പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ശ്രീനിവാസൻ എന്ന സിനിമാസ്വരൂപം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

മലയാള സാഹിത്യ-ചലച്ചിത്ര രംഗത്ത്‌ ലജൻഡുകളുടെ ആവിർഭാവം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തുടങ്ങിയെന്നുവേണം കരുതാൻ. മുമ്പൊക്കെ ഏതെങ്കിലും കൃതികളെയോ സിനിമകളെയോ ക്ലാസ്സിക്കുകളെന്നോ ഇതിഹാസമെന്നോ വിളിച്ചിരുന്നത്‌ ക്രമേണ വ്യക്തികളിലേയ്‌ക്കും സംക്രമിച്ച്‌ തുടങ്ങി.

സാഹിത്യരംഗത്ത്‌ ലബ്ധപ്രതിഷ്‌ഠനായ ഒരു ലജൻഡായി മാറിയത്‌ വൈക്കം മുഹമ്മദ്‌ ബഷീറാണ്‌. ബേപ്പൂർ സുൽത്താൻ, നവാബ്‌ എന്ന പല പേരുകളിലും ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ കൊണ്ടാടാൻ തുടങ്ങി. അദ്ദേഹം അന്തരിക്കുന്നതിന്‌ ഏകദേശം ഇരുപത്‌-ഇരുപത്തഞ്ച്‌ വർഷം മുമ്പു തന്നെ, എഴുത്ത്‌ നിർത്തിയെന്നതാണ്‌ സത്യം. പക്ഷേ, മലയാളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന കൃതികൾ ബഷീർ സാഹിത്യമായിരുന്നു. ഇന്നും അത്‌ തന്നെയാണ്‌ സ്ഥിതി. അദ്ദേഹത്തെ എഴുത്തുകാരിലെ കുലപതിയെന്നോ, ലെജൻഡ്‌ എന്നോ വിളിക്കുന്നതിൽ യാതൊരപാകതയുമില്ല.

പിന്നീടാരംഗത്തേയ്‌ക്ക്‌ കടന്നുവന്നിരിക്കുന്നത്‌ എം.ടി വാസുദേവൻനായരാണ്‌. സാഹിത്യരംഗത്തെന്നപോലെ സിനിമാരംഗത്തും മുൻപന്തിയിൽ നിൽക്കുന്നതിനാൽ അദ്ദേഹത്തേയും ലജൻഡ്‌ എന്ന്‌ പ്രകീർത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. ജ്ഞാനപീഠ അവാർഡ്‌ ജേതാവ്‌, നിർമ്മാല്യം എന്ന സിനിമയിലൂടെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം എന്നിവയ്‌ക്കു പുറമെ, തിരക്കഥാരംഗത്ത്‌ ഏറ്റവും കൂടുതൽ ദേശീയപുരസ്‌കാരം നേടിയ പ്രതിഭ എന്നീ വിശേഷണങ്ങളുള്ളതിനാൽ അദ്ദേഹത്തേയും അങ്ങനെ വിളിക്കാവുന്നതാണ്‌. സിനിമാരംഗത്ത്‌ പിന്നീട്‌ കടന്ന്‌ വന്ന പ്രതിഭ അടൂർ ഗോപാലകൃഷ്ണനാണ്‌. ആദ്യസിനിമയായ സ്വയംവരത്തിലൂടെ മലയാള സിനിമാരംഗത്ത്‌ ഒരു വഴിത്തിരിവ്‌ സൃഷ്ടിച്ച വ്യക്തി എന്നതിന്‌ പുറമെ എലിപ്പത്തായം, അനന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമാരംഗത്തും പ്രാമുഖ്യം നേടിക്കഴിഞ്ഞു. ഇനിയിപ്പോൾ അദ്ദേഹം ഒരു സിനിമാ നിർമ്മാണം തുടങ്ങുമ്പോൾ തന്നെ ലോകസിനിമാരംഗം ശ്രദ്ധിക്കുന്നു. ചിത്രം നിർമ്മിച്ചുകഴിഞ്ഞാൽ ആദ്യപ്രദർശനം മിക്കവാറും ഏതെങ്കിലും വിദേശ ഫിലിം ഫെസ്‌റ്റിവലുകളിലായിരിക്കും. ഇതൊക്കെ മറ്റൊരു മലയാളിക്കും നേടാൻ കഴിയാത്ത ഭാഗ്യമെന്നോ നേട്ടമെന്നോ പറയാവുന്ന പ്രതിഭാസമാണ്‌. സിനിമാരംഗത്ത്‌ അടൂർ ഗോപാലകൃഷ്ണന്‌ ലഭിച്ചത്ര പ്രശസ്തി വേറൊരാൾക്കും മലയാളത്തിൽ ലഭിച്ചിട്ടില്ല. മറ്റുള്ള സിനിമകളൊക്കെ പ്രകീർത്തിക്കപ്പെടുക അതിലെ പ്രധാന നടന്മാരുടെ മേൽവിലാസത്തിലായിരിക്കും - പ്രത്യേകിച്ചും മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർസ്‌റ്റാറുകളുടെ പേരിലറിയപ്പെടുമ്പോൾ, അടൂർ ഗോപാലകൃഷ്ണന്റെ ചിത്രം അറിയപ്പെടുക, അദ്ദേഹത്തിന്റെ പേരിൽത്തന്നെയായിരിക്കും. അതു തന്നെയാണ്‌ അദ്ദേഹത്തിന്റെ തനിമ.

