പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

നാളെയാണ്‌... നാളെയാണ്‌.... ജനം മറുപടി പറയുന്ന ദിവസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഇനി നമുക്ക്‌ നിയമത്തെ മുടിനാരിഴകീറി പരിശോധിക്കാം. ഓൺലൈൻ വേണമോ പേപ്പർ വേണമോ എന്ന്‌ വട്ടം കൂടിയിരുന്ന്‌ ആലോചിച്ച്‌ തീരുമാനിക്കാം. അതിനായി നിയമവും വകുപ്പും വെട്ടിക്കുറയ്‌ക്കാം, വലിച്ചു നീട്ടാം. വിവരമില്ലാത്ത ഏതോ ഒരുത്തൻ മുഖ്യമന്ത്രിക്ക്‌ കത്തെഴുതി തീവണ്ടിക്ക്‌ തലവച്ചതിന്‌ വിവരക്കേട്‌ എന്നല്ലാതെ എന്തുപറയാൻ. ലോട്ടറിവിറ്റു നടന്ന കണ്ണുകാണാത്തവർക്കും ചെവിടു കേൾക്കാത്തവർക്കും കൈകാലുകൾ നഷ്‌ടപ്പെട്ടവർക്കും വിധവകൾക്കും ഉടൻ പുനരധിവാസം. പണ്ട്‌ ചാരായത്തൊഴിലാളികളെ “പുനരധിവസി”പ്പിച്ചപോലെ.

ആരാണ്‌ മുഖ്യമന്ത്രീ നിങ്ങൾ...? ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രക’ളിലെ അംധേർ നഗരി ഭരിക്കും ചൗപട്‌ രാജാവോ? നിയമം ഒരു മൈക്രോൺ പോലും തെറ്റാതിരിക്കാൻ ഒരു രൂപയ്‌ക്ക്‌ ഒരു സേർ എന്ന നിലയിൽ അരിയും സ്വർണ്ണവും ഒരുപോലെ നല്‌കുന്ന അംധേർ നഗരിയുടേതുപോലെയോ കേരളഭരണം? കുരുക്കിനൊത്ത കഴുത്തന്വേഷിച്ച്‌ വിധി നടപ്പിലാക്കാൻ നടക്കുന്നവരോ നിങ്ങൾ? നിയമത്തിന്റെ തുലാസിൽ മൂന്നുലക്ഷത്തോളം വരുന്ന ദുർബലരെ അളന്നു തൂക്കി വിധി പറയുമ്പോൾ ഇതൊക്കെ വേണ്ടിവരും എന്നു പറഞ്ഞ്‌ നമുക്ക്‌ നല്ല സമരിയാക്കാരനാകാം അല്ലേ. എങ്കിലും നീതിബോധത്തിന്റെ അളവുകോലിൽ പടർന്ന കണ്ണുനീരിനെയും ദാരിദ്ര്യത്തെയും ആത്മഹത്യ തേടുന്ന ദൈന്യതയെയും മറന്ന്‌, മാനുഷികതയുളള ഒരുവനും ഇങ്ങനെയൊന്നും ചെയ്യാനാവില്ല.

ഇന്ത്യയിൽ ആദ്യമായി ലോട്ടറി സിസ്‌റ്റം കൊണ്ടുവന്നത്‌ കേരളമാണ്‌. അതാകട്ടെ വളരെ സുതാര്യമായി നടന്നുവന്നതുമാണ്‌. ഇക്കാലത്തിനിടയിൽ ലക്ഷക്കണക്കിന്‌ ആളുകളുടെ വരുമാനമാർഗ്ഗം കൂടിയായി ഇത്‌. ഒരു തൊഴിലെന്ന രീതിയിൽ ഈ മേഖല ഒട്ടേറെപ്പേർക്ക്‌ ജീവിതവുമായി. കേരളത്തിന്റെ തൊഴിൽ-സാമ്പത്തിക സിസ്‌റ്റത്തിൽ നിന്നും ഒരിക്കലും പറിച്ചെടുക്കാനാവാത്ത ഒന്നായി മാറി ലോട്ടറി മേഖല. ഇതിനിടയിൽ ലാഭക്കൊതിയുമായി അന്യസംസ്ഥാനലോട്ടറികളും ഓൺലൈൻ ലോട്ടറികളും കേരളത്തിൽ വേരുപിടിച്ചു എന്നതു സത്യം തന്നെ.

ഒന്നു കണ്ണടച്ചു തുറക്കും മുമ്പാണ്‌ കേരള ഗവൺമെന്റ്‌ എല്ലാ ലോട്ടറികളെയും നിരോധിച്ചത്‌. ഉദ്ദേശലക്ഷ്യം വളരെ സുന്ദരം. നികുതി വെട്ടിച്ച്‌ കേരളത്തിന്റെ പണം അന്യസംസ്ഥാനങ്ങളിലേക്കും സ്വകാര്യവ്യക്തികളിലേക്കും ഒഴുക്കുകയും ജനത്തെ കടക്കെണിയിലേയ്‌ക്കും ദാരിദ്ര്യത്തിലേയ്‌ക്കും നയിക്കുന്ന സാമൂഹിക വിപത്തായ ഓൺലൈൻ, അന്യസംസ്ഥാന ലോട്ടറികൾ ഇല്ലാതാക്കാനായിരുന്നു ലക്ഷ്യം. ഇക്കാര്യം പറഞ്ഞ്‌ സുപ്രീം കോടതിയിൽ പോയി മനഃപൂർവ്വം തോറ്റു തൊപ്പിയിട്ടശേഷമായിരുന്നു സർക്കാരിന്റെ ലോട്ടറി നിരോധനം. എല്ലാം നിയമത്തിന്റെ വഴിയിൽ ഭദ്രം; വളരെ കറക്‌ട്‌.

