പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

എഡിറ്റോറിയൽ

ഒരിക്കൽ നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നുമാണ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ ഇന്ത്യൻ നീതിപീഠത്തിന്റെ പരമോന്നത പദവിയിലേക്ക്‌ കയറിവരുന്നത്‌. അരനൂറ്റാണ്ടിന്റെ സ്വാതന്ത്ര്യാനന്തര ജീവിതത്തിൽ, നമ്മുടെ പരമോന്നത സ്ഥാനങ്ങളിലേക്ക്‌ കടന്നുവന്ന ദളിതരായ രണ്ട്‌ പ്രമുഖരും കേരളീയരാണെന്നത്‌ നമ്മെ ഏറെ അഭിമാനിതരാകുന്നു. യശഃശരീരനായ ശ്രീ. കെ.ആർ.നാരായണൻ ഭാരതത്തിന്റെ രാഷ്‌പ്രതിയായതും, ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസാകുന്നതും ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹാത്മാക്കളുടെ പുണ്യവും കാലം നൽകുന്ന നേരുമാവാതെ തരമില്ല. ഒപ്പം ഈ സ്ഥാനങ്ങളൊക്കെയും കേരളമെന്ന കൊച്ചു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുളള കൃത്യമായ അടയാളപ്പെടുത്തലാണ്‌ എന്നും പറയാതെ വയ്യ. മറ്റേതെങ്കിലും സംസ്ഥാനത്തിലാണ്‌ ജനിച്ചതെങ്കിൽ ഈ സ്ഥാനങ്ങൾക്കൊന്നും ഒരിക്കലും താൻ പ്രാപ്‌തനാകില്ല എന്ന്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്ണൻ തുറന്നു പറഞ്ഞത്‌ വലിയ യാഥാർത്ഥ്യവുമാണ്‌. ഏറെ ദുരന്തങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നു പോകുമ്പോഴും അറിവിന്റെ, പഠനത്തിന്റെ കൈക്കരുത്തിലാണ്‌ ഇദ്ദേഹം പൊരുതി വിജയിച്ചത്‌. ഇദ്ദേഹത്തിന്റെ ജീവിതം കീഴാള ജനതയ്‌ക്ക്‌ ഒരു പാഠപുസ്‌തകമാകുന്നത്‌ ഇതുകൊണ്ടാണ്‌.

ബ്യൂറോക്രസിയും പൊളിറ്റിക്‌സും പരമാവധി മാലിന്യപ്പെട്ട ഒരു രാഷ്‌ട്രത്തിന്റെ ഭാരം ചുമക്കുന്നവരാണ്‌ നാം. കഴിഞ്ഞ കുറച്ചുകാലങ്ങളായി നമ്മുടെ നീതിവ്യവസ്ഥയും പലപ്പോഴും നമുക്ക്‌ തിരിച്ചറിയാൻ കഴിയാത്തവിധം പെരുമാറുന്നുണ്ടെന്നതും ഏറെ വേദനാജനകമാണ്‌. നീതിയുടെ കാവലാളുകളിൽ പലരുടേയും നിലപാടുകൾ മുൻപ്‌ നിശ്ചയിക്കപ്പെട്ട നാടകങ്ങളാകുന്നു. ബ്യൂറോക്രസിയും പൊളിറ്റിക്‌സും നീതിപീഠവും ഒന്നുചേർന്ന്‌ നേരിന്റെ വഴിയിൽ നിന്നും മാറി സഞ്ചരിച്ചാൽ നഷ്ടമാകുന്നത്‌ ഭാരതമെന്ന മഹാദേശത്തിന്റെ ആത്മാവായിരിക്കും. കറപ്‌ഷൻ നമ്മുടെ ദേശത്തിന്റെ സകലമേഖലകളിലും പടരുന്ന ഒരു കാലത്താണ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ നമ്മുടെ നീതിപീഠത്തിന്റെ സമുന്നത പദവിയിലെത്തുന്നത്‌. വ്യക്തിശുദ്ധിയും നീതിബോധവും ഒരുപാട്‌ കനിഞ്ഞു കിട്ടിയ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണന്റെ വഴികൾ ഒരിക്കലും തെറ്റുകയില്ലെന്ന്‌ നാം ആത്മാർത്ഥമായി വിശ്വസിക്കുന്നു. വൈക്കത്തിനടുത്ത പൂഴിക്കോൽ എന്ന ചെറുഗ്രാമത്തിൽ നിന്നും വടയാർ ബോയ്‌സ്‌ ഹൈസ്‌കൂളിലേക്ക്‌ ചെരുപ്പിടാതെ നടന്നു താണ്ടി പഠിച്ച ആത്മബലത്തിന്റെ കരുത്ത്‌ ഇന്നും ഇദ്ദേഹത്തിലുണ്ട്‌. ചീഫ്‌ ജസ്‌റ്റിസ്‌ കസേരയിലെ ഏത്‌ പ്രതിസന്ധിയേയും നേരിടാൻ ഈ ഒരൊറ്റ ആത്മബലം മതി.

ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണന്‌ പുഴ ഡോട്ട്‌ കോമിന്റെ ആശംസകൾ..............

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.