പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഇനി ജാതി കൂട്ടായ്‌മകൾ മതിയോ...?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

കേരളത്തിലെ ജനക്കൂട്ടായ്‌മകൾ ഇനി എങ്ങിനെ വേണം? ഇത്‌ വലിയൊരു ചോദ്യമായി നമ്മുടെ മുന്നിൽ ഉയരുകയാണ്‌. പല നല്ല ഉത്തരങ്ങളും നല്‌കിയ നമ്മുടെ പൊതുസമൂഹം ഇന്ന്‌ വലിയൊരു വഴിത്തിരിവിലാണ്‌. ഒരിക്കൽ സാമൂഹ്യനീതിയ്‌ക്കും സത്യസന്ധമായ രാഷ്‌ട്രീയ ഉന്നമനങ്ങൾക്കും വേണ്ടി ഉയർന്ന കൂട്ടായ്‌മകൾ ഇന്ന്‌ ഓർമ്മകൾ മാത്രമാണ്‌. കേരളത്തിന്റെ ‘ചെറുപ്പ’മാകട്ടെ സാംസ്‌കാരിമായ പഠനങ്ങൾക്കും ആശയരൂപീകരണത്തിനും വേണ്ടി നിലനില്‌ക്കാതെ പുതിയ കാലത്തിന്റെ മാഫിയ സ്വഭാവങ്ങളെ പരീക്ഷിച്ചു വശത്താക്കുകയാണ്‌. ഇതിനിടയിൽ രൂപവത്‌ക്കരിക്കപ്പെടുന്ന ജാതീയ കൂട്ടായ്‌മകൾ ഒരു നശിച്ച ഭൂതകാലത്തിന്റെ ഓർമ്മകൾ ഉണർത്തുകയാണ്‌; പുതിയ രീതിയിലാണെന്നു മാത്രം.

ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായാണ്‌ അയൽക്കൂട്ടങ്ങളെന്ന ആശയം കേരളത്തിൽ ഉടലെടുക്കുന്നത്‌. യുനിസെഫിന്റെ സഹായത്തോടെ ആലപ്പുഴയിലെ ഒരു ഗ്രാമത്തിൽ വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി പിന്നീട്‌ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളമൊട്ടും വ്യാപിക്കുകയായിരുന്നു. ഇന്ന്‌ കേരളവികസന പദ്ധതിയിലൂടെ അയൽക്കൂട്ടങ്ങൾ ഒരു പരിധിവരെയെങ്കിലും സജീവമായി നില്‌ക്കുന്നുണ്ട്‌. ഒരു സാമ്പത്തിക വികസനത്തിനപ്പുറം ജാതിമതവർഗ്ഗഭേദമന്യേ സമൂഹത്തിലെ എല്ലാവരേയും ഒരുമിച്ച്‌ കൊണ്ടുപോകുവാനുളള ഒരു വലിയ വഴികൂടിയാണ്‌ ഇത്‌. ഒരു സാമ്പത്തിക വികസനപദ്ധതിയ്‌ക്കപ്പുറം വലിയൊരു സാംസ്‌കാരിക വളർച്ചാപദ്ധതികൂടിയാണ്‌ അയൽക്കൂട്ടങ്ങൾ നിർവ്വഹിക്കുന്നത്‌. കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ പഞ്ചായത്തുകൾ വഴിയുളള ഈ പ്രവർത്തനപരിപാടികൾ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാൻ കഴിവുളളവയാണ്‌. ഇതിന്‌ പലയിടത്തും നല്ല ഉദാഹരണങ്ങൾ ഉണ്ട്‌. ഇതിനൊപ്പം സ്‌ത്രീകളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട കുടുംബശ്രീ പദ്ധതിയും ഏറെ പ്രതീക്ഷ നല്‌കുന്നവയാണ്‌. ഇങ്ങനെ മനോഹരമായ ഒരു ആശയത്തിന്റെ ഒരുപരിധിവരെയുളള വിജയത്തിന്റെ ആശ്വാസത്തിലായിരുന്നു കേരളജനത.

