പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സാഹിത്യത്തിലെ ഹിപ്പോക്രസിക്കെതിരെ ഒരു പ്രസാധകൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി. ജയചന്ദ്രൻ

ഞാൻ എന്നെപ്പറ്റി പറയുമ്പോൾ എന്റെ മാതാപിതാക്കന്മാരിൽനിന്നുതന്നെ തുടങ്ങണം. എനിക്ക്‌ ഹിപ്പോക്രസി ഒട്ടും ഇഷ്‌ടമല്ല. ആ പ്രേരണ എനിക്കു നല്‌കിയ മാതാപിതാക്കൻമാരെ ഞാൻ അഭിമാനപൂർവ്വം സ്‌മരിക്കുന്നു. അക്കൂട്ടത്തിൽ ഞാൻ സി.ഐ.സി.സിയുടെ ചരിത്രവും സംക്ഷിപ്‌തമായി പറഞ്ഞുകൊണ്ട്‌ തുടങ്ങട്ടെ.

സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളുടെ വക്താവ്‌ അഥവാ സി.ഐ.സി.സി

ലോകതലത്തിൽ തന്നെയും സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളെ ഏകോപിപ്പിക്കാനായി രൂപീകരിച്ച ഒരു സംഘടനയായിരുന്നു സെൻട്രൽ ഫോർ ഇന്റർനാഷണൽ കൾച്ചർ ആന്റ്‌ കോ-ഓപ്പറേഷൻ (സി.ഐ.സി.സി). ഈ സംഘടന എന്റെ പിതാവായ സമാധാനം പരമേശ്വരന്റെ നേതൃത്വത്തിൽ കേരളം മുഴുവൻ പ്രവർത്തനം നടത്തിയിരുന്നു. ജസ്‌റ്റിസ്‌ വി.ആർ. കൃഷ്‌ണയ്യർ, ജസ്‌റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി തുടങ്ങിയ ഒട്ടേറെ പ്രമാണിമാർ ഇതിന്റെ പ്രവർത്തനവുമായി സജീവമായി സഹകരിച്ചിരുന്നു. ആദ്യം സോവിയറ്റ്‌ സാഹിത്യങ്ങൾ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. ബോറിസ്‌ പൊളിവോയിയുടെ “ദ സ്‌റ്റോറി ഒഫ്‌ റിയൽ മാൻ” എന്ന സുപ്രസിദ്ധ റഷ്യൻ നോവൽ, ഒരു യഥാർത്ഥ മനുഷ്യന്റെ കഥ, നുകത്തിനടിയിൽ, ചെന്നായ്‌ക്കൾക്കിടയിൽ അവന്റെ തലയ്‌ക്കൊരു സമ്മാനം, വിപ്ലവത്തിന്റെ തീച്ചൂളയിൽ, കാൾമാക്‌സിന്റെ ഇന്ത്യ ചരിത്രക്കുറിപ്പുകൾ, ലോകത്തിലെ വിവിധ രാഷ്‌ട്രങ്ങളിലെ അഥവാ 17 സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളിലെ സ്‌ത്രീകളുടെ അവകാശാധികാരങ്ങളെക്കുറിച്ചുളള വനിതാലോകം. ഭാരതീയവനിത എന്ന പേരിൽ ഇന്ത്യയിലെ വനിതകളെക്കുറിച്ചുളള പുസ്‌തകം, ഓപ്പറേഷൻ തീയേറ്റർ, മരുമകൻ, രണ്ടു കാമുകൻമാർ എന്നീ റഷ്യൻ നാടകങ്ങൾ തുടങ്ങിയവ സി.ഐ.സി.സി. ആദ്യകാലങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ്‌. എം.ആർ.സി. തർജ്ജമ ചെയ്‌ത ഷൊളോഖോവ്‌ നോവലുകൾ അക്കാലത്ത്‌ വളരെ പ്രശസ്‌തമായിരുന്നു. 1962 മുതൽ 1967 വരെയുളള അഞ്ചുവർഷംകൊണ്ട്‌ ഏതാണ്ട്‌ നാല്‌പതിലധികം അതിപ്രശസ്‌ത തർജ്ജിമകൾ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇരുപതിലധികം കൃതികൾ ശ്രീമതി സുഭദ്രാപരമേശ്വരന്റേതാണ്‌. 1967-ൽ അർബുദരോഗത്തെ തുടർന്ന്‌ എന്റെ മാതാവായ സുഭദ്രാപരമേശ്വരൻ അന്തരിച്ചു.

