പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വാക്കുകൾക്കിടയിൽ ഒരു ശതാവരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

പുസ്‌തകപരിചയം

വേനലിൽ ഒരു പുഴ

കവിതകൾ

റോസ്‌മേരി

ഡി.സി. ബുക്‌സ്‌, 2002

വില ഃ 45 രൂപ

വാക്കുകൾ ചേക്കേറുന്നിടം എന്ന ആദ്യ സമാഹാരവുമായി അനുവാചക ഹൃദയങ്ങളിൽ ചേക്കേറിയ റോസ്‌മേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരമാണ്‌ വേനലിൽ ഒരു പുഴ. പ്രകാശിക്കുന്ന വാക്കുകൾകൊണ്ട്‌ കവയിത്രി തീർക്കുന്ന വിശുദ്ധമായ വായനാനുഭവം ഒരിക്കൽകൂടി അനുഭവവേദ്യമാവുകയാണ്‌.

വാക്കുകൾ ചേക്കേറുന്നിടം, ചാഞ്ഞുപെയ്യുന്ന മഴ എന്നീ ആദ്യ സമാഹാരങ്ങളിൽനിന്നും വ്യത്യസ്‌തമായി കൂടുതൽ ശക്തമായ ഭാഷയാലും വ്യതിരിക്തമായ പ്രമേയങ്ങളാലും ‘വേനലിൽ ഒരു പുഴ’ ശ്രദ്ധേയമാവുന്നു. ലേബലുകളുടെ ഫ്രെയിമിൽ ഒതുങ്ങാതെതന്നെ ശക്തമായ സ്വാതന്ത്ര്യദാഹവും സുതാര്യമായ പ്രതികരണങ്ങളും റോസ്‌മേരി കവിതകളുടെ സവിശേഷതയാണ്‌. പ്രമേയ സ്വീകരണത്തിൽ മാത്രമല്ല പ്രതിപാദനശൈലിയിലുമുണ്ട്‌ ഇതേ സ്പർശം.

വരണ്ട വേനലിന്റെ തപ്തനിശ്വാസങ്ങളിൽ പൊളളിപ്പനിച്ചു കിടക്കുമ്പോഴും അന്തമില്ലാത്തൊരു കാത്തിരിപ്പിന്റെ ആലസ്യം ഈ കവിതകളിൽ ഉറഞ്ഞിരിക്കുന്നു.

ഒരായിരം സൂചിമുനകൾ

അടർന്നു വീഴുമ്പോലെ

നിശ്ശബ്‌ദമായ്‌ പൊഴിയുന്ന മഴ (-‘മഴയിലൂടൊരാൾ’)

പ്രകൃതി ചലനങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ മാനുഷിക വ്യവഹാരങ്ങളുമായി സമന്വയിപ്പിക്കുമ്പോൾ അത്‌ ഏച്ചുകെട്ടലുകളില്ലാത്ത സ്വച്ഛമായ ഒഴുക്കാവുകയാണ്‌. സമാഹാരത്തിലെ മിക്ക കവിതകളും അദൃശ്യമായ ഒരു വിഷാദഛവിയാൽ പരസ്പര ബന്ധിതങ്ങളാണ്‌. സ്വന്തം നിഴൽപോലും&തുണവേണ്ടാത്തവൾ&അകലേയ്‌ക്ക്‌&അകലേയ്‌ക്കകലേക്ക്‌...(അകലെ ആകാശക്കീഴെ) എന്നും, നാലാംനാൾ&പണിയെല്ലാം തീർന്നാറേ&പഴഞ്ചൻ ചാരുകസേരമേൽച്ചാഞ്ഞ്‌&വഴിക്കണ്ണും നട്ടു കിടപ്പായി (‘കായൽത്തീരത്തൊരു വീട്‌’) എന്നും എഴുതുമ്പോഴും അതേ വിഷാദവും കാത്തിരിപ്പും തന്നെയാണ്‌ പരസ്പരം കൈകോർക്കുന്നത്‌.

വർത്തമാനവ്യഥകളിൽ മനഃശ്ശക്തിയാലെ നിർമ്മിച്ച കൽപിത ലോകത്ത്‌ സ്വപ്ന സായൂജ്യമണയുന്ന പെൺകുട്ടിയെ ‘സത്രത്തിലെ രാത്രി’ എന്ന കവിതയിൽ കാണാം. അവിടെ കാമുകൻ രമണനായും, നഗര നിബിഢത മലരണിക്കാടായും നഗര കോലാഹലങ്ങൾ അജഗണങ്ങളുടേയും കാട്ടുചോലകളുടേയും ആരവമായും പരിവർത്തനപ്പെടുന്നു. എന്നിട്ടും അവൾ ശേഫാലികയോ, ലാജവന്തിയോ, റോസ്സമാറിയയോ മാത്രമേ ആവുന്നുളളൂ- ചന്ദ്രികയെന്നു മാത്രം വിളിക്കരുതെന്ന അപേക്ഷയുമായി ഒരു ഭ്രാന്തൻ പ്രണയത്തിലേക്ക്‌ കടക്കാനാണവൾ മുതിരുന്നത്‌.

