പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അളവുകളെ ബഹിഷ്‌കരിക്കുന്ന കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ആർ. രേണുകുമാർ

പുസ്‌തകനിരൂപണം

നിയതമായ വടിവുകളിലേയ്‌ക്ക്‌ ഒതുങ്ങുവാനും നിർവചനങ്ങൾക്ക്‌ വഴങ്ങുവാനും മടിക്കുന്നവയാണ്‌ പ്രീതാശശിധരന്റെ കവിതകൾ. അളന്നോ തൂക്കിയോ ഒന്നും തിട്ടപ്പെടുത്തരുതെന്ന്‌ അവ മുന്നറിയിപ്പ്‌ തരുന്നു. ചിലപ്പോൾ ഉത്തരവിന്റെയും അപേക്ഷയുടെയും രൂപത്തിൽ. മറ്റ്‌ ചിലപ്പോൾ പ്രണയത്തിന്റെയും രതിയുടെയും രൂപത്തിൽ. ഇനിയും ചിലപ്പോൾ മരവിപ്പിന്റെയും പരിഹാസത്തിന്റെയും രൂപങ്ങളിൽ. നേർവായനയുടെ ചതുരത്തിന്‌ പുറത്തേക്ക്‌ വഴുതി മാറുമ്പോഴാണ്‌ പ്രീതയുടെ കവിതകളുടെ ഭൂമിക ഊർവരമാകുന്നത്‌. ഒപ്പം അതി&വിപരീതവായനകൾ കൂടി നടത്തുമ്പോൾ അവ ഉളള്‌ തുറന്ന പങ്കുവെക്കലുകൾക്ക്‌ തയ്യാറാകുകയും സവിശേഷ അനുഭവമായി മാറുകയും ചെയ്യുന്നു.

ആത്‌മാവിന്റെയും ശരീരത്തിന്റെയും തകർച്ചകളുടെ ആഴങ്ങൾ സമാനതകളില്ലാത്ത അനന്യതയോടെ ഈ സമാഹാരത്തിലെ പല കവിതകളിലും ഉൾച്ചേർത്തിരിക്കുന്നു. തെളിഞ്ഞ ജലത്തിന്റെ സുതാര്യതയിലൂടെ മീനുകളെയും അടിത്തട്ടിനെയുംപോലെ നമുക്കിവയെ കാണാൻ കഴിയുകയില്ല. എന്നാൽ കലങ്ങിമറിഞ്ഞുളള ഒഴുക്കിനാലും പുളച്ചലിനാലും സമൃദ്ധമാക്കപ്പെട്ട പുഴയുടെ വേറിട്ട കുതിപ്പുകൾ (കിതപ്പുകളും) ഈ ആന്തരിക ശൈഥില്യത്തിന്റെ തിക്തത പ്രതിഫലിപ്പിക്കുന്നുണ്ട്‌.

വിധിശാപങ്ങളുടെ

തുടർച്ചയായ ഇര (സ്വപ്‌നശിഖരം)

പാരിൻ ദുരന്തങ്ങളാകെ കുടിക്കുന്ന

ജീവന്റെ തീയാണീകണ്ണുകൾ (വിഗ്രഹങ്ങൾ അറിയാത്തത്‌)

എനിക്കൊരുപുഴവേണം

ഉടലിന്റെ തിരശ്ശീലകൾ

പുണർന്നു വാങ്ങുവാൻ (വെന്തുപോകുന്നു)

പ്രാണനെടുക്കുമ്പോൾ

കുടിക്കുമല്ലോ

നീയെൻ പ്രണയം

ഒരിക്കലെങ്കിലും (പേരില്ലാത്ത കവിത)

തുടങ്ങി എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ ഈ സമാഹാരത്തിലുണ്ട്‌; മേൽപ്പറഞ്ഞ ഉൾതാപത്തിന്റെ ചൂടും ചൂരും വമിപ്പിക്കുന്നവയായി.

