പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പുഴയ്‌ക്ക്‌ പറയാനുള്ളത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

കാലത്തോട്‌ സംവദിക്കാനാകുമ്പോഴാണ്‌ കലാസൃഷ്‌ടികൾക്ക്‌ കൂടുതൽ മൂല്യം കൈവരുന്നത്‌. ആരുമറിയാതെ ഹൃദയങ്ങളിൽ ചേക്കേറാനും വികാരവിചാരങ്ങളിൽ രാസപ്രക്രിയകൾ നടത്താനും വ്യക്തിയെ, എന്തിന്‌ സമൂഹത്തെ തന്നെ ക്രിയാത്മകമാക്കാനും ചിലപ്പോൾ അവയ്‌ക്കു കഴിയുന്നു. എന്നാൽ ഇതത്ര സർവ്വ സാധാരണമല്ല. അപൂർവ്വതകളായി മാത്രമാണ്‌ ഇവ അനുവാചകരിലെത്തുന്നത്‌.

പുഴ.കോം ഇന്റർനെറ്റ്‌ മാസികയുടെ 10-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാമത്സരകഥകളിൽ നിന്ന്‌ തെരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമായ “പുഴ പിന്നെയും പറയുന്നു” മേൽ സൂചിപ്പിച്ച ദിശയിലേയ്‌ക്കുള്ള പ്രയാണത്തെ അടയാളപ്പെടുത്തുന്നു. 25 കഥകൾകൊണ്ട്‌ നവഭാവുകത്വത്തിന്റെ പരിച്ഛേദവും വിസ്‌മയാവഹങ്ങളായ മേച്ചിൽപ്പുറങ്ങളും തുറന്നിട്ടുകൊണ്ടാണ്‌ ‘പുഴ പിന്നെയും പറയുന്നത്‌.’

ഹാരീസ്‌ നെന്മേനി എഴുതിയ ‘കുടുംബശ്രീ’ ആണ്‌ ഈ പുസ്‌തകത്തിലെ ആദ്യകഥ പൊന്നാങ്കണ്ണിയിലെത്തിയ നതാഷി എന്ന മദാമ്മയുടേയും അവളുടെ സഹായിയായ ലീലാകൃഷ്‌ണൻ എന്ന ലോവർ ഡിവിഷൻ ക്ലാർക്കിന്റെയും കൂടെയുള്ള യാത്രയാണ്‌ ഈ കഥ. കഥയ്‌ക്കൊടുവിൽ ലീലാകൃഷ്‌ണന്റെ സ്വത്വത്തിനേൽക്കുന്ന അടിയിൽ, ‘നന്മയോടുള്ള പട്ടുപോവാത്ത അഭിനിവേശം’ അയാൾക്കുതിരികെ കിട്ടുന്നു. കയ്യടക്കത്തോടെ, എത്ര മനോഹരമായാണ്‌ ഹാരീസ്‌ മലയാളി മനസ്സിനെ അപഗ്രഥിച്ചിരിക്കുന്നത്‌. ‘മനുഷ്യയന്ത്രങ്ങൾ’ സന്ധ്യ ജെ എഴുതിയ കഥയാണ്‌..... അതിവേഗം കുതിയ്‌ക്കുന്ന ഐ.ടി മേഖലയുടെ ലാഭമോഹങ്ങൾക്കടിയിൽപ്പെട്ട്‌ ചതഞ്ഞരയുന്ന ജീവിതങ്ങളുടെ ഹാസ്യാത്മക ചിത്രീകരണമാണിത്‌. യഥാർത്ഥ്യത്തിന്റെ പച്ചയും ക്രൂരവുമായ ഈ മുഖം കഥാകാരിയെ അത്രയേറെ വേദനിപ്പിക്കുന്നതിനാലാകാം കഥാന്ത്യത്തിൽ ഇരകൾക്കൊപ്പം ഇരകളെ സൃഷ്‌ടിക്കുന്ന സങ്കേതങ്ങളെകൂടി കഥാകാരി ചിന്നഭിന്നമാക്കുന്നത്‌. ‘മായ’ റിതുല നായർ എഴുതിയ കഥയാണ്‌. ഇത്തിരിപ്പോന്ന നൊമ്പരങ്ങളെ ഹൃദയത്തിനുള്ളിലെവിടെയോ നിക്ഷേപിച്ച്‌, ശ്രീയുടേയും ലക്ഷ്‌മിയുടേയും മായയുടേയും കഥപറയുകാണിവിടെ. മനസ്സിന്റെ സൂക്ഷ്‌മതലങ്ങളിലൂടെയുള്ള മനോഹരമായ സഞ്ചാരം കൂടിയാണ്‌ ഈ കഥ. ഡോ. സിൽവിക്കുട്ടിയുടെ ‘ഭൂപടം നിവരുമ്പോൾ’ എന്ന കഥ റോസിക്കുട്ടിയുടെ കാഴ്‌ചകളും അനുഭവങ്ങളുമാണ്‌. ശരാശരി മലയാളി സ്‌ത്രീയുടെ നിത്യദുരിതങ്ങളെ നർമ്മം കലർത്തി അവതരിപ്പിക്കുകയാണ്‌ കഥാകാരി. ഇനിയൊരു സൂര്യോദയം വേണ്ടെന്നിച്ഛിച്ചാലും ദുരിതപർവ്വം തുടരുകതന്നെ ചെയ്യുമെന്ന ഉറപ്പോടെ കഥ അവസാനിക്കുന്നു.

