പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

നിറംമങ്ങുന്ന ഓണാഘോഷങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

എഡിറ്റോറിയൽ

ആണ്ടിലൊരിക്കൽ വരുന്ന ഓണം - ഇല്ലായ്‌മയുടെയും വല്ലായ്‌മയുടെയും അവസാനം ചിങ്ങമാസപ്പിറവിയോടെ വരുന്ന ഓണം- ആ സങ്കല്പം മാറിമറിഞ്ഞിട്ട്‌ വർഷങ്ങളേറെയായി. ഇന്നിപ്പോൾ ഓണത്തെ വെല്ലുന്ന വിശേഷദിവസങ്ങൾ എല്ലാമാസത്തിലും വരുന്നു. പഞ്ഞ കർക്കിടകമാസത്തിൽ പോലും എന്തെങ്കിലും വിശേഷദിവസങ്ങൾ ഇല്ലാതെ വരില്ല. ഓണാഘോഷത്തെ തോല്പിക്കുന്ന പരിപാടികളാണ്‌ അപ്പോഴൊക്കെ നാട്ടിലും വീടുകളിലും അരങ്ങേറുന്നത്‌.

അഷ്‌ടമിരോഹിണി മഹോത്സവവും ശോഭാഘോഷയാത്രയും വിനായകചതുർത്ഥി, തിരുവോണം, നവരാത്രി പൂജാഘോഷങ്ങൾ, ദീപാവലി, രണ്ട്‌ മാസക്കാലം നീണ്ടുനിൽക്കുന്ന ശബരിമല തീർത്ഥാടനം, ശിവരാത്രി, വിഷു - ഇവയൊക്കെ ഹിന്ദുക്കളുടെ മാത്രം ആഘോഷങ്ങളല്ല. അതുപോലെയാണ്‌ ക്രിസ്‌മസും, ഈസ്‌റ്ററും, ആണ്ട്‌നോമ്പും, വിവിധ പളളികളിലെ പെരുന്നാളാഘോഷങ്ങളും തീർത്ഥാടനവും. റംസാൻ, മുഹ്‌റം, ഈദുൾഫിതർ, ബക്രീദ്‌ - ഇവ മുസ്ലീങ്ങളോടൊപ്പം ആഘോഷിക്കാൻ മറ്റു മതസ്ഥരും തയ്യാറാവുന്നു. മതസൗഹാർദ്ദത്തിന്റെ പേരിൽ എല്ലാ മതസ്ഥരും പങ്കെടുക്കുന്ന ആഘോഷങ്ങളാകുന്നതു കൊണ്ട്‌ ഇവയ്‌ക്കൊക്കെ പൊലിമയേറുന്നു. ഈ ദിവസങ്ങളിലൊക്കെ വിവിധക്ഷേത്രങ്ങളിലും പളളികളിലും, ദേവാലയങ്ങളിലും അന്നദാനം, പ്രസാദഊട്ട്‌, നേർച്ചസദ്യ ഇവയും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ശിശുഭവനങ്ങളിലും വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടാകും. മിക്കിടത്തും വിവിധ മതസ്ഥർ മാത്രമല്ല, രാഷ്‌ട്രീയനേതാക്കളും മന്ത്രിമാരും അപൂർവ്വം സിനിമാതാരങ്ങളും മറ്റ്‌ സാമൂഹ്യസാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നത്‌ കൊണ്ട്‌ കൂടുതൽ ശ്രദ്ധയാകർഷിക്കാനും പറ്റും. വർഷകാലങ്ങളിൽ കൊണ്ടാടുന്ന വളളംകളി മത്സരങ്ങൾക്ക്‌ ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തം ഉളളതുകൊണ്ട്‌ ആഘോഷങ്ങൾക്ക്‌ പൊലിമയേറും. ദൃശ്യമാധ്യമങ്ങൾ വ്യാപകമായതോടെ ഈ ആഘോഷങ്ങളെല്ലാം അവയുടെ തനിമ നഷ്‌ടപ്പെടാതെ തന്നെ വീട്ടിലിരുന്നാലും കാണാമെന്നായിട്ടുണ്ട്‌. കമ്പോളവത്‌കരണം വ്യാപകമായതോടെ ഈ ആഘോഷങ്ങളെല്ലാം നടത്തുന്നത്‌ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളാവും. അതോടെ ഈ സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങൾക്ക്‌ മാർക്കറ്റ്‌ കണ്ടെത്താനുളള മാർഗ്ഗങ്ങളും തെളിയുന്നു. കാഴ്‌ചക്കാരെ ആർത്തിപിടിപ്പിക്കുന്ന ഒരു സമൂഹമാക്കി മാറ്റാൻ ഈ വ്യവസായ സ്ഥാപനങ്ങൾ അവരുടെ ഉത്‌പന്നങ്ങളെ ദൃശ്യമാധ്യമങ്ങളിൽ കൂടി ദുരുപയോഗപ്പെടുത്തുകയാണ്‌. കാണംവിറ്റും ഓണം ഉണ്ണണം എന്നത്‌ പണ്ടത്തെ കാലത്ത്‌ ആണ്ടിലൊരിക്കൽ മാത്രം വരുന്ന പ്രക്രിയയാണെങ്കിൽ ആഘോഷങ്ങൾ നിത്യേനയെന്നാവുമ്പോൾ, ഉത്‌പന്നങ്ങളുടെ പരസ്യങ്ങൾ പ്രേക്ഷകരിൽ അടിച്ചേല്പിക്കപ്പെടുന്ന പ്രക്രിയയാവുമ്പോൾ കൊളളപ്പലിശയ്‌ക്ക്‌ കടം മേടിച്ചായാലും അവയൊക്കെ വാങ്ങാൻ തയ്യാറാവുന്ന ഒരു സമൂഹമായി ജനം മാറുന്നു. പണം കടം കിട്ടാനുളള വഴികൾ ഉദാരവത്‌കരണം നടപ്പിലായതോടെ എന്നും ഏതെങ്കിലും ഒരു വ്രണദുഃഖം പേറുന്നവരായിരിക്കും പൊതുജനം.

അണുകുടുംബങ്ങൾ വ്യാപകമായതോടെ ഓണം പോലുളള വിശേഷദിവസങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്നത്‌ ഇന്നത്തെ അവസ്ഥയിൽ വളരെ അപൂർവ്വമായി മാറിയിരിക്കുന്നു. നാട്ടിൻപുറം പോലും നഗരമായി മാറാനുളള വ്യഗ്രതയിൽ ആത്മാർത്ഥതയും സന്തുഷ്‌ടിയും ഈ കൂട്ടായ്‌മയിൽ ഉണ്ടാവുന്നില്ല. വൃദ്ധസദനങ്ങളും അനാഥാലയങ്ങളും പെരുകി വരുന്നതിന്‌ വേറൊരു കാരണവും വേണ്ട.

എന്നാലും ചടങ്ങിനെന്നപോലുളള ഓണാംശസകൾ കൈമാറുന്നു, അവ നഷ്‌ടപ്പെടാതിരിക്കട്ടെ. പുഴയുടെ വായനക്കാർക്ക്‌ ഹൃദയം നിറഞ്ഞ ഓണാംശസകൾ.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.