പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ജഡത്തെ അപമാനിക്കുന്നവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഈ കുറിപ്പ്‌ എഴുതേണ്ട എന്നു കരുതിയതാണ്‌. എങ്കിലും എഴുതാതെ വയ്യ. ചത്തുകിടക്കുന്നവന്റെ കീശയിലെ പച്ച നോട്ടിലാണെന്റെ കണ്ണ്‌- എന്ന്‌ കവി എ.അയ്യപ്പൻ എഴുതിയതുപോലുളള ചിലർ കൊച്ചിയിലുണ്ട്‌. അറപ്പുളവാക്കുന്ന ചിരിയോടെ നാളെ ഇവർ പല ജഡങ്ങൾക്കുചുറ്റും ഇനിയും അടിഞ്ഞുകൂടും. നമുക്ക്‌ തടയാനാവില്ലെങ്കിലും മനസ്സുകൊണ്ട്‌ ശപിച്ചെങ്കിലും ആശ്വസിക്കാം.

ജോർജ്‌ ഈഡൻ എം.പിയുടെ മരണം കേരളത്തിൽ വിശേഷിച്ച്‌ കൊച്ചിയിലുളളവർക്ക്‌ ഏറെ വേദന സൃഷ്‌ടിച്ചു. അടുത്തറിഞ്ഞവർ ഒരിക്കലും വെറുക്കാത്ത ആ വ്യക്തിത്വം ഏറെ പരിചിതമായ അപരിചിതത്വത്തിന്റെയായിരുന്നു. ആർക്കും പിടി കൊടുക്കാതെ ഏവരേയും സ്‌നേഹിച്ച്‌ ഈഡൻ നമ്മെ വിട്ടുപോയി.

ഈഡന്റെ മരണശേഷം കൊച്ചി കുറെ നാടകങ്ങൾ കണ്ടു. പളപളാ മിന്നുന്ന ഖദറിന്റെ വെളിപ്പിനുളളിൽ അഴുകിയ മനസ്സുമായി കുറെ കോൺഗ്രസ്സുകാർ ഈഡന്റെ ശരീരത്തിനു ചുറ്റും കൂടി. പുറത്ത്‌ പൊട്ടിച്ചിരിച്ചും ഗ്രൂപ്പ്‌ ചർച്ചകൾ നടത്തിയും ഈഡന്റെ മരണം ആഘോഷിക്കുകയായിരുന്നു ഇവർ. ചാനൽ ക്യാമറകളുടെ മുന്നിൽപ്പെട്ടാൽ പൊട്ടിക്കരഞ്ഞ്‌ ഇവർ വിലപിക്കുന്നു. ലൈറ്റ്‌ ഓഫ്‌ ചെയ്താൽ വീണ്ടും ചിരി, ഗ്രൂപ്പ്‌. ഈഡന്റെ ശരീരത്തോടൊപ്പം ചാനലുകളിൽ തങ്ങളുടെ നാറിയ മുഖം കാണിക്കാൻ ഇവർ പെടുന്ന പാട്‌ ഏറെ അപഹാസ്യമായിരുന്നു. എന്തൊക്കെ കോമാളിത്തരങ്ങളായിരുന്നു അവിടെ അരങ്ങേറിയത്‌. ആൽബത്തിലെ ഈഡന്റെ ഫോട്ടോ കണ്ട്‌ പൊട്ടിക്കരഞ്ഞ്‌ തളർന്നു വീണ ഒരു നേതാവ്‌ പത്രക്കാർ മാറിയപ്പോൾ ഗ്രൂപ്പുകാരുമൊത്ത്‌ കെട്ടിപ്പിടിച്ച്‌ പൊട്ടിച്ചിരിക്കുന്ന കാഴ്‌ച എത്ര ഹൃദ്യം..! ഈഡനെ കിടത്തിയ പെട്ടിയിൽ ഒന്നു തൊടാൻ നടത്തിയ യുദ്ധത്തിനു മുന്നിൽ ഗ്രൂപ്പ്‌ തർക്കം എത്ര നിസ്സാരം. ചാനലുകാർ അവിടേയുമുണ്ടേ... ശവമഞ്ചമെന്ന്‌ വിചാരിച്ച്‌ ഒരു നേതാവ്‌ ചാനലുകാർക്കുമുന്നിൽ ആളാകുവാൻ വെപ്രാളത്തിൽ എടുത്തുപൊക്കിയത്‌ ബോഡി തണുപ്പിക്കാൻ ഉപയോഗിച്ച ഫ്രീസറായിരുന്നു. നടുവിലങ്ങി ഇദ്ദേഹം മാറിനിന്ന്‌ വിഷമിക്കുന്നതും നല്ല കാഴ്‌ചയായിരുന്നു. ഈഡൻ അന്തരിച്ച്‌ ശരീരത്തിന്റെ ചൂടുമാറും മുമ്പേ പത്രസ്ഥാപനങ്ങളിലും ചാനലുകളുടെ ഓഫീസിലും ഒരു പെൺനേതാവടക്കം നാലു കോൺഗ്രസുകാരുടെ മൊബൈൽ വിളികളെത്തി. എറണാകുളത്തെ അടുത്ത സ്ഥാനാർത്ഥി ഞാൻ തന്നെയെന്നും സഹകരിക്കണമെന്നും അഭ്യർത്ഥിച്ച്‌....

ഈഡനനുഭവിച്ച മരണവേദനയെക്കാൾ ക്രൂരമായിരിക്കാം ഈ നെറിവുകെട്ട കോൺഗ്രസുകാർ നടത്തിക്കൂട്ടിയ പൊറാട്ടുനാടകങ്ങൾ അദ്ദേഹത്തിന്റെ ആത്മാവിന്‌ നല്‌കിയത്‌. ജീവിച്ചിരുന്ന കാലത്ത്‌ ക്യാമറയ്‌ക്കുമുന്നിൽ പല്ലിളിച്ചു നില്‌ക്കുന്നവരെ കുറിക്കുകൊളളുന്ന വാക്കുകൾ കൊണ്ട്‌ പരിഹസിച്ച ഈഡന്റെ വിധി ഇങ്ങനെ നരകിക്കാനായിരുന്നു.

ഈഡൻ മരിച്ചതിൽ ആഴത്തിൽ വേദനിക്കുന്നവർ ഏറെയുണ്ട്‌. അദ്ദേഹത്തിന്റെ മക്കൾ, സഹോദരി, സന്തത സഹചാരി ശശി എന്നിങ്ങനെ കുറച്ചുപേർ... അവർക്കൊപ്പം ഈഡനെക്കുറിച്ചുളള ഓർമ്മകൾക്കുമുന്നിൽ ഒരു നിമിഷം പ്രാർത്ഥിക്കുന്നു....

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.