‘പ്രച്ഛന്നം’ തോമസ്‌ പി. കൊടിയന്റെ കഥയാണ്‌. അച്ഛനും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥയാണിത്‌. വിവാഹിതരായി അന്യനാട്ടിലേക്ക്‌ പോകാനൊരുങ്ങുന്ന മകളുടെ നെഞ്ചിൽ പുകയുന്നത്‌ ഒറ്റയാകുന്ന പിതാവിനെക്കുറിച്ചുള്ള നൊമ്പരങ്ങളാണ്‌. അതിഭാവുകത്വത്തിന്റെ സ്‌പർശമില്ലാതെ, അതിവിദഗ്‌ദ്ധമായി കഥാകാരൻ ആ നോവിനെ വായനക്കാരന്റെ നെഞ്ചിലേക്കു പകരുന്നു. സുരേഷ്‌ എം.ജിയുടെ ‘മുഹമ്മദ്‌ വർഗീസ്‌’ എന്ന കഥ കഥാപാത്രത്തിന്റെ മരണത്തിനുശേഷമുള്ള സംഭവപരമ്പരകളുടെ പരിഹാസ്യതയാണ്‌ വെളിപ്പെടുത്തുന്നത്‌. അസ്വഭാവികതയുടെ തലങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ഗ്രാമീണമായ നൈർമ്മല്യം കഥയിലുടനീളം കാത്തുസൂക്ഷിക്കപ്പെടുന്നു.

ഇങ്ങനെ കഥയുടെ ഏതു താളുകളിലും സവിശേഷമായ എന്തോ ഒന്ന്‌ ചേർത്തുവച്ചിട്ടുള്ള “പുഴ പിന്നെയും പറയുന്നു” എന്ന സമാഹാരം മലയാളസാഹിത്യത്തിന്റെ നീരുറവകളെ സജീവമാക്കുകയാണ്‌. പ്രതീക്ഷയുടെ നാളം ഇനിയുമിനിയും പ്രോജ്ജ്വലിച്ചുകൊണ്ടിരിക്കും എന്ന്‌ ഈ കഥകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. പുഴ.കോമിന്റെ അനർഘമായ സംഭാവനയായിതന്നെ വേണം ഈ സമാഹാരത്തെ കരുതാൻ.

പുഴ പിന്നേയും പറയുന്നു

പ്രസാധനം - നാഷണൽ ബുക്ക്‌സ്‌റ്റാൾ, കോട്ടയം.

പേജ്‌ 178 - വില 125 രൂപ.

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.