പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അണ്ണാറക്കണ്ണാ വാ.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷീല ടോമി

ആർദ്രവും ഭ്രമാത്മകവുമായ ചെറുകഥപോലെ ഒരു ചലചിത്രകാവ്യം. മനം തകർത്ത നൊമ്പരങ്ങളുടെയും ഹൃദയസ്‌പർശിയായ വികാരങ്ങളുടെയും മൂളലുമായി ഭ്രമരം അഭ്രപാളിയിൽ പാറിപ്പറന്നപ്പോൾ കണ്ടുമടുത്തവയിൽ നിന്നും വ്യത്യസ്‌തമായ പ്രമേയവുമായി ഒരു ചിത്രം കിട്ടിയ സന്തോഷം പ്രേക്ഷകനുണ്ടായി.

ബ്ലസിയുടെ കയ്യൊപ്പു പതിഞ്ഞ ഒരു ചിത്രം. തന്‌മാത്രക്കും കാഴ്‌ചക്കുമൊപ്പം മനസ്സിൽ ഒരിടത്ത്‌ ഇടം നേടാൻ ഭ്രമരത്തിനു ആയിട്ടില്ല എന്ന്‌ സമ്മതിക്കേണ്ടിവരും. എങ്കിലും, കാലിക പ്രസക്തമായ പ്രമേയമായിരുന്നിട്ടും ആസ്വാദകമനം കീഴടക്കാനാവാതെ പോയ പളുങ്കിനെക്കാൾ സ്വീകാര്യമാകാനെങ്കിലും ഭ്രമരത്തിനായി എന്നു പറയാതെ വയ്യ. ഭരതനെയും പത്മരാജനെയും ഓർമ്മിച്ചുപോകുന്ന ചില ഷോട്ടുകളെങ്കിലും ഭ്രമരത്തിൽ നമുക്ക്‌ കണ്ടെത്താം.

ബ്ലസിയുടെ ആർദ്രമായ തിരക്കഥ, മോഹൻലാലിന്റെ നിറവാർന്ന അഭിനയ മൂഹൂർത്തങ്ങൾ, അജയ്‌ വിൻസെന്റിന്റെ മനോഹരാമായ ഛായാഗ്രഹണം, അനിൽ പനച്ചൂരാനും മോഹൻ സിത്താരയും ഒരുമിച്ചൊരുക്കിയ ഗൃഹാതുര സംഗീതം, മുഴുനീളസസ്‌പെൻസ്‌, സാഹസികമായ യാത്രാ ചിത്രങ്ങൾ.... ഇവയെല്ലാം ഭ്രമരത്തെ വേറിട്ട്‌ നിർത്തുന്നു. ചില സീനുകളിലും സന്ദർഭങ്ങളിലും പോരായ്‌മകൾ കണ്ടെത്താമെങ്കിലും ചിത്രത്തിന്റെ മുഴുനീള ആസ്വാദ്യതയെ അവ കാര്യമായ്‌ ബാധിക്കുന്നില്ല.

കോയമ്പത്തൂരിൽ ഷെയർ ബ്രോക്കറായ ഉണ്ണികൃഷ്‌ണനെ തേടി ഒരു അപരിചിതൻ എത്തുന്നു. ഏഴാം ക്ലാസിൽ ഒരുമിച്ച്‌ പഠിച്ച ജോസ്‌ എന്ന്‌ അയാൾ സ്വയം പരിചയപ്പെടുത്തുന്നു. നഗരത്തിൽ ഒരു ബോംബ്‌ സ്‌ഫോടനം നടക്കുന്ന ദിവസമാണു അയാൾ എത്തുന്നത്‌. തുടക്കത്തിൽ തന്നെ ഒരു നിഗൂഢതയിലേക്ക്‌ നമ്മൾ എത്തിച്ചേരുന്നു. കലാപങ്ങൾ നാടിനെ നടുക്കുമ്പോൾ വീട്ടിൽ കാത്തിരിക്കുന്നവരുടെ ആശങ്കകളും പരിഭ്രമവും ഒക്കെ ഒപ്പിയെടുത്താണു ഭ്രമരം യാത്ര തുടങ്ങുന്നത്‌.

