പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പറുദീസ നഷ്‌ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

പുസ്‌തകപരിചയം

സുഭാഷ്‌ ചന്ദ്രൻ,

ഡിസി ബുക്‌സ്‌,

വില - 38 രൂപ

ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയത്തിനുശേഷം സുഭാഷ്‌ചന്ദ്രന്റെ കഥാസമാഹാരമാണ്‌ പറുദീസാനഷ്‌ടം. നഷ്‌ടപ്പെട്ടുപോയ സമയത്തിന്റെ കഥകൾക്കുശേഷം സ്ഥലം കേന്ദ്രപ്രമേയമായി വരുന്നവയാണ്‌ പറുദീസ നഷ്‌ടമെന്ന്‌ കഥാകൃത്ത്‌ തന്നെ പറയുന്നു. സ്ഥലം അഥവാ ഭൂമി തന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ സ്ഥലകാലങ്ങളെക്കുറിച്ചുളള കഥകൾ പ്രതിരോധത്തിന്റെ തുടക്കങ്ങളാണ്‌. തന്റേതായ ഇടം കണ്ടെത്തുവാനുളള ഇത്തരം പരിശ്രമങ്ങൾ കഥയിൽ മാത്രമല്ല സംസ്‌കാരത്തെ, ദേശത്തെതന്നെ വീണ്ടെടുക്കുവാനുളള പോരാട്ടങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതാണ്‌.

പറുദീസാ നഷ്‌ടം സൂചിപ്പിക്കുന്നത്‌ അമ്മയുടെ സംരക്ഷണയിൽനിന്ന്‌ പുറത്തേക്ക,​‍്‌ എത്തിപ്പെടുന്ന വൈഷമ്യതകളുടെ, ദുഃഖങ്ങളുടെ ഇടത്തെയാണ്‌. അതായത്‌ സമകാലിക സമൂഹത്തിൽ യുവാക്കൾ തങ്ങളുടേതായ ഇടം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ അത്‌ നഷ്‌ടപ്പെടുന്ന ഒരുവന്റെ കഥ. ഇവിടെ ഗർഭപാത്രം കാണാതാവുന്നത്‌ പറുദീസയിൽ നിന്നുളള വിഛേദത്തെ കുറിക്കുകയും സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ഒരു ലോകത്തിലേക്ക്‌ അയാൾ ചെന്നെത്തുന്നതിനെയും കുറിക്കുന്നു. കാൽപ്പനികമായ ഇടങ്ങളെ തേടിയുളള നരേന്ദ്രന്റെ യാത്രകൾ ഇവിടെ അവസാനിക്കുകയും അയാൾ യഥാർത്ഥ മാതൃരോദനങ്ങൾ (പറുദീസാ വിലാപങ്ങൾ) കേൾക്കാനിടവരുകയും ചെയ്യുന്നു.

സന്മാർഗ്ഗം പീഡിപ്പിക്കപ്പെടുന്ന വർഗ്ഗങ്ങളുടെ ചിത്രണത്തിനുപരിയായി തന്റേതുമാത്രമല്ലാത്ത ഒരു തലമുറയുടെ പ്രതികരണമില്ലായ്‌മയെ കുറിക്കുന്നു. സദ്‌ചിന്തകളുടെയും സൽസ്വഭാവങ്ങളുടെയും വിടുതൽ വളർന്നുവരുന്ന തലമുറയിൽ കൂടുതൽ വ്യക്തമാവുന്നതായി ‘സന്മാർഗ്ഗ’ത്തിൽ തെളിയുന്നു.

ഈഡിപ്പസ്‌ കോംപ്ലസ്‌ വഴി രൂപപ്പെടുന്ന കഥയാണ്‌ ഈഡിപ്പസിന്റെ അമ്മ. സോഫോക്ലിസിന്റെ നാടകത്തെ, പ്രമേയത്തെ തലകീഴാക്കി അമ്മയുടെ ചിന്തകളിലൂടെ കഥ ചലിക്കുന്നത്‌ ആഖ്യാനത്മകമാണ്‌.