ചലച്ചിത്രരംഗത്ത്‌ പുതുതായി രംഗപ്രവേശം ചെയ്ത പ്രതിഭാസം - ശ്രീനിവാസനാണ്‌. തിരക്കഥാകൃത്ത്‌, നടൻ, സംവിധായകൻ, നിർമ്മാതാവ്‌ - അദ്ദേഹത്തെ ഒരു ബഹുമുഖ പ്രതിഭയായി മലയാള സിനിമാലോകം കാണാൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ ഈ രംഗത്തൊന്നും ഒരു മേൽക്കൈയുണ്ടെന്ന്‌ പറയാറായിട്ടില്ല. ഒരഭിനേതാവ്‌ എന്ന നിലയിൽ ശ്രീനിവാസൻ ശരാശരി നിലവാരമേ പുലർത്തുന്നുള്ളൂ. ശ്രീനിവാസൻ ആദ്യം അഭിനയിച്ച ചിത്രം പി.എ ബക്കർ സംവിധാനം ചെയ്ത ‘സംഘഗാന’മാണെന്നാണ്‌ ഈ ലേഖകന്റെ ഓർമ്മ. ഒരു തുടക്കക്കാരനെന്ന നിലയിലുള്ള പരിഭ്രാന്തിയും പതർച്ചയും വന്നുപെട്ടത്‌ ഒരു കുറ്റമായി കാണാനാവില്ല. പക്ഷേ പിന്നീട്‌ വന്ന ഒരു ചിത്രത്തിലെങ്കിലും മേന്മയേറിയ ഒരു പ്രകടനം - കഴിഞ്ഞവർഷം പുറത്തുവന്ന്‌ തകരച്ചെണ്ടയൊഴികെ - ഒന്നിലും കണ്ടതായി ഓർമ്മയില്ല. പ്രിയദർശൻ, സത്യൻ അന്തിക്കാട്‌ എന്നിവരുടെ സംവിധാനത്തിൽ വന്ന ചിത്രങ്ങളിൽ അദ്ദേഹം പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയത്‌, സന്ദർഭത്തിനനുയോജ്യമായ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ ഇഴകോർത്ത്‌ കിടക്കുന്ന നർമ്മത്തിന്റെ ചാരുതകൊണ്ടാണ്‌. (പല ചിത്രങ്ങളുടെയും തിരക്കഥയും സംഭാഷണവും ശ്രീനിവാസനായിരിക്കും). നാടോടിക്കാറ്റ്‌, ഗാന്ധിനഗർ സെക്കന്റ്‌സ്‌ട്രീറ്റ്‌, സന്മനസ്സുള്ളവർക്ക്‌ സമാധാനം, വരവേല്പ്‌, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ്‌, സന്ദേശം, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത്‌ തുടങ്ങി ‘ഉദയനാണ്‌ താരം’വരെ നിരവധി ചിത്രങ്ങളിൽ സംഭാഷണത്തിന്റെ ചടുലതയും ചാരുതയുംകൊണ്ടാണ്‌. പ്രേക്ഷകർ ശ്രീനിവാസനോടൊപ്പമായിരിക്കും. പക്ഷേ, ശ്രീനിവാസന്റെ അഭിനയത്തികവ്‌ കൊണ്ടാണ്‌ പ്രേക്ഷകർക്ക്‌ പ്രിയങ്കരനാവുന്നത്‌ എന്ന്‌ ധരിക്കുന്നത്‌ ശുദ്ധ ഭോഷ്‌കായിരിക്കും.