സാഹിത്യകാരന്മാരുടെ ഇരട്ടമുഖം

ഞാൻ പുസ്‌തകപ്രസിദ്ധീകരണരംഗത്തു വരുന്നത്‌ 1980-കളിലാണ്‌. അതിനുമുമ്പുതന്നെ അപസർപ്പക-പൈങ്കിളി സാഹിത്യം മലയാളത്തിലുണ്ട്‌. ഇവിടത്തെ കൊമ്പത്തെ എഴുത്തുകാരുടെ പടിക്കൽ പുസ്‌തകം തെണ്ടി ഓച്ഛാനിച്ചുനില്‌ക്കാൻ എനിക്കു മനസ്സില്ലായിരുന്നു. എന്നെ തേടിവന്ന എഴുത്തുകാരിൽ ഭൂരിപക്ഷം പേരും എസ്‌.പി.സി.എസ്‌ എന്ന മഹാസ്ഥാപനം തഴഞ്ഞവരായിരുന്നു.

മലയാളത്തിലെ സാഹിത്യകാരൻമാരെക്കുറിച്ച്‌

നിങ്ങളുടെ സങ്കല്പത്തിലുളള വ്യക്തിയായിരിക്കില്ല പലപ്പോഴും അടുത്തു പരിചയപ്പെടുമ്പോൾ. മിക്കവർക്കും രണ്ടിലേറെ മുഖങ്ങളുണ്ട്‌. ആ അർത്ഥത്തിൽ അവർ ബഹുമുഖപ്രതിഭകൾ തന്നെയാണ്‌. സാധാരണക്കാരന്‌ ദേഷ്യം വന്നാൽ അവൻ തെറിപറയും, ചിലപ്പോൾ തല്ലും. സാഹിത്യകാരനു ദേഷ്യം വന്നാൽ തെറി പറയില്ല, തല്ലില്ല പക്ഷേ ചിരിച്ചുകൊണ്ട്‌ കഴുത്തറക്കും. ‘കരസ്ഥമാക്കാൻ’ (കരസ്ഥമാക്കുക+പിടിച്ചെടുക്കുക) എന്തും ചെയ്യും. സ്വന്തം കാര്യം, സ്വന്തം പ്രശസ്‌തി, സ്വന്തം കാര്യം സിന്ദാബാദ്‌. പണ്ടൊക്കെ ഒട്ടേറെ മേശ നിരങ്ങിയേ എഴുത്തുകാരനാകൂ. ഇന്ന്‌ പണമുണ്ടെങ്കിൽ ആർക്കും എഴുത്തുകാരനാകാം. അതുകൊണ്ട്‌ പിന്നീട്‌ പ്രശസ്‌തരായിക്കഴിഞ്ഞാൽ തന്റെ യാതന മറ്റുളളവരെക്കൊണ്ടും അനുഭവിപ്പിക്കും. അതൊരു വലിയ ക്ലിക്കാണ്‌. വലിയ ഗ്രൂപ്പാണ്‌. തൊട്ടാൽ മാത്രമല്ല, ബഹുദൂരേ നിന്നാൽപോലും പൊളളിച്ചാകും, അതുകൊണ്ടല്ലേ കൊലകൊമ്പൻ രാഷ്‌ട്രീയനേതാക്കൾ വരെ കൊമ്പുകുത്തി സംസ്‌കാരിക ‘നായന്മാ’ർക്കുമുമ്പിൽ സുല്ലിടുന്നത്‌. അതുകൊണ്ടല്ലേ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികസംഘടനയായ എസ്‌.പി.സി.എസ്‌ എല്ലും തോലുമായത്‌. സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ വാർഷിക ജനറൽബോഡി മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ്‌ ആറുമാസംകൂടി കഴിഞ്ഞശേഷമാണ്‌ ആദ്യയോഗം ചേർന്നത്‌. ശാന്തം പാപം.

