പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കാതരസ്പന്ദനങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

അതിഹ്രസ്വങ്ങളന്നത്തെ

ദിവാനിശകളാകവെ,

ഉറങ്ങുമുമ്പുണരണം

കളിതീരാതെ നിര്‍ത്തണം (അക്കിത്തം‌)

ഇതൊരു ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. ഇതിനൊരു സാര്‍വ്വലൗകികതയുണ്ട്. ഇതില്‍ നഷ്ടസ്വപ്നങ്ങളുണ്ട്, ചാരിതാര്‍ത്ഥ്യങ്ങളുണ്ട്. നിറഞ്ഞ ഗൃഹാതുരത്വമുണ്ട്.

ബാല്യം എന്നും അങ്ങിനെയാണ്. അങ്ങനെ തന്നെ ആയിരിക്കുകയും വേണം. അല്ലെങ്കില്‍ 'പാതിബോധത്തിലും ബാഷ്പ ബിന്ദുവുതിര്‍ക്കുന്ന കാതരസ്പന്ദനങ്ങള്‍' ഇല്ലതെ പോകും. ഒരാപ്പിള്‍ക്കുരുവില്‍ നിന്ന് ഒരു ആപ്പിള്‍ മരമേ ഉണ്ടാകൂ. എന്നാല്‍ ഒരാപ്പിള്‍ മരത്തില്‍ എത്ര ആപ്പിളുകളുണ്ടാകുമെന്ന് പ്രവചിക്കുവാന്‍ വയ്യ. എല്ലാ ബാല്യങ്ങളും ഓരോ ആപ്പിള്‍ക്കുരുവില്‍ നിന്നുമുണര്‍ന്ന ഓരോ ആപ്പിള്‍ ചെടിയാണ്. ചെടിയാണ് മരമാകുന്നത്. മരമാണ് ഫലങ്ങള്‍ സൃഷ്ടിക്കുന്നത്. ചില ചെടികള്‍ നേരത്തെ പുഷ്പിക്കും. ഫലങ്ങളാല്‍ നമ്രശീര്‍ഷരാകും. ലോകോപകാരപ്രദമാകും. അതുകൊണ്ട് ബാല്യം അമൂല്യമാണ്. രാസവളങ്ങളേക്കാള്‍ അതിനുജിതം ജൈവവളമാണ്.

ഇതാ 113 പുറങ്ങളില്‍ നിറഞ്ഞുകവിയുന്ന ബാല്യകാലസ്മരണകളുടെ ഒരു പുസ്തകം. ശ്രീ. സുരേഷ് എം.ജി വിവര്‍ത്തനം ചെയ്ത, ലിയോ ടോള്‍സ്റ്റോയിയുടെ 'ബാല്യം'. സുഗന്ധപൂരിതമായ ഓര്‍മ്മകളാണ് ഇതിന്റെ ഇതളുകള്‍ നിറയെ. 'കാള്‍ ഇവാനിച്ചില്‍' നിന്നു തുടങ്ങി 'അവസാനത്തെ ഓര്‍മ്മകളില്‍' എത്തി നില്‍ക്കുന്ന ചാരുതയാര്‍ന്ന ഓര്‍മ്മകള്‍. ഓര്‍മ്മകളുടെ വ്യക്തതയാണ് ഈ ചെറിയ പുസ്തകത്തിന്റെ സവിശേഷത. സംഭവങ്ങള്‍, സംഭാഷണങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന ഓളങ്ങളുടെ മൃദുലസ്പര്‍ശമാണിതിന്റെ സുഖം.

ഇത്തിരിപോന്ന വാക്കുകള്‍ക്ക്, ഒരു ചിരിക്ക്, ഒരു തലോടലിന്, ജീവിതത്തെ എത്ര ലാഘവമുള്ളതാക്കാം എന്നറിയിക്കുകയാണ് 'അമ്മ'യിലൂടെ. വായനക്കാരെ ആകര്‍ഷിക്കുന്ന ക്രിസ്തുവിന്റെ ദാസന്‍ ഒരു പക്ഷെ, ഒരു നൊമ്പരമാണ്. അജ്നേയമായ അയാളുടെ പ്രകൃതങ്ങളില്‍ വിശ്വസിക്കുന്ന അമ്മ. അയാളോട് നീരസം പ്രകടിപ്പിക്കുന്ന അച്ഛന്‍. ഗ്രീഷ എന്ന് വിളിക്കപ്പെടുന്ന അയാള്‍ ഇതൊന്നുമറിയാതെ ശാന്തമായൊഴുകുന്നു; ചില വെളിപാടുകളിലൂടെ നീങ്ങുന്നു.

കുട്ടിക്കാലത്ത് കുതിരപ്പുറത്ത് വേട്ടയ്ക്കുപോകുന്ന അനുഭവം, അതിനുള്ള തയ്യാറെടുപ്പുകള്‍, ഒടുവിലൊരു മുയലിനെ കിട്ടുന്നത്, നായാട്ടിനു ശേഷമുള്ള കളികള്‍ എല്ലാം ബാല്യത്തിന്റെ കൗതുകങ്ങളാണ്. ആദ്യ പ്രണയത്തിലെ നായികയായ കാത്യ, ആ കാത്യയ്ക്കു മുമ്പിലരങ്ങേറിയ പ്രണയപാരവശ്യങ്ങള്‍, ആകര്‍ഷണം കൈമുതലായ അച്ഛന്‍, അദ്ദേഹത്തിന്റെ നഷ്ടബോധങ്ങള്‍ക്കുള്ള പരിഹാരവകയിരുത്തലുകള്‍, അദ്ദേഹത്തിന്റെ കാരുണ്യം, പ്രണയത്തെ കുരുതികൊടുക്കേണ്ടി വന്ന നതാലിയ സവിഷ്ണ, വിട വാങ്ങലില്‍ കണ്ണീരുവീണു കുതിര്‍ന്ന യാത്രാമൊഴി, കല്ലറയില്‍ പോലും സത്യമായ സ്നേഹത്തെക്കുറിച്ചുള്ള കവിത, പാതിവഴിയില്‍ വച്ച് പിരിഞ്ഞുപോയ അമ്മ, പിന്നെയൊരുന്നാള്‍ അമ്മയെന്ന മാലഖയെ ആഴത്തില്‍ സ്നേഹിച്ച നതാലിയയുടെ വേര്‍പാട്.

അനവധി സംഭരണിയാണ് ഈ ചെറുപുസ്തകം. മനുഷ്യരാശിയെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ സ്നേഹിച്ച മഹാനായ ഒരെഴുത്തുകാരന്റെ ബാല്യത്തിന്റെ പടവുകളാണ് ഈ പുസ്തകം.

നല്ല കൃതി, നല്ല പരിഭാഷ, നല്ല പ്രസാധനം - എച്ച് ആന്‍ഡ്സിയ്ക്ക് അഭിമാനിക്കാം.

ബാല്യം - ലിയോ ടോള്‍സ്റ്റോയി

പരിഭാഷ - സുരേഷ് എം.ജി

പ്രസാധനം - എച്ച് ആന്‍ഡ് സി ബുക്സ്.

വില - 75/-, പേജ് - 120.

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.