പ്രേക്ഷകർ കുലുങ്ങിച്ചിരിക്കുന്നത്‌ ശ്രീനിവാസന്റെ അഭിനയമേന്മകൊണ്ടാണെന്ന്‌ കണക്കാക്കാതിരിക്കുക - സന്ദർഭത്തിനനുയോജ്യമായ സംഭാഷണം ഉരുവിടാൻ സാധിക്കുന്നത്‌ പ്രേക്ഷകർ സ്വീകരിക്കുന്നു; അത്രമാത്രം. നിരവധി ചിത്രങ്ങളിൽ ഈ മാതിരി സന്ദർഭങ്ങൾ കാണാനാകും. അവിടെയൊക്കെ പ്രേക്ഷകർ ശ്രീനിവാസനോടൊപ്പമാവുന്നത്‌ നേരത്തേ സൂചിപ്പിച്ചപോലെ സംഭാഷണത്തിലുടനീളം പ്രകടമാവുന്ന നർമ്മത്തിന്റെ ചാരുതയും സന്ദർഭത്തിനനുയോജ്യമായി ആ രംഗങ്ങൾ സംവിധായകൻ അണിയിച്ചൊരുക്കിയതും കൊണ്ടാണ്‌.

പക്ഷേ, ഒരു തിരക്കഥാകൃത്ത്‌ എന്ന നിലയിൽ ശ്രീനിവാസൻ ഏറെ മുന്നോട്ടു പോയതായി കാണാം. ലബ്ധപ്രതിഷ്‌ഠനായ എം.ടി വാസുദേവൻ നായർ, അന്തരിച്ച പത്മരാജൻ എന്നിവർക്ക്‌ ശേഷം ആ രംഗത്ത്‌ തൊട്ടടുത്ത്‌ നിൽക്കുന്നത്‌ ശ്രീനിവാസൻ തന്നെയാണ്‌. എം.ടി ഇപ്പോൾ തിരക്കഥാരംഗത്ത്‌ സജീവമല്ലാതായതും പത്മരാജന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും ഒരളവ്‌ വരെ പരിഹരിക്കുന്നത്‌ ശ്രീനിവാസൻ ഈ രംഗത്ത്‌ വന്നതോടെയാണ്‌. മറ്റുള്ളവരെല്ലാം വെറും സംഭാഷണം എഴുത്തുകാർ മാത്രമായി മാറിയിരിക്കുന്നു. മനോഹരമായ, അനുയോജ്യമായ പദങ്ങൾ കോർത്തിണക്കിയ സംഭാഷണങ്ങൾ എഴുതാനും സാധാരണക്കാരുടെയും അധഃസ്ഥിതരുടെയും വിഷയങ്ങൾ കൈകാര്യം ചെയ്യാനും ലോഹിതദാസ്‌ രംഗത്തുണ്ടെങ്കിലും മുഹൂർത്തങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം മിക്കയിടത്തും പരാജയപ്പെടുന്നു. ഭരതൻ ചിത്രങ്ങളിൽ കാണിച്ച മേന്മ ജോൺപോളിന്‌ നിലനിർത്താനുമായില്ല. ഗൗരവമേറിയ വിഷയങ്ങൾ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നുവെന്നിടത്താണ്‌ ശ്രീനിവാസൻ വിജയം കണ്ടെത്തുന്നത്‌.