കബളിപ്പിക്കപ്പെടാൻ വളരെ സാധ്യതയുളള രംഗമാണ്‌ ഈ പുസ്‌തകരംഗം. അർഹതപ്പെടാത്തവയാണ്‌ അച്ചടിക്കപ്പെടുന്നതിൽ ഏറെയും-കാശുമായി പലരും വരും. പണം മേടിച്ച്‌ വില്‌പന സാധ്യതയില്ലാത്തത്‌ അച്ചടിച്ചാൽ പിന്നെ മോശക്കാരനായി. “രവി പല പ്രാവശ്യം ചോദിച്ചിട്ട്‌ കൊടുക്കാഞ്ഞതാ. കൃഷ്‌ണദാസ്‌ നന്നായിക്കോട്ടെ എന്നു കരുതി കൊടുത്തതാ. ഇപ്പോ കണ്ടില്ലേ?” ഒരു ലക്ഷം നോട്ടീസ്‌ അച്ചടിച്ച ഫലം. വെളുക്കാൻ തേച്ചത്‌ പാണ്ടായതുപോലെ ആകും. ഇനി മഹാന്മാരുടെ അടുത്ത്‌ പുസ്‌തകത്തിനു ചെന്നാലോ- എൻ.ബി.എസ്‌ മൂന്നുപതിപ്പും ഡീസി രണ്ടുപതിപ്പും അച്ചടിച്ച്‌ ഉപേക്ഷിച്ചത്‌ നിങ്ങൾക്കു വലിയ സംഖ്യ അഡ്വാൻസ്‌ വാങ്ങി കൂടുതൽ കോപ്പി അച്ചടിക്കാൻ എഗ്രിമെന്റ്‌ (2000-3000) വയ്‌പിക്കും. മറ്റു പ്രസാധകരെ വില്‌പനക്കുവേണ്ടി സമീപിക്കുമ്പോൾ ഇതിന്റെയൊക്കെ വിലകുറഞ്ഞ പതിപ്പുകൾ അവിടെ കെട്ടിക്കിടക്കുന്നു. പുസ്‌തകപ്രസാധാനരംഗത്ത്‌ പത്തുവർഷം പിടിച്ചുനില്‌ക്കണമെങ്കിൽ ഒരുമാതിരി സർക്കസ്സൊന്നും അറിഞ്ഞാൽ മതിയാവില്ല. എനിക്കൊന്നും ഉപദേശിക്കാനില്ല. ഉപദേശിക്കുന്നതും ഉപദേശം കേൾക്കുന്നതും എനിക്കിഷ്‌ടമല്ല. അറിയാത്ത പിളള ചൊറിയുമ്പോൾ അറിയും.

പൈങ്കിളി സാഹിത്യം- അർത്ഥവും അനർത്ഥവും

700ൽ പരം ഡിറ്റക്‌ടീവ്‌ നോവലുകൾ ഞാൻ പ്രസിദ്ധീകരിച്ചു. ഇതു ഞാൻ മലയാളത്തിനുചെയ്‌ത സേവനമായി കാണുന്നില്ല. എന്റെ ജീവിതമാർഗ്ഗം പുസ്‌തകം അച്ചടിച്ചു വില്‌ക്കലാണ്‌. അപസർപ്പകനോവലുകൾക്ക്‌ എന്നും ഒരു കൃത്യമായ വില്‌പനയുണ്ട്‌. കൊളളാവുന്ന വിധത്തിൽ ജീവിച്ചുപോകാനുളള പണവും എനിക്ക്‌ അപസർപ്പകനോവൽ പ്രസാധനം വഴി ലഭിക്കുന്നുണ്ട്‌. ഡിറ്റക്‌ടീവ്‌ നോവൽ വായന റീഫ്രഷാക്കുമെന്ന്‌ വൈദ്യശാസ്‌ത്രംപോലും തെളിയിച്ചുകഴിഞ്ഞതാണ്‌. ലോകത്ത്‌ ഏറ്റവും അധികം ആളുകളുളളത്‌ ത്രില്ലറുകൾ വായിക്കാനും കാണാനുമാണ്‌. ഏതോ ഒരു നിമിഷത്തിലാണ്‌ അപസർപ്പക സാഹിത്യത്തിയൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തോന്നിയത്‌. അതു ക്ലിക്ക്‌ ചെയ്‌തു. സി.ഐ.സി.സിയുടെ ഡിറ്റക്‌ടീവ്‌ നോവലുകൾക്ക്‌ നല്ല ഡിമാന്റുണ്ട്‌. നമ്മുടെ ഗ്രാമീണ ലൈബ്രറികളിലും മറ്റും പുതിയ വായനക്കാരെ എക്കാലത്തും പുസ്‌തകത്തോടടുപ്പിച്ചത്‌ അപസർപ്പകസാഹിത്യം തന്നെയാണ്‌.

മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരൻമാരിൽ പലരും മുട്ടത്തുവർക്കി അവാർഡ്‌ കൈനീട്ടി വാങ്ങുകയും ശേഷം അത്യുജ്ജ്വലമായ സാഹിത്യപ്രഘോഷണം നടത്തുകയും ചെയ്യുന്നുണ്ട്‌. ഉദരം നിമിത്തം ബഹുകൃതവേഷം എന്നല്ലാതെ എന്തുപറയാൻ? 33333 രൂപയ്‌ക്കു മുകളിൽ ഒരു പരുന്തും ഇതുവരെ പറന്നിട്ടില്ല. ഒരു കഴുകനും ഇറച്ചിക്കഷ്‌ണം വേണ്ടെന്നു പറയുകയില്ല. എല്ലാവരും മലയാളത്തിന്റെ മഹാഭാഗ്യങ്ങളാണല്ലോ.

പിന്നെ പൈങ്കിളി എന്ന പ്രയോഗം പുച്ഛത്തിൽ പറഞ്ഞു തുടങ്ങിയത്‌ മുട്ടത്ത്‌ വർക്കിസാറ്‌ എഴുതിയ കൃതികൾ ചൂടപ്പം പോലെ വിറ്റുപോകുന്നതു കണ്ട്‌ അസൂയ മൂത്ത കുറേ പാഴ്‌ജന്മങ്ങളാണ്‌. ഇന്ന്‌ ഓണം -ക്രിസ്‌മസ്‌ നാളുകളിൽ ബിവറേജ്‌ കോപ്പറേഷനിലെ മദ്യം വിറ്റഴിയുന്നതു പോലെയാണ്‌ അന്ന്‌ പുസ്‌തകം വിറ്റഴിഞ്ഞിരുന്നത്‌. മുട്ടത്തുവർക്കിയുടെ ഒരൊറ്റ കൃതിപോലും സി.ഐ.സി.സി അച്ചടിച്ചിട്ടില്ല. അതെല്ലാം അച്ചടിച്ചിട്ടുളളത്‌ നമ്മുടെ സാക്ഷാൽ ഡീസിയാണ്‌. പിന്നെ കുറെയെണ്ണം പെപ്പിനും. പൈങ്കിളി എന്നതിൽ അടങ്ങിയ വികാരം വളരെ പണ്ട്‌ അങ്ങനെ പറഞ്ഞവരുടെ തന്നെ മനോഭാവം കൊണ്ടാണ്‌. കോട്ടയം പുഷ്‌പനാഥും, ബാറ്റൺബോസും, എൻ.കെ.ശശിധരനും, പമ്മനും, ജോയ്‌സിയും, സുധാകർ മംഗളോദയവും, കമലാഗോവിന്ദും, വി.ടി. നന്ദകുമാറും, മല്ലികായൂനിസ്സും, ചന്ദ്രക്കലാ എസ്‌. കമ്മത്തും, മെഴുവേലി ബാബുജിയും ഏറ്റവും ഒടുവിൽ പ്രശാന്ത്‌ നമ്പ്യാർ വരെയുളളവരുമാണ്‌ ഈ സ്ഥാപനത്തെ നിലനിർത്തിയത്‌. എനിക്ക്‌ അവരോടു മാത്രമേ കടപ്പാടുളളൂ.

