പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മദ്യം തന്നെ സർവ്വം.... സർവ്വം...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

കേരള ജനതയ്‌ക്ക്‌ ജീവിക്കാൻ വേണ്ട അത്യാവശ്യഘടകം എന്തെന്ന്‌ ചോദിച്ചാൽ ഉത്തരം മദ്യം എന്ന്‌ പറയേണ്ട അവസ്ഥയാണ്‌. കഴിഞ്ഞ വർഷത്തെ സർക്കാർ കണക്കനുസരിച്ച്‌ കൊച്ചു കേരളം കുടിച്ചു തീർത്തത്‌ 2500 കോടി രൂപയുടെ മദ്യമാണ്‌. കണക്കിൽ പെടാത്ത ‘സെക്കന്റസും’ പിന്നെ വ്യാജനുമൊക്കെ ചേർത്ത്‌ മറ്റൊരു കണക്കുണ്ടാക്കിയാൽ 2500 കോടി എന്ന സർക്കാർ കണക്ക്‌ വളരെ ചെറുതായി പോകും.

മദ്യം ഉണ്ടാക്കരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌ എന്നു പറഞ്ഞ ശ്രീനാരായണഗുരു ജീവിച്ചിരുന്നതും മദ്യപാനം എന്നത്‌ ഏറ്റവും വലിയ തെറ്റായി കരുതിയ അതിനെ എവിടേയും പ്രതിരോധിച്ച മഹാത്മാഗാന്ധിയുടെ രാജ്യത്തിലെ ഈ കൊച്ചു സംസ്ഥാനം ലോക മദ്യപാനികൾക്കും, മദ്യവ്യവസായികൾക്കും മാതൃകയായി മാറി എന്നത്‌ ആശ്ചര്യജനകമാണ്‌. ശ്രീനാരായണീയ ദർശനങ്ങൾ പ്രചരിപ്പിക്കേണ്ട സംഘടനകളുടെ തലപ്പത്ത്‌ മദ്യവ്യവസായികൾ കയറിയിരുന്ന്‌ നിരങ്ങുന്നതും, പേരിനുവേണ്ടി ഖാദി ധരിച്ച്‌ നവഗാന്ധിയന്മാരുടെ മദ്യാസക്തിയും നമുക്കറിയാവുന്നതാണ്‌. അതുകൊണ്ട്‌ ആശയപരമായി മദ്യത്തെ പ്രതിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ നമുക്കിവിടെ ചർച്ച ചെയ്യേണ്ടതില്ല.

എങ്കിലും കേരളീയർക്ക്‌ എന്തുകൊണ്ട്‌ ഇത്രയും മദ്യാസക്തി ഉണ്ടായെന്ന്‌ ആലോചിക്കേണ്ടതാണ്‌. കാരണം മദ്യം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നുണ്ടെങ്കിൽ അതിനെ പ്രതിരോധിച്ചേ മതിയാവൂ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളല്ലാതെ സമൂഹത്തെ പിടിച്ചു കുലുക്കുന്ന സംഭവങ്ങൾ കേരള ജനതയെ സ്പർശിക്കുന്നില്ല എന്നത്‌ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌. കടുത്ത ദാരിദ്ര്യം, യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവ എന്തുകൊണ്ടോ ഇന്നുവരെ കേരളത്തിന്റെ അടിത്തറ ഇളക്കിയിട്ടില്ല. ഇത്തരമൊരു സുരക്ഷിതത്വബോധം കേരളീയരെ സുഖലോലുപരും വെറും ഉപഭോക്താക്കളുമാക്കി മാറ്റി. സമരം ചെയ്യുക (സർക്കാർ-അധ്യാപക-തൊഴിലാളി സമരങ്ങൾ പോലെയുളളവ ഇതിൽ ഉൾപ്പെടുത്തരുത്‌), പ്രതിരോധിക്കുക എന്നിവ കേരളീയ ജനതയ്‌ക്ക്‌ ആവശ്യമില്ലാത്തവയായി. ആശയപരമായും ശാരീരികമായും പ്രതിരോധിക്കേണ്ട ഒരു ഘടകവും കേരളജനതയ്‌ക്ക്‌ മുന്നിലേയ്‌ക്ക്‌ വരുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. അങ്ങിനെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത സമൂഹം വെറുതെയിരിക്കുന്ന സമയം മദ്യത്തിനുവേണ്ടി മാറ്റിവെയ്‌ക്കുന്നതിൽ അതിശയിക്കാനില്ല എന്നു പറയേണ്ടിവരും. അങ്ങിനെ പ്രത്യേകിച്ചും ചെറുപ്പക്കാരിൽ മദ്യം വലിയൊരു സാധ്യതയായി കടന്നുവരുന്നു. ഇത്‌ കേരളത്തിന്റെ വിധിയാണ്‌. സുരക്ഷിതബോധം കൂടുതലെന്ന ഭാഗ്യത്തിന്റെ സൈഡ്‌ എഫക്‌റ്റ്‌. എങ്കിലും ഇങ്ങനെ കരുതി നമുക്ക്‌ വെറുതെയിരിക്കാനാവില്ല. മദ്യം മൂലം ജീവിതം നശിച്ച ഒരുപാടുപേർ നമ്മുടെ ചുറ്റുമുണ്ട്‌. രോഗവും മരണവും മാത്രമല്ല, ഒരു കുടുംബത്തിന്റെ അടിത്തറയിളക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും കൂട്ട ആത്മഹത്യകളും മദ്യപാനത്തിന്റെ ബാക്കിയായി തീരുന്നു. അൽപം മദ്യം ബോധത്തെ തെളിക്കും എന്നു പറയുന്നവരോട്‌ അൽപം കൂടി കൂടിയാൽ ജീവിതം തകരും എന്നു പറയുക തന്നെ വേണം.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.