ചെറിയൊരു ഇടവേളക്കുശേഷം കലാഭവൻ മണി വീണ്ടും തമിഴകത്തിന്റെ ഭാഗമാകുന്നു. റീഗൻ സിനി ആർട്സിന്റെ ‘ഉദയം’ എന്ന ചിത്രത്തിൽ കരുത്താർന്ന വേഷമാണ്. ശ്രുതിയാണ് മണിയുടെ നായിക. മനോരമ, ശെന്തിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഉദയം’ കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ.ബാലരാജ് ആണ്.
‘ചാക്കോ രണ്ടാമനി’ൽ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചുവരുന്ന മണിക്ക് മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുണ്ട്. നവാഗത സംവിധായകനായ ബിപിൻ ഒരുക്കുന്ന വിറ്റ്നസ് മാധവൻകുട്ടി, തുളസീദാസിന്റെ രക്ഷകൻ എന്നിവയിൽ ടൈറ്റിൽ വേഷത്തിലെത്തുന്നു.
ജോസ് തോമസ്, സുന്ദർദാസ്, ടി.എസ്. സജി എന്നിവരുടെ ചിത്രങ്ങളിലും ചാലക്കുടിയുടെ സ്വന്തം താരത്തിന് പ്രതീക്ഷയുണ്ട്.
മത്സരം, ബെൻജോൺസൺ എന്നിവയിൽ ഡബിൾ റോളുകൾ ചെയ്ത ആത്മധൈര്യമാണ് ‘ചാക്കോ രണ്ടാമനി’ൽ ത്രിബിൾ റോളിൽ പ്രത്യക്ഷപ്പെടാൻ പ്രചോദനമായതെന്ന് മണി പറയുന്നു. ജ്യോതിർമയിയും മോഹിനിയുമാണ് നായികമാർ.