അതുകൊണ്ട്‌ അപസർപ്പക-പൈങ്കിളി സാഹിത്യത്തിന്റെ പ്രചാരകൻ എന്നോ വക്താവ്‌ എന്നോ ലോകം പറഞ്ഞാൽ, ഞാൻ യേസ്‌ എന്നു തന്നെ പറയും. പിന്നെ അച്‌ഛന്റെയും അമ്മയുടെയും കാലം. അത്‌ അവരുടെ ജീവിതനിയോഗം എന്നേ ഞാൻ കരുതുന്നുളളൂ. അക്കാലത്ത്‌ കമ്യൂണിസ്‌റ്റ്‌ മന്ത്രി, മുട്ടയും പാലും കോഴിക്കറിയും കഴിച്ച്‌ വിശപ്പുമാറ്റാൻ പറഞ്ഞിരുന്നില്ലല്ലോ. ഒരു കാര്യത്തിൽ എനിക്കു സന്തോഷമുണ്ട്‌. എന്റെ ഒരെഴുത്തുകാരൻ ജോയ്‌സി മനോരമയിൽ നിന്ന്‌ മംഗളത്തിലേക്ക്‌ മാറിയത്‌ പത്തുലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ടാണ്‌. ഒരു കൊല്ലത്തിനകം പത്തുലക്ഷം മംഗളത്തിന്‌ അദ്ദേഹം മടക്കിക്കൊടുത്ത്‌ സ്വതന്ത്രനാകുകയും ചെയ്‌തു. കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ജനപ്രിയ എഴുത്തുകാരും മാന്യമായി “മുട്ടയും പാലും കോഴിയിറച്ചിയും കഴിച്ച്‌” വിശപ്പു മാറ്റി- മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകി പരദൂഷണത്തിനും പാരവയ്‌പിനും നില്‌ക്കാതെ സുഖമായി ജീവിക്കുന്നു. സി.ഐ.സി.സിയുടെ മിടുക്കു കൊണ്ടല്ല പതിനായിരക്കണക്കിനുളള അവരുടെ സാധാരണക്കാരിൽ സാധാരണക്കാരായ വായനക്കാരുടെ മിടുക്കുകൊണ്ട്‌. കൂടെ മംഗളം, മനോരമ, സീരിയൽ നിർമ്മാതാക്കളുടെ കൂടി മിടുക്കുകൊണ്ട്‌. പിന്നെ 28 കൊല്ലമായി ഞാൻ അന്വേഷിക്കുന്ന, ഇതുവരെ ഉത്തരം കിട്ടാത്ത ഒരു സമസ്യയുണ്ട്‌. ഭാരതപ്പുഴയുടെ തീരത്ത്‌ മലബാർ ഭാഷ പറഞ്ഞ്‌ നാണുനായരും നാണിയമ്മയും പ്രേമിച്ചാൽ അതു വിശ്വസാഹിത്യവും, മീനച്ചിലാറിന്റെ തീരത്തോ, പാല, കോട്ടയം, ഇടുക്കി ഭാഗത്തോ വക്കച്ചനും ത്രേസ്യാക്കുട്ടിയും പ്രേമിച്ചാൽ അതു പൈങ്കിളിയുമാകുന്നതെങ്ങനെയെന്ന്‌? ജോയ്‌സിയുടേയോ, സുധാകർ മംഗളോദയത്തിന്റെയോ ഒരു നോവൽ അവരുടെ പേരിടാതെ മംഗളമോ, മനോരമയോ അല്ലാത്ത ബുദ്ധിജീവിവാരികക്കാർ പ്രസിദ്ധീകരിച്ചു നോക്കട്ടെ. അപ്പോഴറിയാം അവരുടെ തൂലികയുടെ കരുത്ത്‌. അതിനുമുമ്പിൽ തകർന്നു വീഴുന്ന ബിംബങ്ങളുടെ സംഖ്യ എണ്ണിയാൽ തീരില്ല.

