പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

ഭാവങ്ങളുടെ രാജകുമാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.സി.സന്തോഷ്‌

അഭിമുഖം

ശ്രീകലാമണ്‌ഡലം ബാലസുബ്രഹ്‌മണ്യൻ കഥകളി വേഷത്തിൽ

(ഇൻസെറ്റിൽ ശ്രീ കലാമണ്‌ഡലം ബാലസുബ്രഹ്‌മണ്യൻ)

കേരള കലാമണ്‌ഡലം ഒരു പ്രസ്ഥാനമാണ്‌. നമ്മുടെ കലാചരിത്രത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനം ഇല്ല എന്നു തന്നെ പറയാം. ഇതിഹാസകലയായ കഥകളിയിൽ മഹാകവി വളളത്തോളിനുണ്ടായ അദമ്യമായ അനുരാഗത്തിന്റെ വാസ്‌തുരൂപമായി കലാമണ്ഡലം മാറിത്തീർന്നു. കഥകളി എന്ന കലാരൂപത്തിന്റെ ആദ്യവാക്കാണ്‌ കലാമണ്‌ഡലം. കലാമണ്‌ഡലത്തിലെ കഥകളി വിഭാഗം തലവനും പ്രസിദ്ധ കഥകളി നടനുമായ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

കലാമണ്ഡലം ബാലസുബ്രഹ്‌മണ്യനെക്കുറിച്ച്‌....

1955-ൽ ശ്രീരാമവാര്യരുടേയും തങ്കമണിയുടേയും മകനായി കൊത്താചിറയിൽ ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി പഠനം ആരംഭിച്ചു. കഥകളിയിൽ ഉന്നതപഠനത്തിന്‌ കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ്‌ 1974-ൽ ലഭിച്ചു. കലാമണ്ഡലം രാമൻകുട്ടി നായരും കലാമണ്ഡലം ഗോപിയുമാണ്‌ പ്രധാന ഗുരുക്കൾ. മാർക്കണ്ഡേയന്റെ ജീവിതത്തെ ആസ്പദമാക്കി “മാർക്കണ്ഡേയചരിതം ആട്ടക്കഥ” എന്ന നൃത്തനാടകം രചിച്ചു. “ഏകാദശി മഹാത്‌മ്യം” എന്ന നൃത്തനാടകവും കഥകളി അരങ്ങിനുവേണ്ടി എഴുതിയിട്ടുണ്ട്‌. പതിനാറിലധികം രാജ്യങ്ങളിൽ ഇദ്ദേഹം തന്റെ കഥകളി പ്രകടനം നടത്തിയിട്ടുണ്ട്‌. കമലദളം, വാനപ്രസ്ഥം എന്നീ സിനിമകളിൽ നൃത്തസംവിധാനം നടത്തിയത്‌ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യനാണ്‌. കഥകളിയിൽ കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും, കണ്ണ്‌ ചുവപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിവരിക്കുന്ന “കണ്ണും പൂവും” എന്ന പുസ്‌തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഏറെ വിജ്ഞാനപ്രദമായ ഈ ചെറിയ പുസ്‌തകം കഥകളിയെ സ്‌നേഹിക്കുന്നവർക്ക്‌ ഏറെ ഉപയോഗയോഗ്യമാണ്‌.

ചോഃ കഥകളിയെ സംബന്ധിച്ച്‌ വന്നിട്ടുളള പുസ്‌തകങ്ങളിൽ തികച്ചും സവിശേഷതയുളള ഒരു പുസ്‌തകമാണല്ലോ താങ്കൾ രചിച്ച ‘കണ്ണും പൂവും’. ഇത്തരത്തിലുളള ഒരു ഗ്രന്ഥരചനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകം ഒന്ന്‌ വിശദീകരിക്കാമോ?