‘പുത്രകാമേഷ്‌ടി’ എന്ന കഥയിൽ നവീനമായ ഒരു സൗന്ദര്യാനുഭൂതിയാണ്‌ കാണുന്നത്‌. കുട്ടികാലത്ത്‌ വായിച്ചറിഞ്ഞ അറിവുകളുമായ്‌ സ്വയംഭോഗം നടത്തി നടന്നിരുന്ന അയാൾ നാല്പതിനോടടുത്തപ്പോൾ കുട്ടികളില്ലാത്തതിനാൽ ബീജം പരിശോധിക്കാൻ വരുന്നത്‌ തന്റെ പുരുഷത്വത്തെ വീണ്ടെടുക്കുവാനുളള ശ്രമത്തിന്റെ ഫലമായാണ്‌. ‘ഞാൻ നാളെ വരാം. നാളെയല്ലെങ്കിൽ മറ്റന്നാൾ...“ പണ്ടത്തെ നേരംപോക്കുകൾ ഇന്ന്‌ ഓർമ്മകളിൽ തികട്ടിവന്ന്‌ അയാളെ അലോസരപ്പെടുത്തുമ്പോഴും ’പുത്രകാമേഷ്‌ടി‘യിൽ വിശ്വസിക്കുന്നു.

’ദൈവം ഓവൻസിന്‌ കൈകൊടുക്കുന്നത്‌‘ ഉത്തരാധുനികത സിദ്ധാന്തങ്ങൾ പ്രകാരം വ്യാഖ്യാന സാധുതകൾ നൽകുന്ന കഥയാണ്‌. വർണ്ണത്തിന്റെ പേരിൽ ലോകമെമ്പാടും ഇന്ന്‌ നടക്കുന്ന പ്രതിഷേധത്തിന്റെ ചിഹ്‌നമാണ്‌ ജെസ്സി ഓവൻസ്‌. കറുപ്പിനെ വിശിഷ്‌ട നിറമായി തിരിച്ചറിയുന്ന ജനത വെളളക്കാരന്റെ പ്രത്യയശാസ്‌ത്രങ്ങൾക്കെതിരെയുളള ബദൽ ആശയാവലി മുന്നോട്ടു വയ്‌ക്കുന്നു.

സ്വപ്‌നം എന്ന കഥയിൽ, മനുവിന്‌ ഒരാമുഖം എന്ന നോവലിലെ ഒന്നാമധ്യായം; എന്നീ കഥകൾ സ്വപ്‌ന സദൃശമായ അനുഭൂതി ഉണർത്തുന്നു. വാൻഗോഗിന്റെ ’ഉരുളക്കിഴങ്ങ്‌ തിന്നുന്നവർ‘ എന്ന പ്രസിദ്ധമായ പെയ്‌ന്റിംഗിനെ വരകളിൽ നിന്ന്‌ വാക്കുകളിലേക്ക്‌ കൊണ്ടുവരാൻ ശ്രമം നടത്തുന്നു. ഖനികളിലെ ജീവിതം പണയം വച്ച്‌ ജോലിയെടുക്കുന്ന കിഴവൻ മിറലിന്റെ ഭാവിയും വർത്തമാനവുമാണ്‌ ഈ കഥയിൽ തെളിയുന്നത്‌. അസ്വസ്ഥതകളുടെ ജീവിതപൂർത്തീകരണമാണ്‌ ഉരുളക്കിഴങ്ങ്‌ തിന്നുന്നവരിലൂടെ ഉടലെടുക്കുന്നത്‌.

സുഭാഷ്‌ ചന്ദ്രന്റെ കഥകൾ മലയാള കാൽപ്പനിക റിയലിസ്‌റ്റിക്‌ കഥകളുടെ പിൻതുടർച്ചകളും വിച്ഛേദങ്ങളുമാണ്‌ അടയാളപ്പെടുത്തുന്നത്‌. സിതാര. എസിന്റെ കഥകളിൽ കാണുന്ന വിസ്‌ഫോടനമോ ബി.മുരളിയുടെ ക്രാഫ്‌റ്റോ ഇവയിൽ കാണുന്നില്ല. മനുഷ്യന്‌ നഷ്‌ടപ്പെട്ടതും നഷ്‌ടപ്പെടാനിരിക്കുന്നതുമായ ഇടങ്ങളെ കണ്ടെത്തുവാനുളള ശ്രമങ്ങൾ ഈ കഥകളിൽ കാണുന്നു.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.