ജപ്തി ഭീഷണിയിൽ കിടക്കുന്ന തറവാടിന്റെ കടം വീട്ടാൻ, നഗരത്തിലെ വാടകയ്‌ക്ക്‌ കൊടുത്ത വീട്ടിലെ വാടകവീട്ടുകാരെ ഒഴിപ്പിച്ച്‌, അത്‌ വിറ്റ്‌ കടം വീട്ടാൻ പാടുപെടുന്ന ചെറുപ്പക്കാരന്റെ മുന്നിൽ വന്നുപെടുന്ന വൈതരണികൾ അവതരിപ്പിക്കുന്ന സന്മമനസ്സുള്ളവർക്ക്‌ സമാധാനം, ഒരു തൊഴിലിനുവേണ്ടി ഒട്ടും ഇണങ്ങാത്ത ഗൂർഖയുടെ വേഷം കെട്ടേണ്ടിവരുന്ന നാട്ടിൻപുറത്തുകാരനായ തൊഴിലന്വേഷിയുടെ കഥ പറയുന്ന ‘ഗാന്ധിനഗർ സെക്കന്റ്‌ സ്ര്ടീറ്റ്‌’ ഗൾഫിൽ പോയി സമ്പാദിച്ചുകൊണ്ടുവന്നപണം മുഴുവനും മനസ്സിന്റെ ശുദ്ധഗതിമൂലം നഷ്ടത്തിലോടുന്ന ബസ്സും, ആ റൂട്ടും വാങ്ങി, ബസ്സ്‌ ജീവനക്കാരെയും ഉദ്യോഗസ്ഥപ്രമാണിമാരെയും തൊഴിലാളി നേതാക്കളെയും പിണക്കി, ഉള്ളതെല്ലാം തുലച്ച്‌ വീണ്ടും തൊഴിലിനായി ഗൾഫിലേക്കു പോകുന്ന ഹതഭാഗ്യന്റെ കഥയായ ‘വരവേല്പ്‌’ അന്യനാട്ടിൽ പോയി ജോലി ചെയ്തു സമ്പാദിച്ച പണവും സമ്പാദ്യവും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട്‌ രാഷ്ര്ടീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ബിരുദധാരികളായ രണ്ടാൺമക്കൾ മൂലം ഉള്ളതെല്ലാം അന്യാധീനപ്പെട്ട്‌ മകളുടെ വിവാഹം നേരെ ചൊവ്വേ പോലും നടക്കാനാവാതെ നിസ്വനായി മാറിയ അച്ഛന്റെ കഥ പറയുന്ന ‘സന്ദേശം’ ഭാര്യയുടെ ദുരഭിമാനത്തിന്‌ വഴങ്ങി, അവളുടെ ആഢംബരപൂർണ്ണമായ ജീവിതത്തിന്‌ വേണ്ടി, കൈക്കൂലി വാങ്ങി, അവസാനം ജയിലിൽ വരെ പോവേണ്ടിവരുന്ന ഒരു വർക്ക്‌ സൂപ്രണ്ടിന്റെ കഥയായ ‘തലയണമന്ത്രം’ സിനിമാരംഗത്തെ പാരവയ്‌പ്പും ഏഷണിയും - പിന്നെ സൂപ്പർതാരത്തിന്റെ പൊങ്ങച്ചവും ജാടയും മൂലം കഷ്ടപ്പെടേണ്ടിവരുന്ന നിർമാതാവും സംവിധായകനും വരെയുള്ളവരുടെ കഥയായ ‘ഉദയനാണ്‌ താരം’ ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്നുള്ളിടത്താണ്‌ ശ്രീനിവാസൻ വിജയം കണ്ടെത്തുന്നത്‌. ഈ വ്യത്യസ്തങ്ങളായ വിഷയങ്ങളാവട്ടെ, സാധാരണക്കാരുടെ പ്രശ്നങ്ങളെന്നതിലുപരി, അവ അവരുടേതായ ഭാഷയിൽ എഴുതുന്നു. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ - വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള - ഇവയും പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട്‌ പ്രേക്ഷകർക്ക്‌ പ്രിയങ്കരമായിത്തീരുന്നു. എം.ടിയുടെ ഭാഷയുടെ സൗന്ദര്യമോ, തീവ്രതയോ, പത്മരാജന്റേതുപോലുള്ള ഏതെങ്കിലും വിഷയത്തിലേയ്‌ക്കിറങ്ങിച്ചെന്നുള്ള ആഴത്തിലുള്ള പരിശോധനയോ ഒന്നും കണ്ടെന്നുവരില്ല. പക്ഷേ, കഥാപാത്രങ്ങൾ ഒരിക്കലും ദന്തഗോപുരവാസികളല്ല. ഭൂമിയിലേയ്‌ക്കിറങ്ങിവന്ന കഥാപാത്രങ്ങൾ - അവരുടെ ദുഃഖങ്ങളും പ്രശ്നങ്ങളും അതോടൊപ്പം കൊച്ചുകൊച്ചു സന്തോഷങ്ങളും മോഹങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്‌ക്കുന്നു. ഒപ്പം ചില കുസൃതികളും കുന്നായ്മയും അതുമൂലം വന്ന്‌ ഭവിക്കുന്ന ഭവിഷ്യത്തുകളും - എല്ലാം പ്രേക്ഷകരുടേതാക്കി മാറ്റുന്നു.

