പരുക്കനും ദേഷ്യക്കാരനുമായ ഐ.പി.എസ്. ഓഫീസറുടെ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ‘കമ്മീഷണർ’ വീണ്ടുമെത്തുന്നു. അന്ന് കമ്മീഷണർക്കു വേണ്ടി രഞ്ഞ്ജി പണിക്കർ പേന ചലിപ്പിച്ചെങ്കിൽ ഇക്കുറി സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് തിരക്കഥയെഴുതുന്നത്.
രഞ്ഞ്ജിത്ത്, രഞ്ജി പണിക്കർ എന്നീ തിരക്കഥാ കൃത്തുക്കൾക്കൊപ്പം വമ്പൻ ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച ഷാജി കൈലാസിന്റെ അടുത്ത കാലത്തെ സിനിമകൾ മികച്ച തിരക്കഥകളുടെ അഭാവം മൂലം പരാജയപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് തൊണ്ണൂറുകളിൽ തന്നെ സൂപ്പർ സംവിധായക പദവിയിലേക്കുയർത്തിയ കമ്മീഷണർ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ സ്വയമെഴുതാൻ ഷാജി കൈലാസ് തീരുമാനിക്കുന്നത്. സുരേഷ് ഗോപിതന്നെയായിരിക്കും ഐ.പി.എസ്. ഓഫീസറുടെ വേഷത്തിലെത്തുന്നത്. കമ്മീഷണർ സിനിമയുടെ രണ്ടാം ഭാഗം ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന പേരിൽ രഞ്ഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു.