പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

സ്‌നേഹത്തിന്റെ രാപ്പകലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

സിനിമ

ഒരു ചലച്ചിത്രം ഹൃദയഹാരിയായിത്തീരുന്നത്‌ കഥാതന്തു സ്‌നേഹത്തിന്റെ ഭാഷയിലൂടെ ഏറ്റവും ലളിതമായി വിനിമയം ചെയ്യപ്പെടുമ്പോഴാണ്‌. കഥാപരിചരണത്തിന്റെ വ്യത്യസ്തതയും ഛായാഗ്രാഹകന്റെ ഉൾക്കാഴ്‌ച്ചയും ഉപഘടകങ്ങൾ മാത്രമാണ്‌. ‘രാപ്പകലി’ന്റെ ജനപ്രീതിയ്‌ക്ക്‌ നിദാനമാകുന്നതും അതു തന്നെയാണ്‌. പ്രസ്തുത ചലച്ചിത്രത്തിന്റെ കഥാതന്തുവും ദൃശ്യബിംബങ്ങളും പ്രതിലോമ സംസ്‌കാരത്തിന്റെ വലിയ ആപത്തുകളൊന്നും പ്രേക്ഷണം ചെയ്യാത്തതാകയാൽ ഒരു സാധാരണ കഥാചിത്രത്തിന്റെ സാമാന്യവായനയാണ്‌ ‘രാപ്പകൽ’ ആവശ്യപ്പെടുന്നത്‌.

ഈശ്വരമംഗലത്തെ അച്‌ഛന്റെ കൂടെ തറവാട്ടിലെത്തുന്ന കൃഷ്‌ണൻ ഒരു മകനെപ്പോലെയാണ്‌ അവിടെ വളർത്തപ്പെടുന്നത്‌. തന്നെ തറവാട്ടിലെത്തിച്ച അച്‌ഛൻ ഇല്ലാതായിത്തീരുകയും കാലം ഏറെ മാറിപ്പോവുകയും ചെയ്‌തപ്പോൾ, ഈശ്വരമംഗലത്തെ തന്റെ ‘സഹോദര’ങ്ങളുടെ ഉളളിലെല്ലാം നഗരത്തിന്റെ മനുഷ്യത്വമില്ലാത്ത സ്‌നേഹരഹിതമായ പുതിയ ‘ജീവിതയുക്തി’കൾ കടന്നു കൂടിയപ്പോൾ കൃഷ്‌ണനും അയാളുടെ നിറഞ്ഞ സ്‌നേഹവും ഈശ്വരമംഗലത്തുനിന്ന്‌ പടിയിറക്കപ്പെടുന്നതാണ്‌ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

ഈശ്വരമംഗലത്തെ കാവൽനായ ആയ കൃഷ്‌ണൻ പടിയിറക്കപ്പെടുന്നതും ഈശ്വരമംഗലത്തെ പുനഃസമാഗമവും അനുഭവഭേദ്യമാക്കുന്ന ഗൃഹാതുരതയാണ്‌ ചലച്ചിത്രത്തെ വളരെ വൈകാരികമായ അനുഭവമാക്കുന്നത്‌. കേട്ടുപഴകിയ ഫലിതങ്ങളുടെ ദുർഗന്ധം വമിക്കുന്ന ആവർത്തന വിരസതകളില്ലാതെ, കാതടപ്പിക്കുന്ന സംഗീതത്തിന്റെ അലോസരപ്പെടുത്തലുകളില്ലാതെ തീർത്തും ലളിതവും സ്‌നേഹസാന്ദ്രവുമായ കാഴ്‌ചയാണ്‌ ‘രാപ്പകൽ’.

ജനപ്രിയ സിനിമാലോകത്തെ ടി.എ.റസാഖിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ്‌ ‘രാപ്പകൽ’.

കൈതപ്രത്തിന്റെ വരികൾ ചലച്ചിത്രത്തിൽ വളരെ അവസരോചിതമായിത്തീരുന്നുണ്ട്‌. ‘അമ്മമനസ്സ്‌...’ എന്ന ഗാനം ഉപാധികളില്ലാത്ത മാതൃസ്‌നേഹത്തിന്റെ ആഴം നമ്മെ അറിയിക്കുന്നു. മമ്മൂട്ടി എന്ന നടൻ കൃഷ്‌ണൻ എന്ന കഥാപാത്രത്തിലേക്കുളള ഭാവപ്പകർച്ച കൃത്യമായ അംഗവിക്ഷേപങ്ങളിലൂടെ ഏതാണ്ട്‌ പൂർണ്ണമായും സാധ്യമാക്കുന്നുണ്ട്‌.

സിനിമ ഒരു സാംസ്‌കാരിക വിനിമയോപാധി എന്ന നിലയിൽ വായിക്കുമ്പോൾ അതിലൂടെ സംവേദനം ചെയ്യപ്പെടുന്ന ആശയങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്‌. ആ രീതിയിൽ പരിഗണിക്കുമ്പോൾ ‘രാപ്പകൽ’ എന്ന ചലച്ചിത്രത്തിന്റെ വിജയം തീർത്തും നിർദോഷവും അൽപ്പമെങ്കിലും പ്രോത്സാഹനാർഹവുമാണ്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.