ഇതൊക്കെയാണെങ്കിലും ഒരു മികച്ച തിരക്കഥാകൃത്തിനു വേണ്ട മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നിടത്ത്‌ - ചിലപ്പോൾ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണം - ഇവയൊക്കെ യുക്തിക്ക്‌ നിരക്കുന്നതായിരിക്കില്ല. അതോ നമ്മുടെ പ്രേക്ഷകർക്ക്‌ ഇങ്ങനൊക്കെ മതി എന്നു ധരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, പലപ്പോഴും അരോചകമാവാറുണ്ട്‌.

‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിലെ ഒരു രംഗം തന്നെ എടുക്കുകഃ തങ്ങളുടെയൊക്കെ ഭൂമി പുതുതായി വരുന്ന വിമാനത്താവളത്തിനു വേണ്ടി എടുക്കുമെന്നുള്ള വാർത്ത വരുമ്പോൾ - തദ്ദേശവാസികളായ രണ്ട്‌ സ്ര്തീകളുടെ സംഭാഷണം - ‘ഇനി കാലത്തെ മീൻ വാങ്ങാൻ വിമാനത്തിൽ പോയി വേഗം മടങ്ങിവന്ന്‌ കറിവയ്‌ക്കാ’മെന്നൊക്കെ പറയുന്നത്‌ - എത്‌ അതിശയോക്തി ആയിട്ടല്ല, ആത്മാർത്ഥമായിത്തന്നെയാണവർ പറയുന്നത്‌ - നമ്മുടെ നാട്ടിലെ ഏത്‌ പ്രേക്ഷകനാണ്‌ ഇതൊക്കെ കണ്ടും കേട്ടും അപ്പാടെ വിശ്വസിക്കാൻ പോവുന്നത്‌? നമ്മുടെ നാട്ടിലെ നിരക്ഷരരായ ആൾക്കാർപോലും വിമാനയാത്ര വലിയ സാമ്പത്തികബാദ്ധ്യത വരുത്തിവയ്‌ക്കുന്ന ഒന്നാണെന്നറിയാമെന്നിരിക്കെ - ഇങ്ങനൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌.

