പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ -3 ടെന്‍ കമാന്മെന്റ്സ് ( 1923, 1956) സെസില്‍ബി ഡിമെല്ലെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

ബൈബിള്‍ ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ചിത്രം. സംവിധായകന്‍ സെസില്‍ബി ഡിമെല്ലെ 1923 - ല്‍ നിര്‍മ്മിച്ച നിശബ്ദ ചിത്രവും 1956 - ല്‍ പിന്നീട് ഒരുക്കിയ പുനരാവിഷ്ക്കരണവും സാമ്പത്തികമായും കലാപരമായും മികച്ച ചിത്രങ്ങളായിട്ടാണ് വിലയിരുത്താറ്. 6 കോടി 50 ലക്ഷം ഡോളര്‍ അമ്പതുകളുടെ രണ്ടാം പകുതിയില്‍ ലഭിച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍, യുള്‍ബ്രിന്നര്‍, ആനിബക്സ്റ്റര്‍, എഡ്വേര്‍ഡ് ജി റോബിന്‍സണ്‍, എന്നിവരാണ് മുഖ്യ താരങ്ങള്‍. ഏറ്റവും നല്ല നടനം , ഏറ്റവും നല്ല ചിത്രത്തിനും ഉള്‍പ്പെടെ ഏഴ് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രത്തിലെ സ്പെഷല്‍ ഇഫക്ടിസിന് ( ചെങ്കടല്‍ രണ്ടായി പിളരുന്ന ദൃശ്യം ) ഓസ്കര്‍ അവാര്‍ഡ് ലഭിച്ചു. മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രേക്ഷകര്‍ കൈയും നീട്ടി സ്വീകരിച്ചുവെന്നതിന് തെളിവാണ് വന്‍ സാമ്പത്തിക വിജയം നേടാനായി എന്നത് സൂചിപ്പിക്കുന്നത്. അമ്പത് വര്‍ഷങ്ങള്‍‍ക്ക് ശേഷം 2009 - ല്‍ നടത്തിയ പ്രേക്ഷകരുടെ സര്‍വ്വേയില്‍ ഏറ്റവും മികച്ച പത്ത് ചിത്രങ്ങള്‍ തിരെഞ്ഞെടുത്തതില്‍ 10 - ആം സ്ഥാനത്ത് ടെന്‍ കമാന്മെന്റ്സ് വന്നിട്ടുണ്ട്. ഈജിപ്ഷ്യന്‍ ഭരണാധികാരിയായ ഫറോവയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരുവന്‍ ഹീബ്രു വംശത്തില്‍ ജനിക്കാന്‍ പോകുന്നുവെന്ന് പ്രവചനം വന്നപ്പോള്‍ , ആ വംശത്തില്‍ ഇനി ജനിക്കാന്‍ പോകുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളേയും കൊല്ലാന്‍ ഫറോവ ഉത്തരവിടുന്നു. പട്ടാളത്തിന്റെ നിരീക്ഷണത്തില്‍ പെട്ട , പ്രസവമടുത്ത ഒരമ്മ കുഞ്ഞ് ജനിച്ചപ്പോള്‍ , അതിനെ രക്ഷപ്പെടുത്താനായി നൈല്‍ നദിയില്‍ ഒഴുക്കി വിടുന്നു. ആ കുഞ്ഞ് ഒഴുകി, ചെന്ന് പെടുന്നത് നദിയില്‍ കൂട്ടുകാരുമൊന്നിച്ച് കുളിക്കുകയായിരുന്ന ഫറോവയുടെ സഹോദരിയുടെ കൈകളിലാണ്. കുഞ്ഞിനെ നദിയില്‍ നിന്നെടുത്ത ജോലിക്കാരി ഹീബ്രു വംശജനാണെന്ന് പറയുന്നുണ്ടെങ്കിലും അത് വകവയ്ക്കാതെ ഫറോവയുടെ സഹോദരി , ഈ വിവരം മറ്റാരേയും അറിയിക്കരുതെന്ന് ജോലിക്കാരിയെ വിലക്കുന്നു. പിന്നെ കുഞ്ഞിനെ കൊട്ടാരത്തില്‍ കൊണ്ടു പോയി ‘ മോസസ്സ്’ എന്ന പേരില്‍ വളര്‍ത്തുന്നു.

