അനിൽ സി.മേനോൻ സംവിധായം ചെയ്യുന്ന ‘ബെൻ ജോൺസൺ’ എന്ന ചിത്രത്തിലെ കഥാനായകൻ ഒരു പോലീസ് ഇൻസ്പെക്ടറാണ്. ഒരു പോലീസുകാരനും സ്ഥലം മാറി വരാൻ ആഗ്രഹിക്കാത്ത മുത്തങ്ങാക്കുഴി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിവന്നതാണ് എസ്.ഐ.ജോൺസൺ. മുത്തങ്ങാക്കുഴി വാണിരുന്ന ചന്ദനത്തൊടി മാധവമേനോനെയും അനുജന്മാരെയും വിറളി പിടിപ്പിക്കാനെത്തിയ ജോൺസന്റെ കഥയാണ് ഈ സിനിമ.
മോഹൻലാലിനുവേണ്ടി എഴുതിയ കഥ പിന്നീട് യോജിക്കുക കലാഭവൻ മണിക്കാകും എന്ന് കണ്ട് ടി.എ.ഷാഹിദാണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്. മധു, സിദ്ദിഖ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, ഭീമൻ രഘു, ഊർമ്മിള ഉണ്ണി, സുകുമാരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൈതപ്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നല്കുന്നത് ദീപക് ദേവാണ്. ഛായാഗ്രഹണം പി.സുകുമാർ, എഡിറ്റിംഗ് എൽ.ഭൂമിനാഥൻ.
ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.