ഇനിയൊന്ന്‌ ഒരേ ആശയം - രണ്ടു ചിത്രങ്ങളിൽ ആവർത്തിച്ചു കാണുന്നുവെന്നതാണ്‌. രണ്ടു ചിത്രങ്ങളും കാണേണ്ടിവരുന്ന പ്രേക്ഷകർക്ക്‌ ആവർത്തന വിരസതയുടെ കല്ലുകടി സഹിക്കേണ്ടിവരുന്നത്‌ ചൂണ്ടിക്കാണിക്കാതെ പറ്റില്ല. ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലാണ്‌ ഭാര്യയെ പരീക്ഷിക്കാനായി കിടപ്പുമുറിയിലെ അലമാരിയിൽ കടന്ന്‌ ഒളിച്ചിരിക്കുന്ന ഒരുവന്റെ അനുഭവം - കള്ളനാണെന്ന്‌ കരുതി, ഭാര്യയും വീട്ടുകാരും അയൽപക്കത്തുള്ളവരും കൂടി അയാളെ പിടിച്ച്‌ പെരുമാറുന്ന രംഗം - ഇത്‌ വീണ്ടും ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന ചിത്രത്തിലും ആവർത്തിച്ച്‌ കണ്ടു. വാസ്തവത്തിൽ ഈ ആശയം ശ്രീനിവാസന്റേതല്ല. 1970ൽ പുറത്തിറങ്ങിയ കെ.എസ്‌ സേതുമാധവന്റെ ‘വാഴ്‌വേമായം’ എന്ന ചിത്രത്തിൽ സമാനമായ ഇങ്ങനൊരു രംഗം കാണാം. ഭാര്യ താനില്ലാത്ത നേരത്ത്‌ പരപുരുഷനെ സ്വീകരിക്കുന്നോ എന്ന്‌ പരീക്ഷിക്കാനായി ദൂരെ എവിടെയോ പോകുന്നെന്ന്‌ പറഞ്ഞ്‌, പിന്നീട്‌ ഭാര്യ അറിയാതെ കിടപ്പുമുറിയിലെ അലമാരിക്ക്‌ പിന്നിൽ പതിയിരിക്കുകയാണ്‌ ഭർത്താവ്‌. രാത്രി കാല്‌ തട്ടി, അലമാരിയുടെ മുകളിലെ ചെറിയ പ്രതിമ താഴെ വീഴുന്നതോടെ ഞെട്ടിയുണരുന്ന ഭാര്യ, സംശയരോഗമുള്ള ഭർത്താവിനെ വിട്ട്‌ വീട്ടിലേയ്‌ക്ക്‌ പോകുന്നു. അന്തരിച്ച പ്രശസ്ത നടൻ സത്യനും ഷീലയും മത്സരിച്ചെന്നപോലെ അഭിനയിച്ച ഈ ചിത്രത്തിലെ കഥയുടെ വഴിത്തിരിവ്‌ സൃഷ്ടിക്കുന്ന ശക്തമായ മുഹൂർത്തമാണാ സീനിലൂടെ ഉരുത്തിരിയുന്നത്‌. ആ സിനിമയിലെ രംഗമാണ്‌ അല്പസ്വല്പം വ്യത്യാസത്തോടെ ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്‌. വീണ്ടും അതുപോലൊരു സീൻ ശ്രീനിവാസൻ തന്നെ തിരക്കഥയെഴുതിയ ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന ചിത്രത്തിലും ആവർത്തിച്ചിരിക്കുന്നു. ഇവിടെ കഥാപാത്രങ്ങളായി വരുന്നത്‌ ജയറാമും സൗന്ദര്യയുമാണെന്നു മാത്രം.

