പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഒരു വൻമതിൽ ഇടിച്ചു തകർക്കുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഒരു മഹാതെരഞ്ഞെടുപ്പിന്റെ അലസമായ ആവേശത്തിലാണ്‌ നമ്മൾ. മീഡിയകൾ ഒരു ഉത്സവംപോലെ തെരഞ്ഞെടുപ്പുകളെ കൊണ്ടാടുമ്പോൾ, തികച്ചും വ്യത്യസ്‌തമായി, ജനം വെറുമൊരു കാഴ്‌ചക്കാരനായി, ഈ ഉത്സവത്തിരക്കുകളുടെ രസം മാത്രം നുകർന്ന്‌, യാതൊരിടപെടലും നടത്താതെ വെറുതെ ചലിക്കുകയാണ്‌. ജനം തെരഞ്ഞെടുപ്പിനെ ഒരു ഉത്സവം പോലെ കൊണ്ടാടണം എന്നല്ല ഇതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌. രാഷ്‌ട്രീയവും ജനവും ഓരോ വ്യത്യസ്ഥ സ്‌പേസുകളിൽ ധ്രുവീകരിക്കപ്പെടുകയും, പരസ്പരം വെറും കാഴ്‌ചക്കാരായി മാറുകയും, രാഷ്‌ട്രീയം അതിന്റേതുമാത്രമായ ലോകം സൃഷ്‌ടിക്കുകയും ജനം രാഷ്‌ട്രീയ നിർജ്ജീവമായ മറ്റൊരു ലോകം നിർമ്മിക്കുകയും ചെയ്യുന്നു. രാഷ്‌ട്രീയമെന്നാൽ രാഷ്‌ട്രത്തെ സംബന്ധിക്കുന്നതെന്നും, അത്‌ ജനത്തെ സംബന്ധിക്കുന്നതെന്നും അർത്ഥമാക്കിയിരുന്ന ഒരു സത്യത്തെ മറന്നാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. വഴിതെറ്റിപ്പോയ രാഷ്‌ട്രീയബോധവും പേറി ടെലിവിഷൻ സ്‌ക്രീനിലും പത്രങ്ങളിലും കോമഡിഷോ കാണുന്നതുപോലെയോ അല്ലെങ്കിൽ പൈങ്കിളി നോവൽ വായിക്കുന്നതുപോലെയോ രാഷ്‌ട്രീയ ലോകത്തെ നോക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യമായി നാം അനുഭവിക്കുന്നുണ്ട്‌.

