പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലോക സിനിമ (9)_ദ ബൈസിക്കിള്‍ തീവ്സ് (1948) - വിക്ടോറിയ ഡിസീക്ക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ബ്ലാക്ക് & വൈറ്റ് ചിത്രം ‘ ദ ബൈസിക്കിള്‍ തീവ്സ് ‘ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍ തീവ്സ്’ അച്ഛനമ്മമാരെ നഷ്ടപ്പെട്ട മക്കള്‍ , ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന ഭാര്യമാര്‍, യുദ്ധരംഗത്തേക്ക് പോയ മക്കള്‍ തിരിച്ച് വരുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്ന അച്ഛനമ്മമാര്‍- വിക്ടോറിയ ഡിസീക്കയുടെ ഒന്നിലധികം ചിത്രങ്ങളില്‍ ഈ വിഷയങ്ങള്‍ പ്രമേയമായി കടന്നു വന്നിട്ടുണ്ട്.

ല്യുംഗിബര്‍ക്കോലിനി എഴുതിയ സൈക്കിള്‍ കള്ളന്മാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി സെസാറ സവാട്ടിനി തയാറാക്കിയ തിരക്കഥയാണ് ബൈസിക്കിള്‍ തീവ്സിന്റേത്. മുഖ്യ കഥാപാത്രമായ - തൊഴിലില്ലാത്ത് ആന്റോണിയോ റിച്ചിക്ക് ഒരു തൊഴില്‍ ലഭിക്കാനുള്ള സാധ്യത വന്നു ചേരുന്നു. പക്ഷെ സ്വന്തമായൊരു സൈക്കിള്‍ ഉണ്ടാകണമെന്നതാണ് ഫാക്ടറിയുടമയുടെ നിബന്ധന. ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ വേണ്ടി ഭാര്യയുടെ വിവാഹ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിലയേറിയ വസ്തുക്കള്‍ വിറ്റ് ഒരു സൈക്കിള്‍ സ്വന്തമായതോടെ ജോലി ലഭിച്ച അന്തോണിയോ റിച്ചിക്ക് ജോലി ലഭിച്ച അന്നു തന്നെ - അയാളുടെ കണ്‍ വെട്ടത്ത് വച്ച് സൈക്കിള്‍ മോഷണം പോകുന്നു. തന്റെ ജോലിയും കുടുംബത്തിന്റെ അരക്ഷിതാവസ്ഥയും പ്രദാനം ചെയ്യുന്ന സൈക്കിള്‍ കണ്ടു കിട്ടുക എന്നത് അയാളുടെ ജീവിത ലക്ഷ്യമായി മാറുന്നു. മോഷണം പോയ സൈക്കിള്‍ തേടിയുള്ള അന്വേഷണത്തില്‍ ഇനിയും കൗമാരപ്രായമെത്തിയിട്ടില്ലാത്ത മകന്‍ ബ്രൂണോയും അയാളോടൊപ്പം കൂട്ടിനുണ്ട്. മോഷ്ടാവെന്നു കരുതുന്ന ഒരുവനെ കണ്ടെത്തി അവനെ നിരീക്ഷിക്കാ‍ന്‍ മകനെ ഏര്‍പ്പെടുത്തി . ആന്തോണിയോ റിച്ചി, പോലീസിനെ വിളിക്കാനായി പോകുന്നു. പോലീസുകാരന്റെ അടുക്കല്‍ പരാതിപ്പെടുമ്പോള്‍ , അവര്‍ക്കതില്‍ യാതൊരു താത്പര്യവും കാണുന്നില്ല. ഇതുപോലുള്ള പരാതികള്‍ കെട്ടുകണക്കിനാണ് മേശപ്പുറത്തിരിക്കുന്നത്. അവസാനം അയാള്‍ പോലീസിനേയും കൂട്ടി വരുന്നുണ്ടെങ്കിലും വിശ്വസനീയമാ‍യ തെളിവുകള്‍ നല്‍കാനാവാത്തതിനാല്‍ ആ ശ്രമം വിഫലമാകുന്നു. മോഷ്ടാവെന്നു കരുതിയവന്‍ രക്ഷപ്പെടുന്നു. നിസ്സഹായവസ്ഥ സൃഷ്ടിച്ച ദേഷ്യത്തില്‍ അയാള്‍ മകനെ അടിച്ചും വഴക്കു പറഞ്ഞും വേദനിപ്പിക്കുന്നു. പിന്നീട് ഒരു പ്രാശ്ചിത്തമെന്നോണം മകനെയും കൂട്ടി അടുത്തുള്ള സാമാ‍ന്യം മുന്തിയ റസ്റ്റോറണ്ടിലേക്ക് കൊണ്ടുപോയി അവന് പിസ്സ വാങ്ങിക്കൊടുക്കുന്നു. പക്ഷെ മകന്റെ നോട്ടം തൊട്ടടുത്തുള്ള മേശയില്‍ മുന്തിയ ഇനം ഭക്ഷണം കഴിക്കുന്ന കുടുംബത്തിന്റെ നേരെയാകുന്നു. അവിടെ അവരിലൊരു പയ്യന്‍ കഴിക്കുന്ന ഭക്ഷണം നോക്കി കൊതിയൂറുമ്പോള്‍ അയാള്‍ മകനോട് അത്തരം ഭക്ഷണത്തിന് വേണ്ടി വരുന്ന വലിയ സംഖ്യ പറയുന്നു. അതോടൊപ്പം തന്റെ വരുമാനം എത്രെയെന്നു വ്യക്തമാക്കുന്നു. അച്ഛന്റെ നിസ്സഹായത മനസിലാവുന്ന മകന് യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കുവാ‍നുള്ള പ്രാപ്തി കൈവരുന്നു. ഈ സിനിമയിലെ ഏറ്റവും ദീപ്തവും മനോഹരവുമായ ഒരു രംഗമാണ് കൗമാരപ്രയത്തിലെത്തിയിട്ടില്ലാത്ത മകന്റെ മനസിലേക്ക് വര്‍ഗ്ഗ വൈരുദ്ധ്യത്തിന്റെ തീക്ഷണത വെളിപ്പെടുത്തുന്ന ആ ദൃശ്യം.