കാലത്തിന്റെ കുത്തൊഴുക്കിൽ പ്രേക്ഷകരിൽ മാറ്റം വരാം. ‘വാഴ്‌വേമായം’ കണ്ട ‘70ലെ ആൾക്കാർ ഇപ്പോൾ പലരും ഇല്ലെന്നിരിക്കാം. മാത്രമല്ല പുതിയ തലമുറ പഴയകാലത്തെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രം ടിവിയിൽ വന്നാൽപോലും കാണാൻ താല്പര്യപ്പെട്ടില്ലെന്നും വരാം. പക്ഷേ, ’70കളിലെ ഒരു ചിത്രത്തിൽ വന്നത്‌ പിന്നീട്‌ 90കളിൽ വന്ന ഒരു ചിത്രത്തിലും വീണ്ടും പുതിയ നൂറ്റാണ്ടിന്റെ പിറവിയോടെ വന്ന ഒരു ചിത്രത്തിലും ആവർത്തിക്കുന്നതെന്തിന്‌? ആശയദാരിദ്ര്യമാണോ കാര്യം?

ഇനിയുമുണ്ട്‌ സമാനമായ വേറൊരു സീൻ ആവർത്തിക്കുന്ന ചിത്രങ്ങൾ. ടി.പി ബാലഗോപാലൻ എം.എ ഃ മോഹൻലാൽ വേഷമിട്ട ജ്യേഷ്‌ഠ സഹോദരന്‌ അനിയത്തിയുടെ വിവാഹം മോടിയിൽ നടത്തിക്കൊടുക്കാനാവാതെ വരുമ്പോൾ - ‘നിന്റെ വിവാഹം ഇങ്ങനെ നടന്നുകാണാനല്ല ഞാനാഗ്രഹിച്ചത്‌’ - അവിടെ മോഹൻലാലിന്റെ മികച്ച അഭിനയം - അനിയത്തിയെ വിവാഹം കഴിക്കുന്ന മണിയൻപിള്ള രാജുവിന്റെ മുഖത്തെ ഭാവമാറ്റം - പ്രേക്ഷകരുടെ മിഴികൾ ഈറനണിഞ്ഞ ഒരു സീനാണ്‌. വീണ്ടും അതുപോലൊരു സീൻ ‘സന്ദേശം’ എന്ന ചിത്രത്തിലും കാണാൻ കഴിഞ്ഞു. ഇവിടെ വ്യത്യസ്തങ്ങളായ രാഷ്ര്ടീയപാർട്ടികളിൽ പ്രവർത്തിക്കുന്ന മക്കളുടെ ധൂർത്തടിമൂലം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അച്ഛൻ, മകളുടെ വിവാഹം മോടിയിൽ നടത്തിക്കൊടുക്കാനാവാതെ വരുമ്പോൾ പറയുന്ന വാക്കുകൾ, ടി.പി ബാലഗോപാലൻ എം.എയിലെ ജ്യേഷ്‌ഠൻ പറയുന്ന അതേ വാക്കുകൾ - അതേ പോലത്തെ സീൻ - സ്‌ക്രീൻപ്ലേ ഒരുക്കിയതും സംവിധാനം ചെയ്യുന്നതും ഒരേ ആൾക്കാർ - അഭിനേതാക്കൾക്കേ മാറ്റമുള്ളൂ. അച്ഛനായി വരുന്നത്‌ തിലകനാണെന്ന്‌ മാത്രം. പ്രേക്ഷകരുടെ ഓർമ്മശക്തി പരീക്ഷിക്കാനുള്ള ശ്രമമാണോ പിന്നിൽ?

ചിന്താവിഷ്ടയായ ശ്യാമളയിലെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്‌ രംഗവും ഇതുപോലെ യുക്തിക്ക്‌ നിരക്കാത്ത ഒന്നാണ്‌. പരസ്യചിത്രങ്ങളും ഡോക്യുമെന്റികളും നിർമ്മിക്കുന്നത്‌ സംവിധാനത്തിന്റെ ബാലപാഠംപോലും അറിയാത്തവരാണെന്ന്‌ പറഞ്ഞ്‌ വയ്‌ക്കാനാണെങ്കിൽ - മിതമായ ഭാഷയിൽ പറഞ്ഞാൽ വേറൊരു മാർഗ്ഗം സ്വീകരിക്കണമായിരുന്നു.

