പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വിമോചനസമരം - രണ്ടാമൂഴം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

“മോശയുടെ പത്തു കല്പനകളെ നമ്മൾ മുച്ചൂടും വിമർശിച്ചാലും അതൊക്കെ പമ്പരവിഡ്‌ഢിത്തരമാണെന്നു പറഞ്ഞാലും പള്ളിയും പട്ടക്കാരും കമാന്നൊരക്ഷരം മിണ്ടില്ല. കഴിവതും അവർ കേട്ടില്ലെന്ന്‌ നടിക്കും. മൗനം പാലിക്കും. അത്‌ തങ്ങളെ ബാധിക്കുന്ന ഒന്നല്ലെന്നു കരുതി അവഗണിക്കും. എന്നാൽ, പള്ളിയുടെ സ്വത്തിന്റെ പത്തിലൊരംശത്തെക്കുറിച്ച്‌ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരുടെ ഭാവം മാറും. പള്ളിയും പട്ടക്കാരും അതുന്നയിക്കുന്നവന്റെ നേരെ സർവസന്നാഹങ്ങളുമായി ചാടിയിറങ്ങും. കൊന്ന്‌ കൊലവിളിക്കും... അവിടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമില്ല. അവിടെ സ്വകാര്യസ്വത്തെന്ന പരിശുദ്ധ ദൈവം മാത്രമേയുള്ളൂ”.

(കാൾ മാർക്സിന്റെ വരികൾ ഓർത്ത്‌ ബാബു ഭരദ്വാജ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എഴുതിയത്‌...)

ക്രൈസ്തവ സഭയുടെ കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങൾ തല്ലിപ്പൊളിക്കാൻ വരുന്നവരുടെ മുന്നിൽ ഇനി കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും വിമോചനസമരത്തിന്റെ ഓർമകൾ അടങ്ങിയിട്ടില്ലെന്നും ഇനിയും മുറിവുകൾ ഉണ്ടാക്കുവാൻ ശ്രമിച്ചാൽ വീണ്ടുമൊരു വിമോചനസമരത്തിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും തൃശൂർ ആർച്ച്‌ ബിഷപ്പ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌. തൃശൂർ അതിരൂപത ന്യൂനപക്ഷാവകാശ സംരക്ഷണ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കവെയാണ്‌ ബിഷപ്പ്‌ ആവേശഭരിതമായി ഇങ്ങനെ പ്രതികരിച്ചത്‌.

ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങൾ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്‌ക്കിടയിൽ വായിച്ചുകൊണ്ട്‌ വിഷയത്തിന്റെ ഗൗരവം ക്രിസ്തീയസഭ വ്യക്തമാക്കുകയും ചെയ്തു. ഇതിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലൂടെ മുസ്ലീം ലീഗും നാരായണപ്പണിക്കരുടെ വാക്കുകളിലൂടെ എൻ.എസ്‌.എസും ഒരു ആലോചനയ്‌ക്കുപോലും സമയമെടുക്കാതെ വിഷയത്തിലേക്ക്‌ എടുത്തുചാടുകയും ചെയ്തു.

സ്വഭാവികമായിരുന്നു എല്ലാം. വ്യത്യസ്തവിശ്വാസങ്ങളുടെ ഈ കൂട്ടായ്മ നന്മയുടെ നേർവഴിയിലൂടെയാണോ എന്നതിന്‌ നൂറുശതമാനവും അല്ലന്നു തന്നെയാണ്‌ ഉത്തരം. ഈ വിമോചനസമര സിദ്ധാന്തത്തിന്റെ വഴിയും സത്യവും കച്ചവടം തന്നെ. രണ്ട്‌ സ്വാശ്രയകോളേജുകൾക്ക്‌ ഒരു സർക്കാർ കോളേജ്‌ എന്ന മാന്യമായ ഫോർമുലയെ ന്യൂനപക്ഷസംരക്ഷണനിയമത്തിന്റെ സഹായത്തോടെ കോടതിയിൽ അട്ടിമറിച്ച ന്യൂനപക്ഷ മാനേജുമെന്റുകളുടെ നിലപാടുകൾ തന്നെയാണ്‌ ഇവിടെയും ഉയർന്ന പ്രശ്നം. സമുദായങ്ങളുടെയും സഭകളുടെയും നിലനില്പ്‌ കച്ചവടം മാത്രം എന്നയിടത്താണ്‌ യാഥാർത്ഥ്യം നിലനിൽക്കുന്നത്‌. നിലനില്പിനും നീതിക്കുമപ്പുറം ലാഭത്തിന്റെ കണക്കാണ്‌ വിശ്വാസത്തേക്കാൾ വലുത്‌ എന്ന കാഴ്‌ചപ്പാടാണ്‌ സഭാത്തലവന്മാരെ വട്ടിപ്പലിശക്കാരന്റെയും ചിട്ടിക്കമ്പനി മുതലാളിയുടെയും മനസോടെ ഇടയലേഖനങ്ങൾ എഴുതിപ്പിക്കുന്നത്‌. എഴുതപ്പെട്ട നിയമങ്ങൾക്കപ്പുറത്ത്‌ സാമാന്യനീതിയുടെ ഒരുവശം കൂടി ഇവർ തിരിച്ചറിയേണ്ടതുണ്ട്‌.

