പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അസ്‌തമയത്തിനു മുമ്പെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിരിജാവല്ലഭൻ

കഥ

ബഹുമാനപ്പെട്ട കോടതിക്ക്‌,

ഒരു പക്ഷെ, ഞാനീ കത്തെഴുതുന്നത്‌ കോർട്ടലക്ഷ്യമായിരിക്കാം. ആണെങ്കിൽ ബഹുമാനപ്പെട്ട കോടതി എനിക്കു മാപ്പു നൽകണം.

എന്റെ കേസ്‌ വിധി പറയാൻ വേണ്ടി അടുത്ത തിങ്കളാഴ്‌ചക്കു വച്ചിരിക്കുകയാണല്ലോ. കോടതി എനിയ്‌ക്കനുവദിച്ചു തന്ന വക്കീൽ ഇന്നു രാവിലെ എന്റടുത്ത്‌, ജയിലിൽ വന്നിരുന്നു. എന്റെ മാനസികാവസ്ഥയും, കുറ്റകൃത്യത്തിന്‌ എന്നെ പ്രേരിപ്പിച്ച സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത്‌, അഞ്ചു കൊല്ലത്തെ കഠിനതടവിന്‌ ശിക്ഷിക്കാനാണ്‌ സാദ്ധ്യത എന്നാണ്‌ അദ്ദേഹം എന്നെ അറിയിച്ചത്‌.

തൂക്കികൊല്ലാൻ വിധിക്കും എന്നു തന്നെയായിരുന്നു എന്റെ പ്രതീക്ഷ. ഇതിൽപ്പരം ക്രൂരവും ഹീനവുമായൊരു കുറ്റകൃത്യം ഇനി ചെയ്യാനുണ്ടോ? പ്രോസിക്യൂഷൻ വക്കീൽ വാദിച്ചതു പോലെ, ഈ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണല്ലോ ഇങ്ങനെയൊരു കുറ്റകൃത്യം വിചാരണയ്‌ക്കു വന്നത്‌. വിധി പറഞ്ഞു കഴിഞ്ഞാൽ അധിക ദിവസം ഈ ജയിലഴികൾക്കുളളിൽ ജീവിക്കേണ്ടി വരില്ല എന്ന ശുഭപ്രതീക്ഷയായിരുന്നു ഇതുവരെ. എന്നാൽ ഇന്നു രാവിലെ വക്കീൽ പറഞ്ഞതു കേട്ടപ്പോൾ എനിക്കു തീവ്രമായ ദുഃഖമുണ്ടായി. അതിനാലാണ്‌ ഈ കത്തെഴുതുന്നത്‌.

ഈ ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയിൽ ഞാൻ എല്ലാ സുഖദുഃഖങ്ങളും അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലലറിയാതെ ജീവിച്ച നാളുകൾ, വിടരുന്ന പൂക്കളിലും, വിരിയുന്ന മഴവില്ലിലും, ആടുന്ന മയിലുകളിലും കവിത മാത്രമേ കണ്ടിരുന്നുളളൂ. അന്ന്‌ ജീവാത്മാവും പരമാത്മാവുമെല്ലാം കവിതയായിരുന്നു. കവിയരങ്ങുകളിൽ മാറിമാറി, കവിത ചൊല്ലി നടക്കുമ്പോൾ ജീവിതത്തിന്റെ അന്തിമാദ്ധ്യായങ്ങൾ ഇങ്ങനെയായിരിക്കുമെന്ന്‌ സങ്കല്പിക്കാൻ കൂടി കഴിയുമായിരുന്നില്ല.

പല കവിയരങ്ങുകളിലും എന്റെ കവിത കേൾക്കാൻ മുൻവരിയിൽ തന്നെ രമണിയുണ്ടാകാറുണ്ട്‌. ക്രമേണ ആ മുഖം ചിരപരിചിതമായിത്തീർന്നു. അന്നവൾ, കോളേജ്‌ വിദ്യാർത്ഥിനിയായിരുന്നു. പിന്നെ, അരങ്ങുകളിൽ അവളെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. രമണിയുടെ മുഖം മനസ്സിന്റെ തിരശ്ശീലയിൽ ഒരു മായാത്ത വർണ്ണചിത്രമായി പതിഞ്ഞുകിടന്നു.