കാലങ്ങള്‍ ചെല്ലുമ്പോള്‍ മോസസ്സ് സൈന്യത്തിന്റെ നേതാവാ‍യി ഫറോവയുടെ വിശ്വസ്തനായി മാറുന്നത് തനിക്ക് കീഴടക്കാന്‍ കഴിയാതിരുന്ന എത്യോപ്യന്‍ സൈന്യത്തെ കീഴടക്കി അവിടെ ഫറോവയുടെ കിരീടധാരണ ജൂബിലി സ്മാരകമായി ‘ ട്രെഷര്‍ സിറ്റി’ പണിയുന്നതോടെയാണ്, അവിടെ കെട്ടിടം പണിക്കിട‍യില്‍ ജീവന്‍ അപകടത്തിലായ പ്രായം ചെന്നൊരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച ജോഷ്വാ എന്ന അടിമയെ പിടിച്ചു കെട്ടി കൊല്ലാ‍ന്‍ ശ്രമിക്കുന്ന പണിക്കാരുടെ തലവനില്‍ നിന്നും മോസസ്സ് രക്ഷിക്കുന്നു. മരണം മുന്നില്‍ കണ്ട പണിക്കാരി യോഷബെല്‍ എന്ന സ്ത്രീയേയും രക്ഷിക്കുന്നു. മോസസ്സ്, ആ സ്ത്രീയുടെ മകനാണെന്ന കാര്യം യോഷ്ബെല്‍ വെളിപ്പെടുത്തുന്നില്ല. അടിമകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഒരു ദിവസം വിശ്രമമെന്ന നിയമം മോസസ്സ് കൊണ്ടുവന്നത് സൈന്യത്തിന്റേയും ഭരണത്തിന്റേയും തലപ്പത്തുള്ള പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഫറോവയുടെ അനുഗ്രാഹിശിസ്സുകളോടെ അടുത്ത രാജാവാകാന്‍ മോസസ്സ് വരുന്നുവെന്നറിയുമ്പോള്‍ അയാളുടെ രാജ്ഞിയാവാനുള്ള തയ്യാറെടുപ്പിലാണ് നെഫ്രിട്ടറി എന്ന യുവതി . മോസസ്സിനും അവളെ ഇഷ്ടമാണ്. പക്ഷെ ഫറോവോയുടെ മകന്‍ രാജ്യസ്ഥാനം ലക്ഷ്യമിടുന്നെന്നു മാത്രമല്ല നെഫ്രട്ടറിയെ സ്വന്തമാക്കാനും ഉദ്ദേശിക്കുന്നു. മോസസ്സിനോടുള്ള തീവ്രവികാരം കൊണ്ടു നടക്കുന്ന നെഫ്രട്ടിറിയെ , നൈല്‍ നദിയില്‍ നിന്ന് കുഞ്ഞിനെയെടുക്കുന്ന അന്നത്തെ ജോലിക്കാരി , മോസസ്സ് ഹീബ്രു വംശജനാണെന്നു പറയുന്നു. പക്ഷെ, അവള്‍ പിന്മാറുന്നില്ല അതിനെ നദിയില്‍ നിന്നെടുക്കുമ്പോള്‍ ദേഹത്തുണ്ടായിരുന്ന അംഗവസ്ത്രം ചൂണ്ടിക്കാട്ടി നെഫ്രട്ടറിയെ പിന്‍വാങ്ങാന്‍ ഉപദേശിക്കുമ്പോള്‍ നെഫ്രട്ടറി , ജോലിക്കാരിയെ വധിക്കുന്നു. പിന്നീടാവിവരം മോസസ്സിനോട് പറയുമ്പോള്‍ താന്‍ ഹീബ്രുവാണോ എന്ന സംശയം മോസസ്സിനെ അസ്വസ്ഥനാക്കുന്നു. സത്യം അറിയാ‍ന്‍ അയാള്‍ യോഷബെല്ലിനെ സമീപിക്കുന്നു. പക്ഷെ, അവര്‍ സമ്മതിക്കുന്നില്ല, ഈ സമയം മോസസ്സിന്റെ മുതിര്‍ന്ന സഹോദരനും സഹോദരിയും യഥാര്‍ത്ഥ വിവരങ്ങള്‍ മോസ്സസ്സിനോട് പറയുന്നു., അതോടെ മോസ്സസ്സ് കിട്ടാമെന്ന് വച്ച രാജപദവിയും നെഫ്രട്ടറിയുടെ ഭര്‍ത്താവാകാനുള്ള അവസരവും വേണ്ടെന്നു വച്ച് ഫറോവയുടെ മുന്നില്‍ സൈന്യനേതാവെന്ന പദവിയുപേക്ഷിച്ച് അടിമകളുടെ ഉന്നമനത്തിനു വേണ്ടി ശ്രമിക്കുകയാണെന്ന് പറയുന്നു. ജോഷ്വാ, മോസസ്സാണ് തങ്ങളുടെ രക്ഷകനെന്ന് അടിമകളെ അറിയിക്കുന്നു. ജോഷ്വായെ സ്നേഹിക്കുന്ന ലൈല എന്ന യുവതിയെ വെപ്പാട്ടിയാക്കാന്‍ ശ്രമിക്കുന്ന കെട്ടിടം പണിക്കാരുടെ സൂപ്പര്‍വൈസറെ കൊന്ന് അടിമകളുടെ ഉന്നമനത്തിനുള്ള ശ്രമത്തില്‍ ജോഷ്വായേയും കൂട്ടുന്നു. ഫറോവയുടെ മകന്റെ നിര്‍ദ്ദേശമനുസരിച്ച് പട്ടാളത്തെ അയച്ച് ബന്ധിച്ച് കൊണ്ടുവരുന്ന മോസസ്സിനെ തനിക്കും രാജ്യത്തിനും വേണ്ടി ചെയ്ത സേവനത്തെ മാനിച്ച് കൊല്ലാതെ മരുഭൂമിയിലേക്കയക്കുന്നു. അതോടെ രാജാവായി മാറിയ ഫറോവയുടെ മകന്റെ ഭാര്യയാവാന്‍ നെഫ്രട്ടറി നിര്‍ബന്ധിതയാവുന്നു.

