പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഏപ്രിൽ ഫൂൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

മുഖപ്രസംഗം

കുറെക്കാലമായി ഏപ്രിൽ ഒന്ന്‌ രസകരമായ യാതൊരു വിഡ്‌ഢിത്തരവും സംഭവിക്കാതെ കടന്നു പോകുകയാണ്‌. ദുഃഖം തോന്നുന്നു.

നമുക്കെന്താണ്‌ സംഭവിക്കുന്നത്‌? നിർദ്ദോഷമായ തമാശകൾ സൃഷ്‌ടിക്കാനും അതു കണ്ടും കേട്ടും ചിരിക്കാനുളള നമ്മുടെ കഴിവ്‌ കുറഞ്ഞു കുറഞ്ഞു വരികയാണോ?

ആഗോളവത്‌ക്കരണം കൊണ്ടുവന്ന രണ്ടായിരത്തിൽപ്പരം ഡ്യൂട്ടി ഇല്ലാത്ത പുതിയ ഇറക്കുമതി സാധനങ്ങളുടെ ലിസ്‌റ്റിൽ ആകാംക്ഷയോടെ പരതി. അരിയും മീനും തേങ്ങയും മാങ്ങയും എല്ലാമുണ്ട്‌. വഴി നീളെ വിൽക്കാൻ വച്ചിരിക്കുന്ന ചൈനീസ്‌ സാധനങ്ങളിലും പരതി. ബൾബും പേനയും ക്യാമറയും കളിപ്പാട്ടങ്ങളും ഉണ്ട്‌. പല തരത്തിലും നിറത്തിലും വിധത്തിലും പുതിയ പുതിയ സാധനങ്ങൾ നമ്മുടെ വീട്ടു മുന്നിൽത്തന്നെ എത്തുന്നുണ്ട്‌. പക്ഷെ അതിൽ ചിരി എന്ന ഐറ്റം കണ്ടില്ല. ഇനി ആഗോളതലത്തിലും ചിരിയുടെ ഉത്‌പ്പാദനം കുറഞ്ഞോ?

ചാർളി ചാപ്ലിന്റെ സ്ഥാനം ടെർമിനേറ്റർ കൈയടക്കിയിരിക്കുകയാണല്ലോ പടിഞ്ഞാറ്‌.

മിക്കി മൗസിന്റെ സ്ഥാനം ഹാരി പോട്ടറും.

നമ്മുടെ ഇവിടെ ലക്കിടിക്കടുത്ത്‌ ഇന്നത്തെ കുഞ്ചൻ, വി കെ എൻ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി.

നായനാർജി പോലും ഗൗരവത്തിൽ വർത്തമാനം പറയാൻ തുടങ്ങിയിരിക്കുന്നു.

എന്തു ചെയ്യാം !

ഇ.ഡി. 1582 ൽ തുടങ്ങിയതാണ്‌ ഏപ്രിൽ ഫൂൾ പരിപാടി. അതിനു മുമ്പ്‌ ആർക്കും ആരെയും എന്നും ഫൂൾ ആക്കാമായിരുന്നു. വിശുദ്ധ മാർപ്പാപ്പാ ഗ്രിഗറി പതിമൂന്നാമൻ വിളംബരം ഇറക്കി. 1582 മുതൽ നവവർഷം തുടങ്ങുന്നത്‌ ജനുവരി ഒന്നിനായിരിക്കും. അന്നുവരെ ആണ്ടു തുടക്കം ഏപ്രിൽ ഒന്നിനായിരുന്നു.

ഈ മാറ്റം ഉൾക്കൊളളാൻ കാലതാമസം വന്നു. ചില കൂട്ടർ ഏപ്രിൽ ഒന്നിനുതന്നെ നവവത്സരസമ്മാനമായി കൊടുക്കാൻ തുടങ്ങി. പാർട്ടികളും ആഘോഷങ്ങളും ഉണ്ടെന്നു പറഞ്ഞ്‌ സ്‌നേഹിതരെ ക്ഷണിച്ച്‌ വരുത്തി കബളിപ്പിക്കാൻ തുടങ്ങി.

പിന്നെ അത്‌ ഒരു ആചാരമായി.

ഏപ്രിൽ ഫൂൾ. വിഡ്‌ഢികളുടെ ദിനം.

പക്ഷെ ഫ്രാൻസിൽ ഇതിന്‌ വേറെ പേരാണ്‌. ഏപ്രിൽ ഫൂൾ അല്ല; പകരം ഏപ്രിൽ ഫിഷ്‌ ആണ്‌. അന്ന്‌ കടലാസു കൊണ്ടുണ്ടാക്കിയ ഒരു മത്സ്യത്തെ കൂട്ടുകാർ അറിയാതെ അവരുടെ കുപ്പായത്തിനു പിന്നിൽ ഒട്ടിക്കുകയാണ്‌ പരിപാടി.

ഏപ്രിൽ ഫൂൾ പരിപാടി പത്രങ്ങൾ മറന്നുകഴിഞ്ഞു. എന്താ കാരണം?

ആരോടു ചോദിക്കാനാണ്‌? തെഹൽക്കായ്‌ക്കു മുമ്പായിരുന്നെങ്കിൽ നേതാക്കന്മാരോട്‌ നേരിട്ട്‌ അന്വേഷിക്കാമായിരുന്നു. ഇപ്പോൾ അതിന്‌ നിവർത്തിയില്ല.

ഷർട്ടു ധരിച്ചവരെ നേതാക്കന്മാർ കാണാൻ കൂട്ടാക്കുന്നില്ലത്രെ.

ഷർട്ടിന്റെ ബട്ടണിലാണ്‌ ക്യാമറ.

നമ്മളൊക്കെ ഏപ്രിൽ ഫൂളാകുകയാണോ?

പക്ഷെ ഒരു രജതരേഖ കാണപ്പെടുന്നുണ്ട്‌. ഇതുവരെ ഒരിക്കലും എല്ലാവരും കാൺകെ ചിരിച്ചു കണ്ടിട്ടില്ലാത്ത ആന്റണിജി ഇപ്പോൾ ഇടയ്‌ക്കിടയ്‌ക്കു ലേശം പുഞ്ചിരിക്കുന്നുണ്ട്‌. ഭാഗ്യം.

എല്ലാവരെയും തന്റെ പുതിയ മുഖം കാട്ടി ഏപ്രിൽ ഫൂളാക്കിയതിലെ തമാശ ആയിരിക്കണം കാരണം. ഏതായാലും നന്നായി.

ഒരു തുടക്കമായല്ലോ.

കെ.എൽ. മോഹനവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.