പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

പുതുവത്സര ആശംസകൾ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഒരു ഡിസംബർ കൂടി കടന്നുപോകുന്നു ഒപ്പം ഒരു വർഷവും. നവവത്സരം ശാന്തിയും സമാധാനവും നിറഞ്ഞതാകട്ടെ എന്ന്‌ ആശംസിക്കുന്നതെന്തിന്‌ എന്ന ചോദ്യം വെറുതെ തികട്ടി വരുന്നു. ഓരോ പുതുവത്സരദിനത്തിലും പേരിനുമാത്രം ആശംസകൾ നല്‌കിയും പ്രതിജ്ഞകൾ ചൊല്ലിയും പഴയ ലാവണത്തിലേയ്‌ക്ക്‌ തിരിച്ചു പോകുകയാണ്‌ നമ്മൾ. വരും കാലത്തെക്കുറിച്ചുളള സ്വപ്നങ്ങളാവാം, എങ്കിലും പോയ കാലത്തെക്കുറിച്ചുളള തിരിച്ചറിവുകൾ ഇല്ല എന്നതാണ്‌ സത്യം.

കേരളം ആസുരമായ ഒരു കാലത്തിന്റെ നെറുകയിൽ നിന്ന്‌ പൊളളുകയാണ്‌. വെളിച്ചമുളള വഴികൾ എങ്ങും കാണുന്നില്ല. ഞങ്ങളാരെ വിശ്വസിക്കണം എന്ന കൂർത്ത ചോദ്യവുമായി പുതിയ തലമുറ പകച്ചു നില്‌ക്കുന്നുണ്ട്‌. എഴുത്തുകാർ, രാഷ്‌ട്രീയക്കാർ.... ഇങ്ങനെ ആരിലും ഒരു അനുകരണീയ വ്യക്തിത്വം കണ്ടെത്താനാവാത്ത അവസ്ഥ. ഒരു തലമുറ തലതെറിച്ചു പോകുന്നുണ്ടെങ്കിൽ മുൻപേ കടന്നു പോയവർ ഉത്തരം തന്നേ മതിയാവൂ.

സാമ്പത്തിക തളർച്ച കേരളത്തെ ഒന്നാകെ ഇളക്കിമറിക്കുകയാണ്‌. കാർഷിക-വ്യവസായിക മേഖലകളിൽ പച്ചപ്പിന്റെ ഒരു നുറുങ്ങുപോലും കാൺമാനില്ല. ആത്മഹത്യകൾ പെരുകുന്നു. ഇതിനിടയിലും നിളയും പെരിയാറും വിൽക്കുവാനുളള ആവേശത്തിലാണ്‌ നമ്മൾ. പല പൊതുമേഖലാ സ്ഥാപനങ്ങളും അന്യന്റെ മുതലായിക്കഴിഞ്ഞു. മുൻ ഗവൺമെന്റിന്റെ നയം തന്നെയാണ്‌ ഞങ്ങളും തുടരുന്നത്‌ എന്ന ന്യായീകരണത്തിന്‌ അതു തുടരാനാണോ നൂറുസീറ്റ്‌ തന്ന്‌ നിങ്ങളെ ഭരിക്കാൻ ഏൽപ്പിച്ചത്‌ എന്ന്‌ തിരിച്ചു ചോദിക്കാൻ ശക്തമായ നാവുപോലും നമുക്കില്ലാതാവുന്നു.

ജാതിബോധവും മതചിന്തയും അതിന്റെ സുവർണകാലത്തിൽ തിരിച്ചെത്തിയിരിക്കുന്നു. പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ ആത്മാഭിമാനത്തോടെ പാടിനടന്ന നമ്മൾ, പറയിയല്ല പത്ത്‌ വ്യത്യസ്ത അമ്മമാരാണ്‌ നമ്മെ പെറ്റതെന്ന വാദത്തിന്റെ കാലത്തിലാണ്‌ ഇപ്പോൾ.

പറയുവാനേറെയുണ്ട്‌, എങ്കിലും വെറുതെ കൈമാറും ആശംസാവാക്കുകൾക്കിടയിൽ കരടാവുന്നതെന്തിന്‌? നമ്മളൊക്കെയും ഈ ഒഴുക്കിൽ തന്നെയാണ്‌. അതുകൊണ്ട്‌ എഴുതാതെവയ്യ. . . .

പുതുവത്സരാശംസകൾ

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.