നീ, അവൻ, കൂട്ടുകാരൻ, ചങ്ങാതി, അയൽക്കാരൻ, സഞ്ചാരി തുടങ്ങിയ അപരപുരുഷ സാന്നിദ്ധ്യങ്ങളോടുളള വർത്തമാനമോ, സംവാദമോ, മനോവിചാരമോ ആയി രൂപപ്പെടുന്നു ചില കവിതകൾ. ഈ സമാഹാരത്തിലെ മികച്ച കവിതകൾ പലരും ഇത്തരമൊരു സംവേദന ശ്രമത്തിൽനിന്ന്‌ ഉരുവം കൊണ്ടവയാണ്‌. അതിരുകാണരുതാഴവും, സ്വപ്‌നശിഖരം, മറക്കാത്തവന്‌ തുടങ്ങിയ കവിതകൾ ഇതിനുദാഹരണങ്ങളാണ്‌. മേൽപറഞ്ഞ അപരസാന്നിദ്ധ്യങ്ങളുമായി ഊഷ്‌മളവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ കൊടുക്കൽ വാങ്ങലുകളുടെ ഭൂപടം ഈ കവിതകളിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്‌.

യേശുദേവൻ (പെയ്യാതെ പോകരുത്‌), ശ്രീബുദ്ധൻ (വിഗ്രഹങ്ങൾ അറിയാത്തത്‌), അച്‌ഛൻ (ജാതകം), കുമാരന്‌ (വെന്തുപോകുന്നു) തുടങ്ങിയവയാണ്‌ കവിതകൾ ചെന്നുതട്ടുന്ന ഇതര പുരുഷസാന്നിദ്ധ്യങ്ങൾ. കവിതയിലെ അപരപുരുഷ സാന്നിദ്ധ്യങ്ങളെക്കുറിച്ച്‌ പറയുമ്പോൾ അതിലേറെയും പുരുഷന്മാരാണെന്നു കാണാൻ കഴിയും. അതേസമയം വളരെക്കുറച്ച്‌ സ്‌ത്രീസാന്നിധ്യങ്ങളെ പ്രകടമായി കവിതയിൽ ഇടപെടുന്നുളളൂ. അമ്മ, മുത്തശ്ശി, മറിയം, പ്രിയേ എന്നു തുടങ്ങിയ വിളികളിൽ അപര സ്‌ത്രീ സാന്നിധ്യങ്ങൾ ഒതുങ്ങുന്നു.

മേൽച്ചൊന്ന അപരസാന്നിധ്യങ്ങളോടുളള സംവേദനങ്ങൾക്ക്‌ വ്യത്യസ്‌തതലങ്ങളുണ്ട്‌. പ്രണയവും രതിയും നൊമ്പരവുമൊക്കെ പരസ്പരം ചില്ലകൾ കോർത്തു വളരുന്ന തൊടലിമരങ്ങൾപോലെ ഇഴവേർപെടുത്താവാത്തവിധം സങ്കീർണ്ണമായി കവിതകളിൽ വിളക്കി ചേർത്തിരിക്കുന്നു. അമൂർത്തമായ രതികൽപ്പനകൾപോലും പല കവിതകളിലും ചിത്രങ്ങളിലെ ജീവനിറ്റിച്ചു നിൽക്കുന്ന കനത്ത ബ്രഷ്‌സ്‌റ്റ്രോക്കുകൾപോലെ നമ്മുക്ക്‌ അനുഭവവേദ്യമാണ്‌.

രാത്രിയുടെ വിരലുകൾക്ക്‌ കീഴിൽ

രതി പിടഞ്ഞുണരുന്ന നഗ്‌നസത്രം (സംരക്ഷിത സ്‌മാരകം)

ഈ നാഗരൂപിണീനാഭിച്ചുഴിയിൽ

നീ കത്തിപ്പടരുക (മറക്കാത്തവന്‌)

ഉറക്കത്തിന്റെ ഉടുപ്പിനുളളിൽ

ഞാൻ തിളയ്‌ക്കുന്നത്‌

നീ ഇനിയും അറിയാത്തതെന്ത്‌ (കണ്ണടയ്‌ക്കരുത്‌)

