പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ആത്‌മഹത്യ വിളവിറക്കുന്ന കർഷകർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

എഡിറ്റോറിയൽ

കേരളത്തിൽ കർഷകരുടെ ആത്‌മഹത്യകൾ ഒരു തുടർക്കഥയായിരിക്കുന്നു. ഇതിനെ വടക്കേ ഇന്ത്യയിലെ പരുത്തി കർഷകരുടെ അവസ്ഥയുമായി തുലനം ചെയ്‌തുകൂടാ. അവിടെ അത്‌ ദാരിദ്ര്യത്തിന്റെ വിത്താണ്‌. ഇവിടെ അഭിമാനത്തിന്റെ പ്രശ്‌നവും. ഇത്‌ കേരളത്തിന്റേതുമാത്രമായ ഒരു സാമൂഹ്യസ്ഥിതിയിലേക്കുളള ഉൾക്കാഴ്‌ച കൂടിയാണ്‌ ആത്‌മഹത്യകൾ.

കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അനന്തരഫലമായിരുന്നു തോട്ടംകൃഷികൾ. ഭൂപരിഷ്‌ക്കരണം പ്രാവർത്തികമായതിനുശേഷം നെൽകൃഷിയിൽ നിന്ന്‌ റബ്ബറിലേക്കും, കുരുമുളകിലേക്കും, മറ്റു തോട്ടംവിളകളിലേയ്‌ക്കും മലയാളികർഷകരുടെ മനസ്സുമാറി. മധ്യകേരളവും, ഹൈറേഞ്ചും സമൃദ്ധമായി. റബ്ബറും, കുരുമുളകും മനസ്സറിഞ്ഞ്‌ മലയാളിക്ക്‌ സമ്പത്ത്‌ നല്‌കി. അവന്റെ ജീവിതരീതി മാറി. വെറും കർഷകൻ എന്ന വാക്കിനപ്പുറത്തേയ്‌ക്ക്‌ അവൻ കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങൾ അറിഞ്ഞു. ജീവിതത്തിന്‌ പകിട്ടും മേനിയും കൈവന്നു; ബെൻസും കോണ്ടസായും കേരളത്തിന്റെ ഉൾവഴികളിലൂടെ പാഞ്ഞു. എല്ലാം ഭദ്രം. സുഖകരം..

പിന്നീടാണ്‌ ഒരു കറുത്ത അധ്യായം തുറക്കുന്നത്‌.

ഭാരതത്തെ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റുകളുടെ ദീർഘവീക്ഷണമില്ലായ്‌മയും, കെടുകാര്യസ്ഥതയും, സ്വാതന്ത്ര്യാനന്തരം നാം നേടിയ ഭക്ഷ്യ സ്വയംപര്യാപ്തതയും കാർഷിക മേഖലയിലെ മറ്റുനേട്ടങ്ങളും തകർത്തുകളഞ്ഞു. ആഗോളവത്‌കരണവും ഉദാരവത്‌കരണവും അവരവരുടെ ഭാഗങ്ങൾ നന്നായി ആടിത്തീർത്തു. ഫലം കാർഷിക വിഭവങ്ങളുടെ വിലയിടിച്ചിൽ.. സാമ്പത്തിക തകർച്ച...ജീവിതനിലവാരതാഴ്‌ച...

95ൽ 70 രൂപയോളം വിലകിട്ടിയ റബ്ബറിന്‌ ഇന്ന്‌ വില 24 രൂപമാത്രം. 65 ശതമാനം കുറവാണ്‌ അടയ്‌ക്കാ വിപണിയിലുണ്ടായത്‌. കുരുമുളകിന്‌ 53ഉം ഇഞ്ചിക്ക്‌ 41ഉം കാപ്പിക്ക്‌ 64 ശതമാനവും വിലകുറഞ്ഞു.

ഈ തകർച്ചയൊന്നും കേരളത്തിലെ കർഷകരെ ദാരിദ്ര്യത്തിലേക്ക്‌ താഴ്‌ത്തിയിട്ടില്ല. മറിച്ച്‌ ജീവിതനിലവാര തകർച്ചയിലേക്കാണ്‌ എത്തിയത്‌. മൂന്നുനേരവും ഭക്ഷണം കഴിച്ചില്ലെങ്കിലും ഇസ്‌തിരിയിട്ടു നടക്കണമെന്ന മലയാളിയുടെ അഭിമാനത്തിന്റെ കടയ്‌ക്കലാണ്‌ വെട്ടേറ്റത്‌. അവന്റെ ദാരിദ്ര്യമല്ല; അവന്റെ അഭിമാനമാണ്‌ ആത്‌മഹത്യയിലേയ്‌ക്ക്‌ പ്രേരിപ്പിക്കുന്നത്‌.

ഇതിനു പ്രതിവിധി കേരള ഗവൺമെന്റ്‌ നല്‌കുന്നതുപോലെ കടബാധ്യതയിൽ ഇളവുകൊടുക്കുകയും കാലാവധി നീട്ടുകയും മാത്രമല്ല, ഒരു സാമൂഹ്യ അവബോധം സൃഷ്‌ടിക്കുകകൂടിയാണ്‌. ഒപ്പം ഈ പ്രതിസന്ധിയുടെ തായ്‌വേരുകൾ മുറിയ്‌ക്കുകയും ചെയ്യണം...

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.