പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഇത്‌ ഞങ്ങൾതൻ പുണ്യനാട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

പ്രിയ മുഖ്യമന്ത്രി എ.കെ.ആന്റണി അറിയുവാൻ,

ഇവിടെ കേരളമെന്ന സംസ്ഥാനമുണ്ടെന്നും അത്‌ ഭരിക്കുന്നത്‌ എ.കെ.ആന്റണിയെന്ന താങ്കളും കൂട്ടുകാരുമാണെന്നും താങ്കൾക്ക്‌ അറിയാമെന്ന്‌ കരുതുന്നു. പമ്പരവിഡ്‌ഢികളായ ഞങ്ങൾ വാരിക്കോരി തന്ന വോട്ടുകൾകൊണ്ട്‌ നൂറ്‌ സീറ്റ്‌ തികച്ച്‌ കിട്ടി ഗംഭീരമായി ഭരണം ആരംഭിച്ച സംഭവമൊക്കെ താങ്കൾക്കും കൂട്ടുകാർക്കും ഓർമ്മയുണ്ടോ ആവോ? തെറ്റുകൾ പറ്റാം എങ്കിലും അധികാര കസേരയിൽകയറി ഞെളിഞ്ഞിരുന്ന്‌ ജനങ്ങളോട്‌ നെറിവുകേട്‌ കാട്ടരുത്‌. ഭരിക്കാനേൽപ്പിച്ച നിങ്ങളുടെ ചിലവുകളും വരുമാനങ്ങളും കണ്ട്‌ “കോരിത്തരിച്ച്‌” അന്തംവിട്ടു പോയവരാണ്‌ കേരളീയർ, നികുതികാശ്‌ ഞങ്ങളുടെ കൊച്ചുപോക്കറ്റിൽ നിന്നുകൂടി പോകുന്നുണ്ടെന്ന്‌ അറിഞ്ഞിരിക്കുന്നത്‌ നന്ന്‌. അതിനാൽ ഞങ്ങളെ ‘ഭരിക്കാനെങ്കിലും’ കുറച്ചുസമയം മാറ്റിവച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.

