പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വരയുടെയും അക്ഷരങ്ങളുടെയും രാജകുമാരൻ - ഒ.വി.വിജയൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

എഡിറ്റോറിയൽ

ധ്യാനംപോലെ എഴുതിയ വരികളേയും ജീവിതംപോലെ കുറിച്ചിട്ട വരകളെയും മറന്ന്‌ ഒ.വി.വിജയൻ യാത്രയായി. ഓരോ തിരിച്ചറിവുകളിലൂടെയും വിജയൻ നേടിയ ദർശനങ്ങളുടെ അപാരലോകം അക്ഷരങ്ങളിലൂടെയും വരകളിലൂടെയും നാം ഹൃദയപൂർവ്വം സ്വീകരിക്കുകയായിരുന്നു. ഒരു പ്രവാചകന്റെ കണ്ണുകളോടെയാണ്‌ വിജയൻ എന്നും പ്രശ്‌നങ്ങളെ നേരിട്ടതും സംവാദങ്ങൾ ഉയർത്തിയതും ചിന്തയെ മിനുക്കിയതും. അതുകൊണ്ടുതന്നെയാകണം വരകളുടെ ആർഭാടത കുറച്ച്‌ ഈ കലാകാരൻ തന്റെ കാർട്ടൂണുകളിൽ കാമ്പ്‌ നിറഞ്ഞ മഷി കൂർപ്പിച്ചതും. വിജയൻ തന്റെ എഴുത്തിലൂടെയും വരയിലൂടെയും നടത്തിയ സമരങ്ങൾ ഏറെയായിരുന്നു. എഴുത്തിന്റെ ഭിന്നമുഖങ്ങൾ, ചിന്തയുടെ ഭിന്നസ്വരങ്ങൾ വിജയന്റെ രചനകളിൽ നമുക്ക്‌ കാണാവുന്നതാണ്‌. ശ്ലീലശീലങ്ങളുടെ കണക്കുകൾക്കപ്പുറത്ത്‌ ‘ധർമ്മപുരാണം’ വലിയൊരു രാഷ്‌ട്രീയ പ്രതിഷേധമാകുന്നത്‌ നാം അറിഞ്ഞതാണ്‌. ആത്മീയതയുടെ തെളിഞ്ഞ വഴികൾ തേടിയുളള യാത്ര ‘ഗുരുസാഗര’ത്തിലൂടെ നാം അനുഭവിച്ചതാണ്‌. ‘മധുരം ഗായതി’യും, ‘പ്രവാചകന്റെ വഴി’കളും ‘തലമുറ’കളും പിന്നെ എഴുതപ്പെട്ട ഒട്ടേറെ ചെറുകഥകളും ഒ.വി.വിജയനെ മലയാളിയുടെ ഇഷ്‌ടകഥാകാരനാക്കി. അതിനുമപ്പുറത്തേക്ക്‌ ‘ഖസാക്കി’ന്റെ കഥപറഞ്ഞ്‌ മലയാളസാഹിത്യലോക ചരിത്രത്തിന്‌ അതിർവരമ്പിട്ട വിജയൻ മലയാളിയുടെ ഇതിഹാസകാരനായി മാറുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനു പകരമെന്ത്‌ എന്ന വലിയ ചോദ്യം എന്നും നിലനിൽക്കുമെന്നുതന്നെയാണ്‌ വിശ്വാസം.

ഇനിയും എഴുതുവാൻ ഒരു കുന്ന്‌ വാക്കുകളും വരയ്‌ക്കുവാൻ ഒരു സമുദ്രത്തോളം മഷിയും ഒരുക്കിവച്ചുകൊണ്ടാണ്‌ ഒ.വി.വിജയൻ പോയത്‌. എങ്കിലും, തരാതെ പോയ ഒരുപാട്‌ സൃഷ്‌ടികളുടെ അനുഗ്രഹങ്ങൾ നഷ്‌ടമാണെങ്കിലും ഒരു കാലത്തെ മുഴുവൻ വസന്തമണിയിച്ച സർഗ്ഗവിരുന്ന്‌ നല്‌കിയ ഈ ജീവിതത്തിന്‌ എത്രയാണ്‌ നാം നന്ദി പറയേണ്ടത്‌?

കൂമൻകാവിൽ രവി ബസ്സിറങ്ങിയപ്പോൾ തോന്നുന്ന അപരിചിതമില്ലായ്‌മപോലെ പ്രപഞ്ച യാത്രാവഴികളിലെവിടെവച്ചോ നമ്മുടെ ദേശത്ത്‌ വന്നിറങ്ങിയ ഈ പ്രവാചകൻ നീലനിറമുളള മരണമെന്ന പാമ്പിന്റെ പല്ലുകളിലമർന്ന്‌ അവസാന ബസ്സിൽ യാത്രയാകുമ്പോൾ, ഉറങ്ങാത്ത ഒരു മഴയെ, ചെറുതാകാത്ത ഒരു മഴയെ, വിജയൻ നല്‌കിയ സർഗ്ഗലോകത്തിന്റെ മഴയെ മലയാളഭാഷ നിലനില്‌ക്കുന്നോളം നാം ആഗ്രഹിക്കുന്നു എന്നതാണ്‌ സത്യം.

മലയാളിയുടെ ഇതിഹാസകാരന്‌ പുഴഡോട്ട്‌കോമിന്റെ ആദരാഞ്ജലികൾ.....

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.