പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

പരിസ്‌ഥിതി പ്രതിസന്ധിയും ചൊവ്വാ ദൗത്യവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ഉബൈദ്‌

നമ്മുടെ ഭൂമി ഉൾപ്പെടുന്ന ആകാശഗംഗ (Milky Way) യിൽ കോടിക്കണക്കിനു നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും നിലനിൽക്കുന്നുവെന്ന തിരിച്ചറിവ്‌ മറ്റു ഗ്രഹങ്ങളിലെവിടെങ്കിലും ജൈവരൂപങ്ങളുടെ അസ്‌തിത്വത്തിനുള്ള പ്രതീക്ഷയ്‌ക്കു വ്യാപ്‌തി കൂട്ടുന്നു. ഭൂമിയിലുണ്ടാകാൻ പോകുന്ന പരിസ്‌ഥിതി ദുരന്തങ്ങളും അതുവഴി മാനവരാശിക്കു സംഭവിക്കാവുന്ന ഉന്മൂലന സാദ്ധ്യതയും മുൻകൂട്ടിക്കാണുമ്പോൾ മറ്റൊരു സുരക്ഷിതവാസസ്‌ഥലം അന്വേഷിക്കാതിരിക്കാൻ ശാസ്‌ത്രലോകത്തിനാകില്ല.

ഭൂമിക്കപ്പുറത്തുള്ള കുടിയേറ്റത്തിന്‌ ഏറ്റവും ഉതകുന്ന ഗ്രഹം ചൊവ്വയാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഭൂമിയെപ്പോലെ സുന്ദരമായ വാസസ്‌ഥലം നമുക്കു സങ്കല്‌പിക്കാനാവില്ലെങ്കിലും ചൊവ്വാഗ്രഹത്തിന്റെ സൂര്യനിൽ നിന്നുള്ള അകലം വച്ചു നോക്കുമ്പോൾ പലനിലക്കും ജീവൻ നിലനിന്നിരുന്നതോ, നിലനിൽക്കുവാൻ സാദ്ധ്യതയോ ഉള്ള ഗ്രഹമായി കാണുന്നതുകൊണ്ടാണ്‌ ശാസ്‌ത്രലോകത്തിന്റെ പര്യവേക്ഷണ ദൃഷ്‌ടികളെല്ലാം ചൊവ്വയിൽ കേന്ദ്രീകരിക്കുന്നത്‌. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ സ്‌ഥാനവുമായി തുലനം ചെയ്യുമ്പോൾ താപവ്യതിയാനങ്ങൾ കുറവാണെന്നതും ജലസന്നിദ്ധ്യവുമാണ്‌ അതിനുള്ള പ്രധാന കാരണം. ആഗോള താപനം, അണ്വായുധ വ്യാപനം തുടങ്ങിയ ഭീഷണികൾ മാനവരാശിക്കു മുമ്പിലുള്ളപ്പോൾ ഭൂഗോള ജീവിതം ശാശ്വതമോയെന്ന ശങ്ക ശാസ്‌ത്ര ലോകത്തെ പിടികൂടിയിട്ടുണ്ട്‌. അതിനാൽ മറ്റൊരു ഗ്രഹവാസത്തിനുള്ള സാദ്ധ്യതകൾക്ക്‌ പ്രസക്തിയുമുണ്ട്‌. പ്രപഞ്ചത്തിലെ സകലതും സൃഷ്‌ടിസ്‌ഥിതി സംഹാരങ്ങൾക്കു വിധേയമാണെന്നതുകൊണ്ട്‌ ഭൂമിയും അതിൽ നിന്നു വിഭിന്നമാകേണ്ടതില്ല.

എന്നാൽ ആഗോള താപനവും അണ്വായുധ വ്യാപനവുമെല്ലാം മനുഷ്യന്റെ തന്നെ വികൃതികളാവുകയും ഭൂമിയുടെ സുസ്‌ഥിരതക്ക്‌ അവൻതന്നെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്ന ഒരു ഹിമാലയൻ വൈപരീത്യമുണ്ട്‌. ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഉൽക്കാപതനം (Cosmic collesion) തുടങ്ങിയ പ്രപഞ്ച ദുരന്തങ്ങൾ തുടർന്നും പ്രതിക്ഷിക്കാവുന്നതാണ്‌. ആറരക്കോടി വർഷങ്ങൾക്കു മുമ്പുണ്ടായതാണെങ്കിലും ഭാവി മാനവരാശിയുടെ സംപൂർണ നാശത്തിന്‌ ഇത്തരം ഉൽക്കാപതനങ്ങൾ കാരണമായേക്കാം.

