‘താണ്ഡവ’ത്തിലൂടെ സംഗീത സംവിധായകനായി മലയാളികൾക്കു മുന്നിലെത്തിയ ഗായകൻ എം.ജി ശ്രീകുമാർ തമിഴിലും പാട്ടുകൾ ചിട്ടപ്പെടുത്തുന്നു. അടുത്ത സുഹൃത്തും നമ്പർ വൺ സംവിധായകനുമായ പ്രിയദർശന്റെ ‘കാഞ്ചീപുരം’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് സംഗീത സംവിധായകനായി എത്തുകയാണ് ശ്രീകുമാർ. പതിവു ശൈലിയിൽ നിന്നു വ്യതിചലിച്ച് പ്രിയനൊരുക്കുന്ന ‘കാഞ്ചീപുര’ത്തിൽ രണ്ടു പാട്ടുകളാണുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഗാനങ്ങൾ തമിഴ് പ്രേക്ഷകർ സ്വീകരിച്ചേക്കും. പീരിയോഡിക് സിനിമക്കുവേണ്ടി ‘തെരുക്കൂത്ത്’ എന്ന സംഗീത സങ്കേതമാണ് ശ്രീകുമാർ സ്വീകരിച്ചിട്ടുള്ളത്.
റിയാലിറ്റി ഷോ ‘സ്റ്റാർസിംഗറി’ൽ ജഡ്ജിംഗ് പാനലിൽ പ്രത്യക്ഷപ്പെട്ട് ടെലിവിഷൻ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറിക്കഴിഞ്ഞു ശ്രീകുമാർ. പിന്നണി ഗായകൻ എന്ന നിലയിലും തിരക്കിന്റെ നാളുകളാണിദ്ദേഹത്തിന്.