പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

അധിനിവേശകേരളം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

കേരളത്തിലേക്ക്‌ വളരെ ശക്തമായി രണ്ടു കൂട്ടരുടെ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്‌. ഒന്ന്‌, ഫൈവ്‌ സ്‌റ്റാർ സാമ്പത്തിക മാഫിയാ. രണ്ട്‌, ബി.പി.എൽ അവിദഗ്‌ദ്ധ തൊഴിലാളി സമൂഹം. ഈ രണ്ടു കൂട്ടർക്കും ജാതിയോ മതമോ വർഗ്ഗമോ രാഷ്ര്ടീയമോ ഭാഷാ വ്യത്യാസങ്ങളോ ഒന്നുമില്ല.

സാമ്പത്തികമാഫിയാ രാഷ്ര്ടീയ നേതൃത്വങ്ങളെയും മതസ്ഥാപനങ്ങളേയും വിദ്യാഭ്യാസസ്ഥാപനങ്ങളേയും മാത്രമല്ല, സമൂഹത്തിലെ എല്ലാ അടിസ്ഥാനമേഖലകളേയും തങ്ങളുടെ കൈപ്പിടിയിൽ കൊണ്ടുവരാൻ തുടങ്ങിക്കഴിഞ്ഞു. ഭൂമി, ഭവനനിർമ്മാണം, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങൾ എല്ലാം മെല്ലെ ആ മാഫിയായുടെ നിയന്ത്രണത്തിലേക്കു വരികയാണ്‌. കഞ്ചാവും കള്ളപ്പണവും കള്ളക്കടത്തും ക്വൊട്ടേഷൻ ഗുണ്ടകളും തുടങ്ങി ഇത്തരക്കാർ വഴി പെട്ടെന്നു കോടീശ്വരന്മാരായ ചെറുപ്പക്കാരുടെ വീരകഥകളും അവരിൽ ചിലരെങ്കിലും പിടിക്കപ്പെടുമ്പോൾ അവരോടൊപ്പം വീഴുന്ന രാഷ്ര്ടീയ സാമൂഹ്യ നേതൃത്വങ്ങളുടെ കുടിപ്പകയുടെ സീരിയൽ തത്സമയ ദൃശ്യങ്ങളും കൂടി കേരളീയസമൂഹത്തെ കാർന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാൻസറിനെ അറിയാൻ പോലും നമ്മെ അനുവദിക്കുന്നില്ല. ഈ രംഗങ്ങൾ കാണുന്ന കുട്ടികൾക്ക്‌ ഈ നിയോ റിച്ച്‌ മുഖങ്ങളായിരിക്കും ഭാവി റോൾ മോഡലുകൾ.

അതേസമയം ഒറിസയിൽ നിന്നും ബംഗാളിൽ നിന്നും ബിഹാറിൽ നിന്നും കൂട്ടം കൂട്ടമായി കൊണ്ടുവരുന്ന അർദ്ധപട്ടിണിക്കാരായ തൊഴിലാളികൾ ഇല്ലാത്ത ഒരു ഗ്രാമവും ഇന്ന്‌ കേരളത്തിലില്ല. ഇരുപത്തഞ്ചു കൊല്ലം മുമ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഭഗവതി ഒരു വിധിന്യായത്തിൽ പറയുകയുണ്ടായി. പതിനഞ്ചുവയസ്സിൽ വിവാഹവും ഇരുപതുവയസ്സിൽ കുടുംബപ്രാരാബ്ധവും ഇരുപത്തഞ്ചാം വയസ്സിൽ വാർദ്ധക്യവും അനുഭവിക്കുന്ന ഈ അവിദഗ്‌ദ്ധ തൊഴിലാളികളുടെ കൈകളിലൂടെയാണ്‌ നാം ഇന്ത്യയെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌. നമ്മുടെ ചുറ്റും ജീവിക്കുന്ന ഇവരെക്കുറിച്ച്‌ നാം അറിയുന്നത്‌ കെട്ടിടം പൊളിഞ്ഞ്‌ അതിനിടയിൽപെട്ട്‌ മരിക്കുമ്പോൾ മാത്രമാണ്‌. ഇവരുടെ നാട്ടിലെ മൃഗീയ സാമൂഹ്യ ദുഷ്‌ക്കർമ്മങ്ങളുടെ ദൃശ്യങ്ങൾ കണ്ട്‌ നാം ഇറാക്കിൽ അമേരിക്കൻ സമൂഹത്തിന്റെ പ്രൈം ടൈം ടി.വി സമയം നോക്കി ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങൾ ചാരുകസേരയിലിരുന്ന്‌ ആസ്വദിക്കുന്ന അമേരിക്കക്കാരനായി മാറിയിരിക്കുകയാണ്‌.

പൂർണ്ണസാക്ഷരതയും ആധുനിക ആശയങ്ങളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാനുള്ള കഴിവും ഉള്ള നമുക്ക്‌ എന്തു പറ്റി? മുല്ലപ്പെരിയാറിലും സേലത്തും അധികാരമോഹത്തിന്റെ വടംവലികളിലും റോഡുകുഴിയുടെ ശരിതെറ്റുകളിലും നാം ഒതുക്കപ്പെടുകയാണോ? ചിന്തിക്കാൻ കഴിവുള്ള നമ്മെ ചിന്തിക്കാൻ പോലും അനുവദിക്കാത്ത രീതിയിൽ മാറ്റിക്കഴിഞ്ഞോ?

കേരളത്തിലെ ബുദ്ധിജീവികൾ ഈ അധിനിവേശത്തെ കാണുന്നില്ല. ഏതു വിജയന്റെ കൂടെ നിൽക്കണമെന്ന തിരക്കിൽ അവർ തങ്ങളുടെ ബൗദ്ധികവ്യാപാരം ഒതുക്കിയിരിക്കുകയാണ്‌. പിണറായി വിജയനോ, എം.എൻ വിജയനോ, ഒ.വി വിജയനോ? കൂടുതൽ ആശയക്കുഴപ്പം വന്നാൽ ഫുട്‌ബോളർ വിജയനുമുണ്ടല്ലോ.

കെ.എൽ. മോഹനവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.