പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഗാന്ധിപ്രതിമകൾ തകർക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഇരിങ്ങാലക്കുട പൊറാത്തുശ്ശേരിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ മദ്യലഹരിയിൽ തകർത്തത്‌ ഗ്രാമപഞ്ചായത്തിനുമുന്നിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയാണ്‌. തകർന്ന പ്രതിമയുടെ ഭാഗങ്ങളാകട്ടെ തൊട്ടടുത്ത കിണറ്റിൽ എറിയുകകൂടി ചെയ്‌തു ഇവർ. ഇവരെ പോലീസ്‌ അറസ്‌റ്റുചെയ്യുകയും തെളിവെടുപ്പ്‌ നടത്തുകയും ചെയ്‌തു.

സാമൂഹ്യദ്രോഹികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കുത്സിതപ്രവർത്തി എന്നതിനപ്പുറം ഗാന്ധിപ്രതിമയെ തിരഞ്ഞുപിടിച്ച്‌ തകർത്തു എന്ന്‌ വിശ്വസിക്കുക വയ്യ. ഗാന്ധിപ്രതിമകളുടെ സ്ഥാനത്ത്‌ മറ്റെന്തെങ്കിലുമായിരുന്നെങ്കിൽ അതും അവർ തകർത്തേനെ. കൃത്യമായി കുറ്റവാളികളെ കണ്ടെത്തി പോലീസ്‌ അവരെ അറസ്‌റ്റു ചെയ്‌തതോടെ പ്രശ്‌നം സുഗമമായി ഇവിടെ പരിഹരിക്കപ്പെട്ടു. എന്നാൽ, ഗാന്ധിപ്രതിമയുടെ സ്ഥാനത്ത്‌ ശ്രീനാരായണഗുരുവിന്റെയോ, മന്നത്ത്‌ പത്മനാഭന്റെയോ മറ്റേതെങ്കിലും സാമുദായിക-രാഷ്‌ട്രീയ നേതാക്കളുടെയോ പ്രതിമയായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. പ്രതിമ തകർത്ത സാമൂഹ്യദ്രോഹികളുടെ പെരുമാറ്റദൂഷ്യം മാത്രമല്ല അവരുടെ രാഷ്‌ട്രീയ അജണ്ടയും സാമുദായിക അജണ്ടയും ചികഞ്ഞെടുത്തേനെ ചിലർ. ദൈവസഹായത്താൽ ഗാന്ധിജിയെ ആർക്കും വേണ്ടാത്തതിനാൽ ഇവിടെ ഒരു ഹർത്താലോ, ബന്ദോ, പ്രതിഷേധ പ്രകടനമോ നടന്നില്ല. ശ്രീനാരായണഗുരു പ്രതിമയിൽ ഏതോ മദ്യപാനി കല്ലെടുത്തെറിഞ്ഞതിന്‌, ഹർത്താലുകൾ സംഘടിപ്പിച്ച്‌, ഒടുവിൽ പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയ ജനപ്രതിനിധികളെ പൂഴിവാരിയെറിഞ്ഞ്‌ ഓടിക്കുന്ന പാരമ്പര്യം കാണിക്കുന്നവർ എന്തേ ഗാന്ധിപ്രതിമ തകർന്നപ്പോൾ നിശ്ശബ്‌ദം കണ്ടു രസിച്ചിരുന്നത്‌? (സംഭവം നടന്നതുതന്നെ). കാരണം, മറ്റൊന്നുമല്ല ഗാന്ധി എന്നും അനാഥനാണ്‌. ഗുരുവിനും മന്നത്തിനും മറ്റുനേതാക്കൾക്ക്‌ പേറ്റെന്റെടുക്കാൻ വിശുദ്ധാനുയായികളുടെ തിരക്കാണ്‌. ആഭ്യന്തര മാർക്കറ്റിൽ ഗാന്ധിജിക്ക്‌ വിലപോര, അന്താരാഷ്‌ട്രമാർക്കറ്റിൽ പറഞ്ഞു കേമന്മാരാകാൻ വേണമെങ്കിൽ ഗാന്ധിജിയെ ഉപയോഗിക്കാം. ഏതായാലും ഒന്നു മനസ്സിലായി, ഗാന്ധിപ്രതിമ തകർന്നപ്പോൾ ഇരിങ്ങാലക്കുടയിലോ മറ്റെവിടെയെങ്കിലുമോ ഒരു ഹർത്താലോ പ്രതിഷേധപ്രകടനമോ നടന്നില്ല, നല്ലത്‌, കാരണം ഗാന്ധി ആരുടെയും വലയിൽ വീണിട്ടില്ല. മറ്റൊരർത്ഥത്തിൽ അനാഥനെങ്കിലും, ഗാന്ധി ഇന്നും സ്വതന്ത്രനാണ്‌. കാലം മാറുന്നതനുസരിച്ച്‌ ഏതായാലും ഗാന്ധിയുടെ ഫേസ്‌ വാല്യു മാറുന്നില്ല.