അതിവേഗം പായുന്ന നാഗരികജീവിതത്തിൽ മകളോടൊപ്പം പങ്കിടാൻ ഇത്തിരി സമയം കിട്ടാത്ത ഉണ്ണികൃഷ്‌ണൻ. മകളുടെ പിഞ്ചുമനസ്സിൽ കഥയുടെയും കളികളുടെയും പൂനിലാവായ്‌ മാറിയ അപരിചിതൻ. മക്കളെ മറന്ന്‌ ഓടുന്ന എല്ലാ അച്ഛനമ്മമാർക്കുമുള്ള സന്ദേശമാണു അയാൾ ഉണ്ണിയ്‌ക്ക,​‍്‌ നൽകുന്നത്‌. “ഇപ്പോൾ നിനക്ക്‌ ഇവൾക്കായ്‌ സമയമില്ല. നിനക്ക്‌ പ്രായമേറുമ്പോൾ നിന്നോടൊപ്പമിരിക്കാൻ ഇവൾക്കും സമയമുണ്ടാകില്ല.” ബ്ലെസിയുടെ മറ്റെല്ലാ ചിത്രങ്ങളിലും കാണുന്ന വാത്സല്യത്തിന്റെ നനുത്ത സ്‌പർശം ഭ്രമരത്തിലുമുണ്ട്‌.

പേരു പോലും ഓർമിച്ചെടുക്കാനാവാത്ത അപരിചിതനോടൊപ്പം ഉണ്ണി മദ്യപിച്ച്‌ രസിക്കുന്നതും അയാളെ വീട്ടിൽ അന്തിയുറങ്ങാൻ ക്ഷണിക്കുന്നതും സാമാന്യബോധത്തിനു നിരക്കാത്തതായ്‌ തോന്നാമെങ്കിലും, ബോംബ്‌ സ്‌ഫോടനത്തിൽ നിന്നും ഉണ്ണി തലനാരിഴക്ക്‌ രക്ഷപ്പെടുന്നത്‌ ഓർമയിൽ പിടികിട്ടാത്ത ആ സ്‌നേഹിതൻ കാരണമല്ലെ എന്ന ചിന്ത അതിനു ന്യായീകരണമേകുന്നു. തന്നെ തേടിയെത്തിയ അപരിചിതൻ ജോസല്ല, പഴയൊരു ദുരന്തകഥയിലെ കഥാപാത്രം ശിവൻ കുട്ടിയാണെന്ന്‌ അറിയുന്നതോടെ കഥാഗതി മാറുന്നു. ഉണ്ണിയും സ്‌നേഹിതൻ ഡോക്‌ടർ അലെക്‌സും ചേർന്നു ചെയ്‌ത തെറ്റിനു 7 വർഷം ജയിൽ ശിക്ഷ അനുഭവിച്ചവനാണു ശിവൻ കുട്ടി. സ്വന്തം പേരു മറച്ചു വെച്ച്‌ ശിവൻകുട്ടി ഉണ്ണിയെ തേടി വന്നത്‌ എന്തിനാണെന്ന സസ്‌പെൻസ്‌ ഒടുക്കം വരെ കാത്തുസൂക്ഷിക്കാൻ ബ്ലെസിക്കാവുന്നുണ്ട്‌.

ഒരു സൈക്കിക്‌ കാരക്‌ടർ ആയ്‌ തോന്നിക്കുന്ന ശിവൻ കുട്ടിയോടൊപ്പം ഇടുക്കിയിലേക്കുള്ള ബസ്‌ യാത്ര മെട്രൊപൊളിറ്റൻ ലൈഫിൽ കഴിയുന്ന ഉണ്ണിക്ക്‌ താങ്ങാനാവുന്നതിൽ അപ്പുറമാണ്‌. വഴിയിലെ വൃത്തികേടു നിറഞ്ഞ കക്കൂസ്‌, ബാറിലെ അടിപിടി കോലാഹലങ്ങൾ, ബസിലെ സീറ്റിൽ ഇടിച്ചു കയറിയിരിക്കുന്ന തമിഴ്‌സ്‌ത്രീ, ആപ്പിൾ പങ്കിട്ടുകഴിക്കുന്ന ബാലന്റെ സുമനസ്സ്‌.... ഇതെല്ലാം വളരെ സ്വാഭാവികതയോടെ ചിത്രീകരിച്ചിരിക്കുന്നു.

