പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ക്രോണിക്‌ ബാച്ചിലർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമാനിരൂപണം

സംവിധാനം നിർവഹിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ഒരു സംവിധായകൻ മാത്രമേ മലയാള സിനിമാലോകത്തുളളൂ, അത്‌ സിദ്ധിക്കാണ്‌ (സിദ്ധിക്‌ലാൽ). സിദ്ധിക്ക്‌ നാലുവർഷം മുൻപ്‌ സംവിധാനം ചെയ്‌ത്‌ ഹിറ്റാക്കിയ ഫ്രണ്ട്‌സ്‌ ലോജിക്കലായി ചിന്തിച്ചാൽ ശുദ്ധ ശൂന്യമായിരുന്നെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ചുളള തമാശകൾകൊണ്ട്‌ സമ്പന്നമായിരുന്നു. നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം സിദ്ധിക്കിനെപ്പോലുളള ഒരു സംവിധായകൻ അതും സിനിമയുടെ പ്രതിസന്ധിയേക്കുറിച്ച്‌ മുറവിളിയുയരുന്ന ഒരു സാഹചര്യത്തിൽ ഒരു മമ്മൂട്ടി ചിത്രവുമായി വരുമ്പോൾ പ്രേക്ഷകർ ഏറെ പ്രതിക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിക്കുന്നതരത്തിൽ കൃത്രിമത്വം നിറഞ്ഞ ഒരു കഥയും, വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും, നിലവാരമില്ലാത്ത തമാശകളും കൊണ്ട്‌ നിറഞ്ഞ ഒരു തട്ടിക്കൂട്ട്‌ ചിത്രമാണ്‌ ക്രോണിക്‌ ബാച്ചിലർ എന്ന്‌ പറയേണ്ടി വരും.

അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിക്കുന്ന ക്രോണിക്‌ ബാച്ചിലറിന്റെ രചനയും സിദ്ധിക്കിന്റേതാണ്‌. പഴയകാല ജയൻ, നസീർ സിനിമകളിലേതുപോലെ നായകന്റെ കുട്ടികാലത്ത്‌ (കൗമാരകാലത്ത്‌) ആരംഭിക്കുന്ന സിനിമ തുടരുന്നത്‌ ഇരുപതു വർഷങ്ങൾക്കുശേഷമാണ്‌. ഈ ഇരുപതു വർഷത്തെ ജീവിതത്തിൽനിന്ന്‌, ഏൽപ്പിച്ച ദുരന്തങ്ങളിൽനിന്ന്‌ സത്യപ്രതാപൻ എന്ന മനുഷ്യൻ എന്തിനോടും ശാന്തമായി പ്രതികരിക്കുന്ന സ്വഭാവമുളളവനായി മാറുന്നു എന്ന്‌ സംവിധായകൻ അവകാശപ്പെടുന്നു. പക്ഷേ, നായകന്റെ ഈ ശാന്തസ്വഭാവവും ജീവിതദുരന്തങ്ങളും ഒരിക്കൽപോലും പ്രേക്ഷകരിലേക്ക്‌ ഇറങ്ങി ചെല്ലുന്നില്ല എന്നതാണ്‌ സത്യം. പണക്കാരനും സുന്ദരനും സ്ര്തീവിരോധി (സ്ര്തീ വിരോധത്തിലേക്ക്‌ വരുന്ന കാരണങ്ങൾക്കുപോലും വേണ്ടത്ര ബലമില്ലെന്നതു വേറെ കാര്യം)യുമായ നായകൻ എന്ന്‌ ചിന്തിക്കുമ്പോൾ അത്‌ മലയാളത്തിൽ മമ്മൂട്ടി തന്നെ, നായകന്‌ അത്യാവശ്യം വിഡ്‌ഢിത്തം കാണിക്കുന്ന ഒരു കൂട്ടാളി അതിന്‌ ഇന്നസെന്റിന്റെ കുരുവിള, സത്യപ്രതാപിന്റെ രക്ഷിതാവായി ജനാർദ്ദനന്റെ പരമേശ്വരൻ, ഭാര്യ(കെ.പി.ഇ.സി. ലളിത), അയാളുടെ മകൻ ശ്രീകുമാർ(മുകേഷ്‌), അയാളുടെ സന്തത സഹചാരി ഉഗ്രൻ (ഹരിശ്രീ അശോകൻ). പോരാത്തതിന്‌ സത്യപ്രതാപൻ എന്ന ക്രോണിക്‌ ബാച്ചിലറുടെ മനസ്സിളക്കാൻ ഒരു പെണ്ണും (രംഭ) എന്നിങ്ങനെ അളവും തൂക്കവും ഒപ്പിച്ചിട്ടുളള കഥാപാത്രങ്ങൾ നിരവധിയുണ്ട്‌ ചിത്രത്തിൽ.