കുറച്ചു നാളുകൾക്ക്‌ മുമ്പ്‌ ഒരു നാട്ടിൻപുറത്ത്‌ രാഷ്‌ട്രീയ സാമുദായിക ശക്തികളുടെ ഫലമായി ഉണ്ടായ ഒരു സംഘർഷത്തിനിടയ്‌ക്ക്‌ ഒരു ഗാന്ധിയൻ കരളുപൊട്ടുമാറുച്ചത്തിൽ ‘രഘുപതി രാഘവരാജറാം...’ ആലപിച്ചപ്പോൾ, സംഘർഷത്തിൽ ഏർപ്പെട്ടവരുടെ കരുത്ത്‌ ചോരുന്നതും തലതാഴ്‌ത്തി പിരിഞ്ഞുപോകുന്നതും ഈ കുറിപ്പെഴുതുന്നയാൾ കണ്ടതാണ്‌. അതിനാൽ ഒരു പ്രതിമ തകർത്തപ്പോൾ ആരും പ്രതിഷേധമോ ഹർത്താലോ സംഘടിപ്പിച്ചില്ലെങ്കിലും ഗാന്ധി നമ്മുടെ മനസ്സിലെവിടെയോ ഉണ്ട്‌ എന്നത്‌ സത്യം തന്നെ.

ഗാന്ധിസത്തിലേക്കുളള മടങ്ങിപ്പോക്ക്‌ പ്രാകൃതത്തിലേയ്‌ക്കുളള മടങ്ങിപ്പോക്കല്ല. മറിച്ച്‌ ചില തിരിച്ചറിവുകളിലേയ്‌ക്കുളള യാത്രയാണ്‌. ഓരോ പുതിയ കാലത്തും പരിതസ്ഥിതികൾക്കനുസരിച്ച്‌ ഗാന്ധിസത്തിന്റെ സത്ത തകരാതെ നമുക്കത്‌ വ്യാഖ്യാനിക്കുവാൻ കഴിയും. വഴിയെ കളഞ്ഞു കിട്ടിയ ഒരു ‘ഗാന്ധി’വാൽ പേരിനൊപ്പം ചേർത്തവരും അവർക്കൊപ്പം നില്‌ക്കുന്നതവരും അവരെ എതിർക്കുന്നവരിലുമൊതുങ്ങുന്നതല്ല ഭാരതത്തിന്റെ രാഷ്‌ട്രീയ ക്ഷേത്രം.

ഒട്ടേറെ പോരായ്‌മകൾ തിരഞ്ഞുപിടിച്ച്‌ കണ്ടെത്താമെങ്കിലും, അപചയത്തിന്റെ എല്ലാ മേഖലകളും പിന്നിട്ട നമ്മുടെ രാഷ്‌ട്രീയ പ്രവർത്തനരീതികളെ തിരുത്താൻ ശക്തമായത്‌ ഗാന്ധി കണ്ടെത്തിയ വഴികളാണ്‌. ആ വഴികളിലൂടെ മുന്നോട്ടു പോകുക എന്നത്‌ വലിയൊരു ശരിയാണെന്ന്‌ വിശ്വസിക്കണം. ഇതിനു വൈകിയാൽ ഗാന്ധിയിൽ ഒരു കച്ചവടസൂത്രം കണ്ടെത്തുന്നവർ, അദ്ദേഹത്തിന്റെ പേരിൽ പുതിയ പേറ്റെന്റെടുത്ത്‌ ചില ചില്ലറകളിൽ പൂട്ടിവെയ്‌ക്കും. പല മഹാന്മാരെയും തിരിച്ചു കിട്ടാത്തപോലെ ഗാന്ധിയും നമുക്കന്യനാകും. ഒരു ഗാന്ധിപ്രതിമ തകർത്താൽ ബഹളം വയ്‌ക്കാൻ ഗ്രൂപ്പുകൾ മത്സരിക്കുന്ന കാലം വരും. ഗാന്ധിജിയുടെ ജാതിയെ പകുത്തെടുക്കും, അദ്ദേഹം ഉയർത്തിയ ആശയത്തെ വികലമായി പകുത്തെടുക്കും. ഒന്നോർക്കുക, ഇന്ന്‌ ഗാന്ധി സ്വതന്ത്രനാണ്‌. നാളെ എന്തെന്ന്‌ പറയാനാവില്ല. നമുക്ക്‌ ഓർമ്മകൾ കുറവാണല്ലോ....

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.