പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഇൻഡ്യൻ ജനാധിപത്യത്തിനേറ്റ മുറിവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രം ഇൻഡ്യയാണെന്ന്‌ നമ്മളെവിടെയും ഉദ്‌ഘോഷിച്ചിരുന്നു. നമ്മൾ മാത്രമല്ല, വിദേശ ഭരണാധികാരികളും രാഷ്‌ട്രത്തലവന്മാരും നയതന്ത്രപ്രതിനിധികളും ഏവരും പറഞ്ഞിരുന്നത്‌ ഇൻഡ്യയെ കഴിഞ്ഞേയുളളു മറ്റേതൊരു രാജ്യത്തും ജനാധിപത്യവ്യവസ്ഥിതി എന്നാണ്‌. ഇതൊക്കെ മറ്റുളളവർ പറയുമ്പോൾ രാജ്യസ്‌നേഹിയായ ഓരോ ഭാരതീയനും രോമാഞ്ചമണിയുമായിരുന്നു. പക്ഷേ, ഈ ജനാധിപത്യ രാഷ്‌ട്രത്തിനാണ്‌ 2008 ജൂലായ്‌ 22-​‍ാം തീയതി പാർലമെന്റ്‌ മന്ദിരത്തിനകത്ത്‌ വച്ച്‌ തീരാകളങ്കം വന്ന്‌ പെട്ടത്‌.

ഇൻഡ്യ ആണവോർജ്ജ ഏജൻസിയുമായി കരാറിലേർപ്പെടണമോ വേണ്ടയോ എന്നത്‌ കഴിഞ്ഞ രണ്ടുവർഷമായി പാർലമെന്റിനകത്തും പുറത്തും ചൂടുപിടിച്ച വാഗ്വാദങ്ങൾ വഴി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമായിരുന്നു.

ഇൻഡ്യയെ പോലുളള ഒരു വികസ്വര രാജ്യത്തിന്‌ സ്വന്തം ഊർജ്ജസ്രോതസ്സുകളെ മാത്രം ആശ്രയിച്ച്‌ മുന്നോട്ട്‌ പോവാനാവില്ല എന്നത്‌, ഇപ്രകാരമൊരു കരാറിലേർപ്പെട്ട്‌ മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന്‌, ന്യായീകരണമായി പറയുന്നുണ്ട്‌. മാത്രമല്ല, നിലവിലുളള ഊർജ്ജസ്രോതസുകളെ പ്രത്യുല്പാദനമേഖലയിലേക്ക്‌ വികസിപ്പിച്ചെടുക്കുന്നതിനും പുറമെ നിന്നുളള സഹായം കൂടിയേ തീരൂ. വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപയോഗം നേരിടുന്നതിന്‌ നദീജലത്തെ മാത്രം ആശ്രയിച്ച്‌ നിൽക്കുന്ന കേരളം പോലുളള സംസ്ഥാനങ്ങൾക്ക്‌ ഇന്നത്തെ രീതിയിൽ അധികകാലം മുന്നോട്ട്‌ പോവാനാവില്ല എന്നത്‌ പകൽപോലെ വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്‌. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മാത്രം മതി നമ്മുടെയൊക്കെ കണക്കുകൂട്ടലുകൾ പാടെ തെറ്റാൻ. വർദ്ധിച്ച്‌ വരുന്ന കൃഷി -വ്യാവസായികാവശ്യങ്ങൾക്കും സൈനികാവശ്യങ്ങൾക്കും ആയുധനിർമ്മാണം ഉൾപ്പെടെയുളള രാജ്യസുരക്ഷാപദ്ധതിക്കും സ്വയംപര്യാപ്തത നേടണമെങ്കിൽ ആണവോർജ്ജം വർദ്ധിതമായ രീതിയിൽ കൂടിയേ തീരൂ. ഇവിടെയായിരുന്ന, ആണവോർജ്ജ കരാറിൽ ഇൻഡ്യ ഏർപ്പെടണമെന്ന വാദത്തിന്റെ അടിത്തറ. നമ്മുടെ രാജ്യത്തെ പ്രതിപക്ഷം, പ്രത്യേകിച്ചും ഈ ഗവൺമെന്റിനെ താങ്ങി നിർത്തിയിരുന്ന ഇടതുപക്ഷപാർട്ടികൾ ഇവയെ ശക്തമായി എതിർക്കുകയാണുണ്ടായത്‌. അതിന്‌ പ്രധാനകാരണം, ആണവോർജ്ജ കരാറിൽ ഒപ്പിടുകവഴി, ഫലത്തിൽ ഈ രാജ്യത്തെ അമേരിക്കയുടെ വിധേയത്വത്തിലേയ്‌ക്ക്‌ ചെന്നെത്തിക്കുമെന്ന ആശങ്കയാണ്‌. ആ ആശങ്കയ്‌ക്ക്‌ അവരുടേതായ വാദഗതികളുണ്ട്‌.