ജനിതക ഘടനയിൽ മാറ്റം വന്ന പുതിയ വൈറസുകൾ എല്ലാ ഔഷധങ്ങളെയും അതിജീവിക്കുന്ന ഒരു സഹചര്യത്തിലും ആധുനിക മനുഷ്യന്റെ സർവനാശത്തിനു കാരണമായേക്കാമെന്നും ഭയക്കുന്നവരുണ്ട്‌. ജീവൻ എന്ന അപൂർവ പ്രതിഭാസത്തെ ഭൗമോതരമായ പ്രപഞ്ചത്തിലെവിടെയെങ്കിലും നിലനിറുത്താൻ അന്യഗ്രഹവാസ പര്യാലോചനകൾക്കു പ്രസക്തിയുണ്ടെന്നും ശാസ്‌ത്രലോകം കരുതുന്നു.

ഭൂമിയെന്ന ജൈവഗ്രഹം ആരാണു, എന്തിനാണു മലിനീകരിച്ചത്‌ എന്നെല്ലാം ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളു. ചിരിക്കാനും ചിന്തിക്കാനും സവിശേഷശേഷിയുള്ള മനുഷ്യൻ തന്നെ. പ്രകൃതിയിലെ പരിമിതികളെ മറികടക്കാൻ സ്വയം കണ്ടെത്തിയ മാർഗ്ഗങ്ങൾ നമുക്കുതന്നെ ഭീഷണി സൃഷ്‌ടിക്കുകയാണിപ്പോൾ. ശാസ്‌ത്രങ്ങൾ സത്യങ്ങളെ അനാവൃതമാക്കുന്നു. നിത്യജീവിതത്തിലെ സങ്കീർണതകളെ ലഘൂകരിക്കുന്നു. സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. പക്ഷെ, ഇവയുടെയെല്ലാം ഉപോൽപന്നമായി പരിസ്‌ഥിതി മലിനീകരണവും സൃഷ്‌ടിക്കുന്നുവെന്നിടത്താണു ശാസ്‌ത്രം ശിക്ഷകനാകുന്നത്‌. നമ്മുടെ ആവാസവ്യവസ്‌ഥയ്‌ക്കു തുരങ്കം വെയ്‌ക്കുന്ന യാതൊന്നും ശാസ്‌ത്രത്തിൽ നിന്നു സ്വീകരിക്കപ്പെടാതിരിക്കുകയും, നൂറു ശതമാനവും മലിനീകരണപ്രവണതയില്ലാത്ത സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ചും മാത്രമേ ഇവ്വിധ പാരിസ്‌തിതിക ദുരന്തങ്ങളിൽ നിന്നും നമുക്കു സുരക്ഷിതത്വമാർജിക്കാനാവൂ.

സ്വന്തം വീട്‌ വൃത്തിഹീനമാക്കി മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്നതുപോലെയാണ്‌ ചൊവ്വാധിനിവേശത്തെ മറ്റൊരു ദൃഷ്‌ടിയാൽ കാണേണ്ടത്‌. മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ പരിമിത സൗകര്യങ്ങളിൽ ജീവിച്ചുമരിക്കുമ്പോൾ മനുഷ്യനുമാത്രം അമിതവും അപകടകരവുമായ സുഖസൗകര്യങ്ങളെന്തിനെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂമിയുടെ ഉൽപത്തിയിൽ നിന്ന്‌ അന്ത്യത്തിലേക്കുള്ള യാത്രക്കു മനുഷ്യനിത്ര ആക്കം കൂട്ടേണ്ടതുണ്ടോ. ദൈവദത്തമാണങ്കിലും അല്ലെങ്കിലും ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്താതെ ഭാവി തലമുറക്കതു കൈമാറേണ്ട ചുമതലയും നമുക്കില്ലേ?

“സുരക്ഷിത ഭൂമി, സുന്ദര ഭൂമി” എന്നതാകട്ടെ പുതിയ പരിസ്‌ഥിതി മുദ്രവാക്യം.

പി. ഉബൈദ്‌

പി. ഉബൈദ്‌, എഫ്‌.15, എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്‌, അയ്യന്തോൾ, തൃശൂർ - 680 003. ഫോൺ ഃ 0487- 2360842.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.