കോൺഗ്രസ്സിൽ ‘ഐ’യും ‘എ’യും തിരുത്തൽ കളികളൊക്കെയാകാം. നിങ്ങൾക്ക്‌ അതിനുളള അവകാശവുമുണ്ട്‌. എങ്കിലും ജനങ്ങൾ എന്നൊരു സാധനം കേരളത്തിലുണ്ടെന്ന്‌ കരുതാനുളള ദാക്ഷിണ്യമെങ്കിലും കാട്ടണം. മറുപുറത്ത്‌ അച്ഛനും മകനും പിണങ്ങി, മകളുടെ വരവ്‌ ഒരുക്കുകയായിരുന്നു. മകനാകട്ടെ ശത്രുപക്ഷത്തും. അങ്ങിനെ മുരളി ആന്റണിക്ക്‌ പ്രിയകൂട്ടുകാരൻ. ഇതെന്തുമറിമായമെന്ന്‌ കണ്ട്‌ കേരളീയരും പാവം കുറെ കോൺഗ്രസ്സുകാരും അന്തംവിട്ടുനിന്നു. മുത്തങ്ങ പ്രശ്‌നത്തിൽ അപ്പന്റെ വായടയ്‌ക്കാൻ ആന്റണിക്കുവേണ്ടി മുരളിയുടെ അഭ്യാസങ്ങൾ ഞങ്ങൾ കണ്ടതാണ്‌. രാജ്യസഭാസീറ്റ്‌ തർക്കം വന്നപ്പോൾ, സംഭവം അധികാരമാണല്ലോ, മകൻ പിന്നേയും മറുകണ്ടം ചാടി. അപ്പന്റെ മടിയിൽ ‘അടയ്‌ക്ക’പോലെ സുരക്ഷിതൻ, സത്യസന്ധനായി. യുദ്ധം മുറുകി. കേട്ടുകേൾവിയില്ലാത്ത പുതിയൊരു അങ്കപ്പൂവനെ കരുണാകരൻ തട്ടിലിറക്കി. കോടോത്ത്‌ ഗോവിന്ദൻനായർ. നാട്ടിലെ കോൺഗ്രസുകാരോട്‌ ചോദിച്ചുനോക്കൂ ഇങ്ങനെയൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന്‌. വിഡ്‌ഢികളായ ഞങ്ങൾ ജനങ്ങൾക്ക്‌ സന്തോഷം. മുത്തങ്ങ ഒടുങ്ങി, ഇറാക്കിൽ വെടിനിലച്ചു. യുദ്ധവിരുദ്ധറാലി വാർത്തകൾ കുറഞ്ഞു. സംഗതി അടിപൊളി. കോൺഗ്രസ്സിലെ നാറിയ തർക്കങ്ങൾ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഉത്സവമായെടുത്തു. കരുണാകരന്റെ കുടുംബകാര്യം കേരളത്തിലെ ഓരോരുത്തരുടേയും കുടുംബകാര്യമായി, ആന്റണിയുടെ ധാർഷ്‌ട്യം കേരളീയരുടെ ധാർഷ്‌ട്യമായി. കോടോത്ത്‌ തോറ്റു. ആന്റണിക്ക്‌ സന്തോഷം. കരുണാകരനും ഒന്നും പറ്റിയില്ല. മുരളിയ്‌ക്കും ഒന്നും പറ്റിയില്ല. പാവം അങ്കപ്പൂവൻ പന്തിക്കുപുറത്ത്‌. ഒന്നൊതുങ്ങിയെന്നു കരുതിയപ്പോൾ ആന്റണിയുടെ അടുത്ത വെടിക്കെട്ട്‌. ഇനി കേരളത്തിന്റെ വികസനത്തിലായിരിക്കും ശ്രദ്ധയെന്ന്‌. അദ്ദേഹം ഒന്നു സമ്മതിച്ചല്ലോ ഇത്രയുംനാൾ കേരളത്തിന്റെ വികസനത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്ന്‌. ഇതുപോലൊരു കേരളമുഖ്യൻ....

പ്രശ്‌നം തീർക്കാൻ എത്ര തിരുവനന്തപുരം-ഡൽഹി യാത്രയാണ്‌ നടത്തിയത്‌. പണ്ടത്തെ യാത്രയുടെ പണം ഇപ്പോഴും കൊടുക്കാനുണ്ടെന്ന്‌ കേൾവി. ജനങ്ങൾ പിരിച്ചു തന്നില്ലെങ്കിലും പണം മദ്യ മാഫിയയുടേതാണെന്ന്‌ കരുണാകരൻ സത്യവാങ്ങ്‌മൂലം സമർപ്പിച്ചിട്ടുണ്ടല്ലോ.

ഇതിനിടയിൽ പ്രതിപക്ഷനേതാവ്‌ അച്യുതാനന്ദന്റെ പകിടകളികൂടി കണ്ടു. കരുണാകരനല്ല, ആരുവന്നാലും ആന്റണിയെ വീഴ്‌ത്താൻ തയ്യാർ. എന്തൊരാദർശ ധീരത. എന്തൊരു രാഷ്‌ട്രീയബോധം. അധികാരം കിട്ടുവാൻവേണ്ടി വേണമെങ്കിൽ ശിവസേനയെകൂടി കൂട്ടുപിടിച്ചേയ്‌ക്കുമോ എന്ന്‌ കരുതിപ്പോയി. കമ്യൂണിസ്‌റ്റുകാരന്റെ ഭാവനാലോകം അതിമനോഹരം തന്നെ. എൽഡിഎഫ്‌ ആയാലും, യുഡിഎഫ്‌ ആയാലും ഇത്‌ കേരളീയരുടെ വിധി. ഇവരൊക്കെ തമ്മിൽതല്ലി ചാകുമെന്നു കരുതി വെറുതെയിരിക്കാം. അല്ലാതെന്തുചെയ്യാൻ. ഹാ.. കഷ്‌ടം..

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.