പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മാർക്‌സ്‌ കാണാത്ത കല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

പുസ്‌തകപരിചയം

മാങ്ങാട്‌ രത്നാകരന്റെ ‘മാർക്‌സ്‌ കാണാത്ത കല’ എന്ന പുസ്‌തകം സിനിമയെ അതിന്റെ സൗന്ദര്യ-രാഷ്‌ട്രീയ തലത്തിൽ വിലയിരുത്തുന്ന ലേഖന സമാഹാരമാണ്‌. സിനിമ പിറവിയെടുക്കുന്നതിന്‌ പന്ത്രണ്ടു വർഷം മുമ്പാണ്‌ മാർക്‌സ്‌ മരിച്ചത്‌. എങ്കിലും സിനിമയെക്കുറിച്ചുളള പഠനങ്ങളിൽ മാർക്‌സിയൻ സിദ്ധാന്തം പലവഴികളിൽ സ്വാധീനിക്കുന്നുണ്ട്‌. പുസ്‌തകം അഞ്ച്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നുണ്ട്‌. ആദ്യഭാഗത്തെ ‘മാർക്‌സ്‌ കാണാത്ത കല’യെന്ന ലേഖനം മാർക്‌സിന്റെ മരണശേഷം വന്ന സിനിമയെന്ന മാധ്യമം മാർകസിയൻ ദർശനങ്ങളെ എങ്ങനെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതിന്റെ ചില സൂചനകൾ നൽകുന്നവയാണ്‌. സിനിമ എന്ന കഥ ഒരു മുതലാളിത്ത സൃഷ്‌ടിയാണെന്നും എന്നാൽ പിന്നീട്‌ ഇത്‌ എങ്ങനെ മുതലാളിത്തത്തിന്‌ എതിരെ പ്രയോഗിക്കാമെന്നുമുളള ചിന്തയുടെ കുറിപ്പുകൾ ഈ ലേഖനത്തിൽ കാണാവുന്നതാണ്‌.

മറ്റൊരു ലോകത്തിന്റെ പിറവിക്കായി മാർക്‌സ്‌ ചിന്തിക്കുമ്പോൾ അദ്ദേഹം ഫോട്ടോഗ്രാഫിയുടെ ശാസ്‌ത്രീയ തത്ത്വത്തെ അടിസ്ഥാനമാക്കി പ്രത്യയശാസ്‌ത്രത്തെ വിശദീകരിക്കുവാൻ കാമറ ഒബ്‌സ്‌കുറ എന്ന സങ്കല്പം കൊണ്ടുവന്നിരുന്നത്‌ ഈ നിമിഷം ഓർക്കാവുന്നതാണ്‌. മലയാള രാഷ്‌ട്രീയ ചരിത്രത്തിലും, സാഹിത്യത്തിലും, സിനിമയിലും മാർക്‌സ്‌ പലതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്‌. ‘ടെലിവിഷൻ, സിനിമഃ ചില കുറിപ്പുകൾ’ എന്ന ലേഖനം ടെലിവിഷൻ, സിനിമ എന്നീ മുതലാളിത്ത സൃഷ്‌ടിയെ എങ്ങനെ അതിനെതിരെ പ്രയോഗിക്കാം എന്നതിന്റെ കുറിപ്പുകളാണ്‌. ഐസൻസ്‌റ്റീന്റെ ‘ബാറ്റിൽഷിപ്പ്‌ പോതംകിൻ, ചാപ്ലിന്റെ ’മോഡേൺ ടൈംസ്‌‘, ഫെർണാൻഡോ ഇ.സൊളാനസിന്റെ ’അവർ ഓഫ്‌ ദ ഫർണസ്‌‘ എന്നീ സിനിമകളിലൂടെ സാമ്രാജ്യത്വവിരുദ്ധ സിനിമകളുടെ ചരിത്രം തുടങ്ങുകയാണ്‌. ഗൊദാർദ്‌, ആന്ദ്രേ വായ്‌ദ എന്നീ സിനിമ സംവിധായകർ എങ്ങനെയാണ്‌ സിനിമ, ടെലിവിഷൻ എന്നീ മാധ്യമങ്ങളുടെ പുരോഗമനപരമായ സാധ്യതകൾ തേടിയതെന്നും ഇതിൽ കുറിക്കുന്നുണ്ട്‌.