കഴിഞ്ഞുപോയ ഒരു വിമോചനസമരത്തിന്റെ നേരും നെറികേടുകളും കേരളം ഒരുപാട്‌ ചർച്ച ചെയ്തതാണ്‌. അതിന്റെ അന്തരീക്ഷവും നാം തിരിച്ചറിഞ്ഞതാണ്‌. അങ്ങിനെയൊരു സാംസ്‌കാരികവും സാമൂഹികവുമായ അവസ്ഥയിലല്ല കേരളം എന്ന്‌ മനസിലാക്കണം. എതിർപ്പുകളെ നേരിടാൻ ഇന്ന്‌ വഴികൾ നിയമപരമായും അല്ലാതെയും തന്നെ ഏറെയുണ്ട്‌. (എതിർപ്പിന്റെ രീതികളെല്ലാം ശരി എന്നു കരുതേണ്ടതുമില്ല). ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഗവൺമെന്റിനെ അട്ടിമറിക്കാൻ വിശ്വാസത്തിന്റെ കുരുക്കുകൾ വീണ മനസുകളെ പരുവപ്പെടുത്താൻ എളുപ്പമായിരിക്കും. പക്ഷെ അത്തരം മനസുകളുടെ എണ്ണം ഇക്കാലത്ത്‌ ഏറെ കുറവാണെന്ന്‌ രണ്ടാം വിമോചനസമരത്തെക്കുറിച്ചുള്ള ലത്തീൻ കത്തോലിക്ക ഐക്യവേദി ഭാരവാഹികളുടെ പ്രസ്താവന വ്യക്തമാക്കുന്നു. 1959-ലെ വിമോചനത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നവർക്ക്‌ ലത്തീൻ സമുദായവും മത്സ്യത്തൊഴിലാളികളും ഇനി നിന്നുതരുമെന്ന്‌ കരുതേണ്ട എന്നും അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.

അധികാരത്തിനും സ്വത്തിനും വേണ്ടി പരസ്പരം തലകീറുന്ന സഭകൾ ഏറെയുള്ള നാടാണ്‌ കേരളം. വിശ്വാസം അധികാരത്തിനൊപ്പം നിൽക്കുന്ന ഇടങ്ങളിൽ ഇതല്ല ഇതിനപ്പുറവും നടക്കും. കൂട്ടത്തിൽപ്പെട്ട, കർത്താവിന്റെ ഒരു മണവാട്ടി ഒരു കോൺവെന്റിന്റെ കിണറ്റിൽ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ടിട്ട്‌ വർഷങ്ങൾ ഏറെയായിരുന്നു. കേസന്വേഷണം തലങ്ങും വിലങ്ങും തകർന്നുപോയപ്പോഴും കുറ്റവാളിയെ കണ്ടെത്താൻ ഒരു ഇടയലേഖനവും തിരുസഭകൾ പുറത്തിറക്കിയില്ല. ഒരു പ്രതിഷേധ കൊടുങ്കാറ്റും വിശ്വാസികൾ കണ്ടില്ല.

കാരണം നമുക്കൊക്കെ പൊള്ളുന്നത്‌ ചിലയിടങ്ങളിൽ തൊടുമ്പോൾ മാത്രമാണ്‌. ആ ഇടങ്ങൾ പണവും അധികാരവും നിറഞ്ഞതായിരിക്കും. അത്‌ ദേവസ്വം ബോർഡായാലും തിരുസഭകളായാലും ഒന്നു തന്നെ. മതവും രാഷ്ര്ടീയവും പണവും എത്രത്തോളം ചേർന്നു നിൽക്കുന്നുവോ അതിന്റെ പതിന്മടങ്ങ്‌ അളവിലായിരിക്കും അത്‌ സൃഷ്ടിക്കുന്ന അപകടാവസ്ഥയെന്ന്‌ ചരിത്രബോധമുള്ള ഏവർക്കും മനസിലാവും. ഇനിയൊരു വിമോചനസമരത്തിന്‌ ഒരുങ്ങിനിൽക്കുന്ന ബിഷപ്പിനെ അപകടകരമായ മാനസികരോഗം ബാധിച്ചുവെന്നു തന്നെ വേണം കാണാൻ. ഈ രോഗത്തിന്‌ മരുന്നു വിധിക്കേണ്ടത്‌ കേരളത്തിലെ ജനങ്ങളാണ്‌. തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പോംവഴികൾ ഏറെ ഉണ്ടെന്നിരിക്കെ, കേരളത്തെ വീണ്ടുമൊരു സംഘർഷഭൂമിയാക്കാൻ മതനേതൃത്വം മുന്നോട്ടുവെയ്‌ക്കുന്ന ഇത്തരം എളുപ്പവഴികൾ അപകടം സൃഷ്ടിക്കുമെന്ന്‌ തീർച്ച. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന ഒരു ഭൂരിപക്ഷവർഗീയതയുടെ നിഴലുകൾ കേരളത്തിലും സജീവമാണ്‌ എന്ന്‌ തിരിച്ചറിയണം. രണ്ടാം വിമോചനസമരനീക്കം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭീഷണിയാണെന്ന്‌ ചിലർ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.