പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പുരാവൃത്തങ്ങളും പുതുവാസ്‌തവങ്ങളും ബ്രൗസ്‌ ചെയ്യപ്പെടും!!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.രാധാകൃഷ്‌ണൻ

പുസ്‌തകപരിചയം

കവിതയിലെ നിരവധി വൈചിത്ര്യങ്ങൾക്കിടയിലാണ്‌ കൊല്ലം സ്വദേശിയായ മുഞ്ഞിനാട്‌ പത്മകുമാറിന്റെ ‘ഒരു കന്യാസ്‌ത്രീയും ഓർമ്മയിൽ കമ്പ്യൂട്ടർ സൂക്ഷിക്കുന്നില്ല“ എന്ന പുസ്‌തകം വായിക്കുന്നത്‌.

കവിതയിലെ വിതയുടെ ഫെർടിലിട്ടി അളക്കാനായി കവിത വായിക്കുന്ന ശീലമില്ലാത്തതിനാൽ വായിക്കപ്പെടുന്നവ മനസ്സിൽ വിളവെടുപ്പുത്സവത്തിന്റെ കൊടിയേറ്റം നടത്താൻ പ്രാപ്‌തമാണോ എന്നു നോക്കുന്ന പ്രക്രിയയിലൂടെ മാത്രം ഈ പുസ്‌തകത്തെ അനുഭവവേദ്യമാക്കാൻ ശ്രമിക്കുന്നു.

പ്രവാചകനോ ജ്ഞാനിയോ അല്ലാത്ത കവിയുടെ വരികൾ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലാത്തതിനാലാകണം കെ.പി.അപ്പൻ ചുരുക്കം വാക്കുകളിൽ പുസ്‌തകത്തെ പരിചയപ്പെടുത്തിയത്‌. കവി ജ്ഞാനിയാകേണ്ടതില്ല. ”ജീവിതസങ്കീർണ്ണതയുടെ ജിജ്ഞാസയുളള കവിയാണ്‌ പത്മകുമാർ“ എന്ന്‌ കെ.പി.അപ്പൻ എഴുതി.

അവതാരികയിൽ പറയാത്ത ഒന്നാണ്‌ ഈ സമാഹാരത്തെപ്പറ്റി എനിക്ക്‌ പറയാനുളളത്‌. മലയാളിത്തത്തെയും മലയാള കലാ സാഹിത്യ പുരാവൃത്തങ്ങളെയും ബ്രൗസ്‌ ചെയ്‌തു കടന്ന്‌ പോകുന്ന പത്തൊമ്പതു കവിതകൾ ഈ സമാഹാരത്തിലുണ്ട്‌.

ചെറുശ്ശേരിയും ഇടശ്ശേരിയും ഉണ്ണായിയും വൈലോപ്പിളളിയും കലാമണ്ഡലം ഗോപിയും ഗോവിന്ദനും പാരമ്പര്യത്തിന്റെ മയിൽപീലിക്കുടന്നയുമായി വർണ്ണച്ചേലൊരുക്കുന്നു ഈ കവിതകളിൽ.

പെറ്റമ്മ തൻ ചിരിയും മുറ്റത്തെ പൂക്കളവും എന്നെന്നും മനസ്സിൽ പൊന്നോണം വിരിയിക്കും പോലെയാണു ആദ്യ താളിൽ മലയാളം എന്ന കവിത ഈ സമാഹാരത്തെ അലങ്കരിക്കുന്നത്‌. മാതൃത്വവും വാത്സല്യവും ദേവികടാക്ഷവും ഉടനീളം പ്രതിഫലിക്കുന്ന കവിതകൾ ജീവിതത്തെ ശ്രദ്ധിക്കുന്നവ തന്നെ.

മലയാളത്തിലെ അനുഗൃഹീത ഗാനരചയിതാവ്‌ ശ്രീകുമാരൻ തമ്പിയുടെ ഭാഷയും മനസ്സും കവിയെ സ്വാധീനിച്ചിരിക്കുന്നോ എന്ന്‌ സംശയിക്കുന്ന സന്ദർഭങ്ങൾ എനിക്ക്‌ അനുഭവപ്പെട്ടു-ശീർഷകമില്ലാത്ത കവിതകൾ സ്ഥിരം എഴുതിയിരുന്ന തമ്പിയെയല്ല ഉദ്ദേശിച്ചത്‌ (ഈ സമാഹാരത്തിലെ അവസാന കവിത ശീർഷകമില്ലാത്ത കവിതകളാണ്‌).