കടന്നുകയറ്റക്കാരന്റെ മുരടനക്കത്തിനു ചെവിയോർത്ത്‌ പാതി മിഴി തുറന്നുമാത്രം ഉറങ്ങാൻ വിധിക്കപ്പെട്ട വിധേയത്വമുളള നായ ജന്മങ്ങളെപ്പറ്റിയാണ്‌ ‘അകലെ, ആകാശക്കീഴെ...’ എന്ന രചന. മരയഴിയും പ്രണയവും തകർത്ത്‌ സ്വതന്ത്രയാവുന്ന നായക്കുട്ടി-കാത്തുവെയ്‌ക്കാൻ ഒന്നുമില്ലാത്തവൾക്ക്‌ തെരുവിലുമില്ല പ്രതീക്ഷകൾ എന്നറികിലും ഉദാസീനയായ്‌ ചൂളം വിളിച്ചുകൊണ്ട്‌ സ്വാതന്ത്ര്യത്തിന്റെ രുചി നുണഞ്ഞ്‌ നിസ്സംഗയായി നടക്കാൻ അവൾക്കാവുന്നുണ്ട്‌.

‘വേനലിൽ ഒരു പുഴ’ എന്ന കവിതയാവട്ടെ, സ്വാസ്ഥ്യം കവരുന്ന നിരവധി വഴിയോരക്കാഴ്‌ചകളുടെ തുന്നിക്കെട്ടലുകളാണ്‌. പുഴയുടെ വരണ്ട ആത്മാവിലും ഉറയുന്നത്‌ ശോകം തന്നെ. സമാനമായ ചില ദൃശ്യാനുഭവങ്ങളാണ്‌ ‘ഇരുളിലൂടാരോ’ എന്ന രചനയും സമ്മാനിക്കുന്നത്‌.

വിലാപപർവ്വം, വനമഹിഷം തുടങ്ങിയ രചനകളുടെ സൗന്ദര്യം, വാചാലമായ പ്രതിപാദനശൈലി അപഹരിക്കുന്നുമുണ്ട്‌.

‘കാട്ടുതീ’യിൽ തുടങ്ങി ‘വിട’യിൽ അവസാനിക്കുന്ന ഇരുപത്തി ഒമ്പത്‌ കവിതകളുടെ ഈ സമാഹാരം മടക്കിവെയ്‌ക്കും മുന്നേ വ്യത്യസ്തതകളുടെ രുചിഭേദങ്ങൾക്കിടയിൽനിന്നും ഒരു താൾകൂടി തുറക്കേണ്ടതാണെന്ന്‌ തോന്നുന്നു. അത്‌ ‘പറിച്ചുനട്ട ചെടി’ എന്ന കവിതയാണ്‌. ശ്വശുരാലയത്തിലേക്ക്‌ യാത്രയാവുന്ന നവവധു ഒരു ശതാവരിത്തയ്യിനെയും ഒപ്പം കൊണ്ടുപോയിരുന്നു. ദയാരഹിതമായ പുതിയ ലോകത്ത്‌ നഗരവൈചിത്ര്യങ്ങളിൽ വേവുമ്പോഴും അവൾ നട്ട ശതാവരിയുടെ ഇലച്ചാർത്തുകൾ പഴയ ദിനങ്ങൾ തിരികെ കൊണ്ടുവന്നു. എന്നാൽ ശ്വശ്രു ആ ചെടി പിഴുതെറിഞ്ഞു കളഞ്ഞപ്പോൾ അവൾ കരയുകയല്ല, നിഗൂഢമായി പുഞ്ചിരിക്കുകയാണ്‌ ചെയ്‌തത്‌. കാരണം ആർക്കും കാണാനാവാത്തവിധം അതിനകം അവളുടെ ആത്മാവിൽ വേരുകളാഴ്‌ത്തി ഒരു ശതാവരി വളരുവാൻ തുടങ്ങിയിരുന്നു.

ഒരു യജമാനനും ഒരിക്കലും പിഴുതെടുക്കാൻ സാധിക്കാത്തവിധം അസാമാന്യമായ കരുത്തോടെ റോസ്‌മേരിയുടെ ഓരോ കവിതയിലും മുളപൊട്ടുന്ന ഇതേ ശതാവരി തന്നെയാണ്‌ ആ രചനയുടെ ആർജ്ജവതയും.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.