മരുഭൂമിയില്‍ തളര്‍ന്നവശനായി കിടന്ന മോസസ്സിനെ രക്ഷപ്പെടുത്തുന്ന അബ്രഹാമിന്റേയും കുടുംബത്തിന്റേയും പരിചരണത്തില്‍ ദൈവദര്‍ശനം സാദ്ധ്യമാവുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഇപ്പോള്‍ രാജാവായി മാറിയ ഫറോവയുടെ മകന്റെ മുന്നിലെത്തി അടിമകളെ മോചിപ്പിക്കാനാവശ്യപ്പെടുന്നു. പക്ഷെ, ഫറോവ വഴങ്ങുന്നില്ല , കൊട്ടാരത്തിലും രാജ്യത്തും ദുര്‍നിമിത്തങ്ങള്‍ കാണുന്നു. കല്‍മഴപെയ്യുന്നു. ജലാശയങ്ങളിലെ വെള്ളം രക്തമായി മാറുന്നു. അവസാനം ഫറോവക്ക് നെഫ്രട്ടറിയിലുണ്ടായ മകന്‍ തന്നെ മരണപ്പെടുന്നതോടെ , അടിമകളെ മോചിപ്പിക്കാന്‍ തയ്യാറാവുന്നു. അടിമകളേയും കൂട്ടി മോസസ്സും ജോഷ്വായും തങ്ങള്‍ക്കു ലഭിച്ച വാഗ്ദത്ത ഭൂമിയിലേക്ക് പോകുന്നു. ഇതിനിടെ തന്റെ സ്നേഹം നിരസിച്ചതിലെ വൈരാഗ്യം കാത്ത് സൂക്ഷിക്കുന്ന നെഫ്രട്ടറി മോസസ്സിനേയും അടിമകളേയും വിട്ടതില്‍ രാജാവിനെ കുറ്റപ്പെടുത്തുന്നു. മനസ്സു മാറിയ രാജാവ് സൈന്യത്തെ അടിമകള്‍‍ക്ക് പിന്നാലെ അയക്കുന്നു. തങ്ങള്‍ ചെങ്കടല്‍ തീരത്ത് എത്തുന്നതിനു വേണ്ടി , മോസസ്സ് തീക്കാറ്റ് സൃഷ്ടിച്ച് സൈന്യത്തെ തടഞ്ഞു നിര്‍ത്തുന്നു. ദൈവിക സഹായത്താല്‍ ചെങ്കടല്‍ പിളര്‍ത്തി മോസസ്സും സംഘവും കടല്‍ കടക്കുമ്പോള്‍ തീക്കാറ്റ് പിന്‍ വാങ്ങിയതിനാല്‍ സൈന്യം അവരുടെ പിന്നാലെ കടലിലേക്കിറങ്ങുന്നു. പക്ഷെ, സൈന്യം മുഴുവനു കടല്‍ വന്ന് മൂടി ഒഴുക്കില്‍ പെട്ട് മുങ്ങി മരിക്കുന്നു.