അമ്മയെയും മലയാളത്തെയും വാഴ്‌ത്തുന്ന വരികൾ, മലയാളിപ്പെണ്ണേ നിന്റെ മനസ്സ്‌, ഉത്തരാസ്വയംവരം, കചദേവയാനി കണ്ടു, മലയാളഭാഷതൻ മാദകഭംഗി തുടങ്ങി ഗാനങ്ങളിലെ ലിറിക്‌സിലെ മലയാളിത്തം, പത്മകുമാറിന്റെ കവിതകളിൽ വേറൊരളവിലും പ്രകൃതത്തിലും ദർശിക്കാം.

നല്ല സിനിമാഗാനങ്ങൾ ജനിച്ച കാലയളവിൽ ജീവിച്ചിരുന്നതാണു തന്റെ ജീവിതത്തിലെ ധന്യത എന്ന്‌ സക്കറിയ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. ഇത്തരം ലിങ്കുകളാണല്ലോ മലയാളികളുടെ ഭൂതകാലത്തെയാകെ ഓർമ്മയുടെ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡുകളാക്കി മാറ്റുന്നത്‌.

മലയാളിയുടെ പേരാറിനെയും പെരിയാറിനെയും പത്മതീർത്ഥമാക്കി ഒഴുക്കി സൈബർ ലോകംവരെ പോലും എത്തിക്കാൻ (നാലാം ലോകത്തെ പരിചയമില്ലാത്തവർക്കും സൈബർ ലോകത്തെപ്പറ്റിയറിയാം). ഭഗീരഥ പ്രയത്നത്തിലേർപ്പെടുന്നു പത്മകുമാർ. ഇടനെഞ്ചിന്നിടിമുഴക്കമായി ഇടശ്ശേരിയെത്തുന്നതും (ഇടശ്ശേരി) നേരിന്റെ നേർക്ക്‌ നീളുന്ന വാൾമുനയെ മടക്കുന്ന ഗോവിന്ദനെ (ഗോവിന്ദൻ) അവതരിപ്പിക്കുമ്പോഴും പൂതം വാത്സല്യത്താൽ ഉണ്ണിയെ മൂടുന്ന കാരുണ്യത്തെ (ശീർഷകമല്ലാത്ത കവിതകൾ) മറക്കുന്നില്ല.

കേരളത്തിലെ പുഴകളുടെ തീരത്തെ പൂർവ്വസൂരികളുടെ മഹത്വം പുരാവൃത്തമായി ചൊല്ലുന്ന ’പുഴകൾ‘ ശ്രദ്ധിക്കേണ്ട ഒന്നാണ്‌. അപ്രകാശിത ദുഃഖം, ഗോപിനളം, മഴവേനലിൽ, അകമേ തുടങ്ങിയവ ഈ സമാഹാരത്തിൽ നവകവിതയുടെ ജാജ്വല്യം വിതറുന്ന മറ്റു നല്ല കവിതകളാണ്‌.

വാക്‌ഗംഗയെ

ഉണർത്തുവാൻ

പുനർജനിയായ്‌

മഴയെത്തുന്നത്‌ (മഴവേനലിൽ)

മഴയുടെ ഭംഗി ഒറ്റസ്‌നാപിൽ ഒതുക്കാനാവില്ലെന്ന്‌ ഏവർക്കും അറിയാം. വിക്‌ടർ ജോർജിന്റെ കാമറാ ഫ്രെയിമുകൾക്കു തുല്യമായി കവിത നില്‌ക്കുന്ന അപൂർവതയും കാണാം ഇവിടെ. കേരളത്തിലെ സാധാരണ മൺസൂൺ കാഴ്‌ചയിലുപരി മലയാളിയുടെ സ്വന്തം ആത്മാവിഷ്‌കാരമായി ഇത്‌.

തളിർത്ത പീലികണ്ണിലലിയും

പരാഗത്തിൻ നിമിഷം പോലെ

മഴ വീഴുന്നു

നമ്മുക്കുളളിൽ (മഴവേനലിൽ)

എന്ന്‌ നാം വായിക്കുമ്പോൾ രവീന്ദ്രൻ മാഷിന്റെ ശാസ്‌ത്രീയ സംഗീത പശ്ചാത്തലത്തിൽ ചടുലമായി പെയ്യുന്ന മഴയെ ഓർത്തു പോകും.

ഈ സമാഹാരം നേരത്തെ പറഞ്ഞതുപോലെ ഒരു മലയാളിയുടെ മാത്രം ഭാവുകത്വവും സ്വകാര്യാനുഭവവുമാണ്‌. കെ.പി.അപ്പൻ വഴിപാടുപോലെ എഴുതിയ അവതാരികയിൽ ഈ മലയാളിത്തത്തെ കാണാതെ ഭഗ്നലിപികളെ കണ്ടത്‌ എന്തുകൊണ്ടെന്നറിയില്ല.