സിനിമയുടെ തുടക്കം മുതലേ കമ്യൂണിസം പ്രധാന വിഷയമായിരുന്നു. സെർഗി ഐസൻസ്‌റ്റീൻ, വുഡോഫ്‌കീൻ എന്നിവരുടെ ചിത്രങ്ങളിലൂടെ ഇന്ന്‌ വോൾഫ്‌ ഗാംഗ്‌ ബെക്കറുടെ ’ഗുഡ്‌ബൈ ലെനിൻ‘ (2003) എന്ന സിനിമവരെയത്‌ എത്തിനിൽക്കുന്നു. വിപ്ലവ സിനിമയുടെ സൗന്ദര്യമൂല്യങ്ങൾ ഈ സിനിമയിൽ കാണുന്നില്ലെങ്കിലും അധിനിവേശത്തിന്റെ പുതിയ മുഖമാണിവിടെ ദൃശ്യവത്‌കരിക്കുന്നതെന്ന്‌ ലേഖകൻ അഭിപ്രായപ്പെടുന്നു. പ്രതികരണ സിനിമയുടെ പ്രണേതാവായ ടി.വി.ചന്ദ്രന്റെ പാഠം ഒന്ന്‌ ഒരു വിലാപം എന്ന സിനിമയെ കുറിച്ചുളള ചില നിരീക്ഷണങ്ങളാണ്‌ ’വിലാപത്തിന്റെ പാഠങ്ങൾ‘ എന്ന ലേഖനം.

എം.സി. രാജനാരായണന്റെ സിനിമ നിരൂപണത്തെക്കുറിച്ചുളള ചില അഭിപ്രായങ്ങൾ ലേഖകൻ ഇവിടെ വയ്‌ക്കുന്നുണ്ട്‌. ’സിനിമയുടെ ജാലം‘ എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിന്റെ വിമർശനമാണത്‌. മലയാള സിനിമയിൽ ബാലൻ എങ്ങനെയൊരു നാഴികക്കല്ലായി മാറിയെന്ന അന്വേഷണമാണ്‌ അടുത്ത ലേഖനമായ ’ഗുഡ്‌ ലക്ക്‌ ടു മലയാളം സിനിമ‘. മഹാഭാരതവുമായി ബന്ധപ്പെട്ട സംവിധായകനായ പീറ്റർ ബ്രൂക്കുമായുളള സംഭാഷണവും, ഴാങ്ങ്‌ ക്ലോദ്‌ കരിയറുടെ സ്‌കെച്ചുകളും ’മഹാഭാരതം തേടി‘ എന്ന കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രശസ്‌ത സംവിധായകനായ റോബർട്ടോ റോസ്സല്ലിനി, ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്‌ പിന്നീടുളള കുറിപ്പ്‌. തുടർന്നു കാണുന്നത്‌ ലൂയി ബുനുവലിന്റെ ആത്മകഥയായ ’മൈ ലാസ്‌റ്റ്‌ ബ്രെത്തി‘ലെ ഒരധ്യായമാണ്‌. ലൂയി ബുനുവലിന്റെ കുട്ടിക്കാലത്ത്‌ പെൺകുട്ടികളോട്‌ തോന്നിയ താല്പര്യവും പിന്നീട്‌ സിനിമയിലെ സ്‌ത്രീകളുമായുണ്ടായ ബന്ധവും ഇവിടെ കാണാം. സിനിമയുടെ വിവിധ മേഖലകളെ തൊട്ടുപോകുന്ന അനുഭൂതിപരമായ ഒരു പുസ്‌തകമാണ്‌ മാങ്ങാട്‌ രത്നാകരന്റെ ’മാർക്‌സ്‌ കാണാത്ത കല‘.

മാർക്‌സ്‌ കാണാത്ത കല, മാങ്ങാട്‌ രത്നാകരൻ, പ്രണത ബുക്‌സ്‌

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.