‘ഉദയനാണ്‌ താരം’ റിലീസായതോടെയാണ്‌ ശ്രീനിവാസനെ ഒരു ലെജൻഡായി കൊണ്ടാടാൻ മലയാള സിനിമാ ലോകം തയ്യാറാവുന്നത്‌. അതോടെ അയാൾ മലയാള സിനിമാരംഗത്ത്‌ തിരക്കഥാകൃത്തുക്കളുടെ ഇടയിൽ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ച്‌ കഴിഞ്ഞു. വാസ്തവത്തിൽ ഈ ചിത്രവും അക്രമിച്ച ഒന്നല്ല. സിനിമയിലെ പിന്നാമ്പുറ വിശേഷങ്ങളും അണിയറ രഹസ്യങ്ങളും ഇതിനു മുമ്പും പലപല സിനിമകളിലും വന്നിട്ടുള്ളതാണ്‌. തിക്കുറിശ്ശി സ്‌ക്രീൻപ്ലേ എഴുതി സംവിധാനം ചെയ്ത ‘ഉർവ്വശി ഭാരതി’ കെ.ജി ജോർജ്ജിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ ബായ്‌ക്ക്‌’ - പെട്ടെന്നോർമ്മ വരുന്ന ചിത്രങ്ങൾ ഇവയാണ്‌. സിനിമയിലെ സൂപ്പർതാരങ്ങളുടെ പൊങ്ങച്ചവും ജാടയും കൈകാര്യം ചെയ്തുകൊണ്ടാണ്‌ ‘ഉദയനാണു താരം’ ഹിറ്റായത്‌. ‘സൂപ്പർതാരത്തിന്റെ’ ജാട - ഇന്നത്തെ മുഖ്യ സൂപ്പർതാരങ്ങളെ ഊന്നി നിൽക്കുന്നതാവുമ്പോൾ - പ്രേക്ഷകർ ഈ ചിത്രം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചുവെന്നതാണ്‌ വാസ്തവം. ‘

കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ അവസാനത്തെ പതിനഞ്ച്‌ മിനിട്ട്‌ നേരത്തെ ക്ലൈമാക്സിന്റെ വ്യത്യസ്തത - മമ്മൂട്ടിയുടെ അഭിനയം - ചിത്രം ഹിറ്റാവുന്നു. ഉദയനാണ്‌ താരം മുതൽ കിട്ടിയ മുന്തിയ പരിഗണന ഈ ചിത്രത്തോടെ ഒന്നുകൂടി മുന്നിലെത്തിക്കുന്നു. ശ്രീനിവാസനെ ഒരു ലെജൻഡാക്കി മാറ്റുന്ന ഘടകം കഥയിലെ കൃഷ്ണകുചേലകഥയുടെ പുതിയ ഭാഷ്യം മാത്രമല്ല, ആ സിനിമ ഇപ്പോൾ തമിഴിൽ റീമേക്കായി വരുന്നിടത്തുമാണ്‌. മമ്മൂട്ടി ‘കഥപറയുമ്പോൾ’ എന്ന ചിത്രത്തിലഭിനയിച്ച റോൾ തമിഴിൽ അഭിനയിക്കുന്നത്‌ ശ്രീനിവാസന്റെ അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ സതീർത്ഥ്യനായിരുന്ന രജനികാന്ത്‌. കൃഷ്ണകുചേലകഥയ്‌ക്ക്‌ ഇവിടെ ശ്രീനിവാസന്റെ ചെറുപ്പവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതും അദ്ദേഹത്തെ ഇക്കാര്യത്തിൽ സഹായിച്ചു.

ഇനി ശ്രീനിവാസന്റെ ഊഴമാണ്‌. കഴിഞ്ഞുപോയ കാലത്തെ പോലെ തന്നെ തന്റെ കഴിവിനേക്കാളേറെ - പരിമിതികളെ നല്ലവണ്ണം മനസ്സിലാക്കി മുന്നോട്ട്‌ പോയാൽ ഈ പദവി കാത്തുസൂക്ഷിക്കാം.

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.