ചിത്രത്തിന്റെ കഥയിലെ വിശദാംശങ്ങളിലേക്ക്‌ കടക്കുമ്പോൾ പ്രേക്ഷകർക്ക്‌ ചെന്നിക്കുത്ത്‌ അനുഭവപ്പെടും. അത്രയ്‌ക്കുണ്ട്‌ കഥയിൽ വളവുകളും തിരിവുകളും. ബിസ്സിനസ്സുകാരനായ സത്യപ്രതാപൻ എന്ന എസ്‌.പി. സഹായി കുരുവിളയുമൊത്ത്‌ ഒരു വലിയ വീട്ടിലാണ്‌ താമസം. സ്‌ത്രീകളെ അകറ്റിനിർത്തി ജീവിക്കുന്ന സത്യപ്രതാപൻ, തന്റെ അച്ഛന്റെ മരണശേഷം നഷ്‌ടപ്പെട്ട സ്വത്തുക്കൾ മുഴുവനും ഏറെ യാതനകൾക്കുശേഷമാണ്‌ തിരിച്ചു പിടിച്ചത്‌. തന്റെ അച്ഛന്റെ ആദ്യഭാര്യയിലുളള മകൾ സന്ധ്യയെ (ഭാവന) കണ്ടെടുത്ത്‌ അവൾ പോലും അറിയാതെ തന്റെ വീടിന്റെ തൊട്ടടുത്തുതന്നെ താമസിപ്പിച്ച്‌ സംരക്ഷിച്ചു വരികയാണ്‌. അയാളുടെ ജീവിതലക്ഷ്യംതന്നെ അവളുടെ സന്തോഷമാണ്‌. സത്യപ്രതാപന്റെ കൂടെ താമസിക്കാനെത്തുന്ന ശ്രീകുമാർ സന്ധ്യയെ പ്രേമിക്കുന്നു. സന്ധ്യയുടെയും ശ്രീകുമാറിന്റെയും വിവാഹനിശ്‌ചയത്തിന്റെ അന്ന്‌ അവളുടെ സ്വന്തം ഏട്ടൻ ശേഖരൻ അവളെ പിടിച്ചു കൊണ്ടുപോയി എസ്‌.പി.യുടെ ശത്രുവിന്റെ മകനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു. ഒടുക്കം നായകന്റെ ഭാഗം ശരിയാകുന്നതും കാര്യങ്ങൾ ശുഭമാകുന്നതും കഥാന്ത്യം. കൗമാരകാലത്തെ സംഭവങ്ങൾ എസ്‌.പി.യെ സ്‌ത്രീ വിരോധിയാക്കാൻ ചിത്രീകരിക്കുമ്പോൾ, തുടർന്നുവരുന്ന സംഭവങ്ങൾ അയാൾ സ്‌ത്രീ വിരോധിയാകാൻ കാരണക്കാരിയെന്ന്‌ സംവിധായകൻ പറയുന്ന സ്‌ത്രീയുടെ (ഇന്ദ്രജ) അനുജത്തിയെ വിവാഹം കഴിക്കാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു. രണ്ടു സംഭവങ്ങൾക്കും ആധികാരികതയില്ലെന്നു മാത്രമല്ല, രണ്ടു ഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണികൾക്ക്‌ തീരെ ബലവുമില്ല.

പോരായ്‌മകൾ ഏറെയുളള തിരക്കഥയിലെ ചിരിക്കാൻ വേണ്ടിയുളള പ്രയോഗങ്ങൾ ചിരിപ്പിക്കുകയല്ല നാണിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. കൈതപ്രവും, ആർ.കെ.ദാമോദരനും രചിച്ച്‌ ദീപക്‌ദേവ്‌ എന്ന പുതുമുഖ സംഗീത സംവിധായകന്റെ വകയായി നാലുപാട്ടുകളുണ്ട്‌ ചിത്രത്തിൽ. അറുവഷളൻ നൃത്തരംഗങ്ങളുമായി വരുന്ന ഈ പാട്ടുസീനുകൾ ചിത്രത്തെ കൂടുതൽ വിരസമാക്കുന്നു. മൂന്നു നായികമാരുണ്ട്‌ ചിത്രത്തിൽ. രംഭ എന്ന നായികയ്‌ക്ക്‌ പാട്ടുകളുടെ താളത്തിനൊത്ത്‌ ശരീരഭാഗങ്ങൾ ഇളക്കുകയാണ്‌ ദൗത്യം. ഇന്ദ്രജയുടെ കഥാപാത്രവും (ഈ കഥാപാത്രം രജനീകാന്തിന്റെ പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു.) അഭിനയവും പ്രേക്ഷകർക്ക്‌ അരോചകമായിട്ടാണ്‌ അനുഭവപ്പെടുക. അതുകൊണ്ടാണ്‌ നായകൻ ഈ നായികയെ കൈനീട്ടി അടിക്കുമ്പോൾ പ്രേക്ഷകർ അതിരുവിട്ട്‌ ആഹ്ലാദിക്കുന്നത്‌. മമ്മൂട്ടിക്കും മറ്റ്‌ സീനിയർ താരങ്ങൾക്കും ഒപ്പം നിന്ന്‌ അഭിനയിക്കാൻ താൻ പ്രാപ്തയാണെന്ന്‌ ഭാവന തെളിയിക്കുന്നു. ആനന്ദക്കുട്ടന്റെ ദൃശ്യവിന്യാസങ്ങൾ എഡിറ്റു ചെയ്യാൻ ടി.ആർ. ശേഖർ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവണം.

സാമ്പത്തിക വിജയം മാത്രം ലക്ഷ്യമിട്ട്‌ ‘കടുംവെട്ട്‌’ നടത്തുന്ന ആത്മാത്ഥതയില്ലാത്ത സംവിധായകരുടെ നിരയിലാണ്‌ സിദ്ധിക്കെന്ന്‌ ക്രോണിക്‌ ബാച്ചിലർ സാക്ഷ്യപ്പെടുത്തുന്നു.

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.