പുസ്‌തക പ്രസാധനവും കച്ചവടവും

ഒരു കച്ചവടക്കാരന്‌ മറ്റൊരു കച്ചവടക്കാരനെ കണ്ടൂടാ എന്നത്‌ മലയാളത്തിലെ ഒരു ചൊല്ലിന്റെ മറുവശമാണ്‌. അവനവന്റെ കാര്യം നോക്കുക എന്നതാണ്‌ പൊതുതത്ത്വം. പിന്നെ വല്യപ്രശ്‌നങ്ങൾ വരുമ്പോൾ യോജിക്കേണ്ടവർ യോജിക്കും. പ്രസാധകരുടെ കൂട്ടായ്‌മ ഉണ്ട്‌. ലോകചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ എഴുത്തുകാരോട്‌ പരസ്‌പരം അവഹേളിക്കരുതെന്നും ചെളി വാരിയെറിയരുതെന്നും പറഞ്ഞത്‌ ഓൾ കേരള പബ്ലിഷേഴ്‌സ്‌ ആന്റ്‌ ബുക്‌സെല്ലേഴ്‌സ്‌ അസോസിയേഷനാണ്‌- അതിനുമുമ്പ്‌ പത്രം തുറന്നാൽ തലതാഴ്‌ത്തുമായിരുന്നു. പുസ്‌തകത്തിന്‌ നികുതി ഇല്ലാതാക്കിയതും ഈ സംഘടന തന്നെയാണ്‌.

ദുർഗ്രാഹ്യതയില്ലാതെ ആത്മാർത്ഥതയോടെ എഴുതിയതെന്തും ഞാൻ വായിക്കും. സദ്യയുണ്ണുമ്പോൾ ഇലയിലുളളതെല്ലാം ഭുജിക്കുന്നതുപോലെ. ആദ്യത്തെ രണ്ടുവരി വായിച്ചാൽ അറിയാം ജാടയാണോ എന്തെങ്കിലും വായിക്കാനുണ്ടോയെന്ന്‌.

ത്രേതായുഗത്തിലും അക്ഷരമുണ്ടായിരുന്നിരിക്കണം. ‘അതിജീവനം’ എനിക്കറിയില്ല. ഒന്നറിയാം, മലയാളഭാഷ വരുന്ന ഇരുപത്തിയഞ്ചുകൊല്ലംകൊണ്ട്‌ വാമൊഴി മാത്രമായി മാറും. ദക്ഷിണേന്ത്യൻഭാഷകളിൽ തമിഴ്‌ മാത്രമേ ഇതിനെ അതിജീവിക്കൂ. ഇലക്‌ട്രോണിക്‌ യുഗത്തിൽ “ഈ ബുക്ക്‌” വായിക്കും.

വാലറ്റംഃ

അമ്പലപ്പറമ്പുകളിലെ മൂട്ടവിളക്കുകൾക്കുമുമ്പിലായി കടലാസിൽ നിരത്തിയിട്ടിരിക്കുന്ന പുസ്‌തകങ്ങൾക്കുമുമ്പിൽ കൂനിക്കൂടിയിരുന്ന്‌ പുസ്‌തകം വാങ്ങിയിരുന്ന ഒരു തലമുറയും കുറേ പുസ്‌തകങ്ങളും നമുക്കുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ കാലങ്ങളെ അതിജീവിച്ച പുസ്‌തകങ്ങൾ. ഹൈടെക്‌ എക്‌സിബിഷനുകളിൽ നിയോൺ വെളിച്ചത്തിൽ ആളുകൾ വാങ്ങുന്ന പുസ്‌തകങ്ങളും അതേ പുസ്‌തകങ്ങൾ തന്നെ. ഒരു നിരൂപക കേസരിയുടെയും പിന്തുണയില്ലാത്ത പുസ്‌തകങ്ങൾ. ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും ഗീതയും ബൈബിളും ഖുറാനും ഐതിഹ്യമാലയും മറ്റും.

(കടപ്പാട്‌ഃ പുസ്‌തകവിചാരം സാഹിത്യമാസിക)

ടി. ജയചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.