പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

നെരിപ്പോടുകൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

‘ഐ ആം ഗോയിങ്ങ്‌ ഫ്രം ദിസ്‌ വേൾഡ്‌....’ രജനിയുടെ ആത്മഹത്യക്കുറിപ്പിലെ വരികൾക്ക്‌ ഒട്ടേറെ വേദനയുടെ കഥകൾ പറയാനുണ്ട്‌. ഒപ്പം നെറിവുകെട്ട വിദ്യാഭ്യാസക്കച്ചവടത്തിന്റെ ദയയില്ലാത്ത മുഖവും ഒരു നിഴലായി ഈ വാക്കുകൾക്കിടയിൽ പതിഞ്ഞിരിക്കുന്നതും നമുക്ക്‌ കാണാം.

എസ്‌.എസ്‌.എൽ.സിയ്‌ക്ക്‌ ഫസ്‌റ്റ്‌ക്ലാസ്‌, പ്ലസ്‌ടുവിന്‌ ഡിസ്‌റ്റിങ്ങ്‌ഷൻ പഠിക്കാൻ മിടുക്കിയായ രജനി എസ്‌.ആനന്ദ്‌ ഒരാത്മഹത്യയിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെട്ടത്‌ പ്രണയ നൈരാശ്യമോ കുടുംബകലഹമോ കാരണമല്ല. മറിച്ച്‌ പഠിക്കുവാനുളള ആഗ്രഹമൊന്നുകൊണ്ടുമാത്രം. ഇത്‌ കേരളത്തിന്റെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണഫലം.

വെളളറട പാട്ടക്കുടിവിള സ്വദേശിയും അടൂർ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടർ എഞ്ചിനീയർ വിദ്യാർത്ഥിനിയുമായ രജനി എസ്‌.ആനന്ദ്‌ തലസ്ഥാനനഗരിയായ എൻട്രൻസ്‌ പരീക്ഷ കമ്മീഷണറുടെ ഓഫീസ്‌ പ്രവർത്തിക്കുന്ന തമ്പാനൂർ ചെങ്കൽചൂളയ്‌ക്ക്‌ സമീപമുളള ഹൗസിങ്ങ്‌ ബോർഡ്‌ മന്ദിരത്തിനുമുകളിൽ നിന്നും ചാടിയാണ്‌ ആത്മഹത്യ ചെയ്തത്‌.

ഒരുവർഷം മുമ്പാണ്‌ രജനി അടൂർ എഞ്ചിനീയറിംഗ്‌ കോളേജിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടിയത്‌. ഹോസ്‌റ്റൽ ഫീസ്‌ പ്രതിമാസം 1200 രൂപ കൊടുക്കാനാകാത്തതിനാൽ ആറുമാസത്തിനുശേഷം രജനി കോളേജിൽനിന്നും പുറത്ത്‌. നാട്ടിലെ ഇന്ത്യൻ ഓവർസീസ്‌ ബാങ്കിന്റെ വിദ്യാഭ്യാസവായ്‌പയുടെ ഉറപ്പിൻമേൽ വീണ്ടും കോളേജ്‌ പ്രവേശനം. ബാങ്ക്‌ അധികൃതർ അന്വേഷണത്തിനായി രജനിയുടെ വീട്ടിൽ. പഠനത്തിൽ മിടുക്കിയായ കുട്ടിയുടെ താമസം രണ്ടുസെന്റിലെ ചെറ്റക്കുടിലിൽ. ബാങ്ക്‌ ലോണിനുനേരെ ചുവന്നവെട്ട്‌. രജനിയുടെ പഠനമോഹത്തിനുമേലും ചുവന്നവെട്ട്‌. വിദ്യാഭ്യാസ വായ്പ നൽകേണ്ടത്‌ നാലേക്കർ സ്ഥലത്തെ രണ്ടുനില വീടുകാർക്കു മുകളിൽ മാത്രമെന്ന്‌ ബാങ്കിന്റെ അനൗദ്യോഗിക നിലപാട്‌.

നിലച്ചുപോയ പഠനത്തിന്‌ ഓർമ്മയായി ടി.സിയും തന്റെ വിലകുറഞ്ഞ വസ്‌ത്രങ്ങളും നിധിപോലെ സൂക്ഷിച്ച പുസ്‌തകങ്ങളും തേടി ഹോസ്‌റ്റലിലെത്തിയപ്പോൾ പടിയടച്ച്‌ പിണ്ഡംവച്ചപോലെ കോളേജധികൃതരുടെ ആട്ടിപ്പുറത്താക്കൽ. രജനിയുടെ വഴി ആത്മഹത്യയിലേക്ക്‌ തിരിഞ്ഞത്‌ സ്വാഭാവികം മാത്രം.

പേരുകേട്ട ഓരോ സമുദായത്തിനും മതനേതാക്കൾക്കും കച്ചവടക്കാർക്കും വിദ്യാഭ്യാസമേഖല കിട്ടിയ കാശിന്‌ വിറ്റപ്പോൾ ഈയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കോളേജ്‌ ഫീസുകൾ ലക്ഷങ്ങളിലേക്ക്‌ കുതിച്ചുയരുമ്പോൾ സാധാരണക്കാരന്റെ മക്കൾ എന്നും തൂമ്പാപ്പണിക്കും തെങ്ങുക്കയറാനും തവളപിടിക്കാനും നടന്നാൽ മതിയെന്ന പുതിയ സാമൂഹ്യനീതിയും ഇവരൊക്കെ ഉയർത്തിവിടുന്നുണ്ട്‌. ഈ ആത്മഹത്യ ഒരു തുടക്കം മാത്രം....കാര്യങ്ങളുടെ പോക്ക്‌ ഈ രീതിയിലെങ്കിൽ കർഷക ആത്മഹത്യപരമ്പരപോലെ വിദ്യാർത്ഥി ആത്മഹത്യപരമ്പരയും കേരളത്തിന്‌ പുതിയൊരു മേൽവിലാസമുണ്ടാക്കി കൊടുക്കും.

പ്രതികരിക്കാൻ വിദ്യാർത്ഥികൾക്ക്‌ അവകാശമില്ലല്ലോ. കാശുമുടക്കി കോളേജുക്കച്ചവടം നടത്തുന്നവന്റെ മനസ്സോടെ കോടതിയും പറഞ്ഞിരിക്കുകയല്ലേ വിദ്യാർത്ഥികൾക്ക്‌ സംഘടനപ്രവർത്തനം പാടില്ലെന്ന്‌. കച്ചവടം കൊഴുക്കട്ടെ. വിദ്യാർത്ഥികൾ യന്ത്രങ്ങളാകട്ടെ....എങ്കിലും ഒന്നോർക്കുക നാളെയൊരു പൊട്ടിത്തെറിയുടെ സൂചനകൾ രജനിയുടെ മരണം മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. വേദനയോടെയെങ്കിലും, വലിയൊരു ‘വിപ്ലവം’ നടത്തിയ രജനിക്ക്‌ ആദരാജ്ഞലികൾ... നെരിപ്പോടുകൾ എരിഞ്ഞുതുടങ്ങിയിരിക്കുന്നു.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.