പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മലയാള സിനിമ കണികണ്ടുണരുന്ന മാലിന്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

മലയാളസിനിമയിലെ പ്രതിസന്ധിക്ക്‌ തീവ്രതയേറുകയാണ്‌. യുദ്ധസന്നാഹരായി ‘അമ്മ’യെന്ന താരസംഘടനയും ഫിലിംചേംബറും ഗുസ്തിപിടിക്കുന്നത്‌ പരിഹാസപൂർവ്വം കാണുവാൻ മാത്രമെ കഴിയൂ. ഇവർ വിളിച്ചു കൂവുന്ന കാര്യങ്ങളാണോ മലയാളസിനിമയുടെ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ വിശകലനം ചെയ്യേണ്ടത്‌ ഇന്ന്‌ അനിവാര്യമായിരിക്കുന്നു. ഒരു കലാമേഖലയിലെ പ്രതിസന്ധി എന്താകണം? കച്ചവടവും മേധാവിത്തമോഹവും പണത്തിനോടുളള ആർത്തിയുമൊക്കെയായി ഈ സിനിമാക്കാർ നാലാംലോക സ്വപ്നസഞ്ചാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമാവ്യവസായം തകർന്നുവെന്ന്‌ വിലപിച്ച്‌ പരസ്പരം ചെളിവാരിയെറിഞ്ഞ്‌ സ്വയം മാലിന്യമായി മാറുകയല്ലാതെ ഇവർ നല്ല സിനിമയെക്കുറിച്ചുളള അന്വേഷണം നടത്തുന്നില്ല. നടന്റെ പ്രതിഫലവും നിർമ്മാതാവിന്റെ നിയന്ത്രണവും താരനിശയും വ്യക്തിവിദ്വേഷവും സിനിമാപ്രതിസന്ധിക്ക്‌ കാരണമെന്ന്‌ പറയുമ്പോൾ ചിരിയാണ്‌ വരിക. പ്രതിസന്ധി ഓരോരുത്തരുടെയും കീശയിലേക്ക്‌ വിഴുന്ന പണത്തിന്റെ കണക്കിന്മേലാകുമ്പോൾ സിനിമയെന്ന കല നശിക്കുകയാണ്‌. മലയാളസിനിമയ്‌ക്ക്‌ ഒരേയൊരു പ്രതിസന്ധി മാത്രമെയുളളൂ, അത്‌ നല്ല സിനിമയെടുക്കാൻ കഴിവുളളവർ ഇന്ന്‌ അസ്തമിച്ചിരിക്കുന്നു എന്നതാണ്‌. സിനിമയിൽ പെരുമാറ്റച്ചട്ടം വേണം, നിർമ്മാതാക്കൾ നടന്മാർക്കുമേലും നടന്മാർ നിർമ്മാതാക്കൾക്കുമേലും ഉണ്ടാക്കുന്ന പെരുമാറ്റച്ചട്ടമല്ല യഥാർത്ഥത്തിൽ വേണ്ടത്‌, മറിച്ച്‌ വീട്ടിൽ നിന്നും മുട്ടയും പറമ്പുകളിൽ വീണ അടയ്‌ക്കയും ഒക്കെ വിറ്റ്‌ സിനിമ കണ്ട്‌ ഈ വ്യവസായത്തെ പിടിച്ചുനിർത്തിയ&നിർത്തുന്ന ഒരുകൂട്ടം ആസ്വാദകരുണ്ട്‌. അവർക്കുവേണ്ടി നല്ല സിനിമകൾ പടച്ചുണ്ടാക്കാനുളള പെരുമാറ്റച്ചട്ടമാണ്‌ വേണ്ടത്‌. നല്ല സിനിമകൾ നിർമ്മിക്കാനുളള ചർച്ചകൾ നടത്തൂ, അതിന്മേൽ തർക്കങ്ങൾ ഉണ്ടാകട്ടെ. ജനങ്ങൾ അത്‌ അംഗീകരിക്കും.

അല്ലാതെ, കാശിന്റെ മുഴുപ്പിനും വ്യക്തിവൈരാഗ്യത്തിനും പുറത്ത്‌ പ്രതിസന്ധിയുണ്ടാക്കി സർക്കാരിനെവരെ ഇടനിലക്കാരാക്കി ചർച്ചയാകാം എന്നൊക്കെ പറയുന്നത്‌ മലയാളികളുടെ മുഖത്ത്‌ തുപ്പുന്നതിന്‌ സമമാണ്‌. നിർത്തണം സിനിമാക്കാരെ ഈ നാറിയ ഇടപാട്‌. ഞങ്ങൾ നല്ല സിനിമയ്‌ക്കായി മാത്രം കാത്തിരിക്കുകയാണ്‌. പിന്നെ നിങ്ങളുടെ വാദപ്രകാരം സിനിമാവ്യവസായത്തെ രക്ഷിക്കാൻ ഒരേയൊരു വഴിയെയുളളൂ; ഷക്കീലയെ വീണ്ടും ഇറക്കണം; മലയാളസിനിമാ ഫീൽഡിലേക്ക്‌. നിങ്ങളുടെ വിഴുപ്പലക്കിനേക്കാൾ ഭേദം അതുതന്നെ...

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.