ഉഃ കഥകളിയെ സംബന്ധിച്ച ആധികാരികമെന്ന്‌ പറയാവുന്ന ഗ്രന്ഥങ്ങൾ കുറവാണ്‌. പ്രത്യേകിച്ചും ഇംഗ്ലീഷിൽ. വിദേശത്ത്‌ കഥകളിയുമായി ചെല്ലുമ്പോൾ അവർ ധാരാളം ചോദ്യങ്ങൾ ചോദിക്കും. ഞങ്ങൾ മറുപടി പറയുകയും ചെയ്യും. പക്ഷേ മറുപടി അപ്പോൾ കഴിയും. മാത്രവുമല്ല വിദേശികളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാനായി ആചാര്യൻമാർ പല സംഗതികളും ചിന്തിക്കാൻ തുടങ്ങി. ഉദാഹരണമായി, ചുണ്ടപ്പൂവിട്ടാൽ കണ്ണ്‌ ചുവക്കും എന്നല്ലാതെ എന്തിനുവേണ്ടിയാണ്‌ അങ്ങനെ ചുവക്കുന്നത്‌ എന്നൊന്നും അന്ന്‌ ചിന്തിച്ചിരുന്നില്ല. അതൊന്നും പാരമ്പര്യമായി പറഞ്ഞ്‌ കൊടുക്കാറുമില്ല. അത്‌ കീഴ്‌വഴക്കമായി വന്നു. അതുപോലെ ഇടത്തെ കയ്യിൽ മാത്രമാണ്‌ നഖമിടുന്നത്‌. എന്തുകൊണ്ടാണത്‌? ഇതൊക്കെ വിശദീകരിക്കേണ്ടതുണ്ട്‌ എന്നുതോന്നി. കാരണം ഇതെല്ലാം കഥകളി എന്ന ആർട്ട്‌ഫോമിന്റെ ഭാഗമാണ്‌. അത്തരം വിശദീകരണങ്ങളുടെ തുടക്കമെന്ന നിലയിലാണ്‌ ഈ എളിയ ശ്രമം.

ചോഃ വിശദീകരിക്കേണ്ടതുണ്ടെന്ന്‌ പറഞ്ഞല്ലോ. കണ്ണ്‌ ചുവപ്പിക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും ഉദ്ദേശം പ്രത്യേകമായി ഉണ്ടോ?

ഉഃ തീർച്ചയായും. മുഖത്ത്‌ ഉപയോഗിക്കുന്ന ചായങ്ങൾ മിക്കവയും സൾഫറാണ്‌. സൾഫർ മുഖത്തിട്ടാൽ പെട്ടെന്ന്‌ ചൂടുപിടിക്കും. അത്‌ കണ്ണിനെ ബാധിക്കും. ചുണ്ടപൂവ്‌ കണ്ണിലിട്ടാൽ ഈ കുഴപ്പം ബാധിക്കില്ല. ഇത്‌ ആര്‌ കണ്ടുപിടിച്ചു എന്ന്‌ ഇന്നും അറിയില്ല. കൂടിയാട്ടത്തിലും ഇത്‌ ഉപയോഗിച്ച്‌ കാണുന്നു. അങ്ങനെ പലതും. ഇതൊന്നും നമ്മൾ ചോദിക്കാറില്ലെങ്കിലും വിദേശത്തുളളവർക്ക്‌ കൗതുകമുണ്ട്‌.

ചോഃ വിദേശികൾക്ക്‌ കഥകളിയിലുളള താത്‌പര്യം സത്യസന്ധമാണോ?

ഉഃ തീർച്ചയായും. ഒരു ഉദാഹരണം പറയാം. കോഴിക്കോട്‌ ഒരു ഹോളണ്ട്‌ സായ്‌വ്‌ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ കഥകളിയുടെ വീഡിയോ ടേപ്പുകളുടെ അപൂർവ്വ ശേഖരമുണ്ട്‌. കുഞ്ചുക്കുറുപ്പാശാന്റെ അടക്കം പല വേഷങ്ങളും അദ്ദേഹം ലണ്ടനിൽ സൂക്ഷിച്ചിട്ടുണ്ട്‌. കലാമണ്‌ഡലത്തിൽ പോലും ഇങ്ങനൊന്ന്‌ കാണാൻ കഴിയില്ല.

