പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മുത്തങ്ങ സംഭവംഃ ചില ഓർമ്മപ്പെടുത്തലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ആദിവാസികൾ എക്കാലവും നഷ്‌ടങ്ങൾ സഹിക്കുന്നവരാണ്‌. കുടിയേറ്റക്കാരും തോട്ടം ഉടമകളും വച്ചുനീട്ടിയ ലഹരിയുടേയും ചില്ലറത്തുട്ടുകളുടെയും തിളക്കത്തിൽ മണ്ണും മാനവും നഷ്‌ടപ്പെട്ട ആദിവാസികൾ എന്നും ദുരിതത്തിൽ തന്നെ കഴിയണം എന്നു കരുതുന്നവരുണ്ടാകാം. നാട്‌ പിഴപ്പിച്ച കാട്ടുപ്പെണ്ണിന്റെയും, അപ്പനില്ലാത്ത കാട്ടുമക്കളുടെയും കഥകളും, കവിതകളും അവരുടെ മാത്രം സ്വന്തമായ വേദന നിറഞ്ഞ കാട്ടുപാട്ടുകളും നമ്മളാസ്വദിക്കുന്നു. സഹതാപത്തോടെ അവരെ നോക്കുന്നു. പിന്നെ എല്ലാം മറക്കുന്നു. ആദിവാസികളുടെ അനുഭവങ്ങൾ അവർക്കു മാത്രമെ അറിയൂ. ഏറെ സഹായിച്ചില്ലെങ്കിലും അവരെ നോവിക്കാതിരുന്നാൽ നന്ന്‌.

മുത്തങ്ങ സംഭവം വെറുമൊരു തീവ്രവാദ പ്രവർത്തനമാണെന്ന്‌ കരുതുന്നവർ ചില കാര്യങ്ങൾ കാണാതെ പോകുന്നുണ്ട്‌. അന്യായമായി ആദിവാസികളിൽ നിന്നും തട്ടിയെടുത്ത ഭൂമി തിരികെ ആദിവാസികൾക്ക്‌ നല്‌കുവാനുളള നിയമം (കേരള പട്ടികവർഗ്ഗ ഭൂമി കൈമാറ്റനിയമം) 1975-ൽ കേരള നിയമസഭ പാസ്സാക്കിയതാണ്‌. 1960 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഈ നിയമം രാഷ്‌ട്രപതി അംഗീകരിച്ചതാണ്‌. ഇത്‌ എങ്ങിനെ അട്ടിമറിക്കപ്പെട്ടു? തോട്ടം ഉടമകളേക്കാളും കുടിയേറ്റക്കാരിലും വലുതല്ലല്ലോ ആദിവാസികൾ എന്ന രാഷ്‌ട്രീയ ചിന്തയായിരിക്കാം ഇതിനു പിന്നിൽ. 1986-ലാണ്‌ ഈ നിയമം വീണ്ടും പൊടിതട്ടിയെടുത്തത്‌. എന്നാൽ സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങി, രാഷ്‌ട്രപതി അംഗീകരിച്ച പഴയ നിയമത്തിന്റെ പ്രേതമായിരുന്നു ഇത്‌. 1960 മുതലുളള മുൻകാല പ്രാബല്യം 1982 ആയി കുറഞ്ഞു. എങ്കിലും അതും നടപ്പാക്കുവാൻ നമ്മുടെ ഭരണാധികാരികൾ ശ്രമിച്ചില്ല. കോടതിയുടെ ശക്തമായ ഇടപെടൽമൂലം 1996-ൽ ഈ നിയമം നടപ്പാക്കാൻ ഗവൺമെന്റ്‌ നിർബന്ധിതരായി. ഒടുവിൽ ആദിവാസികളെ സംരക്ഷിക്കാൻ നിർമ്മിച്ച നിയമം വെട്ടിയും കുറുക്കിയും മാലിന്യങ്ങൾ ചേർത്തും തികച്ചും ആദിവാസി വിരുദ്ധമാക്കി ഇടതും വലതും ഒരുമിച്ചിരുന്ന്‌ പാസ്സാക്കി. കിരാതവൃത്തവും, കാട്ടാളനും എഴുതി ആദിവാസിയെ സുഖിപ്പിച്ച, അവരുടെ ചോരയൂറ്റിക്കുടിച്ച വിപ്ലവകവിയും ഈ നിയമത്തിനായി രണ്ടു കൈകളുമുയർത്തി. എതിർക്കാൻ ഇന്നാർക്കും വേണ്ടാത്ത ഗൗരിയമ്മ മാത്രം ഉണ്ടായിരുന്നു. സഹിക്കാൻ കഴിയാഞ്ഞിട്ടാകണം രാഷ്‌ട്രപതി കെ.ആർ.നാരായണൻ ഈ ബിൽ തിരികെ അയച്ചു. ഗതികേടുകൊണ്ട്‌ 1999-ൽ ഭേദഗതിബിൽ നിയമസഭ റദ്ദാക്കി. അതിനുശേഷം പുതിയ ബിൽ കൊണ്ടുവരികയും ആദിവാസികളെ ദ്രോഹിക്കുന്ന രീതിയിലുളള പലതും ഉൾപ്പെടുത്തുകയും ചെയ്‌തു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പു കല്പിച്ച്‌ ഈ ബിൽ നിയമ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു.

