മലയാളത്തിലെ എന്നത്തേയും മികച്ച സൂപ്പർഹിറ്റ് ചിത്രമായ ‘നാടോടിക്കാറ്റി’ന്റെ നാലാംഭാഗം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്നു. സത്യൻ അന്തിക്കാട് പ്രോജക്ടിൽ നിന്നു പിന്മാറിയതിനെ തുടർന്നാണ് റോഷന് നറുക്കുവീണിരിക്കുന്നത്. ആദ്യ മൂന്നു ചിത്രങ്ങളുടെയും രചന നിർവ്വഹിച്ച ശ്രീനിവാസൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് റോഷൻ ഇതുവരെയും കടന്നിട്ടില്ല. മോഹൻലാലും ശ്രീനിവാസനും പ്രതിനിധീകരിക്കുന്ന ദാസനും വിജയനും പുതിയ കേസന്വേഷിക്കാൻ എത്തുന്നതായാണ് സിനിമ.
‘ഉദയനാണ് താര’ത്തിന്റെ ഹിന്ദി റീമേക്ക് പൂർത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കും. അനിൽകപൂർ നായകനാകുന്ന ഹിന്ദി ചിത്രത്തിന്റെ നിർമാണ ജോലികൾ തുടങ്ങിക്കഴിഞ്ഞു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി മലയാളത്തിൽ ഒരു സിനിമ ഒരുക്കാനും മികച്ച നവാഗത സംവിധായകനുളള സംസ്ഥാന പുരസ്കാരം നേടിയ റോഷന് പദ്ധതിയുണ്ട്. വരുന്ന 19-നാണ് ഈ യുവസംവിധായകൻ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. തൃശൂർ സ്വദേശിനിയും ടെലിവിഷൻ അവതാരകയുമായ ആൻസിയാണ് വധു.