പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

അയോധ്യ വീണ്ടുമെരിയുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

എഡിറ്റോറിയൽ

രാമജന്മഭൂമി പ്രശ്‌നം വീണ്ടും വിവാദങ്ങളുടെ പുകച്ചുരുളിലാണ്‌. മാർച്ച്‌ 15ന്‌ രാമക്ഷേത്രനിർമ്മിതിക്കാവശ്യമായ ശിലകൾ അയോധ്യയിലെ തർക്കഭൂമിയിലെത്തിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനം വീണ്ടും ഇന്ത്യയെ വർഗ്ഗീയ ചേരിതിരിവിന്റെ രൂക്ഷതയിലെത്തിക്കുമെന്നുറപ്പാണ്‌. അയോധ്യപ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ സ്വയം സമ്മതിച്ച്‌ പ്രധാനമന്ത്രി വാജ്‌പേയ്‌ തന്റെ നിസ്സഹായവസ്ഥ വെളിവാക്കുന്നു. രണ്ട്‌ സമുദായങ്ങൾക്കും സ്വീകാര്യമായ ഒരു ഒത്തുതീർപ്പിന്‌ പരമാവധി ശ്രമിച്ചുവെന്നും, എന്നാൽ ഇരുപക്ഷവും കർശന നിലപാട്‌ സ്വീകരിച്ചതിൽ അത്‌ പരാജയപ്പെട്ടുവെന്നും വാജ്‌പേയ്‌ വ്യക്തമാക്കി. അയോധ്യപ്രശ്‌നത്തിന്‌ മാന്യമായ തീർപ്പുണ്ടാക്കാൻ വാജ്‌പേയ്‌ ആഗ്രഹിക്കുന്നുവെങ്കിൽ അത്‌ നന്ന്‌. എങ്കിലും ബാബറി മസ്‌ജിദ്‌ തകർക്കുന്നനേരം കണ്ണടച്ചിരുട്ടാക്കിയ കോൺഗ്രസ്‌ ഗവൺമെന്റിനേക്കാളുപരി രാമക്ഷേത്രനിർമ്മാണത്തിനുവേണ്ടി രഥയാത്രകൾ നടത്തി അധികാരത്തിലേറിയ ചരിത്രമുളള ബി.ജെ.പി. ഗവൺമെന്റ്‌ ക്ഷേത്രനിർമ്മാണത്തിനെതിരെ നടപടിയെടുക്കും എന്നു പറയുന്നതിലെ സത്യസന്ധത പരിശോധിക്കേണ്ട ആവശ്യകതയുണ്ട്‌.

കോടതിയുടെ അന്തിമ തീർപ്പ്‌ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ല എന്ന വി.എച്ച്‌.പിയുടെ പ്രസ്ഥാവന അത്യന്തം അപകടം പിടിച്ചതാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാമജന്മഭൂമി എവിടെയാണ്‌ എന്ന്‌ തീരുമാനിക്കാനുളള അധികാരം കോടതിക്കില്ല എന്ന വാദം വി.എച്ച്‌.പി. പക്ഷത്ത്‌ നിന്നനോക്കിയാൽ ശരിയായിരിക്കും. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ഇന്ത്യയെന്ന സ്വതന്ത്ര്യ രാജ്യത്തിലെ രാഷ്‌ട്രീയ സമുദായിക പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുളള അവകാശം നമ്മുടെ നീതിപീഠങ്ങൾക്കുണ്ട്‌. നിയമവ്യവസ്ഥകൾക്കുമപ്പുറമാണ്‌ തങ്ങളുടെ സ്ഥാനം എന്ന്‌ വിശ്വസിക്കുന്നവർക്ക്‌ ആധുനിക ഭാരതീയന്റെ നീതിബോധവും ജനാധിപത്യബോധവും ഉണ്ടായിരിക്കുകയില്ല. ഇവരെയൊന്നും ഇന്ത്യക്കാരായി കണക്കാക്കുവാനും കഴിയില്ല; മറിച്ച്‌ ഏതോ പ്രാചീന കാലത്ത്‌ ജീവിച്ചിരുന്ന, തലച്ചോറ്‌ വളരാത്ത മനുഷ്യരൂപമുളള ജീവികളായി മാത്രമേ കാണാൻ കഴിയൂ.

ഒരു രാമക്ഷേത്രം പണിയുക എന്നതല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം. ഇന്ത്യയെന്ന മൂന്നാംലോകരാജ്യം നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന്‌ മുഖംതിരിച്ച്‌ ഭൂതകാലത്തിലേയ്‌ക്ക്‌ ഇവിടുത്തെ ജനതയെ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നവരെ നാം തടയണം. നമുക്ക്‌ വേണ്ടത്‌ രാമക്ഷേത്രമല്ല, മറിച്ച്‌ രാമരാജ്യമാണ്‌. വി.എച്ച്‌.പി. കാണുന്നതുപോലെ നാലു ചുവരുകൾക്കുളളിലെ ഇടുങ്ങിയ രാമരാജ്യം എന്ന ആശയമല്ല, മറിച്ച്‌ വിശാലമായ അർത്ഥത്തിലുളള ഒന്നാണത്‌. അവിടെ മുസ്ലീമിനും, ക്രിസ്‌ത്യാനിക്കും, ജൈനനുമെല്ലാം രാമനന്യനാകുന്നില്ല. കാരണം രാമൻ അവിടെ വ്യക്തിവത്‌കരിക്കപ്പെട്ട ശിലയിലൊടുങ്ങുന്ന ഒന്നാകുന്നില്ല. ഇതിനുവേണ്ടിയാണ്‌ നമ്മുടെ ഭരണകൂടം നിലനില്‌ക്കേണ്ടത്‌. ഇങ്ങിനെ ഒരു ശക്തമായ നിലപാടെടുക്കുന്ന ഭരണകൂടം ഒരിക്കലും സ്വയം അവരുടെ ശവക്കുഴിതോണ്ടില്ല. അതിലുപരി ഓരോ പൗരനും ആ നിലപാടുകൾ ആശ്വാസജനകമായിരിക്കും.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.