എന്റെ സ്വപ്‌നഭൂമിയിലെ ധൂസരധവളിമയിൽ വിവാഹമോ, കുടുംബ ജീവിതമോ ഉണ്ടായിരുന്നില്ല. കാറ്റത്തു പാറുന്ന ബലൂൺ പോലെ ജീവിക്കുന്ന എനിക്ക്‌ അതൊക്കെ ഉൾക്കൊളളാനോ, മോഹിക്കാൻ പോലുമോ കഴിഞ്ഞിരുന്നില്ല. എന്നാൽ രമണിയുമായുളള അടുപ്പം കൊണ്ടെത്തിച്ചത്‌ അവിടെത്തന്നെയാണ്‌.

ചടങ്ങുകൾക്കനുസൃതമായ ഒരു വിവാഹമൊന്നുമായിരുന്നില്ല. പലപ്പോഴും, ലോഡ്‌ജിൽ രമണി വന്നു തങ്ങുന്നത്‌ പലരും കണ്ടു. സഹവാസികളിൽ നിന്ന്‌ ആ വൃത്താന്തം മറ്റുപലരും അറിഞ്ഞു. ലോഡ്‌ജുടമ വിളിച്ച്‌ ഗുണദോഷിച്ചു. എന്റെ പ്രവൃത്തികൾ സ്ഥാപനത്തിന്റെ സൽപ്പേരിന്‌ കളങ്കമുണ്ടാക്കിത്തീർക്കുമെന്നൊക്കെ. ഞാനത്‌ ഒരു വെല്ലുവിളിപോലെയാണ്‌ എടുത്തത്‌.

ഒരു കൊച്ചു വീട്‌ വാടകക്കെടുത്തു. രമണി കൂടെ താമസിക്കാൻ മുമ്പേ തയ്യാറായിരുന്നു. എന്നാൽ അവൾക്ക്‌ ഒരു വീണ്ടുവിചാരത്തിനു കൂടി അവസരം നൽകി. അവളുടെ വീടിനെയും മാതാപിതാക്കളെയും കുറിച്ച്‌ ഓർമ്മപ്പെടുത്തി. പക്ഷെ അന്നവൾക്ക്‌ അതിനേക്കാളൊക്കെ പ്രിയപ്പെട്ടത്‌ എന്നോടൊത്തുളള ജീവിതമായിരുന്നു. അവൾക്ക്‌ യാതൊരു സുഖസൗകര്യങ്ങളും പ്രദാനം ചെയ്യാൻ എനിക്കു കഴിയില്ലെന്ന പരമാർത്ഥം അവളെ ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ എന്നെയും എന്റെ കവിതയെയും ഒട്ടേറെ ഇഷ്‌ടപ്പെട്ടിരുന്ന അവൾ എല്ലാം ത്യജിച്ച്‌ എന്നോടൊത്ത്‌ ജീവിക്കാൻ തുടങ്ങി.

എന്റെ ജീവിതത്തിലെ സുവർണ്ണ ദിനങ്ങളായിരുന്നു അവ. കവിയരങ്ങുകൾ ഒരു ഹരമായി മാറി. കേരളത്തിലെങ്ങും ആസ്വാദകരുണ്ടായി. വേദികളിൽ മുഴങ്ങുന്ന എന്റെ ഈരടികൾ കേട്ട്‌ നിർവൃതിയടയാൻ രമണിയും കൂടെ എല്ലായിടത്തുമെത്തും. ദിനങ്ങൾ അവയുടെ താളക്രമത്തിനൊത്ത്‌ വിരിഞ്ഞതും കൊഴിഞ്ഞുവീണതും ശ്രദ്ധിക്കാൻ പോലും മറന്നു പോയിരുന്നു. കാവ്യഗരിമയുടെ ലഹരി നിറഞ്ഞുനിന്ന ആ ദിനങ്ങളിൽ ഓഫീസിനെക്കുറിച്ചുപോലും ചിന്തിച്ചില്ല. വേതനമില്ലാത്ത അവധി നീണ്ടുനീണ്ടു പോയി. അവസാനം, ജോലിയിൽ നിന്ന്‌ പിരിച്ചു വിട്ടുകൊണ്ടുളള കല്പനയുമെത്തി. ഒരു പരിഹാസച്ചിരിയോടെ അത്‌ വലിച്ചു കീറി കാറ്റിൽ പറത്തി.