മോസസ്സും സംഘവും അക്കരെ എത്തിയതോടെ മോസസ്സ് ദൈവകല്‍പ്പനകള്‍ ലഭിക്കുന്നതിന് വേണ്ടി മല മുകളിലേക്ക് പോകുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോസസ്സിനെ കാണാതാകുമ്പോള്‍ സംഘങ്ങള്‍ക്കിടയില്‍ അപസ്വരങ്ങള്‍ ഉടലെടുക്കുന്നു. അവരില്‍ നേതാവായി മാറിയ ഒരുവന്റെ കീഴില്‍ ഒരു കൂട്ടര്‍ വിഗ്രഹാരാധന തുടങ്ങിയ ദൈവവിരുദ്ധമായ ചടങ്ങുകളിലേക്ക് നീങ്ങുന്നു. ദൈവകല്‍പ്പനകള്‍ പത്തെണ്ണം സ്വീകരിച്ച് മോസസ്സ് മടങ്ങി വരുമ്പോള്‍ തന്റെ സംഘത്തിലുള്ളവരുടെ അഴിഞ്ഞാട്ടവും തന്നിഷടവും കണ്ട് ക്രോധാകുലനായി വിഗ്രഹങ്ങളെ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്യപ്പെട്ട ഫലകങ്ങളെറിഞ്ഞു തച്ചുടക്കുന്നു. പിന്നീട് ജോഷ്വായെ നേതാവാക്കി മാറ്റി മോസസ്സ് പിന്മാറുന്നു. ജോഷ്വായും സംഘവും വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നു.

ഈ ചിത്രത്തിന്റെ ചിത്രീകരണങ്ങള്‍ ബൈബിളില്‍ പ്രതിപാദിക്കുന്ന സീനായ് മൗണ്ടന്‍, നൈല്‍ നദീതീരം, ചെങ്കടല്‍, മരുഭൂമി ഇവിടങ്ങളില്‍ വച്ചായിരുന്നു. സിനിമയില്‍ സാങ്കേതിക വളര്‍ച്ചയുടെ തുടക്കം ഇടുന്ന കാലത്ത് തന്നെ പരമാവധി മുതലാക്കി , വിസ്താവിഷനിലും വൈഡ് സ്ക്രീനിലും ആയി ദൃശ്യവല്‍ക്കരിച്ചത് ഇന്നും ഒരു വിസ്മയമായി നിലകൊള്ളുന്നു.

‘ പില്ലര്‍ ഓഫ് ഫയര്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജെ. എച്ച് ഇന്‍ഗ്രഹാമിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഒരു സംഘമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മികച്ച ചിത്രത്തിനുള്‍പ്പെടെ 6 ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ചെങ്കടല്‍ പിളരുന്നതും പിന്നെ ചേരുന്നതുമായ ദൃശ്യം ആധുനിക ഗ്രാഫിക് യുഗത്തിലും നിത്യ വിസ്മയമാണ്. ബൈബിള്‍ ചിത്രങ്ങളുടെ സംവിധായകനെന്ന പദവിക്കു പുറമെ തിരക്കഥാകൃത്ത് , എഡിറ്റിംഗ് , അഭിനേതാവ് എന്നീ മേഖലകളിലും മികവ് കാട്ടിയിട്ടുണ്ട്.

1881 ആഗസ്റ്റ് 12 ന് മസാച്ചുസെറ്റ്സിലാണ് ജനനം. നാടകയുടമകളായ മാതാപിതാക്കളുടെ കീഴില്‍ വളര്‍ന്നതിനാല്‍ കലാഭിരുചി ചെറുപ്പത്തിലേ ലഭിച്ചു. നിശബ്ദ ചിത്രങ്ങളിലും ശബ്ദചിത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. നാടകക്കമ്പനിയിലെ സംഗീതജ്ഞനായ ജെസിലാസ്ക്കി രൂപം നല്‍കിയ ‘ ജെസ്സി എല്‍ ലാസ്ക്കി പ്ലേ കമ്പനിയുടെ ആദ്യ ചിത്രം ‘ ദ സ്ക്യുമാന്‍’ ( 1913 ) സംവിധാനം ചെയ്തതിലൂടെ സിനിമാ ജീവിതത്തിന് തുടക്കമിട്ടു. കാര്‍മെന്‍, ജൊവാന്‍, ദ വുമണ്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ശേഷമാണ് ടെന്‍ കമാന്മെന്റ്സ് നിര്‍മ്മിച്ച് സംവിധാനം ചെയ്തത് .

സൈന്‍ ഓഫ് ദ ക്രോസ്സ് , ക്ലിയോപാട്ര, ക്രൂസേഡ്സ് , ദ ഗ്രേറ്റ് ഷോ ഓണ്‍ ഏര്‍ത്ത് ഇവയാണ് പ്രശസ്തമായ മറ്റ് ചിത്രങ്ങള്‍.

1955 ജനവരി 27 ന് ഹൃദയാഘാതം മൂലം നിര്യാതനായി.

എം.കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.