പക്ഷെ സംശയങ്ങൾ അവസാനിക്കില്ലല്ലോ? എലിയെ കൊല്ലാൻ ഇല്ലം ചുട്ട സർക്കാരിന്റെ നടപടിയിൽ ചിലർക്കെങ്കിലും സംശയം തോന്നാതിരിക്കുന്നതെങ്ങനെ? കുറച്ചുനാൾക്കുമുമ്പ്‌ ഓൺലൈൻ ലോട്ടറിയെ നിരോധിക്കാനും അവരുടെ നികുതി വെട്ടിപ്പ്‌ നിയന്ത്രിക്കാനും മെനക്കെട്ട്‌ ഇറങ്ങിയ ഒരു ലോട്ടറി ഡയറക്‌ടറെ രായ്‌ക്കുരാമാനം കസേരയിൽ നിന്നു തെറിപ്പിച്ചത്‌ നാം മറന്നിട്ടില്ല. ആരു പറഞ്ഞിട്ടാണാവോ ഇത്‌. മാത്രമല്ല സുപ്രീംകോടതിയിൽ കേസ്‌ “വാശിയോടെ നടത്തുമ്പോൾ ഫിനാൻസ്‌ സെക്രട്ടറി ഓൺലൈൻ ലോട്ടറികളുടെ നികുതി തട്ടിപ്പിനെക്കുറിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ കോടതിയുടെ അറിവിലേയ്‌ക്കെങ്കിലും സമർപ്പിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസും ഓൺലൈൻ ലോട്ടറി സംഘവും തമ്മിലുളള അവിഹിതബന്ധത്തെക്കുറിച്ചുളള വാർത്തകളുടെ ചൂട്‌ ഇപ്പോഴും കുറഞ്ഞിട്ടില്ല. ഓൺലൈൻ ലോട്ടറി രാജാവായ ഗോവക്കാരന്റെ കേരളാ ഏജന്റ്‌ മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ പുത്രനായിരുന്നെന്നതും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്‌. എന്തിന്‌ ഒരു ഓൺലൈൻ ലോട്ടറി ഉദ്‌ഘാടനം ചെയ്‌തതുതന്നെ മന്ത്രിമാരിൽ പ്രധാനി.

ആരോടു വാശി തീർക്കാനായിരുന്നു ലക്ഷക്കണക്കിനാളുകളുടെ ജീവിതം തകർത്തുകൊണ്ട്‌ സംസ്ഥാന ലോട്ടറി നിരോധിച്ചത്‌. ഇന്നിപ്പോൾ പറയുന്നു സംസ്ഥാന ലോട്ടറി മാത്രം നിലനിർത്തി ബാക്കിയെല്ലാം നിരോധിക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന്‌. ഇത്‌ ലോട്ടറി നിരോധിക്കാതെ തന്നെ ചെയ്യാമായിരുന്നല്ലോ... ഇതൊന്നും നടക്കില്ലെന്ന്‌ ചിലർക്കെങ്കിലുമറിയാം. നിയമം നിയമത്തിന്റെ വഴിയെ പോയാൽ എങ്ങിനെയായാലും ഒടുവിൽ ഓൺലൈൻ ലോട്ടറിയും അന്യസംസ്ഥാനലോട്ടറിയും കേരളത്തിൽ സുഗമമായി നടത്തപ്പെടും. എല്ലാം പഴയതുപോലെയാകും. വളഞ്ഞ വഴിയിലൂടെ ഒരു കണക്കുചെയ്തു തീർക്കുന്നു എന്നുമാത്രം. ഇതുതന്നെയാകും പലരുടെയും ആഗ്രഹം. പിന്നെ ഉദ്ദേശശുദ്ധി സത്യമെങ്കിൽ ചെയ്യേണ്ടത്‌ ഇതാണ്‌. നികുതിവെട്ടിപ്പു തടയാൻ മുൻപ്‌ പിരിച്ചുവിട്ട ലോട്ടറി ഡയറക്‌ടറെപ്പോലെയുളള സത്യസന്ധന്മാരായ ഓഫീസർമാരെ നിയമിക്കണം. അതിനുവേണ്ട ശക്തമായ നിലപാടുകളെടുക്കണം. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നറിയാം. കാരണമെന്തെന്നാൽ ഇതൊക്കെ പോക്കറ്റ്‌ പൊളളുന്ന വിഷയമാണ്‌.

ആരോടൊക്കെയുളള വാശിതീർക്കാനും, ഒരു നാടകം കളിക്കാനും പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്ന്‌ പറഞ്ഞാൽ മതിയല്ലോ.. നാളെയാണ്‌... നാളെയാണ്‌.... നാളെയാണ്‌.... ജനം മറുപടി പറയുന്ന ദിവസം.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.