പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

പൊലിയാത്ത നക്ഷത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

അറിയാനുളള ആഗ്രഹം തന്നെയാണ്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ആകാശത്തിന്റെയും ആഴക്കടലിന്റെയും രഹസ്യങ്ങൾ മാത്രമല്ല, പ്രപഞ്ചത്തിന്റെ ഓരോ അണുവിനെക്കുറിച്ചറിയാനും, തന്നെതന്നെ തിരിച്ചറിയാനും മനുഷ്യൻ പലവഴികളും തിരഞ്ഞെടുക്കുന്നു. അത്‌ ഭൗതികരീതിയിലാകാം, ആത്മീയരീതിയിലാകാം. എങ്ങിനെയായാലും മനുഷ്യപുരോഗതിയുടെ കാതൽ ഇത്തരം അന്വേഷണങ്ങൾ തന്നെയാണ്‌. ഇത്തരം അന്വേഷണവഴികളിലെ വിപത്തുകളെ, മറഞ്ഞിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാനുളള ശേഷികൂടി മനുഷ്യൻ സ്വായത്തമാക്കേണ്ടതുണ്ട്‌. ചില അപകടങ്ങൾ മനുഷ്യന്റെ വൃത്തത്തിനപ്പുറമുളളതാകാം. അവിടെ വിധിക്ക്‌ കീഴടങ്ങേണ്ടി വരും. ഇത്തരം കീഴടങ്ങൽ പരാജയമായിക്കാണാതെ അനുഭവം തന്ന വെളിച്ചത്തിൽ പോരായ്‌മകളും തെറ്റുകളും ദുരീകരിച്ച്‌ ഒടുവിലവൻ ലക്ഷ്യത്തിൽ എത്തിച്ചേരുകതന്നെ ചെയ്യും. ഇങ്ങനെ ലക്ഷ്യത്തിലേക്കുളള യാത്രയിൽ, അറിയാനുളള യാത്രയിൽ പൊലിഞ്ഞുപോയ ഓരോ ജീവനും ഓരോ പ്രതീക്ഷാനക്ഷത്രമായി നമ്മിൽ തെളിഞ്ഞുനില്‌ക്കും.

അമേരിക്കൻ സ്പേസ്‌ ഷട്ടിലായ കൊളംബിയക്കൊപ്പം ചിതറിപ്പോയ ഇന്ത്യൻ വംശജ കല്പന ചൗളയടക്കമുളള ഏഴുപേരും എന്നും നമ്മുടെ മനസ്സിൽ പ്രതീക്ഷാ നക്ഷത്രങ്ങളായി തിളങ്ങും. ആകാശത്തിനപ്പുറമുളള ലോകത്തെക്കുറിച്ചറിയാൻ പറന്ന ഇവരെക്കുറിച്ച്‌ നമുക്ക്‌ അഭിമാനിക്കാം. എങ്കിലും ചില ചോദ്യങ്ങൾക്ക്‌ നമുക്കുത്തരം കിട്ടുന്നില്ല. മനുഷ്യന്‌ നിയന്ത്രണാതീതമായ ഒരു ശക്തിയല്ല കൊളംബിയയെ തകർത്തത്‌. മറിച്ച്‌ അറിവു കൂടുന്തോറും അഹങ്കാരത്തിന്റെ, അലസതയുടെ അണുക്കൾ കയറികൂടുന്ന ചിലരുടെ പ്രവർത്തനങ്ങൾ കൊണ്ടാകാം ഈ ഏഴുപേരുടെ ജീവൻ പൊലിഞ്ഞത്‌. വിക്ഷേപണ സമയത്ത്‌ താപനില ക്രമീകരിക്കേണ്ട ടൈലുകൾ തെറിച്ചുപോയതും, ഈ ആകാശക്കപ്പലിന്റെ ചിറകുകളിലെ വിളളലുകളും കാര്യമാക്കാതെയിരുന്ന നാസയിലെ തലമുതിർന്നവർ ഈ അപകടത്തിന്‌ ഉത്തരം നൽകിയേ മതിയാകൂ. ബഹിരാകാശ ഗവേഷണരംഗത്ത്‌ നാസ നൽകിയ സംഭാവനകൾ മറന്നുകൊണ്ടല്ല ഇത്‌ സൂചിപ്പിക്കുന്നത്‌. അപ്പോളോ, ചലഞ്ചർ, കൊളംബിയ ദുരന്തങ്ങൾ ഏറുകയാണ്‌. നേട്ടങ്ങളിൽ അമിതമായി ആഹ്ലാദിക്കുമ്പോൾ, പോരായ്‌മകളിലേയ്‌ക്ക്‌ ഒരു കണ്ണെങ്കിലും തുറക്കുന്നത്‌ നന്നായിരിക്കും.

ആകാശനീലിമയിൽ പൊലിഞ്ഞുപോയ കല്‌പ്പന ചൗളയടക്കം ഏഴുപേർക്കും ആദരാഞ്ജലികൾ.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.