എല്ലാ ആരോഹണത്തിനും ഒരവരോഹണമുണ്ടല്ലൊ. പക്ഷെ എന്റെ അധഃപതനത്തിന്‌ വഴിയൊരുക്കിയത്‌ ഞാൻ തന്നെയാണ്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാൻ തുടങ്ങിയപ്പോൾ, രമണി ആവർത്തിച്ചാവർത്തിച്ച്‌ മുന്നറിയിപ്പു തന്നിരുന്നു. “ഇത്‌ നമ്മുടെ നാശത്തിലേക്കുളള യാത്രയാണ്‌.”

അധഃപതിച്ചത്‌ ഞാൻ മാത്രമാണ്‌. അതൊക്കെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത ചിത്രങ്ങളാണെങ്കിലും, ഒരിക്കൽ മാത്രം കോടതിയുടെ സമക്ഷം എല്ലാം വെളിപ്പെടുത്താൻ ഞാൻ ശ്രമിക്കട്ടെ.

എന്റെ കവിതയുടെ ഉറവിടം വാടിപ്പോയതാണോ, അതോ ആസ്വാദകരുടെ അഭിരുചിയിലുണ്ടായ പരിവർത്തനമാണോ കാരണമെന്നറിയില്ല, ഞാനെഴുതിയ കവിതകൾക്ക്‌ ആവശ്യക്കാരില്ലാതായി. പ്രസിദ്ധീകരിക്കാൻ ആരും മുന്നോട്ടു വരാതെയായി. സുഹൃത്തുക്കളും ആരാധകരുമെല്ലാം അവഹേളനയോടെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ഇല്ലായ്‌മയുടെ ദുരിതങ്ങൾ വന്നു കയറി. ദാരിദ്ര്യം, കഷ്‌ടപ്പാട്‌, ലഹരി പദാർത്ഥങ്ങൾ വാങ്ങാൻ വേണ്ടി കയ്യിൽകിട്ടിയതൊക്കെ എടുത്തു വിറ്റു. ഒരിക്കലും എതിർപ്പു പറയാത്ത രമണിയും എന്നോട്‌ നിന്ദയോടെയാണ്‌ പെരുമാറുന്നതെന്നു തോന്നിത്തുടങ്ങി. കാണെക്കാണെ ഒരപരിചിത്വത്തിന്റെ മതിൽക്കെട്ട്‌ ഞങ്ങൾക്കിടയിൽ വളർന്നു.

വീടിന്‌ വാടക കൊടുത്തോ, മറ്റു ചെലവുകൾ എങ്ങനെ നടക്കുന്നു, എന്നൊന്നും ഞാൻ അന്വേഷിക്കാറുണ്ടായിരുന്നില്ല. എല്ലാം രമണിയാണ്‌ നടത്തിയിരുന്നത്‌. തുടക്കം മുതൽക്കേ കിട്ടുന്ന പണമെല്ലാം അവളുടെ കയ്യിൽ കൊടുക്കുകയായിരുന്നു പതിവ്‌. അതിനാൽ വരവു ചെലവുകളെക്കുറിച്ച്‌ ഒരിക്കലും തിരക്കിയിരുന്നില്ല. പക്ഷെ, രമണി ഒരു ഡിപ്പാർട്ടുമെൻ​‍്‌റൽ സ്‌റ്റോറിൽ സെയിൽസ്‌ ഗേളായി ജോലിക്കു പോകാൻ തുടങ്ങിയ കാര്യം വളരെ വൈകിയാണറിഞ്ഞത്‌.

ആയിടയ്‌ക്കാണ്‌ ഞങ്ങൾക്കൊരു ആൺകുഞ്ഞ്‌ പിറന്നത്‌. ഒന്നിച്ചു ജീവിച്ചു തുടങ്ങിയിട്ട്‌ അഞ്ചു വർഷങ്ങൾക്കു ശേഷം. അവന്‌ അപ്പു എന്നു പേരിട്ടു.