ആണവോർജ്ജ ഏജൻസിയുമായി കരാറിലേർപ്പെടണമെന്ന്‌ ഏറ്റവും താല്‌പര്യപ്പെട്ട രാജ്യം അമേരിക്കയാണ്‌. ഇൻഡ്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡണ്ടുമായുളള ആശയവിനിമയങ്ങളും നയതന്ത്രപ്രതിനിധികൾ വഴിയുളള കൂടിയാലോചനകളും ഫലപ്രാപ്തിയിലെത്താത്തത്‌ ഭരണത്തെ താങ്ങിനിർത്തുന്ന ഇടതുപക്ഷം പിൻതുണ പിൻവലിക്കുമെന്ന ഭീഷണിയിലാണ്‌. ഗവൺമെന്റിന്റെ പല നടപടികളും സംശയമുളവാക്കുന്ന തരത്തിലായിരുന്നു. ആണവോർജ്ജ ഏജൻസിയുടെ കരാർ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന അന്വേഷണത്തിന്‌ അത്‌ കരാറിലൊപ്പിടുന്ന നിമിഷംവരെ രഹസ്യരേഖയായിരിക്കുമെന്നും പരസ്യപ്പെടുത്താനാവില്ലെന്നുമായിരുന്നു, ഭരണപക്ഷം പറഞ്ഞത്‌. ഇടതുപക്ഷം പിൻതുണ പിൻവലിച്ചാലും മറ്റൊരു പ്രമുഖ പ്രതിപക്ഷകക്ഷിയായ സമാജ്‌വാദി പാർട്ടി ഗവൺമെന്റിനെ പിന്തുണയ്‌ക്കുമെന്നായതോടെ, ഗവൺമെന്റിന്റെ നീക്കങ്ങളെല്ലാം ഝടുതിയിലായിരുന്നു. പാർലമെന്റിന്റെ വിശ്വാസം നേടാതെ കരാറിലൊപ്പിടില്ലെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി, ധൃതിയിൽ ആണവോർജ്ജ കരാറിലേർപ്പെടുന്നതിന്‌ മുന്നോടിയായി, ‘ജി എട്ട്‌’ സമ്മേളനത്തിൽ പോയതും അമേരിക്കൻ പ്രസിഡണ്ടിനെ കണ്ടതും ആണവോർജ്ജ ഏജൻസിയെ സമീപിച്ചതും രഹസ്യരേഖയെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു കരാർ വ്യവസ്ഥകൾ ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതും എല്ലാം പാർലമെന്റിൽ ഒരു ബലാബല പരീക്ഷണത്തിലേയ്‌ക്കെത്തിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടിയുടെ മാത്രമല്ല, പ്രതിപക്ഷത്തെ ചില ചെറുകിട പാർട്ടികളുടെ മെമ്പർമാരുടെ പിന്തുണയും കിട്ടുമെന്നുറപ്പായപ്പോൾ, വിശ്വാസവോട്ട്‌ തേടാൻ ഗവൺമെന്റ്‌ തയ്യാറായി.

സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ ഭൂരിപക്ഷം കിട്ടുമെന്നുറപ്പായിട്ടും ആ പാർട്ടിയിലെ ചില പാർലമെന്റംഗങ്ങൾ ഇടഞ്ഞതും ഭരണപക്ഷത്തെ അനുകൂലിച്ചിരുന്ന ചിലരൊക്കെ ഒരു വീണ്ടുവിചാരം വേണമെന്നാവശ്യപ്പെട്ടതും ഭരണപക്ഷത്തെ ആശങ്കയിലാക്കി. നമ്മുടെ വിവിധ ദൃശ്യചാനലുകളുൾപ്പെടെയുളള മാധ്യമങ്ങളുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഈ ആശങ്കയ്‌ക്ക്‌ ആക്കം കൂട്ടി. ഇതിനിടയിൽ ഇൻഡ്യയിലെ വൻകിട വ്യവസായികൾ പരസ്യമായി കരാറിനനുകൂലമായി രംഗത്തിറങ്ങിയതും വിവാദത്തിന്‌ കാരണമായി. വിശ്വാസവോട്ട്‌ നേടുന്ന ദിവസങ്ങളടുക്കുന്തോറും മാധ്യമങ്ങളുടെ ശ്രദ്ധ പോയത്‌ ഗവൺമെന്റ്‌ വിശ്വാസവോട്ട്‌ നേടുമോ, കുറവ്‌ വരികയാണെങ്കിൽ അതെവിടെനിന്ന്‌ നികത്താനാവും എന്നുളള കണക്കുകൂട്ടലുകളിലായിരുന്നു.

ഗവൺമെന്റിന്‌ ആശങ്കയുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്‌ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഭവനഭേദനവും ഉൾപ്പെടെയുളള കുറ്റങ്ങൾക്ക്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ചില എംപിമാരെ വോട്ടുചെയ്യിക്കാൻ മാത്രമായി ജയിലിൽ നിന്നിറക്കിക്കൊണ്ടുവന്നത്‌. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഇവർക്ക്‌ അടുത്ത ഇലക്‌ഷന്‌ നിൽക്കാനാവില്ല എന്ന കാര്യവും ഓർക്കേണ്ടതുണ്ട്‌. പക്ഷേ, ഇങ്ങനെ ശിക്ഷിക്കപ്പെട്ടതുകൊണ്ട്‌, ഈ പാർലമെന്റിന്റെ കാലാവ്വധി കഴിയുന്നിടം വരെ അവർക്ക്‌ വോട്ടവകാശം വിനിയോഗിക്കാം. ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയാണ്‌ ബീഹാറിലെ ഒരു നിയമസഭാ സാമാജികനെവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുൾപ്പേടെയുളള നാലുപേർക്ക്‌ രാജകീയമായ സ്വീകരണം നൽകുന്നവിധം തോക്കുധാരികളായ നിരവധി പോലീസുദ്യോഗസ്ഥരുടെ അകമ്പടിയോടെ പാർലമെന്റ്‌ മന്ദിരത്തിന്‌ പുറത്ത്‌ വന്നിറങ്ങുന്ന ദൃശ്യങ്ങൾ നമ്മൾ ദൃശ്യമാധ്യമങ്ങളിൽ കൂടി കണ്ടത്‌. നമ്മുടെ ജനാധിപത്യവ്യവസ്ഥിതിക്ക്‌ ചോരപുരണ്ട സന്ദർഭങ്ങളായിരുന്നു, അവയൊക്കെ.