ചോഃ എന്തുകൊണ്ടാണിത്‌. നമ്മുടേതായ ഒരു ക്ലാസിക്കൽ ആർട്ട്‌ഫോമിന്‌ കാഴ്‌ചക്കാർ കുറയുന്നു. ചെറിയ ശതമാനം പോലും ആസ്വാദകർ കഥകളിക്കില്ലാതെ പോകുന്നതിന്റെ കാരണം വിശദീകരിക്കാൻ കഴിയുമോ?

ഉഃ ഒരു കലാരൂപം എന്ന നിലയിൽ കഴിഞ്ഞ 25 വർഷമായി വമ്പിച്ച വളർച്ച കഥകളിക്ക്‌ ഉണ്ടായിട്ടുണ്ട്‌. പക്ഷേ ആസ്വാദക വൃന്ദത്തെ വളർത്താൻ സാധിച്ചിട്ടില്ല. പണ്ട്‌ കാലത്ത്‌ ആസ്വാദക സമൂഹം മുഴുവനും തന്നെ മനകളിലായിരുന്നു. അവർ അത്‌ കേമമായി ഇത്‌ കേമമായി എന്ന്‌ പറഞ്ഞിരുന്നതുപോലും കഥകളിയെ പൂർണ്ണമായി അറിഞ്ഞു കൊണ്ടായിരുന്നില്ല. ഇതിന്റെ കാരണം എനിക്ക്‌ തോന്നുന്നത്‌ കഥകളിയുടെ തന്നെ ചില പ്രശ്‌നങ്ങളാണ്‌. കഥകളി ആസ്വാദനം യഥാർത്ഥത്തിൽ നടക്കണമെങ്കിൽ അതിന്റെ സർവ്വ സാങ്കേതികതകളും മനസ്സിലാക്കണം. അതുമാത്രം പോരതാനും. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഒരു അറിവ്‌ ആവശ്യവുമാണ്‌. അതിന്‌ ഒരു കഥകളി സംസ്‌കാരം തന്നെ രൂപം കൊളളണം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഥകളി കാണണം. ഇത്‌ നഴ്‌സറി തലം മുതൽ ആരംഭിക്കേണ്ട ഒരു പഠന പ്രക്രിയയാണ്‌. നമുക്കതില്ല. പക്ഷേ തമിഴ്‌നാട്ടിൽ അതുണ്ട്‌. ഭരതനാട്യം തമിഴന്റെ സ്വന്തമാണ്‌. അവിടെ ചെറുപ്പം മുതൽതന്നെ കുട്ടികളിൽ ഭരതനാട്യത്തിന്റെ ഒരു സംസ്‌കാരം രൂപപ്പെട്ടുവരുന്നുണ്ട്‌. ഭരതനാട്യം അവന്റെ ജീവിതത്തിന്റെ ഭാഗമാണ്‌. നമുക്ക്‌ കഥകളി അങ്ങിനെ ആയിട്ടില്ല.

ചോഃ യഥാർത്ഥകലയെ പരിചയപ്പെടുത്തുന്നതിലൂടെ ഇത്‌ സാധിക്കില്ലേ?

ഉഃ യഥാർത്ഥ കഥകളി ഇപ്പോഴും കളരിക്കകത്താണ്‌. കാരണം ആസ്വാദകരില്ല. ആസ്വാദകരുളളത്‌ ദുര്യോധനവധം പോലെയുളള കളിവേഷങ്ങൾക്കാണ്‌. രൗദ്ര ഭീമൻ മുതലായ വേഷങ്ങളോടാണ്‌ ആസ്വാദകർക്ക്‌ താത്‌പര്യം.

ചോഃ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായി കഥകളി ഉൾപ്പെടുത്തുന്നത്‌ ഒരു പരിഹാരമായിരിക്കുമോ?

ഉഃ എന്റെ അഭിപ്രായത്തിൽ കഥകളി മാത്രമല്ല എല്ലാ കലാരൂപങ്ങളും, അല്ലെങ്കിൽ നമ്മുടെ ക്ലാസിക്കൽ കലകളെങ്കിലും സ്‌കൂൾ സിലബസിന്റെ ഭാഗമാകണം. കലാപഠനം നമ്മുടെ സംസ്‌കാര പഠനത്തിന്റെ ഭാഗമായി മാറണം.