പ്രണയവും രതിയും കൂടിക്കുഴഞ്ഞ നിരവധി വാങ്ങ്‌മയ ചിത്രങ്ങൾ പല കവിതകളിലും ഇതേ മാതിരി ചിതറിക്കിടപ്പുണ്ട്‌. ഇവയൊന്നും കേവല ശാരീരികാഘോഷത്തിന്റെ കിടക്കയിലേക്ക്‌ വഴുതുന്നില്ല. മറിച്ച്‌ ഒരു ലക്ഷ്യത്തെയും ഉന്നം വെക്കാതെ, ഒന്നിനാലും അളക്കപ്പെടാതെ, എല്ലാ പരിധികളെയും അതിലംഘിക്കുന്ന ആഴങ്ങളിലേക്കും പരപ്പുകളിലേക്കും വിസ്‌തൃതപ്പെടാനുളള തിടുക്കമാണ്‌ പ്രദർശിപ്പിക്കുന്നത്‌. പ്രണയത്തിലും രതിയിലും സൗഹൃദത്തിലും സംവാദത്തിലും മൗനത്തിലുമെല്ലാം. ഇണയായി വരുന്ന പുരുഷ സാന്നിധ്യത്തെ വരച്ചു മുഴുമിപ്പിക്കുന്നതിൽ എഴുത്തുകാരി ശ്രദ്ധാലുവല്ല. അവരെ നിർവചനങ്ങൾക്ക്‌ പുറത്ത്‌ പാതി മുഴുമിപ്പിച്ചോ, അളന്നുതിട്ടപ്പെടുത്താതെയോ, ഒരാശങ്ക നിലനിർത്തിക്കൊണ്ട്‌ ഉളളാലെ അസ്വസ്ഥപ്പെടാനാണ്‌ താൽപര്യമെന്ന്‌ ചുരുക്കം.

മനസ്സിൻ ഭൂപടത്തിൽ

നിന്നെ ഞാനെവിടെ അടയാളപ്പെടുത്തും. (പേരില്ലാതെ)

എന്നെഴുതി ഒരു പൂരണത്തിനോ, തുടർച്ചയ്‌ക്കോ വേണ്ടി കാത്തുനിൽക്കാനും ആ കാത്തുനിൽപ്പിന്റെ അസ്വാസ്ഥ്യങ്ങൾ ആത്മക്ഷതങ്ങളാക്കി മാറ്റുവാനുമാണ്‌ എഴുത്തുകാരിക്ക്‌ വ്യഗ്രത.

പിന്നരങ്ങിൽ ഒരു പൊറാട്ടുനാടകം, തിരസ്‌കൃതയായ കവിത, പിന്നെ..., ധ്യാനിക്കുകഃഅവതാരങ്ങൾ സംഭവിക്കും, ജപം എന്നീ കവിതകളിലാണ്‌ എഴുത്തുകാരി ബാഹ്യപരിസരങ്ങളോട്‌ പ്രകടമായി സംവേദിക്കുന്നത്‌. ആക്ഷേപഹാസ്യത്തിന്റെ നിഴലുകൾ വീണുകിടക്കുന്ന ഈ കവിതകളിൽ കടുത്ത സാമൂഹ്യവിമർശനത്തിന്റെ അടരുകൾ കണ്ടെത്താനാവുന്നതാണ്‌. മറ്റ്‌ പല കവിതകളെയും അപേക്ഷിച്ച്‌ വേറിട്ട ഒരു കർതൃത്വത്തിൽ നിന്നുകൊണ്ടാണ്‌ എഴുത്തുകാരി ഈ കവിതകളെ ചിട്ടപ്പെടുത്തുന്നത്‌. അരാഷ്‌ട്രീയതയും കാപട്യവും മുഖമുദ്രകളാക്കിയ ആധുനിക ലോകത്തിന്റെ പൊളളത്തരങ്ങളെ തലങ്ങും വിലങ്ങും വടിയെടുത്തടിക്കാൻ നിൽക്കാതെ അതിന്റെ കേന്ദ്ര സ്ഥാനങ്ങളിൽ പ്രഹരങ്ങൾ ഏൽപ്പിക്കുകയാണ്‌ എഴുത്തുകാരി ചെയ്യുന്നത്‌.