അപ്പു ജനിച്ചതിനുശേഷം ഞാനൊരു തീരുമാനമെടുത്തു. ഇനിയെങ്കിലും ദുഃസ്വഭാവങ്ങളെല്ലാം ഉപേക്ഷിച്ച്‌ നല്ലൊരു ഭർത്താവായി, വാത്സല്യമുളെളാരു പിതാവായി ജീവിക്കണം. പക്ഷെ വിധിയുടെ നിശ്ചയം നേർ വിപരീതമായിരുന്നു. ശീലങ്ങളുടെ ഒഴുക്കിനൊത്ത്‌ പോകാൻ മാത്രമേ കഴിഞ്ഞുളളു. ഒഴുക്കിനെതിരെ നീന്താൻ തുനിഞ്ഞപ്പോളൊക്കെ സർവ്വശക്തിയും നഷ്‌ടപ്പെട്ട്‌ കാണാക്കയങ്ങളിൽ മുങ്ങിത്താഴുകയായിരുന്നു. ഞാൻ കുഞ്ഞിനെ മടിയിലെടുത്ത്‌ ലാളിച്ച അവസരങ്ങൾ വളരെ വിരളമാണ്‌. അതിനുളള സ്വബോധം പോലും എനിക്കുണ്ടാകാറില്ല.

“ഒരു കുഞ്ഞ്‌ ജനിച്ചാലെങ്കിലും നേരെയാകുമെന്നു കരുതി, എന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി.” ഒരു തേങ്ങലോടെ രമണി അയൽക്കാരിയോട്‌ പറയുന്നത്‌ ഞാൻ കേട്ടു.

ഒരു രാത്രി, കരച്ചിൽ കേട്ടുണർന്നപ്പോൾ, എന്റെ അടുത്തു കിടന്ന്‌ കൈകാലിട്ടടിക്കുന്ന കുഞ്ഞിനെയാണ്‌ കണ്ടത്‌. രമണിയെ വീട്ടിലെങ്ങും കണ്ടില്ല. വിശന്നിട്ടായിരിക്കാം അവൻ കരഞ്ഞിരുന്നത്‌. മേശപ്പുറത്തു നിറച്ചു വച്ച പാൽക്കുപ്പി കണ്ടു. അതിനു കീഴെ വച്ചിരുന്ന ഒരു തുണ്ട്‌ കടലാസിൽ ഇങ്ങനെ എഴുതിയിരുന്നു. “ഞാൻ പോകയാണ്‌. വേറൊരാളെ കല്ല്യാണം കഴിക്കുന്നു. കുഞ്ഞിനെ നോക്കിക്കൊളളുക.”

ഒരു ഫലിതമായെടുക്കാനുളള സ്വബോധമേ അന്നുണ്ടായിരുന്നുളളു. പാൽക്കുപ്പി നുണയുന്ന കുഞ്ഞിനെ നോക്കിയിരുന്നപ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു.

സ്വന്തം കുഞ്ഞിനെ ഇങ്ങനെ നരകക്കുഴിയിലെറിഞ്ഞ്‌ പോകാൻ ഒരമ്മക്ക്‌ കഴിയുമോ? ഇതാരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്‌. എനിക്കതിന്‌ ഒരു മറുപടിയുമില്ല. നമുക്ക്‌ സ്വന്തമായിട്ടെന്തുണ്ട്‌? പലപ്പോഴും നമ്മുടെ ശരീരവും മനസ്സുപോലും നാം ഇച്ഛിക്കുന്നതുപോലെ പ്രവർത്തിക്കാറില്ലല്ലോ. അതിനാൽ സ്വന്തമെന്ന പദം നിരർത്ഥകമാണ്‌.

കുഞ്ഞിന്‌ വേണ്ടിയെങ്കിലും ഞാൻ നേർവഴിക്കാകുമെന്ന വിശ്വാസത്തോടെയായിരിക്കാം രമണി ഇങ്ങനെ പ്രവർത്തിച്ചത്‌. പക്ഷെ അവൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ, അതവളുടെ മൂഢത്വമാണ്‌. ഒരു മദ്യപാനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ അവന്റെ ലഹരിയാണ്‌. അതിനുവേണ്ടി അവൻ മറ്റെന്തും പരിത്യജിക്കാൻ തയ്യാറാകും. എന്നിരുന്നാലും അപ്പുവിനെ വളർത്താൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷെ ഞാൻ നിസ്സഹായനായിരുന്നു.