മരണത്തിലേക്കാണു അവൻ തങ്ങളെ കൊണ്ടുപോകുന്നത്‌ എന്നറിഞ്ഞ്‌ അലക്‌സും ഉണ്ണിയും ചേർന്ന്‌ ശിവനെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും ശിവൻ അവരെ കീഴ്‌പ്പെടുത്തുന്നു. അവരെ ആശുപത്രിയിലെത്തിച്ച്‌ ശുശ്രൂഷിക്കുന്ന ശിവന്റെ സ്‌നേഹത്തിൽ അവരുടെ മനം മാറുന്നു. ആ രംഗത്തിനു മിഴിവേകാൻ സൗഹൃദത്തിന്റെ ഇളം കാറ്റായ്‌ സ്‌കൂളിൽ അവർ ഒരുമിച്ചു പഠിച്ച “അണ്ണാറക്കണ്ണാവാ.... പൂവാല ചങ്ങാത്തം കൂടാൻ വാ...” എന്ന ഗാനം ഒരു തലോടൽ പോലെ കടന്നു വരുന്നു. എന്നാൽ ഒടുവിൽ, ഭാര്യയുടെയും മകളുടെയും കുഴിമാടത്തിനു മുന്നിൽ അവരെ കൊണ്ടു നിർത്തി ‘പറയെടാ, അമ്പിളിയെ കൊന്നത്‌ നിങ്ങളാണെന്ന്‌ പറയെടാ.....’ എന്ന്‌ ശിവൻ ഹൃദയം തകർന്ന്‌ പൊട്ടിത്തെറിക്കുമ്പോൾ, അവരെ പ്രതി ജയിലഴിക്കുള്ളിലായ പകയല്ല, കൊലപാതകി എന്ന്‌ എല്ലാരാലും പുച്ഛിക്കപ്പെട്ട സങ്കടമല്ല, നാടും കൂടും വിട്ടെറിഞ്ഞ്‌ വിഷ്‌ണുവെന്ന്‌ പേരും മാറ്റി ഒരു മലമൂട്ടിൽ പോയ്‌ പാർക്കേണ്ടി വന്ന ദുഃഖമല്ല, പിന്നെയോ ജീവന്റെ ജീവനായ മകളുടെ മുന്നിൽ കൊലപാതകി എന്ന വിളി കേൾക്കേണ്ടി വന്ന അച്ഛന്റെ വേദനയാണ്‌, ഒരു പുതുജീവൻ തന്ന ഭാര്യ സത്യമറിയാതെ തെറ്റിദ്ധരിച്ച്‌ മരണത്തെ പുൽകിയ വേദനയാണ്‌ ശിവനെ തകർത്തതെന്ന്‌ നാമറിയുന്നു. ഭ്രമരം നമ്മെയും അസ്വസ്‌ഥരാക്കുന്നു.

ഓർമയിൽ സൂക്ഷിക്കാൻ കുറച്ച്‌ മുഹൂർത്തങ്ങളെങ്കിലും ഭ്രമരം നമുക്ക്‌ സമ്മാനിക്കുന്നുണ്ട്‌. ശിവനെ പേടിച്ച്‌ രക്ഷപെട്ടോടുന്ന കൂട്ടുകാരെ പിന്തുടർന്നെത്തി തന്റെ മോളുടെ അരുമയായിരുന്ന പട്ടിക്കുട്ടിയെ ഉണ്ണിയുടെ മകൾക്കായ്‌ സമ്മാനിക്കുന്ന ക്ലൈമാക്‌സ്‌ സിനിമയുടെ അന്ത്യവും ആർദ്രമാക്കുന്നു.

