത്തുനിന്നും കണ്ണെടുത്തുമില്ല.

കൈമളെ മറിക്കടന്നു ശത്രുഘ്‌നൻ അകത്തു കടന്നു.

വിശാലമായ സ്വീകരണമുറി. ചോരയുടെ നിറമുള്ള പരവതാനി. പോളീഷ്‌ ചെയ്‌തു മിനുക്കിയ ടീപ്പോയ്‌. സ്വർണ്ണ അലുക്കുകൾ പതിച്ച കുഷ്യനിട്ട കസേരകൾ. ചുവരിൽ സ്‌റ്റഫ്‌ ചെയ്‌തു വച്ചിട്ടുള്ള പുള്ളിമാന്റെ തല. തലയ്‌ക്കുമുകളിൽ സ്‌ഫടികംപോലെ തിളങ്ങുന്ന വൈദ്യുത വിളക്കുകളുടെ കൂട്ടം. ചുവരിലെ ഷോക്കേസിൽ ഡെക്കറേറ്റു ചെയ്‌തു വച്ചിട്ടുള്ള ഒട്ടേറെ കൗതുകവസ്തുക്കൾ. സ്വർഗ്ഗം ഭൂമിയിലേക്ക്‌ ഇറങ്ങിവന്നതുപോലെ. അല്ലെങ്കിൽ ഇയാൾ ഇവിടെ മറ്റൊരു സ്വർഗ്ഗം തീർത്തതുപോലെ. കൈമൾ അകത്തേയ്‌ക്കു വന്നു. അയാളെ തുറിച്ചുനോക്കി. വിവശനായി കൈമൾ തിരക്കി.

‘ആ.........ആ........... പഴയ നാലുകെട്ട്‌​‍്‌...... എന്തിനാ നിങ്ങൾക്ക്‌?’

മറുപടിക്കു പകരം ഒരു മറുചോദ്യമാണ്‌ ചീറി വന്നത്‌.

ഈ നാലുകെട്ട്‌ ഒരു ഗോദവർമ്മ തമ്പുരാന്റെതായിരുന്നില്ലേ?‘

കൈമൾ അറിയാതെ ഒന്നു പിടഞ്ഞു.

’തമ്പുരാനോടൊപ്പം ആരൊക്കെയുണ്ടായിരുന്നു അവിടെ?‘

കൈമൾ വിറയലോടെ പറഞ്ഞു.

’വർഷം ഒരുപാടായില്ലേ? പേരുകളൊക്കെ മറന്നു പോയി.......... എന്തേ ചോദിക്കാൻ ?‘

ശത്രുഘ്‌നൻ കൈമളെ നോക്കിയില്ല.

’ദുർമ്മരണം നടന്ന വീടാണെന്ന്‌ അനന്തൻ പറഞ്ഞു.

‘ആരാ ഗോദവർമ്മ തമ്പുരാനെ കൊന്നത്‌?’

കൈമൾ അടിമുടി വിറച്ചുപോയി.

കൊന്നെന്നോ? ആരു പറഞ്ഞു നിങ്ങളോട്‌? ഗോദവർമ്മ വിഷം കഴിച്ചാണു മരിച്ചത്‌. സുധർമ്മതമ്പുരാട്ടി പുഴയിൽ ചാടിച്ചത്തു. ബാലത്തമ്പുരാട്ടീം........

ശത്രുഘ്‌നൻ വെട്ടിത്തിരിഞ്ഞു ക്രൂരമായി കൈമളെ നോക്കി.

‘വർഷം ഒരുപാടായിട്ടും പേരുകളൊന്നും മറന്നുപോയിട്ടില്ല. അല്ലേ മിസ്‌റ്റർ കൈമൾ?.

ഓർക്കാപ്പുറത്തു മുഖമടച്ച്‌ അടിയേറ്റതുപോലെ കൈമൾ നടുങ്ങി.

ശത്രുഘ്‌നൻ കൈമളുടെ മുഖത്തുനിന്നും കണ്ണുകളെടുത്തില്ല.

’നിങ്ങൾ അനന്തനോടു പറഞ്ഞതു ശരിയാണു കൈമൾ ആത്മാക്കൾക്കൊന്നും മോക്ഷം കിട്ടിയില്ല. അവ ഇപ്പോഴും അവിടെയൊക്കെ അലഞ്ഞു തിരിയുന്നുണ്ട്‌.

‘ഭയപ്പെടേണ്ട. പ്രതിവിധി തുടങ്ങിക്കഴിഞ്ഞു.? കൈമൾ തുറിച്ചു നോക്കി.

സത്യത്തിൽ നിങ്ങളാരാ? പറയൂ എന്താ നിങ്ങളുടെ ഉദ്ദേശം? ആ പഴയ നാലുകെട്ടു വാങ്ങിയിട്ട്‌....

കൈമളുടെ ശബ്‌ദം മുറിച്ചുകൊണ്ടു ശത്രുഘ്‌നൻ പറഞ്ഞു.

പണ്ടുണ്ടായിരുന്നതെല്ലാം ആ നാലുകെട്ടിൽ അങ്ങനെയുണ്ടാവണമെന്നു നിങ്ങളോട്‌ അനന്തൻ പറഞ്ഞിട്ടുണ്ട്‌.

’എല്ലാം എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ.‘.

ശത്രുഘ്‌നൻ ചിരിച്ചു.

’ഇല്ല ഏറ്റവും പ്രധാനപ്പെട്ടതു നിങ്ങളവിടെ നിന്നു മാറ്റിയിരിക്കുന്നു.

ഒരു വലംപിരി ശംഖ്‌, പിന്നെ തമ്പുരാന്റെ കഴുത്തിലുണ്ടായിരുന്ന പുലിനഖമാല.‘

കൈമൾ പേടിയോടെ ഒരടി പിന്നോട്ടു വച്ചു. തികഞ്ഞ ശാന്തതയോടെ ശത്രുഘ്‌നൻ പറഞ്ഞു.

രണ്ടും എനിക്ക്‌ വേണം. ഉടനെ വേണ്ട, പക്ഷേ, വേണം മിസ്‌റ്റർ കൈമൾ.’

“നിങ്ങളാരാ?”

‘പുലിനഖമാലയെപ്പറ്റി എങ്ങനെയറിയാം നിങ്ങൾക്ക്‌? ഞാൻ..... അങ്ങനെയൊന്ന്‌....“

കൈമളുടെ ശബ്‌ദം വിറച്ചു.

 Next

എൻ.കെ. ശശിധരൻ

1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി.

വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.