പെണ്ണായിരിക്കുമ്പോഴും പെണ്ണെഴുത്തിനോടുളള അടുപ്പമില്ലായ്‌മ പ്രീത കവിതയിലൂടെ വ്യക്തമാക്കുന്നുണ്ട്‌. (അത്തരം കവിതകൾ എഴുതാതിരിക്കുന്നതിലൂടെയും). പെണ്ണെഴുത്തിനെക്കുറിച്ചു മാത്രമല്ല പെൺമയെക്കുറിച്ചും അപൂർവ്വമായിട്ടെ എഴുത്തുകാരി സംസാരിക്കുന്നുളളൂ. ഉത്തരം, വയ്യ എന്നീ കവിതകളിൽ മാത്രമാണ്‌ മേൽപറഞ്ഞ പരാമർശങ്ങൾ തെളിഞ്ഞു കാണുന്നത്‌.

പെണ്ണാവുകയെന്നാൽ

ഉപ്പുകൂടിയ ഒരു കറിയോ

വല്ലാതെ വെന്തുമറിഞ്ഞ

ഒരുപാത്രം കഞ്ഞിയോ

ആവുകയെന്നാണ്‌

സത്യമായും സത്യമായും

പെണ്ണാകാൻ വയ്യ. (വയ്യ)

പെൺസ്വത്വത്തിന്റെ പ്രാമുഖ്യം രേഖപ്പെടുത്താനോ അതിനെ മാന്യമായ ഒരിടത്തേക്ക്‌ ഉയർത്തിക്കൊണ്ടുവരുവാനോ എഴുത്തുകാരി കവിതയിലൂടെ ആഹ്വാനം ചെയ്യുന്നില്ല. പകരം ഇനി വയ്യ പെണ്ണാകാൻ എന്ന്‌ ആണയിടുകയാണ്‌ ചെയ്യുന്നത്‌.

എല്ലാതരത്തിലുളള അളവുകളെയും നിരാകരിക്കുന്ന കവിതകളുടെ സമൃദ്ധിയാണ്‌ ‘വഴികൾ അളക്കാതിരിക്കുക’ എന്ന ഈ കവിതാസമാഹാരത്തെ വ്യതിരിക്ത വായനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നത്‌. ഒന്നിനെയും അളന്ന്‌ തിട്ടപ്പെടുത്തരുതെന്ന്‌ അത്‌ മുന്നറിയിപ്പ്‌ തരുന്നു. പൂർണ്ണതയുടെ ശവസമാനതയിലേക്ക്‌ കൂപ്പുകുത്താതെ അപൂർണ്ണതയുടെ അസ്വസ്ഥതകളിലും പ്രതീക്ഷകളിലും നിരന്തരം മുങ്ങിപ്പൊങ്ങാൻ അവ ആവശ്യപ്പെടുന്നു. ഒരു കൊടുമുടിയേയും ഹൃദയത്തേയും അപ്പാടെ കീഴടക്കരുതെന്ന്‌ (കീഴടങ്ങരുതെന്നും) അവ നിഗൂഢമായി ഓർമ്മപ്പെടുത്തുന്നു. സാധ്യതകളെക്കാളേറെ അസാദ്ധ്യതകളോടാണവ അടുപ്പം പുലർത്തുന്നത്‌. അതുകൊണ്ടാവാം ‘ഉത്തര’മെന്ന കവിതയിൽ എഴുത്തുകാരി ഇപ്രകാരം എഴുതുന്നത്‌.

അനന്തമായ കടലിൽനിന്ന്‌

ഒരു കുമ്പിൾ വെളളമല്ലാതെ

ഒരു കുമ്പിൾ കടൽ കുടിക്കുവതെങ്ങനെ.

***************************************************************

വഴികൾ അളക്കാതിരിക്കുക (കവിതകൾ)

പ്രീതാശശിധരൻ

പഠനം - ദേശമംഗലം രാമകൃഷ്‌ണൻ

പരിധി പബ്ലിക്കേഷൻസ്‌, തിരുവനന്തപുരം.

പേജ്‌ -77, വില - 45 രൂപ.

എം.ആർ. രേണുകുമാർ

കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി.

വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌.

വിലാസംഃ

ചെമ്പരത്തി,

മാന്നാനം പി.ഒ.

കോട്ടയം - 686 561

686 561




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.