ഒന്നോർക്കണം, രാഷ്‌ട്രപതിക്കും കോടതികൾക്കും നിയമവിരുദ്ധമാണെന്ന്‌ തോന്നിയ ഈ ബിൽ പാസ്സാക്കാൻ സർക്കാരുകൾക്കെന്ത്‌ ശുഷ്‌ക്കാന്തിയാണ്‌. ഇത്‌ ആരെ സഹായിക്കാനാണ്‌. ആരുമില്ലാത്ത ആദിവാസികളേയോ അതോ അവരുടെ പൊന്നുവിളയുന്ന ഭൂമിയിൽനിന്ന്‌ കോടികൾ സമ്പാദിച്ച തോട്ടം മുതലാളിമാരേയോ?

തിരുവനന്തപുരത്ത്‌ ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ നടത്തിയ കുടിൽകെട്ടിയുളള സമരപരിപാടിക്ക്‌ മുന്നിൽ ഒടുവിൽ ആന്റണി സർക്കാരിന്‌ മുട്ടുമടക്കേണ്ടിവന്നു. ആദിവാസികൾക്ക്‌ ഭൂമി നല്‌കാമെന്നും അദ്ദേഹം ഏറ്റു. എന്നിട്ട്‌ എന്തായി? ആർക്കൊക്കെ ഭൂമി കിട്ടി?

വയലാറിലെ വാരിക്കുന്തവും വയനാട്ടിലെ അമ്പുംവില്ലും എന്ന്‌ പാടി നടക്കുന്ന സി.പി.എം., സി.പി.ഐക്കാർ ഇന്നെവിടെ. ആദിവാസികളെ പട്ടികളെ തല്ലുംപോലെ തല്ലുകയും വെടിവെച്ചിടുകയും ചെയ്തപ്പോൾ ഇവരുടെ നാവുകൾ എന്തുകൊണ്ടനങ്ങുന്നില്ല. തങ്കമണിയിൽ പോലീസ്‌ വിളയാടിയപ്പോഴും, മന്ത്രിയെ തടയാൻ ചെന്ന യുവാക്കളെ കൂത്തുപറമ്പിലിട്ട്‌ വെടിവെച്ച്‌ കൊന്നപ്പോഴും കേരളത്തെ ഇളക്കിമറിച്ച പ്രതിപക്ഷം ഇന്നെവിടെ? കാരണം മറ്റൊന്നുമല്ല ഇതിലിടപെട്ടാൽ ചില സഖാക്കന്മാരുടെ പാദചുവട്ടിലെ മണ്ണും ഒഴുകിപോകും എന്നറിയാം.

ആന്റണിയുടെ സംശയം വളരെ വലുതാണ്‌. ഇതിനുപിറകിൽ പീപ്പിൾസ്‌ വാർഗ്രൂപ്പ്‌ ഉണ്ടെന്നും, ഈ ആദിവാസികൾക്ക്‌ വിദേശത്തുനിന്നും പണം ഒഴുകിവരുന്നുണ്ട്‌ എന്നുമാണ്‌. അത്‌ ശരിയോ തെറ്റോ ആവാം. എങ്കിലും ഒന്നുണ്ട്‌ ആദിവാസികൾക്ക്‌ അർഹതപ്പെട്ടത്‌ കൊടുക്കുവാൻ ഇവിടുത്തെ മാറിമാറിവന്ന സർക്കാരുകൾക്ക്‌ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. ഗതികെട്ടാൽ ആദിവാസികൾ എന്നല്ല ഏതൊരാളും ആരുടേയും സഹായം തേടും. അതിന്‌ അവസരമുണ്ടാക്കിയവർ ആരെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇവിടെ മരിച്ചു വീഴുന്നത്‌ ആദിവാസികളും തല്ലുവാനും ചാകുവാനും വിധിക്കപ്പെട്ട പോലീസുകാരുമാണ്‌. അല്ലാതെ ആദിവാസികളുടെ ഭൂമി അന്യായമായി കൈവശം വച്ചിരിക്കുന്ന തോട്ടം മുതലാളിമാരും രാഷ്‌ട്രീയദല്ലാളുകളുമല്ല.

കൊച്ചിയിൽ സായിപ്പന്മാർക്ക്‌ ഗോൾഫ്‌ കളിക്കാൻ മുന്നൂറ്‌ ഏക്കർ തുച്ഛവിലയ്‌ക്ക്‌ കൊടുക്കുകയും, പുഴയും കാടും കടലും വിദേശീയർക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന നമ്മുടെ സർക്കാരിന്‌ സ്വന്തം ഭൂമിക്ക്‌ വേണ്ടി പോരാടുന്ന ആദിവാസികളെ മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഈ പ്രശ്‌നം തീർക്കാൻ വഴികളേറെയുണ്ട്‌. പറഞ്ഞാൽ മനസ്സിലാകാത്ത അപരിഷ്‌കൃതരല്ല ആദിവാസികൾ. അവരോട്‌ പറഞ്ഞാൽ മനസ്സിലാകില്ല എന്ന്‌ കരുതുന്നതാണ്‌ അബദ്ധം.

മുത്തങ്ങയിൽ മരിച്ചുവീണ ആദിവാസികൾക്കും വിനോദ്‌ എന്ന പോലീസ്‌ കോൺസ്‌റ്റബിളിനും ആദരാജ്ഞലികൾ.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.