പിന്നൊരാൾ ഈ മന്ത്രിസഭയുടെ തുടക്കത്തിൽ മന്ത്രിയായിരുന്ന ആളാണ്‌. 34 വർഷം മുമ്പ്‌ ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ പത്ത്‌ ഗ്രാമീണരെ വെടിവച്ച്‌ കൊന്ന കേസിൽ പ്രതിയായ മനുഷ്യൻ. കൂടാതെ 2002 ൽ ഇതുപോലൊരു ബലാബല പരീക്ഷണത്തിൽ നരസിംഹറാവുവിന്റെ ഗവൺമെന്റിനെ താങ്ങി നിർത്താനായി 2 കോടി രൂപ (അന്നതൊരു ഭീമൻതുകയായിരുന്നു) കോഴവാങ്ങി ഗവൺമെന്റിന്‌ പിന്തുണ ഉറപ്പാക്കിയ മൂന്ന്‌ പേരുളള പാർട്ടിയുടെ നേതാവ്‌. അത്‌ കേസായി മാറിയപ്പോൾ പ്രോസിക്യൂഷന്‌ അനുകൂലമായി തെളിവ്‌ കൊടുക്കുമെന്ന്‌ ഉറപ്പായ തന്റെ പി.എ കൂടിയായ മനുഷ്യനെ നിഷ്‌കരുണം വധിച്ചുവെന്ന കേസിലെ പ്രതി. നാട്ടിലുളള ജനസ്വാധീനവും, ആദിവാസികളുടെ കണ്ണിലുണ്ണിയുമായി മാറിയിരുന്ന ഈ മനുഷ്യൻ കേസിൽ പിടിക്കൊടുക്കാതെ (ഇവിടെ രാജ്യത്തെ മുതിർന്ന പോലീസുദ്യോഗസ്ഥരുടെ സഹായവും ഉണ്ടായിരുന്നുവെന്ന ആരോപണമുണ്ട്‌) കോടതിയെപ്പോലും വെല്ലുവിളിച്ചും കൊണ്ടെന്നപോലെ നടക്കുകയായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിൽ തുടക്കത്തിലേ കയറിപ്പറ്റാനായതോടെ ആ സാഹചര്യവും ദുരുപയോഗപ്പെടുത്തുകയായിരുന്നു. പക്ഷേ നാട്ടിൽ ഭരണകൂടം മാറിവന്ന പരിതസ്ഥിതിയിൽ കേസ്‌ പ്രബലപ്പെട്ടതോടെ മന്ത്രിയായിരിക്കെ തന്നെ ഏറെനാൾ ഒളിവിൽ കഴിഞ്ഞു. അവസാനം ഗവൺമെന്റും കയ്യൊഴിയാൻ നിർബ്ബന്ധിതമായപ്പോൾ കീഴടങ്ങി. ഏറെനാൾ ജയിലിൽ കഴിയേണ്ടിവന്നു. അതോടെ മന്ത്രിസ്ഥാനം പോയെങ്കിലും വർഷങ്ങൾക്ക്‌ മുമ്പുളള കേസുകളായതിനാൽ തെളിവുകൾ നശിപ്പിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ജയിൽ മോചിതനായി തിരിച്ചുവന്നയാളാണ്‌. നരസിംഹറാവുവിന്റെ ഗവൺമെന്റിനെ താങ്ങി നിർത്താനുളള കോഴയായി 2 കോടി രൂപ കിട്ടിയെന്നത്‌ തെളിഞ്ഞെങ്കിലും കോഴപ്പണത്തിന്റെ ഉറവിടം തെളിവില്ലാതെ പോയതിനാൽ ആ കേസിലും ശിക്ഷിക്കപ്പെടാതെ കഴിഞ്ഞു. പക്ഷേ, ഇങ്ങനൊക്കെയായി തിരിച്ച്‌ വന്നിട്ടും മന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോൾ അയാളും അയാളുടെ കൂടെയുളള നാല്‌പേരും ഗവൺമെന്റുമായിടഞ്ഞ്‌ നിൽക്കുകയായിരുന്നു. ഇപ്പോൾ ഈ നിർണ്ണായകഘട്ടത്തിൽ ഭൂരിപക്ഷം തികയ്‌ക്കാൻ അയാൾക്ക്‌ കനപ്പെട്ട മന്ത്രിസ്ഥാനം നൽകാമെന്ന്‌ സമ്മതിച്ച്‌ അയാളുടെ പാർട്ടിയിലെ അഞ്ച്‌ പേരുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ഭരണപക്ഷം ചെയ്‌തത്‌. കറകളഞ്ഞ ഒരു ജനാധിപത്യ രാഷ്‌ട്രമെന്ന പേരിന്‌ കളങ്കം ചാർത്തുന്ന നടപടി.