കോമ്പല്ലുകൾ വളച്ചുപിടിച്ച്‌

മുഖം മിനുക്കിയിരിക്കുന്ന

എന്നെപ്പോലെയാണ്‌

ദുഃഖങ്ങൾ (ചില അപ്രകാശിത ദുഃഖങ്ങൾ)

എന്ന്‌ എഴുതുന്ന കവിക്ക്‌ തന്റെ നിലപാടുതറയെക്കുറിച്ച്‌ വ്യക്തവും വ്യതിരിക്തവും ആയ തിരിച്ചറിവുണ്ട്‌.

അകവും പുറവും

ഒരേപോലെ

തണലുപാകാൻ (അകമേ)

കവിതകൾ സഹായിക്കുമെന്ന്‌ കവി പ്രത്യാശിക്കുന്നു.

’ഒരു കന്യാസ്‌ത്രീയും ഓർമയിൽ കമ്പ്യൂട്ടർ സൂക്ഷിക്കുന്നില്ല‘ എന്ന കവിതയെപ്പറ്റി മാത്രം പറഞ്ഞില്ല. ഈ സമാഹാരത്തിലെ ഏറ്റവും നല്ല കവിത ഇതല്ല, ഈ സമാഹാരത്തിലെ Odd Man Out ആയി കന്യാസ്‌ത്രീ കവിത നില്‌ക്കുന്നുണ്ട്‌. കെ.പി.അപ്പൻ അവതാരികയിൽ ഈ കവിതയിലെ സാങ്കേതിക സംജ്ഞാവലിയിൽ കവിയുടെ ചിരിമാത്രം ദർശിച്ച്‌ കവിതയെ മനസ്സിലാക്കാൻ ശ്രമിച്ചതുമില്ല. ഭഗ്നലിപികളും ബിംബങ്ങളുമായി കവിത നില്‌ക്കുമ്പോൾ പലഭാഗങ്ങളും ദുരൂഹമായി പോകുന്ന സ്ഥിതി ഈ കവിതയിലുണ്ട്‌. അപ്പോൾ ജിജ്ഞാസ അനുവാചകകരിലേക്ക്‌ കുടിയേറുന്നു.

പ്രൊപ്രൈറ്ററി റൈറ്റുകളില്ലാതെ ഓപ്പൺ സോഫ്‌റ്റ്‌ വെയറായ ലിനക്‌സ്‌ പോലെ ഒരു കന്യാസ്‌ത്രീ-വൈറസുകൾ ആക്രമിച്ചാലും മാരകമായ പീഡനം ഏല്പിക്കാനാവാത്ത ഓപ്പൺ സോഫ്‌റ്റുവെയറായ ലിനക്‌സ്‌ ഉപയോഗിക്കുന്നവർക്കറിയാം അതിന്റെ ഐക്കൺ ആയ പെൻഗ്വിൻ രൂപത്തെ.

കന്യാസ്‌ത്രീയെ പെൻഗ്വിൻ രൂപത്തിൽ കാണാൻ എന്റെ സോഫ്‌റ്റ്‌ വെയർ ബോധം ശ്രമിച്ചപ്പോൾ തണുത്തുറഞ്ഞു ധ്രുവങ്ങളായിപ്പോയ മഠങ്ങളിൽ നിന്നും കൂട്ടത്തോടെ ശിരോവസ്‌ത്രം ഊരി പുറത്തിറങ്ങുന്ന കാഴ്‌ച സ്‌പെക്‌റ്റക്കുലാർ ആയി തോന്നി.

ഈ പെൻഗ്വിൻ കൂട്ടം കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല്‌ എന്ന ചിത്രത്തിൽ കഥാപാത്രങ്ങൾ സംവിധായകനെയും കാമറായെയും തട്ടിമാറ്റി മുന്നോട്ടു നീങ്ങുന്നതുപോലെ പുസ്‌തകത്തിൽ നിന്ന്‌ ഇറങ്ങുന്നുണ്ടോ?

ശീർഷകം സൈബർ യുഗത്തോട്‌ പറ്റിനില്‌ക്കുന്നതിനാൽ കഥാസമാഹാരത്തിന്‌ പേരിടാൻ ഇത്‌ തെരഞ്ഞെടുത്തതിൽ ദോഷം കാണാനാവില്ല. ഇപ്പോൾ ലഭ്യമായ അപ്രസക്തജനനങ്ങളിൽ നിന്നു വേറിട്ട ഒന്നായി ഇതിനെ കണ്ടു ഗൗരവപൂർണ്ണമായ വായനയ്‌ക്ക്‌ ഈ ശീർഷകം സഹായിക്കുമെന്നു തീർച്ച.

ആർ.രാധാകൃഷ്‌ണൻ

R.Radhakrishnan, Manager IT centre, Instrumentation Ltd, Palakkad 678623


Phone: 04912569385, 9446416129
E-Mail: rad@ilpgt.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.