റസ്റ്റോറണ്ടില്‍ നിന്ന് പുറത്തിറങ്ങി മകനുമൊരുമിച്ച് അലയുമ്പോള്‍ , ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു സൈക്കിള്‍ - പെട്ടന്നുണ്ടായ ഒരുള്‍പ്രേരണയാല്‍ മോഷ്ടിച്ച് സ്ഥലം വിടാന്‍ നോക്കുന്നു. പക്ഷേ, പെട്ടന്ന് തന്നെ പിടിക്കപ്പെടുന്നു. സ്വന്തം സൈക്കിളന്വേഷിച്ചു പോയ ആള്‍ തന്നെ ഒരു മോഷ്ടവായി മാറുന്ന അവസ്ഥ. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനും അവഹേളനത്തിനും ഇരയാകുന്ന അയാള്‍ക്ക് വേണ്ടി അവരോട് കേണപേക്ഷിക്കുന്നത് മകനാണ് . മകന്റെ കരച്ചിലും ദയനീയാവസ്ഥയും കണ്ട് അവര്‍ ആന്റോണിയോയെ പോലീസിലേല്‍പ്പിക്കാതെ പോകാന്‍ സമ്മതിക്കുന്നു. വീണ്ടും അനിശ്ചിതാമായ ഭാവിയിലേക്ക് - ഹതാശനാ‍യ അച്ഛനേയും കൂട്ടി മകന്‍ നടന്നകലുന്നതോടെ ചിത്രം അവസാനിക്കുന്നു.

ഇറ്റലിയിലെ നിയോറിയലിസ്റ്റിക് സിനിമയുടെ ഉപജ്ഞാതാക്കളായി മാറിയ മൈക്കിള്‍ ആഞ്ചലോ, അന്തോണിയോണി, ഫെഡറിക്കോ ഫെല്ലിസി, റോബര്‍ട്ടോ രോസല്ലിനി - ഇവരുടെ മുന്‍ നിരയിലാണ് വിക്ടോറിയ ഡിസീക്കയുടെ സ്ഥാനം.

റോമിനടുത്ത ഡോറയില്‍ 1902 ജൂലൈ 7 നാണ് ഡിസീക്കയുടെ ജനനം. ഒരോഫീസ് ക്ലര്‍ക്കായി ജീവിതം ആരംഭിച്ച് ഡിസീക്ക , പിന്നീട് സ്വന്തമായൊരു നാടകട്രൂപ്പ് തുടങ്ങി . ആദ്യം നടനായിട്ടായിരുന്നു തുടക്കം. 150 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1939 - ല്‍ റോസ് സ്കാര്‍ലെറ്റ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്ത് സജീവമായി. ‘ ചില്‍ഡ്രന്‍ വാച്ചിംഗ് അസ്’ (1943) ഷൂഷൈന്‍ ( 1946) , യെസ്റ്റര്‍ ഡേ ടുഡേ, ടുമാറോ ( 1963) ദ ഗാര്‍ഡന്‍ ഓഫ് ദ കോണ്ടിനെന്റ് ( 1971) ഇവയാണ് മറ്റ് ചിത്രങ്ങള്‍ . ഏറ്റവും നല്ല വിദേശസിനിമക്കുള്ള ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ദാരിദ്ര്യം വിറ്റ് കാശാക്കുന്നുവെന്ന ആക്ഷേപം അദ്ദേഹത്തെ ജന്മനാട്ടില്‍ നിന്നും അകറ്റി. ഫ്രാന്‍സിലേക്ക് കുടിയേറി ഫ്രഞ്ച് പൗരത്വം നേടി. ശിഷ്ടജീവിതം ഫ്രാന്‍സിലാ‍ണ് കഴിച്ചത്.

1974 നവംബര്‍‍ 13 - ന് 72 - ആം വയസില്‍ അദ്ദേഹം നിര്യാതനായി.

എം.കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.