പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അതിരുകളില്ലാത്ത ലോകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡി.ബാബുപോൾ

പുസ്‌തകപരിചയം

മാനവജാതിയുടെ ചരിത്രത്തിലെ അത്യന്തം സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. വളർന്നു വരുന്ന തലമുറയെ നാം ഐ തലമുറ എന്നാണ്‌ വിളിക്കുന്നത്‌. ഇന്റർനെറ്റോ, ഇൻസ്‌റ്റന്റോ, ഐപാഡോ ആവാം ഈ ഐ. ‘ഞാൻ എന്നെ സ്‌നേഹിക്കുന്നു, നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നെങ്കിൽ അത്‌ കേവലമായ ആനുഷംഗികത മാത്രം’ എന്നതാണ്‌ ഈ തലമുറയുടെ സന്ദേശം. ഒന്നും മറ്റൊന്നിനേക്കാൾ നല്ലതല്ല, എല്ലാം ആപേക്ഷികം എന്ന പോസ്‌റ്റ്‌മോഡേൺ ദർശനമാണ്‌ ഇന്ന്‌ ദീപസ്‌തംഭം.

മാറ്റങ്ങൾ ഉണ്ടാകുന്നു എന്നതിൽ പുതുമയില്ല. മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ ഗതിവേഗം കൂടുന്നു എന്നതാണ്‌ പ്രധാനം. മനുഷ്യൻ തീയും ചക്രവും കൃഷിയും കണ്ടുപിടിച്ചതുൾപ്പെടെ എല്ലാ കണ്ടുപിടുത്തങ്ങളും എടുത്താലും ചരിത്രത്തെ നിർണ്ണായകമായി സ്വാധീനിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരിൽ പകുതിയിലധികം പേർ ഇന്ന്‌ ജീവിച്ചിരിക്കുന്നു. പണ്ടൊക്കെ ഒരേ നിർവ്വചനരാഗം കൊണ്ട്‌ അറിയപ്പെട്ടിരുന്ന യുഗങ്ങളുടെ ദൈർഘ്യം ആദ്യം സഹസ്രാബ്‌ദങ്ങളും പിന്നെ ശതാബ്‌ദങ്ങളും ആയിരുന്നു. ഇന്നാകട്ടെ ദശാബ്‌ദമോ ദശകാർദ്ധമോ മാത്രം ആണ്‌ ഒരു യുഗത്തിന്റെ ആയുസ്സ്‌. ടൈപ്പ്‌റൈറ്ററും റെഫ്രിജറേറ്ററും കണ്ടുപിടിച്ച്‌ എത്രയോ കാലം കഴിഞ്ഞിട്ടാണ്‌ അവ ജനങ്ങളിലെത്തിയത്‌ എന്ന്‌ ഓർത്തുനോക്കിയശേഷം മൈക്രോവേവ്‌ ഓവനും ഇന്റർനെറ്റും എങ്ങനെ വ്യാപിച്ചു എന്ന്‌ പരിശോധിച്ചാൽ ഇത്‌ സുതാര്യമാകും.

പണ്ട്‌ ഭൂമിശാസ്‌ത്രപരമായ അതിരുകൾ പ്രധാനമായിരുന്നു. അമേരിക്കയിലെത്തണമെങ്കിൽ ഇന്ത്യ വിടണമായിരുന്നു. ഇന്ന്‌ ഭൗതികമായ അതിരുകൾ അപ്രധാനമായിരിക്കുന്നു. അതേ സമയം ബൗദ്ധികമായ അതിരുകൾ വെല്ലുവിളിക്കപ്പെടുന്നു. സാമൂഹികമായ അതിരുകൾ പുനർനിർവ്വചിക്കപ്പെടുന്നു. സാമ്പത്തികമായ അതിരുകൾ ശക്തമാവുന്നു. ഉളളവർ ഇല്ലാത്തവനെ മറക്കുന്നു. ഇല്ലാത്തവൻ ഉളളവനെ വെറുക്കുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ ശ്രീ അബ്‌ദുൽ റഷീദിന്റെ കൃതി ഞാൻ വിലയിരുത്തുന്നത്‌. മൗലികമായ ചിന്തകളാൽ സമൃദ്ധമാണ്‌ ഈ രചന. ഉദാഹരണത്തിന്‌ ശാസ്‌ത്രം മതത്തിലേക്ക്‌ നയിക്കുന്നു എന്ന്‌ സ്ഥാപിക്കുന്ന ഭാഗം എടുക്കുക. ആ നിഗമനം സാധൂകരിക്കുന്നതിനായി ജ്ഞാനസമ്പാദനത്തിന്റെ ഘട്ടങ്ങൾ ശ്രേണീബദ്ധമായി അവലോകനം ചെയ്യുന്നതിലാണ്‌ ഗ്രന്ഥകാരൻ മൗലികത പ്രസ്‌പഷ്‌ടമാക്കുന്നത്‌. മറ്റൊരിടത്ത്‌ എന്തുകൊണ്ട്‌ മനഃസാക്ഷി മാനദണ്ഡമാകരുത്‌ എന്ന്‌ വിവരിക്കുന്നുണ്ട്‌. അവിടെയും തികച്ചും യുക്തിഭദ്രമായ സോപാനത്തിലൂടെയാണ്‌ നിഗമനം സാധൂകരിക്കുന്നത്‌.

ദേശീയതയും വംശീയതയും ഒത്തുചേരുമ്പോൾ സ്ഥിതി അപകടകരമാവും എന്ന്‌ ഗ്രന്ഥകർത്താവ്‌ പറയുന്നു. വംശീയതയിൽ ഉറപ്പിച്ച ദേശീയതയായിരുന്നുവല്ലോ ഹിറ്റ്‌ലർ വിജയകരമായി ഉപയോഗിച്ചത്‌. അതുകൊണ്ട്‌ ഇതു ശരിയല്ലേ എന്നു തോന്നാം. എല്ലായ്‌പോഴും ശരിയാവണമെന്നില്ല. ഹിറ്റ്‌ലറുടെ ഏകാധിപത്യത്തിനും ഭ്രാന്തൻ കിനാവുകൾക്കും പ്രത്യയശാസ്‌ത്രത്തിന്റെ പരിവേഷം നൽകാൻ ഹിറ്റ്‌ലർ അത്‌ ഉപയോഗിച്ചുവെങ്കിലും ജർമ്മൻ ജനത മുഴുവൻ അത്‌ അംഗീകരിച്ചില്ല എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. അതുകൊണ്ട്‌ അധികാരവും ആയുധങ്ങളുടെയും ആയുധധാരികളുടെയും മേലുളള നിയന്ത്രണവും ആണ്‌ നാഷണൽ സോഷ്യലിസത്തെ ജർമ്മൻ ദർശനമാക്കി ഉയർത്തിക്കാട്ടാൻ സഹായിച്ചത്‌ എന്ന്‌ നാം തിരിച്ചറിയുന്നു.

ചുരുക്കിപ്പറഞ്ഞാൽ ചിന്തോദ്ദീപകമായ ആശയങ്ങളുടെ സമ്പന്നസമാഹാരമാണ്‌ ഈ കൃതി. ഇത്‌ വ്യാപകമായി വായിക്കപ്പെടുകയും ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും എന്ന്‌ ഞാൻ പ്രത്യാശിക്കുന്നു.

അതിരുകളില്ലാത്ത ലോകം, ഐ.കെ. അബ്‌ദുൾ റഷീദ്‌, വിലഃ 70 രൂപ, കറന്റ്‌ ബുക്‌സ്‌.

ഡി.ബാബുപോൾ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.