പിന്നീടുണ്ടായ ദിനങ്ങൾ ദുർഘടം നിറഞ്ഞവയായിരുന്നു. ഒമ്പതുമാസം പ്രായമുളള കുഞ്ഞിനെ വച്ച്‌ ഞാനെന്തുചെയ്യും? അവന്‌ ഭക്ഷണം കൊടുക്കാൻപോലും യാതൊരു മാർഗ്‌ഗവും കണ്ടില്ല. വിൽക്കാൻ വീട്ടിൽ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. കടം തരാൻ ആരും തയ്യാറായില്ല. അപ്പുവിന്‌ പാൽ കൊടുക്കാൻ വേണ്ടി അന്യരോട്‌ തെണ്ടേണ്ടി വന്നു. എന്റെ ദുർഗതിയെ ചൊല്ലി കരയാൻ കണ്ണീരു പോലുമുണ്ടായില്ല.

കുഞ്ഞിന്റെ കരച്ചിൽ ഉയരുമ്പോൾ എന്റെ ഇന്ദ്രിയങ്ങളിൽ കടന്നൽക്കൂട്ടങ്ങൾ പെരുകാൻ തുടങ്ങും. അവ തലച്ചോറിൽ അഗ്നിസൂചികൾ കുത്തിയിറക്കും. കണ്ണുകളിൽ അഗ്നിനാളങ്ങൾ ആളിപ്പടരും.

വീട്ടുവാടക കൊടുത്തിട്ട്‌ മാസങ്ങളായിരുന്നു. പറയാൻ അവധിയൊന്നും ബാക്കിയില്ല. ഒരു രാത്രി വീട്ടുടമ വന്ന്‌ കുറെ അവഹേളിച്ചു. പിറ്റേന്ന്‌ വീടുവിട്ടു പോയില്ലെങ്കിൽ സാധനങ്ങളെല്ലാം വലിച്ചു പുറത്തിടുമെന്ന ഭീഷണി മുഴക്കിക്കൊണ്ടാണ്‌ അയാൾ പോയത്‌.

അപ്പു ഉറക്കമായിരുന്നു. ശാന്തമായ ഉറക്കം. വിശന്നിട്ടായിരിക്കാം, വലതുകയ്യിന്റെ തളളവിരൽ ചുണ്ടുകൾക്കിടയിൽ തിരുകിയിരുന്നു. സ്വപ്‌നത്തിലെന്നോണം അവൻ വിരലുകൾ നുണയുന്ന ശബ്‌ദമുണ്ടാക്കി. അവൻ കിടന്നിരുന്ന കീറപ്പായിലേക്കു കയറിവന്ന ഒരു കട്ടുറുമ്പിനെ ഞാൻ കാലുകൊണ്ട്‌ ചവിട്ടിയരച്ചു. അവനെ പുതപ്പിച്ച്‌, കതകു ചാരി ഞാൻ പുറത്തേയ്‌ക്കിറങ്ങി.

ഫസ്‌റ്റ്‌ഷോ സിനിമ കഴിഞ്ഞ്‌ ആൾക്കാർ പോയിരുന്നത്‌ ഓർക്കുന്നു. വിശപ്പുണ്ടായിരുന്നില്ലെങ്കിലും നല്ല ദാഹമുണ്ടായിരുന്നു. കാലുകൾ കൊണ്ടെത്തിച്ചത്‌ ചാരായഷാപ്പിലേക്കാണ്‌. ഭക്ഷണം തരില്ലെങ്കിലും, മദ്യം വാങ്ങിത്തരാൻ പരിചയക്കാർ മുന്നോട്ടുവരുമെന്ന്‌ സ്വാനുഭവം എന്നെ പഠിപ്പിച്ചിരുന്നു. അന്നും ഏതോ ഒരു പരിചയക്കാരൻ ദയ കാണിച്ചു. പുറത്തിറങ്ങിയപ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയിൽ നനഞ്ഞ്‌. വേച്ച്‌ വേച്ച്‌ വീടിനു മുന്നിലെത്തി. അപ്പോൾ കുഞ്ഞിന്റെ കരച്ചിൽ ഉയർന്നുകേട്ടു.

അവൻ, മൂത്രമൊഴിച്ചു നനഞ്ഞ പായയിൽ എണീറ്റിരുന്ന്‌ കരയുകയായിരുന്നു. ബദ്ധപ്പെട്ടാണെങ്കിലും പാൽകുപ്പി തിരഞ്ഞു പിടിച്ച്‌ അവന്റെ വായിൽ പിടിപ്പിച്ചു. പക്ഷെ അവൻ നിലവിളി ഉച്ചത്തിലാക്കിയതേയുളളു. കുപ്പിയിലെ പാൽ പകലേ തീർന്നിരുന്നുവെന്ന്‌ ഓർമ്മ വന്നത്‌ അപ്പോഴാണ്‌.