കുറുക്കന്റെ കണ്ണ്‌ എന്നും കോഴിയുടെ കൂട്ടിൽ എന്ന മട്ടിലുളളവർ ഇത്തരം പദ്ധതികളെയും തലതിരിച്ചു കാണുവാനും ഉപയോഗിക്കുവാനും തുടങ്ങിയിരിക്കുന്നു. സ്‌ത്രീകളുടെ ഏതൊരു കൂട്ടായ്‌മയ്‌ക്കും നബാഡിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും ധനസഹായം ലഭിക്കുമെന്ന പരിഗണന തിരിച്ചറിഞ്ഞ്‌ കുടുംബശ്രീകളും അയൽക്കൂട്ടങ്ങളും ജാതിമത അടിസ്ഥാനത്തിൽ രൂപീകരിക്കുകയാണ്‌ ചിലർ. പല ക്രിസ്‌തീയ ആരാധനാലയങ്ങളേയും കേന്ദ്രീകരിച്ച്‌ കുടുംബശ്രീകൾ രൂപപ്പെട്ടിട്ട്‌ നാളുകളേറെയായി. മുസ്ലീം വിഭാഗങ്ങളും ഈ വഴിയെ തന്നെയാണ്‌. ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌ എസ്‌.എൻ.ഡി.പി - ഈഴവ സംഘടനകൾ രൂപീകരിച്ചിട്ടുളള മൈക്രോ ഫിനാൻസിംഗ്‌ പദ്ധതിയാണ്‌. ഇങ്ങനെ എല്ലാ ജാതിമത സംഘടനകളും കുടുംബശ്രീകളും അയൽക്കൂട്ടങ്ങളും രൂപീകരിക്കാനുളള കടുത്ത ശ്രമത്തിലാണ്‌. ഇതൊക്കെ സംഘടിപ്പിക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പലതുമാണെങ്കിലും, ഒടുവിൽ ഉരിത്തിരിയുന്ന സാംസ്‌കാരിക പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കും. ഓരോ ജാതിമത വിഭാഗങ്ങളും ഓരോ കുടുംബശ്രീകളും അയൽക്കൂട്ടങ്ങളും രൂപീകരിക്കുമ്പോൾ പരസ്പരം ഉണ്ടാകുന്ന വൈകാരികമായ അകൽച്ച വലിയൊരു ദുരന്തമായിരിക്കും.

ഒരു കുടുംബശ്രീയിൽ മാത്രമെ ഒരാൾക്ക്‌ അംഗമാകാൻ കഴിയൂ എന്നതുകൊണ്ട്‌ ജാതിമതവികാരം ഇളക്കിവിട്ട്‌ സർക്കാർ തലത്തിലുളള കുടുംബശ്രീകളിൽ നിന്നും അംഗങ്ങളെ വിലക്കി സാമുദായിക കുടുംബശ്രീകൾ വളരുകയാണ്‌ ഇവിടെ. കേരളം കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം, ത്രിതല പഞ്ചായത്ത്‌ കുടുംബശ്രീകൾ ദുർബലമായിക്കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌. ഏതു രീതിയിൽ നോക്കിയാലും ത്രിതല പഞ്ചായത്തുകൾ വഴിയുളള കുടുംബശ്രീ-അയൽക്കൂട്ട പദ്ധതികൾക്ക്‌ ലഭിക്കുന്ന സഹായങ്ങളും പ്രവർത്തനസൗകര്യങ്ങളും മറ്റേതു രീതിയിലും പ്രവർത്തിക്കുന്നവർക്ക്‌ ലഭിക്കുകയില്ല എന്ന സത്യം നിലനിൽക്കേ, എന്തിനാണ്‌ ഇത്തരം രീതികൾ ഇവരൊക്കെ പരീക്ഷിക്കുന്നത്‌ എന്ന്‌ തിരിച്ചറിയുന്നത്‌ നന്നായിരിക്കും.

എല്ലാവരും ഒന്നുചേർന്ന്‌ രൂപീകരിക്കുന്ന കൂട്ടായ്‌മകളുടെ ഹൃദയവിശാലത തങ്ങളുടെ ഇടുങ്ങിയ രാഷ്‌ട്രീയ-സാമുദായിക ലക്ഷ്യങ്ങൾക്ക്‌ തുരങ്കം വയ്‌ക്കുന്നതാണെന്ന തിരിച്ചറിവ്‌ പലർക്കുമുണ്ട്‌.

എല്ലാരീതിയിലും ത്രിതല പഞ്ചായത്ത്‌ കുടുംബശ്രീകളാണ്‌ ജനങ്ങൾക്ക്‌ ഉപയോഗപ്രദം എന്നതുകൊണ്ട്‌ തീർച്ചയായും എല്ലാ സാമുദായിക സംഘടനകളും ഇതിനോട്‌ സഹകരിച്ച്‌ പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ക്രിസ്‌ത്യാനിയ്‌ക്കും, ഈഴവർക്കും, നായർക്കും, പുലയർക്കും, മുസ്ലീമിനും അവരവരുടേതായ കൂട്ടായ്‌മകൾ മതി എന്ന രീതി ബലപ്പെട്ടാൽ പണ്ടേ ദുർബലയായ കേരളത്തിന്റെ ജാതിവിരുദ്ധ സാംസ്‌കാരികത ഗർഭിണികൂടിയായ ഗതിയിലാകും. ഇത്തരം നീക്കങ്ങൾക്കെതിരെ സജീവമായ പ്രതിരോധം ഉയരേണ്ടത്‌ ഏറെ ആവശ്യകരം തന്നെ.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.