പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

കേരളം ചുവന്നു തുടുത്തതെന്തുകൊണ്ട്‌?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

അഭിപ്രായ സർവ്വേകളും പ്രവചനകളും എക്സിറ്റ്‌ പോളുകളും അമ്പേ പാളിച്ച ഒരു തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ നമുക്ക്‌ മുന്നിലെത്തിയത്‌. ക്ലാവുപിടിച്ച തിളക്കത്തിന്റെ മലവെളളപ്പാച്ചിലിൽ തകർന്നുപോയ ബി.ജെ.പി സ്വപ്നങ്ങൾ കോൺഗ്രസിന്‌ വീണ്ടും ജീവവായു നല്‌കുകയായിരുന്നു. സോണിയയുടെ വിദേശ ജന്മപ്രശ്‌നവും ചെറുകാറ്റിൽ നിലംപൊത്തിയ ഒന്നായി മാറി. മുംബെ കലാപത്തിന്റെ ഭീതിയും ന്യൂനപക്ഷങ്ങളുടെ അരക്ഷിതബോധവും വലിയ ഘടകങ്ങളായി ഇവിടെ പ്രവർത്തിച്ചുവെന്നതും യാഥാർത്ഥ്യം. ഈ വിഷയങ്ങൾക്കുമേൽ വാജ്‌പേയ്‌ നടത്തിയ സ്നേഹകൂദാശകളും കടലിൽ കായം കലക്കിയതുപോലെയായി. വീണ്ടും കോൺഗ്രസ്‌ അധികാരത്തിലേക്ക്‌; ഒരു കൈ സഹായിക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും.

ദേശീയ രാഷ്‌ട്രീയ വിഷയങ്ങൾ ഏറെയൊന്നും ബാധിക്കാത്ത കേരള ലോക്‌സഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ്‌ ഫലം മറ്റുചില സൂചനകളാണ്‌ തരുന്നത്‌. ഇരുപതിൽ പതിനെട്ടും നേടി ഇടതുപക്ഷം കേരളത്തെ ചുവപ്പിച്ചപ്പോൾ, പേരിന്‌ യു.ഡി.എഫിൽനിന്നും ജയിച്ചത്‌ പൊന്നാനിയിൽ മണ്ഡലം മാറിയെത്തിയ ഇ.അഹമ്മദാണ്‌. മുവാറ്റുപുഴയിലാകട്ടെ മാണിസാറിന്റെ മകനെ മൂന്നാം സ്ഥാനത്താക്കി മുടിയനായ പുത്രൻ പി.സി.തോമസ്‌ വിജയിച്ചു. എൻ.ഡി.എയ്‌ക്ക്‌ പൊൻതൂവലെന്ന്‌ പറയാമെങ്കിലും, വിജയരഹസ്യം മറ്റു ചിലതു തന്നെ. പാലായിലെ അച്ചായന്മാരുടെ വോട്ടുകൾ കുന്നായി കൊച്ചുമാണിയുടെ പെട്ടിയിൽ വീഴാതെ ബി.ജെ.പിയുടെ പായിലുറങ്ങുന്ന തോമസിന്റെ പെട്ടിയിൽ വീണതിന്റെ രഹസ്യം മാണിക്കും തോമസിനും മാത്രം അറിയാവുന്നതാണ്‌. ഈ വിജയത്തിൽ ബി.ജെ.പിയുടെ പങ്ക്‌ ഒന്നോ രണ്ടോ ശതമാനം മാത്രം.

മഞ്ചേരിയും മുകുന്ദപുരവും ആലപ്പുഴയും തൃശൂരുമടക്കം കോൺഗ്രസിന്റെ കുത്തകസീറ്റുകൾ എൽ.ഡി.എഫിന്റെ ചുവപ്പുച്ചാക്കിലേക്ക്‌ സുരക്ഷിതമായി വീണപ്പോൾ അന്തംവിട്ടത്‌ യു.ഡി.എഫ്‌ മാത്രമല്ല, ഇത്രയും വലിയ വിജയപ്രതീക്ഷ ഇല്ലാതിരുന്ന എൽ.ഡി.എഫ്‌ കൂടിയാണ്‌. മുന്നണികളുടെ കണക്കുകൂട്ടലുകൾക്കപ്പുറം സംഭവിച്ച ഈ ഇടതുവിജയം ജനങ്ങളുടെ കൃത്യമായ കണക്കുകൂട്ടലുകൾക്കൊപ്പമായിരുന്നു. കരുണാകരനും മക്കളും പിന്നെ ആന്റണിയും തീരുമാനിക്കുന്നവരെ സഹിക്കാൻ മാത്രം വിഡ്‌ഢികളല്ല മലയാളികൾ എന്നുകൂടി തിരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നുണ്ട്‌. എങ്ങിനെ വീണാലും നാലുകാലിൽ എന്ന മന്ത്രവുമായി ഇവർ പരസ്പരം തല്ലിയും, പൊരുവിളിച്ചും പിന്നെ കാര്യമടുത്തപ്പോൾ കെട്ടിപ്പിടിച്ചും നടത്തിയ നാടകം കണ്ടുരസിക്കാൻ മാത്രം കേരളീയർ വിവരക്കേടിന്റെ പര്യായമല്ല എന്ന്‌ കോൺഗ്രസുകാർ ഇനിയും തിരിച്ചറിയണം. ‘വായിൽ തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ട്‌’ എന്നതുപോലെ മുരളീധരനും കരുണാകരനും ആന്റണിയും പിന്നെ ഗ്രൂപ്പിൽ നിന്നിട്ട്‌ ഗുണമില്ലെന്ന്‌ കരുതി അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കിയവരും ഇതോർത്താൽ നന്ന്‌. ഇങ്ങനെയാണ്‌ കോൺഗ്രസ്‌ കേരളത്തിൽ കാലഹരണപ്പെട്ട പാർട്ടിയാകുന്നത്‌.

ഏതായാലും ഇടതു തരംഗമെന്ന കൊടുങ്കാറ്റിൽ വിജയത്തിന്റെ രുചിയറിഞ്ഞ ചിലർ കോൺഗ്രസിലെ എഡ്വേർഡ്‌ എടേഴത്ത്‌ പ്രത്യക്ഷപ്പെട്ടതുപോലെ വന്നവരാണ്‌. പളളിയും പട്ടക്കാരനും എസ്‌.എൻ.ഡി.പിയും എൻ.എസ്‌.എസും ലീഗും പറഞ്ഞാൽ അതേപടി വിഴുങ്ങുന്നവരല്ല മലയാളികൾ എന്നതുകൂടി ഈ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുണ്ട്‌. കാരണം മലയാളികളിൽ എൺപതു ശതമാനം പേരും കൃത്യമായി രാഷ്‌ട്രീയബോധമുളളവരാണ്‌. ബാക്കിയുളള വാദങ്ങളെല്ലാം മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്‌പര്യക്കാരുടെയും വെറും വാക്ക്‌ മാത്രം. ഇടതുപക്ഷം ഇതുകൂടി തിരിച്ചറിഞ്ഞാൽ നന്ന്‌. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക്‌ ഹൃദയം നിറഞ്ഞ ആശംസകൾ....

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.