പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കുട്ടികൾക്ക്‌ കുറെ കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ലിജി ജോസഫ്‌

ഒരു ശരാശരി ബാലസാഹിത്യകൃതി, കുട്ടികളെ പ്രകൃതിയിലെ കാഴ്‌ചകളിലേക്ക്‌ അഭിരമിപ്പിക്കുകയും സാരോപദേശങ്ങൾ ലളിതമായി, താളത്തിന്റെ അകമ്പടിയോടെ അവരിലേയ്‌ക്ക്‌ പകർത്തുകയും ചെയ്‌തുവരുന്നു.

ശ്രീ. ഇ. ജിനന്റെ ‘അമ്മച്ചിറക്‌’ എന്ന കൃതി ഉദാത്ത ബാലസാഹിത്യത്തിന്റെ മേഖലയിലേക്ക്‌ ഉയർന്നു നില്‌ക്കുന്നു എന്നത്‌ ഏതൊരു വായനക്കാരനും ആദ്യവായനയിൽ തന്നെ ബോധ്യമാവുന്ന സത്യമാണ്‌.

പ്രകൃതിയുടെ ചറം കുഞ്ഞിന്റെ സിരകളിലേയ്‌ക്ക്‌ എത്ര മനോഹരവും സമർഥവുമായാണ്‌ അദ്ദേഹം വിലയിപ്പിക്കുന്നത്‌! പ്രപഞ്ചം അവന്റെ ഉള്ളറകളിൽ നിന്ന്‌ തുടിക്കുന്ന കാഴ്‌ച, മിടിക്കുന്ന ഒച്ച എത്ര അനായാസമായാണ്‌ അദ്ദേഹം നമ്മെ അനുഭവിപ്പിക്കുന്നത്‌! വിശുദ്ധവും അതിലാളിത്യം കൊണ്ട്‌ ഗഹനവുമായ ഒരു പ്രപഞ്ച ദർശനം ഈ കൊച്ചു കവിതകൾ ഉള്ളിലടക്കിയിരിക്കുന്നു.

“മയിലിന്റെ നിറനീലക്കണ്ണിലൊന്ന്‌ മനസ്സിന്റെ പുസ്‌തകത്തിലൊളിപ്പിക്കുന്ന” കലാവിദ്യയാണിത്‌. കവി “ഞാവൽപൊത്തിലൊളിപ്പിച്ചുവച്ച പാട്ട്‌, പഴുത്ത്‌ പഴമായി പക്ഷിച്ചുണ്ടുകൾ പാടിനടക്കുന്നു” എന്ന കല്‌പനയിൽ പ്രകൃതിയുടെ വിവർത്തക സ്വഭാവം ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌. പഴത്തിന്റെ മാധുര്യം പക്ഷിചുണ്ടിലെ പാട്ടായ്‌ മാറുന്നതും പാട്ടിന്റെ ലയം പഴത്തിന്റെ മാധുര്യമായി വിവർത്തിക്കപ്പെടുന്നതും ഒരു കുഞ്ഞുമനസ്സിലേയ്‌ക്ക്‌ പകരുന്ന ഈ കലാവിദ്യ പ്രശംസനീയം തന്നെ.

മലയാളവും അമ്മയും പ്രകൃതിയും വേർതിരിച്ചെടുക്കാനാവാത്ത വിധം ഒന്നുചേർന്നതാണെന്ന്‌ ഈ കവി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. അമ്മയുടെ സാരിത്തുമ്പും പക്ഷിയുടെ ചാമരവാലും - രണ്ടും നിന്നെ രസിപ്പിക്കാൻ പ്രകൃതി കാത്തുവച്ചിരിക്കുന്നു. അമ്പിളിമാമൻ വറുത്ത പപ്പടവുമാണ്‌; ഉരുട്ടുവണ്ടിയുമാണ്‌. മാനത്ത്‌ കളിക്കുന്ന എന്നെപ്പോലൊരാൾ വെളിച്ചക്കുടുക്ക തട്ടിമറിച്ചിട്ടതാണത്രേ ആ പൊൻതരികൾ! മോഹക്കുന്നിന്റെ നെറുകയിൽ കയറാനാഗ്രഹിക്കുന്ന കുന്നിക്കുരുവും കുഞ്ഞും ഒരു പോലെ. ചേട്ടന്റെയും അനിയന്റെയും പട്ടങ്ങൾ കൂട്ടിമുട്ടാതെ കൂട്ടായ്‌ പറക്കട്ടെ എന്ന്‌ ഈ കവിത കുഞ്ഞിന്‌ പറഞ്ഞുകൊടുക്കുന്നു. ഉള്ളിൽ കണ്ണീരൊളിപ്പിച്ച്‌ കാണികളെ ചിരിപ്പിക്കുന്ന കുസൃതിക്കളിയാനയെ കുഞ്ഞിന്‌ കാണിച്ചുകൊടുക്കുന്നു.

ഉദാത്തമായ തലങ്ങളിലേയ്‌ക്ക്‌ കുഞ്ഞു മനസ്സിനെ ഉണർത്തുകയും തെളിഞ്ഞഭാഷയും ഭാവനയും ഹൃദയത്തിൽ തൊടുന്ന ഈണവും കൊണ്ട്‌ അവനിലേയ്‌ക്ക്‌ മാനവികതയുടെ ഊർജ്ജം കടത്തിവിടുകയും ചെയ്യുന്ന ‘അമ്മച്ചിറക്‌’ കുട്ടികളും വലിയവരും വായിച്ചിരിക്കേണ്ടതാണ്‌.

ഗ്രന്ഥകർത്താ - ഇ. ജിനൻ

പ്രസാധകർ - എച്ച്‌ ആൻഡ്‌ സി പബ്ലിഷിംഗ്‌ ഹൗസ്‌ തൃശൂർ, പേജ്‌ 56, വില - 40&-

ഡോ. ലിജി ജോസഫ്‌

പാലയ്‌ക്കാപ്പിള്ളി ഹൗസ്‌,

വെണ്ണല. പി.ഒ,

കൊച്ചി -682 028.


Phone: 9961967416




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.