ചോഃ യുവജനോത്‌സവ മൽസരങ്ങൾ കഥകളിയുടെ വളർച്ചയ്‌ക്ക്‌ സഹായകമാവുമോ? കഥകളി ഒരു മത്സര ഇനമാകുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

ഉഃ യുവജനോത്സവത്തിൽ സമ്മാനം നേടാൻവേണ്ടി കഥകളി പഠിക്കുന്ന കുട്ടി പിന്നീട്‌ കളിയും മറക്കും കഥയും മറക്കും. കഥകളി കാണാൻ കൂടി പിന്നെ തയ്യാറായി എന്ന്‌ വരില്ല. മാത്രവുമല്ല കഥകളി മത്‌സരത്തിൽ സമ്മാനിതരാവുന്ന ഭൂരിപക്ഷത്തിനും കഥകളി എന്താണ്‌ എന്നുതന്നെ അറിയില്ല. ഞാൻ പറയുമ്പോൾ കഥകളിക്ക്‌ സമ്മാനം കിട്ടുന്ന കുട്ടിയോട്‌ കളിയെ സംബന്ധിച്ച്‌ പത്ത്‌ ചോദ്യങ്ങൾ എങ്കിലും ചോദിക്കണം. എന്തിന്‌ വിളക്ക്‌ വച്ചു. എന്താണ്‌ ചെണ്ട ചെയ്യുന്നത്‌. എന്താണ്‌ മദ്ദളം ചെയ്യുന്നത്‌. ഇതൊക്കെ ഒരു കുട്ടി അറിഞ്ഞിരിക്കണം. കാരണം ഇതെല്ലാം കഥകളിയുടെ ഭാഗമാണ്‌. പക്ഷേ എന്നാലും ഒരപകടമുണ്ട്‌. 10 ചോദ്യം ചോദ്യക്കാൻ തീരുമാനിച്ചാൽ കുട്ടി 100 ചോദ്യം കാണാതെ പഠിച്ചുവരും. അതുകൊണ്ട്‌ യുവജനോത്സവങ്ങളല്ല മറിച്ച്‌ നമ്മുടെ വിദ്യാഭ്യാസ സമീപനങ്ങൾക്കാണ്‌ മാറ്റം വരേണ്ടത്‌.

ചോഃ ആസ്വാദനത്തിന്‌ ആവശ്യമായ സാങ്കേതിക ജ്ഞാനത്തെക്കുറിച്ച്‌ പറഞ്ഞുവല്ലോ? സാങ്കേതിക സങ്കീർണ്ണതകൾ ഒഴിവാക്കി ലളിതവത്‌കരിക്കുന്നത്‌ കഥകളിക്ക്‌ ഗുണം ചെയ്യുമോ? കഥകളി ചുരുക്കി രണ്ട്‌ മണിക്കൂർ പ്രോഗ്രാം ആയി അവതരിപ്പിക്കുന്ന സമ്പ്രദായത്തെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

ഉഃ തത്‌ക്കാലത്തെ ആസ്വാദകരെ പിടിച്ചെടുക്കാനുളള ഒരു വിദ്യമാത്രമാണ്‌ അത്‌. പണ്ട്‌ വിദേശത്ത്‌ അങ്ങിനെ മാത്രമേ അവതരിപ്പിക്കാൻ കഴിയുമായിരുന്നുളളൂ. കലാമണ്ഡലം ആദ്യമായി വിദേശത്ത്‌ പോയപ്പോൾ ഒന്നര മണിക്കൂർ മഹാഭാരതം ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഇന്ന്‌ സ്ഥിതിയാകെ മാറി. ഇത്തവണ പാരീസിൽ പോയപ്പോൾ കഥകളി പൂർണ്ണമായും തന്നെ അവതരിപ്പിക്കുകയാണ്‌ ഉണ്ടായത്‌. രണ്ട്‌ ഫുൾനൈറ്റ്‌ പാടി. തുടർച്ചയായി കളിച്ചു. ഇടയ്‌ക്ക്‌ ചെറിയ ഇടവേളകൾ മാത്രം. വിസ്തരിച്ച്‌ തന്നെ അരങ്ങേറി. കാരണം അവർക്കിപ്പോൾ വേണ്ടത്‌ പൂർണ്ണ കഥകളിയാണ്‌. കേരളത്തിന്റെ ട്രഡീഷണൽ ആർട്ട്‌ ഫോം എന്താണോ അവർക്കത്‌ അങ്ങിനെതന്നെ ആവശ്യമാണ്‌. ഇത്‌ വലിയ ഒരു സംഗതിയാണ്‌. അവർ മനസ്സിലാക്കി ആസ്വദിക്കാൻ ശ്രമിക്കുകയാണ്‌. ഇവിടെ മനസ്സിലാക്കലുമില്ല ആസ്വദിക്കലുമില്ല.

