പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

തകഴി വഴി അടൂർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

സിനിമയുടെ പ്രത്യയശാസ്ര്തത്തിനു കേരളീയമായ മൗലികത കല്പിച്ചു നൽകിയ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചലച്ചിത്രം എത്തുകയാണ്‌. ജീവിതത്തിന്റെ നിസ്സാരതകളിലെ ഭാവപരിണാമത്തിന്‌ ദാർശനികതകൾ നൽകി, ചലച്ചിത്ര സങ്കല്പങ്ങളുടെ സമന്വയ സമസ്യകൾക്ക്‌ ഉത്തരം തേടുന്ന അടൂർ ശൈലി ഈ സിനിമയുടെയും പ്രത്യേകതയായി അനുഭവപ്പെടും.

പാർവശ്വവത്‌ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥ കാർഷിക ഗ്രാമ്യസംസ്‌കൃതിയുടെ പിൻബലത്തോടെ അനുഭവിക്കുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെയാണ്‌ ഇക്കുറി അടൂർ തന്റെ സിനിമയ്‌ക്ക്‌ ആസ്പദമാക്കിയിരിക്കുന്നത്‌. ഒരു നിയമലംഘനത്തിന്റെ കഥ, ചിന്നുവമ്മ, കന്യക, നിത്യകന്യക, ഒരു കൂട്ടുകാരൻ, നീതിയും നിയമവും, പങ്കിയമ്മ എന്നിങ്ങനെ തകഴിയുടെ ഏഴു ചെറുകഥകളാണ്‌ രണ്ടു സിനിമകളിലൂടെ അടൂർ സാക്ഷാത്‌കരിക്കുന്നത്‌.

ആദ്യത്തെ നാലുകഥകൾ ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയ്‌ക്കു വേണ്ടിയും, അടുത്ത മൂന്നു കഥകൾ ‘കള്ളന്റെ മകൻ’ എന്ന സിനിമയ്‌ക്കും വേണ്ടിയാണ്‌.

സ്ര്തീജിതമായ ചില മാനറിസങ്ങൾക്കപ്പുറം ജീവിതത്തിന്റെ അലംഘനീയമായ ചില നിയമപാഠങ്ങൾ ‘നാലുപെണ്ണുങ്ങളിൽ’ ആവിഷ്‌ക്കരിക്കപ്പെടുമ്പോൾ തന്നെയും മറ്റ്‌ അടൂർ സിനിമകളിൽ നിന്നും ഈ സിനിമ വേറിട്ടുനിൽക്കുന്ന ഒരനുഭവമേഖല പ്രേക്ഷകനെ കാത്തിരിക്കുന്നുണ്ട്‌. നാലു പെൺമക്കളുള്ള ഒരു കുടുംബത്തിൽ ഒരു മകൾ മാത്രം നിത്യകന്യകയായി തുടരുന്നു എന്നുള്ള അസ്തിത്വപരമായ ഒരു സമസ്യ ഈ സിനിമ ചാട്ടുളിപോലെ പുരുഷമേധാവിത്വത്തിന്റെ നെഞ്ചകത്തിലേയ്‌ക്ക്‌ എറിയപ്പെടുന്നുണ്ട്‌.

ഒരു ഫെമിനിസ്‌റ്റ്‌ ചിന്താധാരയ്‌ക്കുള്ളിൽ ഈ കഥാശൃംഖലയെ ഒരു ചിമിഴിനുള്ളിൽ എന്നതുപോലെ ഉൾക്കൊള്ളാൻ കഴിയും എന്ന പുരുഷകേന്ദ്രീകൃത ചിന്തയെ സമർത്ഥമായി കബളിപ്പിക്കുന്നുണ്ട്‌, ഈ ചലച്ചിത്രരൂപം. ഒരു സിനിമയുടെ സൗന്ദര്യശാസ്ര്തപരമായ സുരക്ഷിതത്വത്തിൽ നിന്ന്‌ ഏറെ അകലം പാലിച്ചുകൊണ്ട്‌ നിലകൊള്ളുന്ന ഒരു പ്രമേയത്തിന്റെ ശക്തി ദൗർബല്യങ്ങൾ അതേപടി അംഗീകരിച്ചുകൊണ്ടുള്ള ഒരു ആവിഷ്‌ക്കാര ശൈലിയാണ്‌ ‘കള്ളന്റെ മകൻ’ എന്ന രണ്ടാമത്തെ സിനിമയുടെ ആമുഖപാഠം.