ഇനിയുളള കുറെപേർ പ്രതിപക്ഷത്ത്‌ ചാഞ്ചാടി നിൽക്കുന്നവരായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ അവർ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ നേതൃത്വവുമായുളള ഇടച്ചിൽ മൂലം സീറ്റ്‌ കിട്ടില്ലെന്ന ഉറപ്പുണ്ടായിരുന്നവർ. ഇപ്പുറത്തേയ്‌ക്ക്‌ വന്നാൽ സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന്‌ മാത്രമല്ല, കണ്ണഞ്ചിപ്പിക്കുന്നവിധം കോടിക്കണക്കിന്‌ തുകയുടെ വാഗ്‌ദാനം കൂടിയായതോടെ- അതെ അങ്ങനെയാണ്‌ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയുണ്ടായിട്ടും ഭൂരിപക്ഷം കിട്ടാൻ ആശങ്കപ്പെട്ടിരുന്ന ഭരണകൂടത്തിന്‌ ആളെ കിട്ടിയത്‌. മാധ്യമങ്ങളുടെ വിലയിരുത്തൽ അങ്ങനെയാണ്‌. പ്രതിപക്ഷത്ത്‌ ചാഞ്ചാടി നിൽക്കുന്ന ചിലരുടെ സഹായം ഗവൺമെന്റ്‌ നേടിയത്‌ വേറൊരുവിധത്തിലാണ്‌. ഭരണപക്ഷത്തേയ്‌ക്ക്‌ വരാനായില്ലെങ്കിൽ, വോട്ടെടുപ്പിന്റെ അന്ന്‌ വരാതിരിക്കുക. അപ്രകാരം വരാതിരിക്കാൻ മാത്രമായി 3 കോടിരൂപ വാഗ്‌ദാനം ചെയ്യുകയും അഡ്വാൻസായി ഒരു കോടി രൂപ കൈപ്പറ്റുകയും ചെയ്‌തപ്പോൾ- ആ വിവരം എങ്ങനെയോ ചോർന്നതിനാലാവണം അവർ മൂന്ന്‌ പേരും കോഴപ്പണമായി കിട്ടിയ ഓരോ കോടിരൂപയുടെ നോട്ടുകെട്ടുകളുമായി വിശ്വാസവോട്ടിന്റെ സമയത്തിന്‌ ഏതാനും മണിക്കൂർ മുമ്പ്‌ പാർലമെന്റിനകത്തേയ്‌ക്ക്‌ വന്നത്‌. നോട്ടുകെട്ടുകളുയർത്തിയുളള ആക്രോശങ്ങളും വാഗ്വാദങ്ങളും- ടിവിയിൽ കാണാനായവർക്കെല്ലാം, ഇതോ മഹത്തായ ജനാധിപത്യനടപടികൾ എന്ന്‌ ആശങ്കയുണ്ടായി കാണണം. നരസിംഹറാവുവിന്റെ കാലത്തെ നടപടികൾ പലതും ഗോപ്യമായിരുന്നെങ്കിലും (എന്നിട്ടും വിവരം ചോർന്നു. തെളിവില്ലാതെ പോയതിനാൽ ഭരണപക്ഷത്തിന്‌ മുഖം രക്ഷിക്കാനായി) ഇപ്പോഴത്തേത്‌ പരസ്യമായ ചാക്കിട്ടു പിടുത്തം - അതാണ്‌ കാണാൻ കഴിഞ്ഞത്‌.

ഒരു പാർലമെന്റ്‌ മെമ്പറെ തിരഞ്ഞെടുത്തയക്കുന്ന സമ്മതിദായകന്റെ മുഖത്താണ്‌ ഈ ക്ഷതമെല്ലാം ഏൽക്കുന്നത്‌. സ്വാതന്ത്രലബ്‌ധിയോടെ നെഹൃവിന്റെ കാലം മുതൽ ഇന്ദിരാഗാന്ധി തൊട്ട്‌ വാജ്‌പേയിവരെയുളള കാലഘട്ടത്തിൽ വലിയ പോറലേയ്‌ക്കാതെ നിന്ന ജനാധിപത്യപ്രക്രിയ ഇപ്പോൾ കടങ്കഥയായി മാറുന്നു. ആണവകരാറിൽ ഒപ്പിടുന്നത്‌ വഴി രാജ്യത്തിന്‌ പല നേട്ടങ്ങളും കൈവരിക്കാനാകും. പക്ഷേ അതൊരു വിദേശ രാജ്യത്തിന്റെ അടിമത്വത്തിലേയ്‌ക്ക്‌ ചെന്നെത്തിക്കൊണ്ടാവരുതെന്ന്‌ മറുപക്ഷം - ഈ വാഗ്വാദങ്ങളും വാദ കോലാഹലങ്ങളും ജനാധിപത്യരീതിയിൽ നേരിടാൻ പറ്റിയല്ലെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. ഇവിടെ ചോര പുരണ്ട കളങ്കം പണാധിപത്യമെന്ന പ്രക്രിയയോടെ ആധിപത്യം നേടുമ്പോൾ- നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ നെഞ്ചത്താണ്‌ ആഴ്‌ത്തിലുളള മുറവേറ്റിരിക്കുന്നത്‌. ആ മുറിവ്‌ എന്നെങ്കിലും ഉണങ്ങുമെന്ന്‌ വിശ്വസിക്കാനാവുമോ?

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.