പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പ്രഹേളികയായി ഓരോ കഥയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

പുസ്‌തകപരിചയം

ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന കഥായനത്തിലെ ശ്രദ്ധേയമായ പുസ്‌തകമാണ്‌ സേതുവിന്റെ പ്രഹേളികാകാണ്ഡം. ഒരേ കാലഘട്ടത്തിൽ എഴുതിത്തുടങ്ങുകയും മലയാളി ഭാവുകത്വത്തെ ആകമാനം സ്വാധീനിക്കുകയും ചെയ്‌ത എം.മുകുന്ദൻ, കാക്കനാടൻ, സേതു, പുനത്തിൽ കുഞ്ഞബ്‌ദുളള, എൻ.എസ്‌.മാധവൻ, ആനന്ദ്‌, വത്സല എന്നീ പ്രമുഖരായ എഴുത്തുകാരുടെ രചനകൾ യഥാക്രമം ശൂന്യതാകാണ്ഡം, ഐതരേയകാണ്ഡം, പ്രഹേളികാകാണ്ഡം, വിഭ്രാമകകാണ്ഡം, അർത്ഥനാരീകാണ്ഡം, ചരിത്രകാണ്ഡം, ആരണ്യകാണ്ഡം എന്നിങ്ങനെ ഏഴ്‌ കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.

1968 മുതൽ 2001 വരെയുളള കാലത്ത്‌ സേതു എഴുതിയ കഥകളിൽ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന്‌ രചനകളാണ്‌ പ്രഹേളികാകാണ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അനുഭവാവിഷ്‌കാരത്തിൽ എന്നും പ്രഹേളികാസ്വഭാവം പുലർത്തുന്ന കഥാകൃത്താണ്‌ സേതു. മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന ഒരു തുടർച്ച എന്ന നിലയിലും ഈ പുസ്‌തകത്തെ കാണാവുന്നതാണ്‌. ഇതിലെ പല കഥകളും സമാഹാരങ്ങളിൽ ഇതിനുമുമ്പേ വന്നിട്ടുളളതാണെങ്കിലും, സ്വഭാവഘടനയിലെ സമാനത നിലനിർത്തിക്കൊണ്ടുളള ഈ തെരഞ്ഞെടുപ്പ്‌ നന്നായിരിക്കുന്നു.

സ്ഥലകാലഭേദമില്ലാതെ പിന്തുടരുന്ന പൗരാണിക സമസ്യയായ ‘പൊട്ടക്കുളം’, ‘അടയാളങ്ങൾ’ എന്നീ കഥകളും സൈബർ യുഗവിഭ്രാന്തികളിലേക്ക്‌ മിഴി തുറക്കുന്ന ‘മായക്കാഴ്‌ച’യും ഈ പുസ്തകത്തിലെ മറ്റ്‌ കഥകളിൽനിന്നും രചന സൂക്ഷ്‌മതയിൽ വേറിട്ടുനിൽക്കുന്നു.

വിരസതയില്ലാത്ത വായനാനുഭവം കാഴ്‌ചവെയ്‌ക്കുന്ന സേതുവിന്റെ എല്ലാക്കഥകളും ജീവിതത്തിലെ വിട്ടുപോയ ഇടങ്ങളെ ചൊല്ലി ആകുലരാവുന്നവർക്ക്‌ ഒന്നാന്തരം നൊൾസ്‌റ്റാജിക്‌ ട്രീറ്റ്‌മെന്റ്‌ തന്നെ.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.