ചോഃ കഥകളിയെ സംബന്ധിച്ച്‌ അവസാന വാക്കാണല്ലോ കലാമണ്‌ഡലം. കലാമണ്‌ഡലത്തിന്‌ കഥകളി ആസ്വാദകസമൂഹത്തെ സൃഷ്‌ടിക്കുന്നതിനുവേണ്ടി എന്തുചെയ്യാൻ കഴിയും?

ഉഃ പലതും ചെയ്യാൻ കഴിയും. കലാമണ്‌ഡലം ഇത്‌ ഒരു ത്യാഗമായി എടുക്കാൻ തയ്യാറാകണം. നഴ്‌സറി തലം മുതൽ കഥകളി എത്തിക്കാനുളള പദ്ധതികൾ കലാമണ്ഡലം ഏറ്റെടുക്കണം. ഇപ്പോൾ കുട്ടികളുടെ മുന്നിൽ നളചരിതം മാത്രമാണ്‌ കഥകളി. എന്നാൽ നളചരിതം യഥാർത്ഥ കഥകളിയാണെന്ന്‌ എനിക്കഭിപ്രായമില്ല.

ചോഃ “നളചരിതം” പൂർണ്ണ കഥകളിയല്ലെന്ന്‌ അഭിപ്രായപ്പെടാനുളള കാരണം വിശദീകരിക്കാമോ?

ഉഃ കഥകളിയുടെ നൃത്തങ്ങൾ നളചരിതത്തിൽ പൂർണ്ണരൂപത്തിലില്ല. നളചരിതം പ്രധാനമായും നാടകമാണ്‌. അതിന്റെയർത്ഥം നളചരിതം മോശമാണ്‌ എന്നല്ല. മനുഷ്യന്റെ കഥയാണത്‌. അവന്റെ പ്രതിസന്ധികളുടെയും കഥയാണ്‌ അത്‌. കഥകളിയിലൂടെ മാത്രമേ അത്‌ അത്രയെങ്കിലും പ്രകടമാക്കാൻ കഴിയൂ. എന്നാൽ ഞാനുദ്ദേശിച്ചത്‌ സാങ്കേതികമായി നോക്കുമ്പോൾ നളചരിതം കൂടുതൽ അടുത്ത്‌ നിൽക്കുന്നത്‌ നാടകത്തോടാണ്‌ എന്നാണ്‌.

ചോഃ നമുക്ക്‌ ആസ്വാദനത്തിലേക്ക്‌ മടങ്ങിവരാം. കളി തുടങ്ങും മുമ്പേ കഥ പറയുന്നതും ഇടയ്‌ക്കിടയ്‌ക്ക്‌ വിശദീകരണങ്ങൾ നൽകുന്നതും ആസ്വാദനത്തെ സഹായിക്കില്ലേ?

ഉഃ കളി തുടങ്ങുന്നതിനുമുമ്പേ കഥപറയുന്നത്‌ ഒരു നല്ല കാര്യമാണ്‌. കഥ മാത്രമല്ല സങ്കേതങ്ങളിൽ പലതും വിശദീകരിക്കുന്നത്‌ ആവശ്യമാണ്‌. ഓരോ പദം, എന്താണ്‌ ആടാൻ പോകുന്നത്‌ എന്നെല്ലാം ആസ്വാദകനെ ബോധ്യപ്പെടുത്തിയാൽ ഒരു പരിധിവരെ മാറ്റമുണ്ടാകും. ഇതിന്‌ ഞാൻ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. അതിൽ ഞാനിതെല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്‌. പലതും മാറ്റാൻ കഴിഞ്ഞേക്കും. സങ്കേതപദങ്ങൾ ഉദാഹരണമാണ്‌. കേളികൊട്ട്‌ മുതലായവയിലൊക്കെ ലാളിത്യം കൊണ്ടുവരണം. പലതും പരിഷ്‌ക്കരിക്കേണ്ടതുണ്ട്‌. കലാമണ്‌ഡലത്തിന്‌ അതിൽ മുൻകൈ എടുക്കാൻ കഴിയും.