ആദ്യാവസാനം ഒരു വണ്ടിന്റെ മൂളലിന്റെ അസ്വസ്‌ഥത പ്രേക്ഷകനിൽ അവശേഷിപ്പിച്ചു എന്ന ഒരു പരാതി ഉണ്ടായേക്കാം. കാറിലും, ലോറിയിലും പിന്നെ ജീപ്പിലും ഒരേ രീതിയിൽ ആവർത്തിക്കപ്പെട്ട സാഹസിക പ്രകടനം ഒഴിവാക്കാമായിരുന്നു. സ്‌ക്രിപ്‌റ്റിൽ ഒന്നുകൂടി മനസ്സിരുത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ചില പോരായ്‌മകളുണ്ട്‌. ശിവന്റെ ഭാര്യയും മകളും അമ്മയും നമ്മുടെ മനസ്സിൽ ഇടം നേടുന്നേയില്ല. അവരുടെ ജീവിതത്തിൽ നിന്ന്‌ ആർദ്രമായ ചില ഏടുകൾ കൂടി ചേർത്തിരുന്നെങ്കിൽ കഥ കൂടുതൽ ഹൃദസ്‌പർശിയാകുമായിരുന്നു. ശിവന്റെ മകളായ്‌ അഭിനയിച്ച കുട്ടിയുടെ അഭിനയത്തിലും പോരായ്‌മയുണ്ടായി.

ഡോക്‌ടർ അലക്‌സായ്‌ വേഷമിട്ട മുരളീകൃഷ്‌ണൻ ഭാവത്തിലും ഉചിതമായ കാരക്‌ടർ ആയി. സ്‌റ്റണ്ട്‌ സീനുകളും സ്വാഭാവികവും ഉചിതവുമായിരുന്നു. വിഭിന്ന ഭാവങ്ങൾ അനായാസേന മിന്നി മറയുന്ന മോഹൻലാലിന്റെ അഭിനയ ചാതുര്യം, നിവേദിത എന്ന കൊച്ചു മിടുക്കിയുടെ മികവ്‌ സുരേഷ്‌മേനോന്റെ ഉണ്ണികൃഷ്‌ണൻ... ഇതിനൊക്കെ ഉപരിയായ്‌ ഛായാഗ്രഹണത്ത ​‍ിലെ വശ്യത തന്നെയാണു ഈ ചലചിത്രത്തെ ശ്രദ്ധയമാക്കുന്നത്‌.

‘അണ്ണാറക്കണ്ണാ വാ........... പൂവാലാ...... ചങ്ങാത്തം കൂടാൻ വാ......’ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിലും ചുണ്ടിലും തങ്ങി നിൽക്കുന്നത്‌ ഈ ഈരടികളാവും. ഈ ഗാനമില്ലായിരുന്നെങ്കിൽ, ചങ്ങാതിമാരുടെ പുനസമാഗമമോ, ഉണ്ണിയുടെ മകളും ശിവനും തമ്മിലുള്ള സൗഹൃദമോ ഭാവാർദ്രമായ്‌ തോന്നുമായിരുന്നില്ല.

തിയേറ്റർ വിട്ടിറങ്ങുമ്പോഴും ഒരു വിഭ്രമം ഭ്രമരത്തിന്റെ മൂളലായ്‌ നമ്മെ പിന്തുടരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന എങ്ങും സ്‌പർശിക്കാത്ത സിനിമകൾക്കിടയിൽ ഭ്രമരം മികച്ചതാണെന്നു തന്നെ സമ്മതിക്കാതെ വയ്യ. ബ്ലസിയിൽ നിന്നും കൂടുതൽ മനോഹരമായ അഭ്രകാവ്യങ്ങൾ നമുക്ക്‌ പ്രതീക്ഷിക്കാം.

ഷീല ടോമി

ഇ ഡി ടി 305, ഓൺഷോർ എൻജിനിയറിംഗ്‌, ഖത്തർ പെട്രോളിയം, പി.ഒ. നം. 47, ദോഹ, ഖത്തർ.


Phone: 00974 4424980, 00974 6570995
E-Mail: sheela.tomy@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.