അതുകൊണ്ടാവണം, കേരള രാഷ്‌ട്രീയചരിത്രത്തിൽ ആരാണ്‌ ‘രാജൻ’ എന്നറിയാതെ, ‘അച്ഛൻ പാവം’ എന്നുമാത്രം ചിലയ്‌ക്കാനറിയാവുന്ന എട്ടുംപൊട്ടും തിരിയാത്ത പത്‌മജയെ നാം സഹിക്കേണ്ടിവരുന്നത്‌. എറണാകുളത്ത്‌ യു.ഡി.എഫ്‌ സീറ്റ്‌ പേയ്‌മെന്റ്‌ സീറ്റാണെന്ന്‌ ഉറക്കെ വിളിച്ചുപറയാൻ ധാർമ്മിക ധൈര്യമില്ലാതെ സി.പി.എം തല ചൊറിയുന്നതും, കേട്ടറിവുപോലുമില്ലാത്ത ഒരു അരാഷ്‌ട്രീയവാദിയായ ഡോ.കെ.എസ്‌.മനോജ്‌ പളളിവകയായി ആലപ്പുഴയിൽ ഇടതു സ്ഥാനാർത്ഥിയായതും നാം സഹിക്കുന്നത്‌ ഇതിനാലാണ്‌. ആന്റണിയുടെ കഷ്‌ടകാലത്ത്‌ കാരണവർ കലിതുളളി നിന്നപ്പോൾ മകൻ വകയായി ഇറങ്ങിയ പോസ്‌റ്ററിന്റെ വീമ്പ്‌, കാലം കുറെ കഴിഞ്ഞ്‌ ഇപ്പോൾ രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഉയർത്തിക്കാണിക്കുന്നതും, ലീഡറൊപ്പം നിന്ന്‌ പാച്ചുവും കോവാലനും കളിക്കുന്നത്‌ നാം കാണേണ്ടിവരുന്നതും ഇതിനാലാണ്‌. എന്നെ കേന്ദ്രമന്ത്രിയാക്കിയത്‌ കേരളമല്ലെന്നും കേരളത്തിൽനിന്നും ജയിപ്പിച്ചാൽ എല്ലാകാര്യവും ശരിയാക്കാമെന്നും പറയുന്ന രാജേട്ടനും പല്ലിളിച്ച്‌ നമുക്ക്‌ മുന്നിൽ നിൽക്കുന്നതും നമ്മുടെ ഈ ഗതികേടിനാലാണ്‌. ഒരുപാട്‌ രഹസ്യങ്ങളും കളളങ്ങളും ഒളിപ്പിച്ച്‌ ഉണ്ണിത്താന്മാരും പിണറായി വിജയന്മാരും നമുക്കുചുറ്റും കാഴ്‌ചകൾ മാത്രമായി നിറയുന്നതും ഇതുകൊണ്ടൊക്കെ തന്നെയാകണം.

നമ്മൾ ലജ്ജിക്കണം. എന്തു ധൈര്യത്തിനാണ്‌ ഇവർ നമുക്ക്‌ മുന്നിൽ വന്ന്‌ വോട്ടു ചോദിക്കുന്നത്‌. നമ്മുടെ നാവ്‌ എവിടെപ്പോയി? സിനിമാലോകം പോലെ സാധാരണക്കാരന്‌ അപ്രാപ്യമായതും എന്നാൽ ഏറെ അനുഭവവേദ്യവുമായ ഒന്നാണ്‌ ഇന്ന്‌ രാഷ്‌ട്രീയം. കണ്ടുരസിക്കാം തൊട്ടുനോക്കാനാവില്ല. നമുക്കവിടെ ചെന്നു നില്‌ക്കാനുമാവില്ല. അത്‌ വേറൊരു ലോകം... നമ്മുടേത്‌ മറ്റൊന്നും.

നമ്മുടെ ബാലൻസ്‌ രാഷ്‌ട്രീയ പ്രബുദ്ധതയാൽ ചെയ്യേണ്ടത്‌, ഈ രണ്ട്‌ ലോകങ്ങൾ തമ്മിലുളള വൻമതിൽ ഇടിച്ചു തകർക്കുക എന്നതുമാത്രം. നാം സ്വയം രാഷ്‌ട്രീയക്കാരാകണം. നമ്മുടെ വോട്ട്‌ ഒരു നേരും നെറിവുമുളള രാഷ്‌ട്രീയബോധത്തിന്റേതാകണം. എന്തു പോക്രിത്തരവും കാട്ടാവുന്ന അരങ്ങായി രാഷ്‌ട്രീയത്തെ മാറ്റുവാൻ അനുവദിക്കരുത്‌. അല്ലാതെ രാഷ്‌ട്രീയ ‘കുരുക്ഷേത്രം’ ടെലിവിഷനിലൂടെ കണ്ട്‌, ഒരു സീരിയൽ അനുഭവംപോലെ നാലുചുമരുകൾക്കിടയിൽ ഒതുങ്ങിയിരിക്കുവാൻ വീണ്ടും കൊതിക്കുകയാണെങ്കിൽ നാളെ വോട്ടിംഗ്‌ യന്ത്രത്തിൽ അമർത്തുവാൻ വരെ നാം വിരലുകൾ അനക്കുകയില്ല.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.