പശ്ചാത്താപവും ആത്മനിന്ദയും കൂടികലർന്ന അനിർവചനീയമായ ചില വികാരങ്ങൾ തലച്ചോറിൽ പ്രകമ്പനം കൊളളുകയായിരുന്നു. കാതുകളിലൂടെയും കണ്ണുകളിലൂടെയും അഗ്നിശലഭങ്ങൾ തിരയടിച്ചു കയറി. പിന്നെ നടന്നതൊക്കെ പെട്ടെന്നായിരുന്നു. നീണ്ടു ചെന്ന എന്റെ വിരലുകൾക്കിടയിൽ അപ്പുവിന്റെ കഴുത്ത്‌ അമർന്നപ്പോൾ ആ പിഞ്ചു ശരീരം ഒന്നു പിടഞ്ഞു. തുറിച്ച കണ്ണുകളോടെ അവൻ ചേതനയറ്റ്‌ എന്റെ മടിയിലേക്കു വീണു. ഗാഢമായ നിദ്രയിലെന്നപോലെ അവന്റെ തളളവിരൽ ചുണ്ടുകൾക്കിടയിലേക്കു നീങ്ങി.

ഒമ്പതുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ, മദ്യപാനിയും നിർദ്ദനനുമായ ഭർത്താവിനെ ഏല്പിച്ച്‌ പരപുരുഷന്റെ കൂടെ ഇറങ്ങിപ്പോയ രമണിയാണ്‌ യഥാർത്ഥ കുറ്റവാളിയെന്ന വാദമുഖം ഉന്നയിക്കാൻ എന്റെ വക്കീൽ ശ്രമിക്കുകയുണ്ടായി. പക്ഷെ ഞാൻ സഹകരിച്ചില്ല. നിരുപാധികം കുറ്റം സമ്മതിക്കുകയാണ്‌ ചെയ്തത്‌. രമണി അന്ന്‌ എന്നെ വിട്ടു പോയിരുന്നില്ലെങ്കിൽ, ഒരു പക്ഷെ അവൾക്കു കൂടി മരിക്കേണ്ടി വന്നേനെ എന്നെനിക്ക്‌ തോന്നിപ്പോകുന്നു.

അവസാനമായി, എനിക്ക്‌ ഒരപേക്ഷയുണ്ട്‌. ഇത്ര പൈശാചികമായൊരു കൊലപാതകം നടത്തിയ എനിക്ക്‌, സർക്കാർവക്കീൽ അഭിലഷിച്ചതു പോലെ, ഏറ്റവും വലിയ ശിക്ഷ, വധശിക്ഷ തന്നെ വിധിക്കണം. എന്റെ സ്വപ്‌നഭൂമി എന്നേ എനിക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. എന്റെ കൺമുമ്പിൽ ഇനി സൂര്യകാന്തിപ്പൂക്കൾ വിടരില്ല, മഴവില്ലുകൾ വിരിയില്ല, മയിലുകൾ ആടുകയില്ല, കുയിലുകൾ കളഗാനമാലപിക്കില്ല. അതിനാൽ എനിയ്‌ക്കിനി ജീവിക്കാൻ അവകാശമില്ല. ഞാൻ ചെയ്ത പാപം എന്റേതു മാത്രമാണ്‌. ശിക്ഷയും എന്റേതു മാത്രം.

ആദരവോടെ,

വിശ്വസ്‌തൻ.

ഗിരിജാവല്ലഭൻ

മലയാളത്തിലെ മിക്ക പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചെറുകഥാ സമാഹാരം- സ്നേഹതീരങ്ങൾ. വയസ്സ്‌ 48. ഇരുപത്തെട്ടുവർഷമായി മുംബൈയിൽ ജോലി ചെയ്യുന്നു.

വിലാസം

ഗിരിജാവല്ലഭൻ.കെ.

എ-102, ഗോദാവരി

ശാന്തിവൻ

ബോറിവാലി ഈസ്‌റ്റ്‌

മുംബൈ - 400066.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.