സ്വത്വപ്രതിസന്ധി എന്ന ക്ലീഷേ ഈ സിനിമയുടെ പ്രശ്നമായി വരുന്നുണ്ടെങ്കിലും, കാർഷിക സംസ്‌കൃതിയുടെ ഹരിതപശ്ചാത്തലം സിനിമയിൽ നവീനമായ ആസ്വാദനചിന്ത ഉണ്ടാകുന്നുണ്ട്‌. ഒരു മോഷ്ടാവിന്റെ, ആകുലതകൾ നിറഞ്ഞ പകലുകൾ ഇവിടെ ‘കായകളും കൊച്ചുണ്ണി’ ശൈലിയിൽ പകർത്തുന്നില്ല. തികച്ചും വൈയക്തികമായി എടുക്കുന്ന നിലപാടുകൾ ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക്‌ അലോസരമാകുന്നില്ല എന്നിടത്താണ്‌ ‘കള്ളന്റെ മകൻ’ എന്ന രണ്ടാമത്തെ സിനിമയും വ്യത്യസ്തമാകുന്നത്‌. സിനിമയുടെ നിലപാടും ഇവിടെ വ്യക്തം.

1989ലാണ്‌ ആദ്യമായി അടൂർ പ്രശസ്തരുടെ രചനകൾക്ക്‌ ചലച്ചിത്രരൂപം നൽകി സിനിമയെടുക്കുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന കഥയെടുത്ത്‌ ‘മതിലുകൾ’ നിർമ്മിച്ചു. ആ വർഷത്തെ സംസ്ഥാന അവാർഡുകൾ ഒന്നും മതിലുകൾക്ക്‌ ലഭിച്ചില്ലെങ്കിലും ദേശീയ അവാർഡുകൾ മൂന്നെണ്ണമാണ്‌ അടൂരിനെ തേടിയെത്തിയത്‌. മികച്ച സംവിധായകനുള്ള ബഹുമതിയും, നടനുള്ള (മമ്മൂട്ടി) ബഹുമതിയും, ശബ്ദലേഖനത്തിനുള്ള (എൻ. ഹരികുമാർ) പുരസ്‌കാരവും മതിലുകൾക്കു ലഭിച്ചു.

തുടർന്ന്‌ 1993ൽ സക്കറിയായുടെ ‘ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും’ എന്ന കഥയെ അടിസ്ഥാനമാക്കി ‘വിധേയൻ’ എന്ന ചിത്രം അടൂർ അവതരിപ്പിച്ചു. ഈ സിനിമയ്‌ക്ക്‌ മികച്ച കഥയ്‌ക്കും, തിരക്കഥയ്‌ക്കും, സംവിധാനത്തിനും, നടനും ഉള്ള സംസ്ഥാനബഹുമതി ലഭിച്ചു. മികച്ച നടനുള്ള (മമ്മൂട്ടി) ദേശീയപുരസ്‌കാരവും ‘വിധേയൻ’ നേടിയെടുത്തു.

മലയാളത്തിന്റെ മുൻനിരയിലുള്ള അഭിനേതാക്കൾ തന്നെയാണ്‌ അടൂരിന്റെ ഈ ഇരട്ടസിനിമകളിൽ അഭിനയിക്കുന്നത്‌.

മുകേഷ്‌, ജഗദീഷ്‌, നെടുമുടി വേണു, മുരളി, അശോകൻ, രവി വള്ളത്തോൾ, പുന്നപ്ര അപ്പച്ചൻ, കാവ്യാ മാധവൻ, കെ.പി.എ.സി ലളിത, നന്ദിതാ ദാസ്‌, ഗീതു മോഹൻദാസ്‌, പത്മപ്രിയ, രമ്യാ നമ്പീശൻ, പ്രവീണ, ശ്രീദേവിത്തമ്പുരാട്ടി എന്നിവരാണ്‌ അടൂരിന്റെ കഥാപാത്രങ്ങളായി മാറുന്നത്‌.

തിരുവനന്തപുരം ദൂരദർശൻ ആണ്‌ ഈ സിനിമകളുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്‌. എം.ജെ രാധാകൃഷ്ണനാണ്‌ ഛായാഗ്രാഹകൻ, കലാസംവിധായകൻ രാജശേഖരനാണ്‌. സംഗീതം ഐസക്‌ തോമസ്‌ കൊട്ടുകാപ്പള്ളി.

അമ്പലപ്പുഴ, തകഴി, കരുമാടി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ സിനിമകളിൽ ആദ്യത്തെ സിനിമയായ ‘നാലു പെണ്ണുങ്ങൾ’ സെപ്‌റ്റംബറിൽ പ്രേക്ഷകർക്കു മുന്നിലെത്തും.

ബി. ജോസുകുട്ടി.

അമ്പതോളം കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥാസമാഹാരങ്ങളിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കവിതകളും എഴുതുന്നു. മേരിവിജയം മാസിക (തൃശ്ശൂർ) കഥാ അവാർഡുകൾ. ആലപ്പുഴയിലെ പ്രമുഖ ലൈബ്രറിയായ ഔവ്വർ ലൈബ്രറി കഥാ അവാർഡുകൾ, തിരുവനന്തപുരം ‘രചന’യുടെ കവിതാ അവാർഡ്‌, ബാംഗ്ലൂർ മലയാളി സമാജം അവാർഡ്‌, തൃശ്ശൂർ ‘തൂലിക’യുടെ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ പന്തലിൽ പറമ്പ്‌ തോണ്ടൻ കുളങ്ങര ആലപ്പുഴ - 688006.


Phone: 9497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.