ചോഃ ആസ്വാദനത്തിന്റെ സങ്കീർണ്ണത മാത്രമാണോ കഥകളിക്ക്‌ ആസ്വാദകർ കുറയാൻ കാരണം. കഥകളിയുടെ ഫ്യൂഡൽ പശ്ചാത്തലം അതിനൊരു കാരണമായിട്ടില്ലേ. പുരോഗമന കലാസ്വാദകസമൂഹം കഥകളിയെ ഒരു ഫ്യൂഡൽ കലാരൂപം എന്ന്‌ വിവക്ഷിക്കുന്നതിനോട്‌ താങ്കൾ എങ്ങിനെ പ്രതികരിക്കുന്നു?

ഉഃ കഥകളി ഒരു ഫ്യൂഡൽ കലാരൂപമല്ല. ഫ്യൂഡലിസത്തിന്റെ സമയത്താണ്‌ അത്‌ രൂപം പ്രാപിച്ചതും, ശക്‌തിയാർജ്ജിച്ചതും. അതുകൊണ്ട്‌ മാത്രം കഥകളി ഫ്യൂഡൽ കലാരൂപമാകുന്നില്ല. ഒരു ഹിന്ദു കലാരൂപം പോലുമാണ്‌ കഥകളി എന്നെനിക്ക്‌ അഭിപ്രായമില്ല. രാമനാട്ടത്തിന്റെ വളർച്ചയാണ്‌ വാസ്‌തവത്തിൽ കഥകളി. അത്‌ കൈകാര്യം ചെയ്തത്‌ നമ്പൂതിരിമാരാണെങ്കിലും നാടൻ കലാരൂപങ്ങളിൽ നിന്നാണ്‌ അവർ പലതും സ്വീകരിച്ചത്‌. കഥകളിയുടെ മുഖത്തെഴുത്തും വേഷഭൂഷകളും ഒരു നാടൻ പാരമ്പര്യത്തിന്റെ അതായത്‌ ദ്രവീഡിയം എന്നു പറയാവുന്ന പാരമ്പര്യത്തിന്റെപോലും ഭാഗമാണ്‌. കഥകളി മാറിക്കൊണ്ടിരിക്കുന്നുവെങ്കിലും ആ മാറ്റത്തിന്‌ ചില പരിധികളുണ്ട്‌. ഒരു പരിധിയിൽ കൂടുതൽ മാറാൻ കഥകളിക്ക്‌ കഴിയില്ല. അതിന്റെ കാരണം കഥകളി ഒരു ക്ലാസിക്‌ കലയാണെന്നതാണ്‌.

കഥകളിയെക്കുറിച്ച്‌ പറയുമ്പോൾ വാചാലനാവുന്ന ബാലസുബ്രഹ്‌മണ്യൻ തന്നെക്കുറിച്ചുളള ചോദ്യങ്ങൾക്കുമുന്നിൽ വിനയാന്വിതനാവുന്നു. പ്രചണ്ഡമായ കൊടുങ്കാറ്റുകളെ നിമിഷാർത്ഥം കൊണ്ട്‌ ഭാവപൂർണ്ണമാക്കി മുഖത്ത്‌ വിരിയിക്കുന്ന ഈ നടൻ നമ്മുടെ ക്ലാസിക്‌ കലാപാരമ്പര്യത്തിന്റെ ഈടുറ്റ ഒരു സ്വത്താണ്‌. ഇതിഹാസകലയുടെ ഉപാസകന്‌ വിനയാന്വിതനാവാതിരിക്കാൻ കഴിയുന്നതെങ്ങനെ?

എൻ.സി.സന്തോഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.